വെളിച്ചത്തെക്കുറിച്ചുള്ള ബഷീർ പ്രയോഗത്തിൽ നിന്നാണ് നമ്മൾ യാത്ര ആരംഭിച്ചത്.വെളിച്ചം ബഷീർ സാഹിത്യത്തിൽ പലയിടത്തും ചിതറിക്കിടപ്പുണ്ട്. അതിൽ ചിലതൊക്കെ നമുക്ക് ഒന്ന് പെറുക്കിയെടുക്കാം.
മജീദിന്റെയും സുഹ്റയുടേയും അനശ്വരപ്രണയം കൊത്തിവെച്ച ബാല്യകാലസഖിയിൽ ഒരിടത്ത് പോലും വെളിച്ചം ഇല്ല.ബഷീർ ബാല്യകാലസഖി എഴുതിത്തുടങ്ങിയത് എന്നാണെന്ന് എനിക്ക് അറിയില്ല.എന്നാൽ എഴുതിത്തീർത്തത് 1944 കളിൽ ആ ണ്.ആദ്യം ഇംഗ്ലീഷ് ഭാഷയിലാണ് സഖിയെ എഴുതാൻ ബഷീർ തീരുമാനിച്ചത് എന്ന് പറയപ്പെടുന്നു. എഴുതിത്തുടങ്ങിയത് മലയാളത്തിലാണ്.എഴുതി പൂർത്തിയാക്കിയപ്പോൾ അഞ്ഞൂറിലധികം പേജുകൾ ഉണ്ടായിരുന്നത്രേ ബാല്യകാലസഖിക്ക്.ഒന്നോ രണ്ടോ വർഷമെടുത്ത് അതിനെ നന്നായി മനസിലിട്ട് വീണ്ടും തിളപ്പിച്ച് ഇന്ന് നമ്മൾ വായിക്കുന്ന പുസ്തകരൂപത്തിലാക്കിയപ്പോൾ നൂറിൽ താഴെ പേജുകൾ മാത്രം.ചെറിയ നോവലെന്നോ വലിയ കഥയെന്നോ ഇഷ്ടമുള്ളവർക്ക് ഇഷ്ടം പോലെ വിളിക്കാവുന്ന ബഷീറിന്റെ സഖി മലയാളസാഹിത്യത്തിൽ അടിച്ചുവാരിക്കളഞ്ഞ മാലിന്യങ്ങൾ അനവധിയാണ്.
ബാല്യകാലസഖി പുറത്തിറങ്ങുമ്പോൾ അതിന് അവതാരിക എഴുതിയ പ്രശസ്ത സാഹിത്യനിരൂപകനായ ശ്രീ.എം.പി.പോൾ പറഞ്ഞത് ശ്രദ്ധിക്കക."ജീവിതത്തിൽ നിന്നും വലിച്ചുകീറിയ ഒരു ഏടാണ് ഇത്.വക്കിൽ രക്തം പൊടിഞ്ഞിരിക്കുന്നു.ചിലർക്ക് ചുടുചോര കാണുമ്പോൾ ഒരു പേടിയും അറപ്പും തോന്നും.അങ്ങനെയുള്ളവർ സൂക്ഷിച്ചു വേണം ഈ പുസ്തകം വായിക്കാൻ.... ".
എം.പി.പോളിന്റെ മുന്നറിയിപ്പ് വളരെ ഗൗരവമുള്ളതായിരുന്നു എന്ന് തെളിയിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് പുസ്തകം പുറത്തിറങ്ങിയപ്പോൾ ഉണ്ടായത്.ചുരുക്കം ചില മതപണ്ഡിതൻമാർക്കും സാഹിത്യ പ്രമാണികൾക്കും സഖിയെ പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.ആ ചോരയും കണ്ണുനീരും കൊണ്ട് നനഞ്ഞ കഥയിൽ തൊട്ടപ്പോൾ വായനക്കാരന്റെ കണ്ണ് നിറഞ്ഞു എന്നത് ഒരു യാഥാർത്ഥ്യമാണ്.
മജീദിന്റെയും സുഹ്റയുടേയും ഒരിക്കലും പൂർണ്ണമാകാത്ത പ്രണയത്തോട് ഒരിക്കൽ പോലും വിധിയെന്ന വില്ലൻ ദയ കാണിച്ചില്ല.''ദാരിദ്ര്യം ഭയങ്കര വ്യാധിയാണ്.അത് ശരീരത്തേയും ഹൃദയത്തെയും ആത്മാവിനേയും നശിപ്പിക്കുന്നു.... ''.
ബഷീർ നായകനായ മജീദിന്റെ ചിന്തകളിലൂടെ മുന്നോട്ട് വെച്ച വിഷയങ്ങൾ അന്നത്തെ സമൂഹത്തിന്റെ മുഖത്തടിക്കുന്നതും പലരുടേയും നെറ്റി ചുളിപ്പിക്കുന്നതുമായ ജീവിതയാഥാർത്ഥ്യങ്ങൾ തന്നെ ആയിരുന്നു.
ബഷീർ നായകനായ മജീദിന്റെ ചിന്തകളിലൂടെ മുന്നോട്ട് വെച്ച വിഷയങ്ങൾ അന്നത്തെ സമൂഹത്തിന്റെ മുഖത്തടിക്കുന്നതും പലരുടേയും നെറ്റി ചുളിപ്പിക്കുന്നതുമായ ജീവിതയാഥാർത്ഥ്യങ്ങൾ തന്നെ ആയിരുന്നു.
''എന്റെ റബ്ബേ... എന്റെ കണക്കുകൾ എല്ലാം ശരിയാക്കിത്തരണേ.... '' എന്നതാണ് മജീദിന്റെ ജീവിതത്തിലെ ഏക പ്രാർത്ഥന.ബഷീർ സാഹിത്യത്തിലെ ഒരു പ്രശസ്ത വാചകമായ 'ഉമ്മിണി വല്യ ഒന്ന് ' എന്ന സൂത്രവാക്യം ആണ് ബാല്യകാലസഖി എന്ന കഥയുടെ അടിത്തറ.കണക്കുശാസ്ത്രത്തിലെ ഈ തത്വം കണ്ടു പിടിച്ച മജീദിന്റെ ഒരു പ്രാർത്ഥനയും ഈശ്വരൻ കേട്ടില്ല. ഒന്നിനോട് ഒന്ന് കൂട്ടിയാലും ഒന്നിനോട് ഒന്ന് ചേർത്ത് വെച്ചാലും മജീദിന്റെ ഉത്തരം ഒന്നുതന്നെയാണെന്ന മഹത്തായ ജീവിതദർശനം അന്നത്തെ സാമൂഹ്യജീവിതത്തിന്റെ ചതുപ്പിലും ഇരുട്ടിലും നിന്നുകൊണ്ട് ബഷീർ വീണ്ടും വീണ്ടും ആവർത്തിച്ചു, ഉറക്കെ ഉറക്കെ പറഞ്ഞു.
മജീദ് എന്ന നായകനിൽ വൈക്കം മുഹമ്മദ് ബഷീർ എന്ന മനുഷ്യന്റെ ആത്മാംശം ഉണ്ട്.അത് ബഷീർ തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്.ബഷീറിന് ഏറ്റവും ഇഷ്ടപ്പെട്ട കൃതിയും ബാല്യകാലസഖിയാണ്. ബഷീർസാഹിത്യത്തിലെ ഏറ്റവും മധുരമുള്ള നർമ്മരസത്തിലൂടെയാണ് കഥയുടെ ആരംഭം എങ്കിലും ബഷീറിന്റെ രചനകളിൽ വെച്ച് ഏറ്റവും വലിയ ട്രാജഡിയും ബാല്യകാലസഖി ആണ്.സ്വന്തം സമുദായത്തിലെ ചില വഴക്കങ്ങളെ ഈ കൃതിയിലൂടെ ബഷീർ വിമർശിക്കുന്നുണ്ട് എന്നാലും ഒരു സാമൂഹ്യ പരിഷ്ക്കരണമായി ഈ പുസ്തകത്തെ ബഷീർ പോലും വിലയിരുത്തുന്നില്ല.
നമ്മുടെ വിഷയം ഇതൊന്നുമല്ല.ഈ വെളിച്ചത്തിന് എന്തൊരു വെളിച്ചമാണ് എന്ന ബഷീറിന്റെ സത്യപ്രസ്താവനയാണ് നമ്മൾ ചർച്ച ചെയ്തത്.ഒരു മിന്നാമിനുങ്ങിന്റെ പോലും വെളിച്ചം ഇല്ലാത്ത ബാല്യകാല സഖി ഇരുട്ട് നിറഞ്ഞ തന്റെ ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത ഒരു തുണ്ട് ആണെന്ന് പലയിടത്തും ബഷീർ പറയുന്നുണ്ട്.ബാല്യകാലസഖിക്ക് ശേഷം പുറത്തു വന്ന സൃഷ്ടികളിലെല്ലാം വെളിച്ചം നിറച്ചു വെക്കാൻ ബഷീർ ശ്രദ്ധിച്ചിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.ആ വെളിച്ചങ്ങൾ നമുക്ക് ആസ്വദിക്കാം.
മജീദിന്റെയും സുഹ്റയുടേയും തകർന്നു പോയ പ്രണയത്തിന്റെ കഥകേട്ട് പുറത്തിറങ്ങുന്ന നമ്മൾ ചെന്നു കയറുന്നത് കേശവൻനായരുടേയും സാറാമ്മയുടേയും പ്രണയത്തിന്റെ ഹരിതഭൂമിയിലേക്കാണ്.അവിടെ ഒരായിരം ഹൈമാക്സ് വിളക്കുകൾ കത്തിച്ചുവെച്ച വെളിച്ചത്തിൽ നിന്നു കൊണ്ട് ബഷീർ കേശവൻനായരെക്കൊണ്ട് കാളിദാസനെപ്പോലും കവച്ചുവെക്കുന്ന വിധത്തിൽ ഒരു ഉഗ്രൻ പ്രേമലേഖനം എഴുതിച്ചു. " ജീവിതം യൗവ്വനതീഷ്ണവും ഹൃദയം പ്രേമ സുരഭിലവുമായിരിക്കുന്ന ഈ അസുലഭകാലഘട്ടത്തിൽ ഇങ്ങനെ മധുരോദാരമായ..... " ഒരു പ്രേമലേഖനം എഴുതാൻ കേശവൻനായർക്കല്ലാതെ മറ്റാർക്കാണ് കഴിയുക.സകലലോകനായന്മാരും നെഞ്ച് വിരിച്ച് ഞെളിഞ്ഞ് നിന്നു.പ്രണയത്തിന്റെ മാമൂലുകളെ കേശവൻനായരും സാറാമ്മയും ചേർന്ന് ചവുട്ടിപ്പുറത്താക്കി.പ്രേമലേഖനം വെറും മുപ്പത് പേജ് മാത്രമുള്ള ഒരു പുസ്തകമാണ്.എന്നാൽ അതിനെക്കുറിച്ച് മലയാളസാഹിത്യത്തിലുണ്ടായ വിമർശനങ്ങളും വിശകലനങ്ങളും ആസ്വാദനങ്ങളും അവലോകനങ്ങളും പഠനങ്ങളും എല്ലാം ചേർത്ത് വെച്ചാൽ അത് 30 ലക്ഷം പേജുകൾ ഉണ്ടാകും.പേമലേഖനത്തിലൂടെ വ്യത്യസ്ത മതക്കാരായ രണ്ടു പേരുടെ പ്രണയത്തെ ഒരു സാമൂഹ്യപരിഷ്ക്കരണത്തിനുള്ള വെടിമരുന്നാക്കാൻ ബഷീർ ശ്രമിച്ചില്ല.കഥയുടെ തുടക്കം മുതൽ ഒടുക്കം വരെ വെളിച്ചം മാത്രം നിറച്ചുവെച്ച് ബഷീർ ഭാഷയ്ക്കും സാഹിത്യത്തിനും കാവലിരുന്നു അന്നു മുതൽ."സ്ത്രീകളുടെ തലയ്ക്കുള്ളിൽ നിലാവെളിച്ചമാണ്...." എന്ന പ്രശസ്ത മഹത് വാക്യം നായകനെക്കൊണ്ട് വിളിപ്പിക്കുകയും അത് നായികയെക്കൊണ്ട് ഏറ്റ് ചൊല്ലിക്കുകയും ചെയ്തു കൊണ്ട് ബഷീർ പ്രണയത്തിന്റെ മാത്രമല്ല വെളിച്ചത്തിന്റെയും ബ്രാൻഡ് അംബാസഡർ ആയി.
കഥ,നോവൽ,ആത്മകഥാംശമുള്ള കുറിപ്പുകൾ,പ്രസംഗങ്ങൾ,കത്തുകൾ,അവതാരികകൾ തുടങ്ങി വിപുലമായ സാഹിത്യസമ്പത്ത് ആണ് ബഷീർ സാഹിത്യം.അതിൽ വെളിച്ചത്തേക്കുറിച്ച് തന്നെ എഴുതിയ "അനശ്വരപ്രകാശം" എന്ന കവിതയും നീലവെളിച്ചം എന്ന സ്വന്തം ചെറുകഥയെ ആസ്പദമാക്കി എഴുതിയ ഭാർഗ്ഗവീനിലയം എന്ന തിരക്കഥയും കഥാബീജം എന്ന നാടകവും ഒക്കെ ഉൾപ്പെടും.എല്ലാം കൂടി ചേർത്ത് വെച്ചാൽ രണ്ട് ഇന്ത്യൻമഹാസമുദ്രത്തോളം വലിപ്പം വരും.ആ ബഷീർ സാഹിത്യസമുദ്രത്തിന്റെ തീരത്ത് നിൽക്കുന്ന നമുക്ക് ആ വെളിച്ചങ്ങളിൽ ഒരു തുണ്ട് ലഭിച്ചു എങ്കിൽ നമുക്ക് വീണ്ടും നമ്മുടെ യാത്ര തുടരാം.
0 അഭിപ്രായങ്ങള്‍