മദ്യം വിഷമാണ്............
ഒരു കവിത വിഷയമാക്കിയ സന്ദേശം ആണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതാന്‍ നിര്‍ബന്ധിപ്പിച്ചത്.
ശ്രീ.അനില്‍കുമാര്‍.എസ്.ഡി.എഴുതിയ ''ഒരു മദ്യപാനിയുടെ ഭാര്യ'' എന്ന കവിതയും ആ കവിതയെക്കുറിച്ച് ശ്രീമതി.ജയലക്ഷ്മി രമേശ് നടത്തിയ ആസ്വാദനവും എല്ലാവരുടെയും ശ്രദ്ധയില്‍ വന്നതാണല്ലോ.ഈ കവിതയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ മദ്യം ഒരു പ്രധാന വിഷയമായി വന്നു.വായനക്കാര്‍ പലതരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ വന്നു.അതൊക്കെ തികച്ചും വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.മുഖപുസ്തകം എന്ന ഗ്രൂപ്പ് മദ്യത്തിനും മയക്കുമരുന്നുകള്‍ക്കും മറ്റെല്ലാ ദുശീലങ്ങള്‍ക്കും എതിരാണ്.അതുകൊണ്ടുതന്നെയാണ് മദ്യപാനം സൃഷ്ടിക്കുന്ന കുടുംബപരവും സാമൂഹ്യവുമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന ഈ കവിത കൂടുതല്‍ പ്രചരിപ്പിക്കാന്‍ നമ്മള്‍ തീരുമാനിച്ചത്.
മദ്യം വിഷമല്ല അത് ഒരു ഔഷധമാണ് എന്ന ഒരു അഭിപ്രായം ഇതിനിടയില്‍ ഇവിടുത്തെ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നു.അത് ആ അഭിപ്രായം രേഖപ്പെടുത്തിയ വ്യക്തികളുടെ വ്യക്തിപരമായ അഭിപ്രായമാണ്.
മിക്കവാറും സ്ഥിരം മദ്യപാനികള്‍ ഉയര്‍ത്തുന്ന ഒരു വാദം ആണ് അത്.ഒരിക്കലും ഒരിടത്തും ഒരു രോഗത്തിനും മദ്യം ഒരു ഔഷധം അല്ല. ആല്‍ക്കഹോള്‍ ഒരു പ്രത്യേക അളവില്‍ ഔഷധങ്ങളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നുണ്ട്.അതുകൊണ്ടാണ് മദ്യം ഔഷധം എന്ന് പ്രഖ്യാപിച്ച് ന്യായീകരിക്കാന്‍ മദ്യപാനികള്‍ ശ്രമിക്കുന്നത്.ഇപ്പോള്‍ നിലവില്‍ നമ്മുടെ നാട്ടില്‍ കിട്ടുന്ന മദ്യം പോലും നല്ല മദ്യം അല്ല.ലോകത്തില്‍ തന്നെ ഏറ്റവും വിലകുറഞ്ഞ അല്ലെങ്കില്‍ ഗുണമേന്മ ഒട്ടും ഇല്ലാത്ത മദ്യമാണ് ഇന്ത്യയില്‍ പ്രത്യേകിച്ചും കേരളത്തില്‍ വിതരണം ചെയ്യുന്നത്.എന്‍റെ അപ്പൂപ്പന്‍ ഒരു സ്ഥിരം മദ്യപാനി ആയിരുന്നു.90 വയസ്സ് വരെ ജീവിച്ചു ആരോഗ്യത്തോടെ എന്ന് ഒരാള്‍ പറയുമ്പോള്‍ അത് ഇന്നത്തെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി പറയുന്നതാണ്.എന്നാല്‍ അപ്പൂപ്പന്‍ കഴിച്ചത് ഇന്നത്തെ മദ്യം അല്ല മറിച്ച് ശുദ്ധമായ തേങ്ങിന്‍കള്ള് ആയിരുന്നു എന്ന്ആരും പറയുന്നില്ല.അന്നത്തെ മദ്യവുമായി ഇന്നത്തെ മദ്യത്തെ തുലനം ചെയ്യാനും പാടില്ല. മദ്യവ്യവസായത്തിലെ തികഞ്ഞ മത്സരം മദ്യത്തെ കൂടുതല്‍ വിഷമയം ഉള്ളതാക്കി മാറ്റുകയാണ്.ശുദ്ധമായ തേങ്ങിന്‍കള്ള്പോലും നമ്മുടെ നാട്ടില്‍ കിട്ടുന്നില്ല എന്നത് സത്യം.വിതരണം ചെയ്യപ്പെടുന്നത് മദ്യം അല്ല തനി വിഷം ആണെന്നും തിരിച്ചറിയുക.
അടുത്ത വാദഗതി സമൂഹത്തിലെ പ്രധാന പ്രശ്നം മദ്യപാനം അല്ല എന്നതാണ്.സമൂഹത്തിന്‍റെ ചലനങ്ങള്‍ മനസിലാക്കാന്‍ കഴിയാത്തതുകൊണ്ട് സംഭവിക്കുന്ന ഒരു വിലയിരുത്തല്‍ ആണ് അത്.ഉന്നതനിലവാരത്തില്‍ ജീവിക്കുന്നവര്‍ മുതല്‍ ഭിക്ഷക്കാര്‍വരെയുള്ളവരില്‍ മദ്യപാനം ഒരുപോലെ അല്ല സ്വാധീനം ചെലുത്തുന്നത്. എന്നാല്‍ സാധാരണകുടുംബങ്ങളില്‍ ഭൂരിപക്ഷവും മദ്യപാനശീലത്തില്‍ ദുരിതപൂര്‍ണ്ണം ആകുന്നുമുണ്ട്.വിവിധ ഏജന്‍സികളുടെ റിപ്പോര്‍ട്ടും നമുക്ക് ചുറ്റും നമ്മള്‍ കാണുന്ന പല ദുരന്തങ്ങളിലും മദ്യപാനം പ്രധാന വില്ലന്‍ ആണ്.നമ്മുടെ നാട്ടിലെ പ്രധാന മദ്യപാന മേഖലകളില്‍ വളര്‍ന്നുവരുന്ന കുറ്റകൃത്യങ്ങള്‍ അതിന് ഉദാഹരണമാണ്.ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ല. മദ്യത്തിന് വിലക്കുറവുള്ള മാഹി പോലെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ നമ്മളെ ഞെട്ടിക്കുന്നതാണ്. കുഞ്ഞുങ്ങള്‍ക്ക് സ്കൂളില്‍ പോകാനും അമ്മ-പെങ്ങന്മാര്‍ക്ക് പൊതുനിരത്തില്‍ ഇറങ്ങി നടക്കാനും കഴിയാത്ത വിധം പലയിടത്തും ക്രമസമാധാനം പോലും നിയന്ത്രണങ്ങള്‍ക്ക് അപ്പുറമാണ്.മൂക്കുമുട്ടെ മദ്യപിച്ച് വഴിയരികളില്‍ ഉടുതുണിയില്ലാതെ കിടക്കുന്നവരെ പൊക്കി കൊണ്ടുപോയി ഒരു പെറ്റിക്കേസ് മാത്രം ചാര്‍ത്തി വെറുതെ അടുത്ത ദിവസം രാവിലെ വീട്ടില്‍ പറഞ്ഞു വിടാന്‍ മാത്രമേ നിയമപാലകര്‍ക്ക് കഴിയുന്നുള്ളൂ. അതാണ് സത്യത്തില്‍ അവരുടെ പ്രധാന ജോലിയും.ഇത് അവിടുത്തെ മാത്രം അവസ്ഥയല്ല.കേരളത്തിലെ പല നഗരങ്ങളും പൊതുനിരത്തുകളിലും നമ്മള്‍ ഈ കാഴ്ചകള്‍ കാണുന്നുണ്ട്.മദ്യപാനിയായ ഒരു മനുഷ്യന്‍ കുടുംബത്തില്‍ മാത്രമല്ല സമൂഹത്തിലും എത്രമാത്രം അപഹാസ്യനാകുന്നു എന്ന് നമ്മള്‍ അവരെ ബോധ്യപ്പെടുത്തണം.കവിതയ്ക്ക് ആ ധര്‍മ്മം നന്നായി നിര്‍വ്വഹിക്കാന്‍ കഴിഞ്ഞു.
കേരളത്തിലെ മദ്ധ്യവര്‍ഗ്ഗസമൂഹത്തിന്‍റെ അധ്വാനത്തിന്‍റെ ഒരു വലിയ ശതമാനം മദ്യം ഊറ്റിയെടുക്കുന്നു.മദ്യപനായ ഒരു കുടുംബനാഥന്‍ നിയന്ത്രിക്കുന്ന കുടുംബത്തിലെ കുട്ടികള്‍ അതേ സാഹചര്യത്തില്‍ വളരുന്നു.അടുത്ത തലമുറ നമ്മുടെ പ്രതീക്ഷയുടെ വിളക്കാണ് എന്ന് നമ്മള്‍ ഓര്‍ക്കണം.മദ്യപാനത്തെ ന്യായീകരിക്കുന്നത് മരുന്നിന്‍റെ പേരില്‍ ആയാലും മന്ത്രത്തിന്‍റെ പേരില്‍ ആയാലും അത് അംഗീകരിക്കാന്‍ നമ്മള്‍ ഒരിക്കലും തയ്യാറാകരുത്.നമ്മുടെ നിലപാടുകള്‍ ഇവിടുത്തെ പൊതുസമൂഹത്തിന് ഗുണം ചെയ്യുന്ന വിധത്തില്‍ ആയിരിക്കണം.അതുകൊണ്ടാണ് മദ്യത്തെ ഈ കൂട്ടായ്മ ഒറ്റക്കെട്ടായി എതിര്‍ക്കുന്നത്.സമ്പൂര്‍ണ്ണമദ്യനിരോധനം എന്നതൊന്നും നമ്മുടെ പ്രഖ്യാപിത ലക്ഷ്യം അല്ല.എന്നാല്‍ മദ്യപാനം പ്രോത്സാഹിപ്പിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന ഒന്നും പിന്തുണയ്ക്കാന്‍ നമ്മുടെ ഗ്രൂപ്പ് തയാറല്ല.
കവിത ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ നന്നായി മനസിലാക്കിയാണ് ആ കവിതയുടെ മൂല്യം നമ്മള്‍ അളന്നത്.എന്നാല്‍ മദ്യപാനത്തെ പിന്തുണയ്ക്കുന്ന ചില അഭിപ്രായങ്ങളോട് ശക്തമായി പ്രതികരിക്കാനും അതിനെ പ്രതിരോധിക്കാനും നമ്മുടെ കൂട്ടായ്മ്മയ്ക്ക് കഴിഞ്ഞില്ല എന്ന ഒരു വിമര്‍ശനം പലഭാഗത്തുനിന്നും ഉയര്‍ന്നു. ഉത്സവകാലത്ത് കേരളത്തിലേക്ക് ഒഴുകുന്ന മദ്യസംസ്കാരത്തിന് അനുകൂലമായി ആണ് ഗ്രൂപ്പ് അത്തരം ഒരു മൗനം പാലിച്ചത് എന്ന് അഭിപ്രയപ്പെട്ടവരും കുറവല്ല.
കവിതയും അതിനോട് ചേര്‍ന്നുള്ള അഭിപ്രായങ്ങളും വായിച്ച നിരവധി മുഖപുസ്തകം സുഹൃത്തുക്കള്‍ രേഖപ്പെടുത്തിയ സംശയത്തിന് ഈ നിലപാടിലൂടെ ഞങ്ങള്‍ മറുപടി പറയുന്നു.മദ്യപാനം മാത്രമല്ല സമൂഹത്തിന് മുറിവ് പറ്റുന്ന എല്ലാ പ്രവണതകള്‍ക്കും എതിരായ പ്രസ്ഥാനമായി നമ്മള്‍ എന്നും നിലനില്‍ക്കും
0 അഭിപ്രായങ്ങള്‍