Ticker

6/recent/ticker-posts

യാത്രാമൊഴി@ആനി ജോര്‍ജ്ജ്-ആസ്വാദനം@എം.എസ്.വിനോദ്.


യാത്രാമൊഴി@ആനി ജോര്‍ജ്ജ്.
ആസ്വാദനം@എം.എസ്.വിനോദ്.
എഴുത്തുകാരിയും അദ്ധ്യാപികയുമായ ശ്രീമതി.ആനി ജോര്‍ജ് മുഖപുസ്തകത്തില്‍ എഴുതിയ ''യാത്രാമൊഴി'' എന്ന കവിതയുടെ അടിക്കുറിപ്പില്‍ ഒരു വിശദീകരണമുണ്ട്.അടുത്ത കാലത്ത് നിരവധി വായനക്കാരെ സൃഷ്ടിച്ച 'ജീവനോടെ കത്തിയെരിഞ്ഞവള്‍...' എന്ന പുസ്തകത്തിലെ സൗദ എന്ന നായികയുടെ അനുഭവങ്ങളാണ് ഈ കവിതയുടെ പ്രചോദനം എന്നാണ് ആനി ജോര്‍ജ് അടിക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടുള്ളത്.
ഈ കവിതയെഴുതാനുള്ള പ്രേരണ മാത്രമാണ് സൗദ എന്ന് നമുക്ക് തല്ക്കാലം കരുതാം.കവിതയും സൗദയുമായി സത്യത്തില്‍ ഒരു ബന്ധവും ഇല്ല.എന്നാല്‍ സൗദയുടെ അനുഭവങ്ങള്‍ വായിക്കുന്ന ഏതൊരു സ്ത്രീക്കും-അത് സ്ത്രീയാകണം എന്നില്ല,ഏതൊരു വായനക്കാരനും തോന്നാവുന്ന വികാരമാണ് ആനി ജോര്‍ജ് തന്‍റെ സ്വന്തം കവിതയിലൂടെ പ്രകടിപ്പിച്ചത്.കവിതയുടെ അര്‍ത്ഥതലങ്ങളിലേക്ക് പോകും മുന്‍പ് വായനക്കാര്‍ക്ക്‌ ആരാണ് ഈ സൗദഎന്ന സംശയം ഉണ്ടാകും.അതുകൊണ്ട് നമുക്ക് ആദ്യം സൗദയുടെ കഥയിലേക്ക് പോകാം.
കേരളത്തില്‍ അടുത്ത കാലത്ത് നമ്മള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വിഷയമാണ് ദുരഭിമാനക്കൊല.കുടുംബത്തിന്‍റെ മാനം കാക്കാനെന്ന പേരില്‍ കൊലചെയ്യപ്പെട്ട ഒരു ചെറുപ്പക്കാരന്‍റെ ദുരന്തവും,ആ ദുരന്തത്തിന് കാരണക്കാരായ കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കികൊണ്ടുള്ള കോടതി വിധിയും ആ വിധിയിലെ കോടതിയുടെ പരാമര്‍ശങ്ങളും ഒക്കെ നമ്മള്‍ നിരവധി വേദികളില്‍ ചര്‍ച്ച ചെയ്തതാണ്.കേരളത്തിലെ എന്നല്ല ലോകത്തിലെ തന്നെ ആദ്യത്തെ സംഭവമാണ് ആ വിധിയെന്ന് നമുക്ക് അഭിമാനിക്കാം.ദുരഭിമാനക്കൊലയുടെ ഒരു മുഖം മാത്രമാണ് ഈ സംഭവം.നമുക്ക് അപമാനവും പിന്നീട് അഭിമാനവും തോന്നിയ പലതും ഈ ഒരു സംഭവവുമായി ബന്ധപ്പെട്ട് നടന്നു.
എന്നാല്‍ ദുരഭിമാനക്കൊല കേരളത്തിലെ മാത്രം പ്രതിഭാസമാണെന്ന് ആരോപിച്ചവര്‍ക്ക് മുന്നില്‍ വെച്ച വെളിപ്പെടുത്തലാണ് സൗദയുടെ 'ജീവനോടെ കത്തിയെരിഞ്ഞവള്‍' എന്ന പുസ്തകം.ഇത് ഒരു കഥയോ കവിതയോ നോവലോ ചരിത്രാഖ്യായികയോ അല്ല.പച്ചയായ ഒരു സംഭവമാണ്.പുരുഷന്‍ മാത്രം നിയന്ത്രിക്കുന്ന ഒരു സമൂഹത്തിലെ പുരുഷനിര്‍മ്മിതമായ നിയമങ്ങളുടെ ഇരയായി പച്ചജീവനോടെ കത്തിയ ഒരു പെണ്ണിന്‍റെ ജീവിതകഥ.ഇത് നടന്നത് പതിനഞ്ചോ പതിനാറോ നൂറ്റാണ്ടിലല്ല.ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍.
ഇസ്രായേല്‍-പലസ്തീന്‍ വംശജരുടെ പകപോക്കലും തുടര്‍ച്ചയായ രാഷ്ട്രീയ വിവാദങ്ങളും കൊണ്ട് കുപ്രസിദ്ധമായ ജറുസലേമിന് അടുത്തുള്ള വെസ്റ്റ്‌ ബാങ്ക് എന്ന നാട്ടില്‍ ഒരു ഗ്രാമത്തില്‍ ആണ് സൗദ ജനിച്ചത്‌.കേട്ടാല്‍ അറയ്ക്കുന്നതും നേരില്‍ കണ്ടാല്‍പോലും വിശ്വസിക്കാന്‍ കഴിയാത്തതുമായ ആചാരങ്ങളാണ്‌ ആ ഗ്രാമത്തില്‍ നടക്കുന്നത്.അതിന് പിന്തുണ നല്‍കുന്നത് മതവും പുരോഹിതന്മാരും. പെണ്ണ് ആ ഗ്രാമത്തിന് വെറുമോരു പ്രത്യുല്‍പാദനശേഷിയുള്ള യന്ത്രം മാത്രമാണ്.ജനിക്കുന്നത് പെണ്ണാണ്‌ എങ്കില്‍ ലിംഗനിര്‍ണ്ണയത്തിന് ശേഷം ഉടന്‍തന്നെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയാണ് അവിടെ പതിവ്.സൗദയുടെ ഉമ്മ 14 വയസ്സില്‍ വിവാഹിതയായവളാണ്.പതിനാല് മക്കളെ പ്രസവിച്ചു.എന്നാല്‍ അതില്‍ സൗദ ഉള്‍പ്പെടെ അഞ്ചുപേര്‍ മാത്രമാണ് ജീവിച്ചിരിക്കുന്നത്‌. ബാക്കിയുള്ളവരെയൊക്കെ പ്രസവിച്ച ഉടന്‍തന്നെ പെണ്‍കുഞ്ഞാണ് എന്ന് തിരിച്ചറിഞ്ഞ് ഉമ്മ അപ്പോള്‍ തന്നെ ശ്വാസംമുട്ടിച്ച് കൊന്ന് കുഴിച്ചിട്ടു.കൂട്ടത്തില്‍ സൗദയും കൊല്ലപ്പെടേണ്ടതാണ്.എങ്ങനെയോ ഭാഗ്യം കൊണ്ട് രക്ഷപെട്ടു.ഈ നിയമം നിര്‍മ്മിച്ചത് പുരുഷനും നടപ്പാക്കുന്നത് സ്ത്രീയും ആണെന്ന കാര്യം ശ്രദ്ധിക്കണം.നിയമങ്ങള്‍ ഇനിയും ഉണ്ട്. പെണ്‍കുട്ടികള്‍ പഠിക്കാന്‍ പാടില്ല.എന്നാല്‍ ദിവസവും രണ്ടുനേരം പ്രാര്‍ത്ഥിക്കണം.പ്രാര്‍ത്ഥന കഴിഞ്ഞാല്‍ ആടിനെ തീറ്റാന്‍ പൊക്കോണം. തലയുയര്‍ത്തി ആരെയും നോക്കാന്‍ പാടില്ല.അഥവാ അങ്ങനെ സംഭവിച്ചാല്‍ ചാര്‍മൂട്ട(വേശ്യ)എന്ന വിഭാഗത്തിലേക്ക് പുറന്തള്ളും.വിവാഹം കുടുംബത്തിലെ പെണ്‍കുട്ടികളുടെ മൂപ്പിളമ അനുസരിച്ചാണ്. മൂത്ത പെണ്‍കുട്ടി വിവാഹം കഴിച്ചില്ല എങ്കില്‍ ബാക്കി എല്ലാവരും അവിവാഹിതരായി ജീവിച്ച് വീട്ടുജോലി മാത്രം ചെയ്ത് ജീവിക്കണം. വിവാഹം കഴിച്ചാല്‍തന്നെ ആദ്യരാത്രി തന്‍റെ കന്യകാത്വം ഭര്‍ത്താവിന് മുന്നില്‍ മാത്രമല്ല പൊതുസമൂഹത്തിന് മുന്നില്‍ വെച്ചും തെളിയിക്കണം.അതിനായി ആദ്യരാത്രി വെള്ളവിരിപ്പിട്ട കിടക്കയില്‍ വേണം ദമ്പതിമാര്‍ ഉറങ്ങാന്‍.നേരം വെളുക്കുമ്പോള്‍ രക്തം പുരണ്ട ആ വിരിപ്പ് ഭര്‍ത്താവ് പൊതുസമൂഹത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കണം.അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ആ പെണ്ണിനെ അഭിസാരികയായി കണക്കാക്കി സമൂഹം കല്ലെറിഞ്ഞോ കത്തിച്ചോ കൊല്ലും.ഇങ്ങനെ നിരവധി വിചിത്രവും പ്രാകൃതവുമായ ചടങ്ങുകളും നിയമങ്ങളും നിലനില്‍ക്കുന്ന ഒരു സമൂഹത്തിലെ നിരവധി പെണ്‍കുട്ടികളുടെ പ്രതിനിധിയാണ് സൗദ.
വിവാഹപ്രായമെത്തിയിട്ടും സൗദയുടെ മൂത്തസഹോദരിക്ക് വിവാഹം ആയില്ല എന്ന കാരണം പറഞ്ഞ് സൗദയും കാത്തിരിക്കാന്‍ തയാറായി.സൗദയുടെ ബാപ്പ വളരെ ക്രൂരനായ ഒരു മനുഷ്യന്‍ ആയിരുന്നു.തുകല്‍ ബെല്‍റ്റ്‌ വെച്ചാണ്‌ സൗദയെ നിസാരകാര്യങ്ങള്‍ക്ക് പോലും ശിക്ഷിക്കുന്നത്.ഉമ്മയും ഒട്ടും മോശം ആയിരുന്നില്ല.പുരുഷമേധാവിത്വത്തിന് അടിമപ്പെടുന്ന പെണ്ണ് തന്നെയാണല്ലോ പെണ്ണിന്‍റെ ഏറ്റവും വലിയ ശത്രു.
ഈ സമയത്ത് അയല്‍വാസിയായ ഫയാസ് സൗദയുടെ മുകളില്‍ കണ്ണുവെച്ചു.പ്രണയം നടിച്ചും വിവാഹവാഗ്ദാനം നല്‍കിയും അയാള്‍ സൗദയെ നാളുകളോളം ശാരീരികമായി ഉപയോഗിച്ചു.അവശ്യം കഴിഞ്ഞപ്പോള്‍ അയാള്‍ തടിതപ്പി.സൗദ ഗര്‍ഭിണിയായി.വിവരമറിഞ്ഞ ബാപ്പ സൗദയെ മൃഗീയമായി ശിക്ഷിച്ചു.നാട്ടുനടപ്പ് അനുസരിച്ച് അവളെ ജീവനോടെ കത്തിക്കാന്‍ തീരുമാനിച്ചു.ഒരു ദിവസം സൗദയെ പിടിച്ചിരുത്തി പെട്രോള്‍ ഒഴിച്ച് എല്ലാവരും ചേര്‍ന്ന് കത്തിച്ചു.ജീവനോടെ നിന്ന്കത്തിയ അവള്‍ എവിടെനിന്നും ഇറങ്ങി ഓടി.ആ ഗ്രാമത്തിലാകെ കത്തിയ പച്ചമാംസത്തിന്റെ ഗന്ധം പടര്‍ന്നു.ബോധം തെളിയുമ്പോള്‍ സൗദ ഒരു ആശുപത്രിയില്‍ ചീഞ്ഞളിഞ്ഞ്‌ കിടക്കുകയായിരുന്നു.അവിടെയും അവളെ വെറുതെ വിടാന്‍ സമൂഹം തയാറായില്ല.ആ അവസ്ഥയില്‍ ഉമ്മ തന്നെ അവളെക്കൊണ്ട് വിഷം കുടിപ്പിക്കാന്‍ ഒരു ശ്രമം നടത്തി.ചില മനുഷ്യാവകാശപ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടല്‍ കാരണം ആ ശ്രമം വിജയിച്ചില്ല.ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി സൗദ ജന്മനാട്ടില്‍ നിന്നും പലായനം ചെയ്തു. അവിടെനിന്നും യൂറോപ്പില്‍ എത്തിച്ച അവളെ അവിടെ ഒരു കുടുംബം ദത്തെടുത്തു.അവള്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി.തുടര്‍ന്ന് അവളെ അവര്‍ ചികിത്സിച്ചു.ഏതാണ്ട് എഴുപതു ശതമാനം പൊള്ളല്‍ വന്ന ശരീരത്തില്‍ കീഴ്ത്താടിയും നെഞ്ചും കത്തി ഒന്നായി ചേര്‍ന്നിരുന്ന അവള്‍ക്ക്, വര്‍ഷങ്ങളുടെ ചികിത്സ വേണ്ടിവന്നു.എല്ലാം മനസിലാക്കിയ ഒരാള്‍ പിന്നീട് അവളെ വിവാഹം ചെയ്തു.
സ്വാതന്ത്ര്യത്തിന്‍റെ പുതിയ ആകാശത്ത് ഇരുന്നുകൊണ്ട് മറ്റാര്‍ക്കും അറിയാത്ത കഥ അവള്‍ ലോകത്തോട്‌ പറഞ്ഞു.അതാണ് സൗദയുടെ ജീവനോടെ കത്തിയെരിഞ്ഞവള്‍-Burned Alive-എന്ന ആത്മകഥ.ഈ സൗദ എന്ന പേര് ഒരു തൂലികാനാമം മാത്രമാണ്. സുരക്ഷിതകാരണങ്ങളാല്‍ സൗദ ഇപ്പോള്‍ എവിടെയുണ്ട് എന്നുപോലും വെളിപ്പെടുത്താന്‍ ആരും തയാറായിട്ടില്ല.സൗദയുടെ ഈ മുന്നേറ്റങ്ങള്‍ക്കും ഈ വിവാദം സൃഷ്ടിച്ച വെളിപ്പെടുത്തല്‍ അടങ്ങിയ പുസ്തകത്തിന്‍റെ പ്രകാശനത്തിനും പിന്നില്‍ ഒരു സഖി ഉണ്ട്.അത് ഒരു സ്ത്രീയാണ്.പുസ്തകംപുറത്തിറങ്ങിയപ്പോള്‍ യൂറോപ്പ് മാത്രമല്ല ലോകം മുഴുവന്‍ ഞെട്ടിവിറച്ചു.അത്തരം ഒരു ഞെട്ടല്‍ ഉണ്ടാക്കിയ സ്ത്രീപക്ഷചിന്തയില്‍ നിന്നാണ് ആനി ജോര്‍ജ് യാത്രാമൊഴി എന്ന കവിതയെഴുതിയത്എന്ന് വായനക്കാരെ ബോദ്ധ്യപ്പെടുത്താന്‍ വേണ്ടിയാണ് സൗദയുടെ കഥ ആമുഖമായി പറയേണ്ടിവന്നത്.
പലസ്തീന്‍ എന്ന നാട്ടിലെ വെസ്റ്റ് ബാങ്ക് എന്ന നാടിന്‍റെ കഥ ഇതാണ് എന്ന് സമര്‍ത്ഥിക്കുന്നതിലൂടെ ലോകത്ത് ആകമാനമുള്ള സ്ത്രീവിവേചനങ്ങളോട് പ്രതികരിക്കാന്‍ ആണ് ആനി ശ്രമിക്കുന്നത് എന്ന് എനിക്കും തോന്നി. കവിത സംസാരിക്കുന്നത് സൗദയുടെ മനസാക്ഷിക്ക് മുന്നില്‍ നിന്നാണെങ്കില്‍ ഒരു പെണ്മനസ്സ് മറ്റൊരു പെണ്മനസിനോട് സംവേദിക്കുന്ന രൂപത്തിലാണ് കവിതയുടെ അവതരണം.
''സഖീ.....നീ എന്‍റെ അരികത്തിരിക്കുക.....''എന്ന് പറഞ്ഞുകൊണ്ട് കവിത ആരംഭിക്കുമ്പോള്‍ സ്വാഭാവികമായ സംശയം നമുക്ക് തോന്നാം.പറയുന്ന ആള്‍ ഒരു പുരുഷനും കേള്‍ക്കുന്ന ആള്‍ ഒരു സ്ത്രീയുമാണോ എന്ന്.എന്നാല്‍ ആ സംശയം അപ്പോള്‍ തന്നെ കഴുകിക്കളയാനാണ് സഖിയായി മാറുന്ന ആനിയുടെ കവി മനസ്സ് നമ്മളെനോക്കി സൗദയിലേക്ക് വിരല്‍ചൂണ്ടുന്നത്. സൗദയേപ്പോലെതന്നെ പോരാട്ടവീര്യമുള്ള ഒരു പെണ്ണ് തന്‍റെ സഖിയായ മറ്റൊരു പെണ്ണിനോട് പറയുന്ന രൂപത്തിലാണ് കവിതയുടെ വരികള്‍.
വിധിക്ക് കീഴടങ്ങുമ്പോഴും കത്തുന്ന ആ പോരാട്ടവീര്യം ഉള്ളില്‍ നിറയ്ക്കുന്ന പെണ്മയുടെ കനല്‍ നമുക്ക് ഈ വരികളില്‍ കാണാം.കണ്ണുകള്‍ ചൂഴ്ന്നെടുക്കപ്പെടുകയും നാവ് അറത്തുമാറ്റപ്പെടുകയും ചെയ്യുന്ന ഒരു വര്‍ഗ്ഗം എന്നിട്ടും കരഞ്ഞുവെന്നും സംസാരിച്ചുവെന്നും സമര്‍ത്ഥമായി സൂചിപ്പിക്കുക വഴി ഒരു പോരാട്ടങ്ങളും അവസാനിച്ചിട്ടില്ല എന്ന സൂചന നല്‍കുന്നു കവയിത്രി.അവസാനവരികളിലെ പൂമരം എന്നും സ്ത്രീ മനസ്സില്‍ നിറയ്ക്കുന്ന പ്രതീക്ഷയുടെ പ്രതീകമാണ്‌.
എന്തുകൊണ്ട് ഈ കവിത സൗദയുടെ ജീവിതകഥയുമായി കൂട്ടിച്ചേര്‍ത്ത് വായിക്കുന്നു എന്നത് സ്വാഭാവികമായ മറ്റൊരു സംശയമാണ്.ഇവിടെ ആ സംശയം ഒരു സന്ദേശമാക്കാന്‍ ആനി ജോര്‍ജ്ജിന് കഴിഞ്ഞിട്ടുണ്ട്.ഈ ലോകം മുഴുവന്‍ പുരുഷകേന്ദ്രീകൃതമായ നിയമങ്ങളും ചട്ടങ്ങളും കൊണ്ട് നിറഞ്ഞതാണ്‌.എന്നാല്‍ എല്ലാ കാലത്തും അത് അങ്ങനെയും ആയിരുന്നില്ല.ഓരോ പ്രദേശത്തിന്റെയും പ്രാദേശികവ്യത്യാസത്തിന്‍റെ അടിസ്ഥാനത്തില്‍ അത് മാറുകയും മറിയുകയും ചെയ്യുന്നു.എന്നാല്‍ ഒരുവശത്ത്‌ എന്നും ഇരയാകപ്പെടുന്നത് സ്ത്രീ മാത്രമാണ്.അതിനുള്ള കാരണങ്ങള്‍ നിരവധിയാണ്.ആ കാരണങ്ങളില്‍ ഒരു ചെറിയ ശതമാനം സ്ത്രീയും പങ്കിടുന്നുണ്ട്‌.അതൊരു സത്യമാണ്,ആരും അത്രപെട്ടന്ന് സമ്മതിക്കാത്ത സത്യം.
പലസ്തീന്‍ വിട്ടിറങ്ങിവന്നാല്‍ ഭാരതത്തില്‍ നമ്മള്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്നത് വിവരിക്കേണ്ട കാര്യമില്ല.ഓരോ കാലങ്ങളില്‍ നമ്മള്‍ അതിനൊക്കെ ഓരോ പേരിട്ട് നന്നായി ആഘോഷിക്കും.പീഡനങ്ങള്‍ പല പട്ടികയില്‍ ഉണ്ട്.സ്ത്രീധനത്തിന്‍റെ പേരില്‍,നിറത്തിന്‍റെ പേരില്‍,സമുദായത്തിന്‍റെ പേരില്‍, സാമ്പത്തികവ്യത്യാസത്തിന്‍റെ പേരില്‍, പുരുഷന്‍റെ കഴിവിന്‍റെ പേരില്‍,അവന്‍റെ കഴിവുകേടിന്‍റെ പേരില്‍,സംശയത്തിന്‍റെ പേരില്‍......അങ്ങനെപോയാല്‍ പേരിന് ഒരു കുറവും ഇല്ല.ശക്തി കൂടുതല്‍ ഉള്ളവന്‍ ശക്തി കുറവുള്ളവളെ അടക്കിഭരിക്കുന്നു എന്ന മനശാസ്ത്രവിശകലനം കൂടി ചേര്‍ത്ത് വെച്ച് നമുക്ക് അതിന് അടിവരയിടാം.എങ്ങനെ പേരിട്ടാലും ഒരു വശത്ത്‌ എന്നും കത്തിത്തീരുന്നത് ഒരു പെണ്ണാണ്‌ എന്നത് സത്യമല്ലേ.
അങ്ങനെ സ്വയം നിന്ന് കത്തുമ്പോഴും അവള്‍ സഹനത്തിന്‍റെ കനലായി വെളിച്ചം വീശാനും ശ്രമിക്കുന്നുണ്ട് എന്നത് മറ്റൊരു പറയാത്ത പരമാര്‍ത്ഥം.ആ വെളിച്ചങ്ങള്‍ പിന്നീട് മഹത്തായ നവോത്ഥാനങ്ങള്‍ ആയി മാറിയിട്ടുണ്ട്.അതൊന്നും ഞാന്‍ വെളിയില്‍ പറയില്ല.പറയാന്‍ പാടില്ല.കാരണം ഞാനും ആ കീഴ്വഴക്കങ്ങള്‍ ഒക്കെ അനുസരിക്കേണ്ടവനല്ലേ. സ്മാര്‍ത്തവിചാരം ഒരര്‍ത്ഥത്തില്‍ ഒരു വിധിയായിരുന്നു.ആ വിധിയും സ്വീകരിച്ചത് ഒരു പെണ്ണ് ഒറ്റയ്ക്കാണ്.എതിര്‍പക്ഷത്ത് അറുപത്തിനാല് പേര്‍ എന്ന് കണക്ക് നിരത്തി പുരുഷക്കോയ്മ ചരിത്രത്തില് നവോത്ഥാനത്തിന്‍റെ ആസ്ഥാനചക്രവര്‍ത്തിമാര്‍ ആകുകയായിരുന്നു‍.ഈ അറുപത്തിനാല് കലാകാരന്മാരുടെയും ജീവചരിത്രം വിക്കിപീഡിയ തിരഞ്ഞാല്‍ കിട്ടും.താത്രി പോയ വഴിയെ ഒരു പെണ്ണും പോയില്ല.വ്യഭിചാരി എന്ന സ്ഥാനപ്പേരും കല്പിച്ചു നല്‍കി ചരിത്രത്തില്‍ അവള്‍ക്ക്.അതുകൊണ്ടാണ് അതു പറയില്ലയെന്ന് ഞാന്‍ പറഞ്ഞത്.
പണ്ട് രാജ്യം ഭരിച്ച മഹാറാണിമാര്‍ക്ക് മുന്നില്‍ ഉടുമുണ്ട് അഴിച്ചിട്ട് വാപൊത്തി നിന്ന ഭര്‍ത്താക്കന്മാരെ കണ്ട നാടാണ്‌ നമ്മുടേത്‌. അധികാരസ്ഥാനത്തുനിന്നും പെണ്ണിനെ പിടിച്ചിറക്കി ആണിനെ വാഴിച്ച ബ്രിട്ടീഷ്‌ ഭരണത്തിന് പോലും നവോഥാന നായകസ്ഥാനങ്ങളില്‍ ഒരു സ്ഥാനം നമ്മള്‍ കൊടുത്തിട്ടും ഈ താത്രിമാരെ ആരും പിന്നീട് തിരക്കിയില്ല. ചതിയും കൊലയും പോലും ഒരു പെണ്ണിന് അവകാശപ്പെട്ടതല്ല എന്ന് വിധിക്കുന്ന ആണ്‍മേധാവിത്വത്തിന് അടിതാറുകെട്ടുന്ന സൗദയുടെ ഉമ്മയെപ്പോലെയുള്ള അകത്തമ്മമാര്‍ എവിടെയും ഉണ്ട്.പെണ്ണിന്‍റെ ശത്രു പെണ്ണ് തന്നെ എന്ന് തെളിയിക്കുന്ന അത്തരം ജന്മങ്ങള്‍‍ നമുക്കിടയിലും സുലഭം.ഒറ്റപ്പെട്ട ഒരു സംഭവമായി മാത്രം കാണേണ്ട കൂടത്തായി കൊലപാതക പരമ്പരയുടെ മാധ്യമചര്‍ച്ചയില്‍ കേറിയിരുന്നു വീമ്പിളക്കിയ പല ഫെമിനിസ്റ്റുകളോടും ആണുങ്ങള്‍ ചോദിച്ച ചോദ്യം അവര്‍ കേട്ടില്ല എന്നതല്ലേ സത്യം.ഒരു പെണ്ണ് കുറ്റവാളിയാകുമ്പോള്‍ അതിന് പിന്നില്‍ നൂറ് പുരുഷനുണ്ട് എന്ന് ഉറക്കെ പറയാന്‍ ഒരു പെണ്‍ശബ്ദം പോലും കേരളത്തില്‍ നമ്മള്‍ കേട്ടില്ല.കുറ്റം ചെയ്യാന്‍ പോലും പെണ്ണിന് അവകാശമില്ല എന്ന അടിത്തൂണ്‍ ന്യായം കൊണ്ട് പെണ്ണിനെ അവിടെയും അടക്കിയിരുത്തിയ പുരുഷന്യായങ്ങള്‍ക്ക് കയ്യടിച്ച് ഇറങ്ങിപ്പോയ പട്ടുസാരിപരിഷകള്‍ തന്നെയാണ് സ്ത്രീയുടെ ആദ്യത്തെ ശത്രു.ആ വെളിച്ചവും സന്ദേശവും വരച്ചിടുന്നുണ്ട് ആനിയുടെ കവിത.അത് പെണ്ണിനോട് പെണ്ണ് സംസാരിക്കുന്നു എന്ന് ഞാന്‍ കണ്ടെത്താനുള്ള കാരണവും അതാണ്.ഒരു പുരുഷാധിപത്യത്തിനും വിളക്കുവെക്കുന്നതും കുടപിടിക്കുന്നതും പെണ്ണ് തന്നെയാണ്.സഖിയെ തിരഞ്ഞെടുക്കുമ്പോള്‍ വേണം കൂടുതല്‍ ശ്രദ്ധിക്കാന്‍.സ്വന്തം സഖിയെ വെളിച്ചത്തില്‍ ഒരായിരം വട്ടം ഒറ്റുകൊടുത്തു ഇരുട്ടില്‍ മറഞ്ഞിരിക്കുന്നവരെ ആദ്യം പെണ്മ തിരിച്ചറിയണം.ആ തിരിച്ചറിവിന്‍റെ സ്വരമുണ്ട് ആനിയുടെ കവിതയില്‍.ഇല്ലെങ്കില്‍ ഉണ്ടാകണം.
ഇതില്‍ നായകന്‍ ഇല്ല,രണ്ട് സഖിമാരുടെ ആത്മബന്ധം ഓരോ അക്ഷരത്തിലും പ്രകടമാണ്.നീയെന്‍റെ അരികത്തിരിക്കുക, നീയെന്‍റെ കൈപിടിക്കുക,എന്‍റെ ജഡം നീ ഏറ്റുവാങ്ങുക....തുടങ്ങിയ വരികളിലെയെല്ലാം നീ എന്ന വാക്കിന്‍റെ ശക്തി ഓരോ പെണ്ണും തിരിച്ചറിയണം.അങ്ങനെ ഒരു നീ ആകാന്‍ പെണ്ണ് ശ്രമിക്കുന്നിടത്ത് സൗദമാര്‍ ഉണ്ടാകുകയില്ല. അങ്ങനെ ഒരു നീ ഉണ്ടാകുന്ന സമൂഹത്തില്‍ സമത്വസമരങ്ങളുടെ കാര്യമില്ല.പെണ്ണില്‍നിന്നും പെണ്ണിനെ ശുദ്ധീകരിക്കാനാണ് ഓരോ പെണ്‍കലാപങ്ങളും ഉണ്ടാകേണ്ടത്‌ എന്ന സന്ദേശം യാത്രാമൊഴി നല്‍കുന്നുണ്ട്.
ഒരു ആഹ്വാനമോ, വിമര്‍ശനമോ, പഴിചാരലോ, പരിഭവമോ, പരിഹാരം നിര്‍ദ്ദേശിക്കലോ, അങ്ങനെയൊന്നും ആകുന്നില്ല ഈ കവിത എന്ന ഒരു വിമര്‍ശനം വേണമെങ്കില്‍ നമുക്ക് മുന്നോട്ടുവെക്കാം.ആ വിമര്‍ശനത്തിന് കവിതയുടെ മറ്റൊരു ദ്വിമാനതലം മറുപടി നല്‍കും എന്ന് ഞാന്‍ കരുതുന്നു.തുടക്കത്തില്‍ നമ്മള്‍ പറഞ്ഞു കവിതയില്‍ രണ്ട് പെണ്മനസ്സുകള്‍ ഉണ്ടെന്നും അവര്‍ തമ്മിലാണ് സംവാദമെന്നും. എന്നാല്‍ ഈ സംവാദം ഒരു പെണ്ണിന്‍റെതന്നെ മനസിന്‍റെ രണ്ട് വശങ്ങള്‍ ആണെങ്കില്‍ തീര്‍ച്ചയായും അതൊരു മാറ്റത്തിന്റെ സൂചനയാണ്.ഒരാളിന്‍റെതന്നെ മാനസികസംഘര്‍ഷത്തില്‍ നിന്നും ഇത്രയധികം സ്ഥിരചിന്തകള്‍ ഉണ്ടാകുന്നു എങ്കില്‍ സ്ത്രീ സ്വയം തിരിച്ചറിയുന്നു എന്ന് അര്‍ത്ഥം.
ആഹ്വാനങ്ങള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കും ഒരു കുറവും ഇല്ലാത്ത നമ്മുടെ സാഹിത്യത്തില്‍ ഒരു നേര്‍കാഴ്ചയായി വരികള്‍ നിരത്തി ചിന്തിക്കാന്‍ ആണ് ആനി നമ്മളെ നിര്‍ബന്ധിക്കുന്നത്‌.സ്വയം തിരിച്ചറിയാനും അറിഞ്ഞുണരാനും ഈ വരികള്‍ അവസരമുണ്ടാക്കുന്നു എങ്കില്‍ ഒരുപക്ഷേ ഈ എഴുത്തിന് അര്‍ത്ഥം ഉണ്ടായി എന്ന് കരുതാം. ഇനിയൊരു പെണ്ണും ജീവനോടെ കത്തിയെരിയില്ല എന്ന് ആശ്വസിക്കാന്‍ സമയമായില്ല എങ്കിലും അവളിലെ വെളിച്ചം തിരിച്ചറിയാന്‍ അവളുടെ ഇണയ്ക്ക് കഴിയുന്ന കാലത്തിലേക്ക് ഇനി കൂടുതല്‍ ദൂരമില്ല എന്ന് പ്രത്യാശിക്കാം.

യാത്രാമൊഴി-ആനി ജോര്‍ജ്ജ്
സഖീ......
നീയെന്റെ അരികത്തിരിക്കുക !
എന്റെ കണ്ണുകൾ ചൂഴ്ന്നെടുക്കപ്പെട്ടിരിക്കുന്നു ,
കാതുകളിൽ ആരോ
ഈയം ഒഴിച്ചിരിക്കുന്നു !
എന്റെ നാവ് അരിയപ്പെട്ടിരിക്കുന്നു!!
സഖീ....
നീയെന്റെ കൈപിടിക്കുക,
എന്റെ മുന്നിൽ നിറങ്ങളില്ല !
എനിക്കിത്തിരി വെള്ളം നൽകുക,
എന്റെ തൊണ്ടയെങ്കിലും സ്വതന്ത്രമാണ്!!!
അവരെന്നെ തൂക്കാൻ വിധിച്ചേക്കാം !!!!!!
എങ്കിലും നീയാശ്വസിക്കുക,
''ഞാൻ''
കണ്ണീർ കണ്ടുവെന്ന്,
കരച്ചിൽ കേട്ടുവെന്ന്,
നാവരിയാതിരുന്നപ്പോൾ
ഞാൻ സംസാരിച്ചുവെന്ന് ,
സഖീ....
എന്റെ ജഡം നീയേറ്റുവാങ്ങുക,
കാകനും കഴുകനും കൊത്തിവലിക്കാതെ
ഒരു മൺകുഴിക്കുള്ളിൽ മൂടുക ,
മേലെ ഒരു പൂമരം നടുക ,
ആ പൂക്കൾ പറയട്ടെ ...
ഇങ്ങനെയൊരാൾ !!
ഇവിടെ ജീവിച്ചിരുന്നുവെന്ന് !
(സൗദ,ജീവനോടെ കത്തിയെരിഞ്ഞവള്‍ എന്ന പുസ്തകം വായിച്ച അനുഭവത്തില്‍ നിന്ന് )
ആസ്വാദനം@
എം.എസ്.വിനോദ്.


ഇവിടെ ക്ലിക്ക് ചെയ്യുക


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍