Ticker

6/recent/ticker-posts

ചങ്ങമ്പുഴ സ്മരണ


ചങ്ങമ്പുഴ സ്മരണ
================
ഉത്തരതിരുവിതാംകൂറിലെ ഇടപ്പള്ളി എന്ന ഗ്രാമത്തിന് കേരളത്തിന്‍റെ ചരിത്രത്തില്‍ അടയാളങ്ങള്‍ നിരവധിയാണ്.പ്രാചീനകാവ്യമായ കോകസന്ദേശത്തിലും ചില തമിഴ് ഇശകളുടെ പഴയ ഏടുകളിലും മാത്രമല്ല ബുദ്ധവിഹാരസ്മാരകങ്ങളുടെ കഥകളിലും ഇടപ്പള്ളി എന്ന സ്ഥലനാമം രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ മലയാളിയുടെ മനസ്സില്‍ ഈ സ്ഥലം ഇടം നേടുന്നത് അവര്‍ക്ക് ജന്മനാ പരിചിതനായ പ്രിയ കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജന്മം കൊണ്ട് ധന്യമായ സ്ഥലം എന്ന പേരിലാണ്.ചങ്ങമ്പുഴയുടെ പേര് കേള്‍ക്കുമ്പോള്‍ ആ നാടിന്‍റെ എല്ലാ പൂര്‍വ്വപുരാണവും മലയാളി മറന്നുപോകും.
ചങ്ങമ്പുഴ കൃഷ്ണപിള്ള നമ്മളെ വിട്ടുപിരിഞ്ഞിട്ട് എഴുപത് വര്‍ഷം തികയുന്നു.മലയാളകവിതയുടെ പര്യായമായി മാറിയ ചങ്ങമ്പുഴ എന്ന തറവാട്ട്‌ പേരിനോടൊപ്പം ഒന്നും കൂട്ടിച്ചേര്‍ത്ത് വര്‍ണ്ണിക്കാന്‍ ഞാന്‍ പ്രാപ്തനോ യോഗ്യനോ അല്ല.സത്യത്തില്‍ കവി അത് ആഗ്രഹിക്കുന്നുമില്ല എന്ന് കവിവാക്യം തന്നെയുണ്ട്‌.
''എന്‍റെ ചിറകിന്മേലെനിക്കെന്‍റെയല്ലാത്ത
പൊന്‍തൂവലൊന്നുമാവിശ്യമില്ല......''
ഇല്ല പ്രിയനേ....ഒരു തൂവല്‍ കൊണ്ട് പോലും നിന്നെ ഉണര്‍ത്താതെ ഞാന്‍ ഒരു നിമിഷം നിന്നെ ഓര്‍ത്ത്‌ ഇവിടെ അല്പം ദൂരെ മാറി ഒന്ന് നിന്നോട്ടെ.....
@ @ @
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട കവിയും വിമര്‍ശിക്കപ്പെട്ട കവിയും അവലോകനത്തിനും പഠനത്തിനും വിധേയനായ കവിയും ചങ്ങമ്പുഴയാണ് എന്ന് പറഞ്ഞാല്‍ തര്‍ക്കം ഉണ്ടാകാന്‍ വഴിയില്ല.കവിതയുടെ കനകച്ചിലങ്ക മലയാളിയുടെ മുന്നിലേക്ക്‌ എറിഞ്ഞുകൊടുത്ത് അത് മലയാളഭാഷയെക്കൊണ്ട് കെട്ടിയാടിച്ച കവിയാണ്‌ ചങ്ങമ്പുഴ.ഒരു സ്മരണക്കുറിപ്പില്‍ ഇത്തരം വിലയിരുത്തലുകള്‍ ഒക്കെ തീര്‍ച്ചയായും വേണ്ടതാണ്.ആ വഴിക്കും പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.ഒന്ന് മാത്രം പറയാം.മലയാളം അറിയാത്ത മലയാളി പോലും,അവരുടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ കവിയുടെ രണ്ട് വരി കവിത അറിഞ്ഞോ അറിയാതെയോ പാടിയിട്ടുണ്ടാകും എന്നത് ഉറപ്പാണ്‌.
ഇടപ്പള്ളിയുടെ ചരിത്രത്തില്‍ അവിടെ ഉണ്ടായിരുന്ന ഒരു രാജകുടുംബത്തിന്‍റെ പടനായകന്മാര്‍ ആയിരുന്നു ചങ്ങമ്പുഴ തറവാട്ടിലെ പഴയ തലമുറക്കാര്‍.കൊച്ചിയും കോഴിക്കോടും തമ്മില്‍ നടന്ന യുദ്ധത്തില്‍ സാമൂതിരിയുടെ സഹായിയായി നിന്ന ഇടപ്പള്ളി രാജാവിന്‌ വേണ്ടി പടനയിച്ചത് ചങ്ങമ്പുഴ തറവാട്ടിലെ മാര്‍ത്താണ്ഡപ്പണിക്കര്‍ ആണ്.വിദേശികളായ പോര്‍ച്ചുഗീസുകാരോടും ഡച്ചുകാരോടും ഏറ്റുമുട്ടിയ പാരമ്പര്യവും ഉണ്ട് ഈ തറവാടിന്.അങ്ങനെ രാജകുടുംബങ്ങളുമായി ഉള്ള അടുത്ത ബന്ധത്തിലൂടെ സമ്പാദിച്ച കണക്കില്ലാത്ത സ്വത്തുക്കള്‍ ചങ്ങമ്പുഴ തറവാടിന് രാജതുല്യമായ പ്രഭുക്കന്മാരുടെ പദവിയും സമ്മാനിച്ചു.എന്നാല്‍ കാരണവന്‍മാരുടെ പിടിപ്പുകേടും ധൂര്‍ത്തും കുടുംബം കുളംതോണ്ടുന്ന അവസ്ഥയില്‍ വരെ എത്തിച്ചു അവസാനം.ഒരു സന്ദര്‍ഭത്തില്‍ ആയുധങ്ങള്‍ വെച്ച് പരദേവതയ്ക്ക് മുന്നില്‍ പോയി അടിയറവ് സമ്മതിച്ച് ആത്മാഹുതി ചെയ്ത കാരണവന്മാര്‍ വരെ ഉണ്ട് ഈ തറവാട്ടില്‍.ഒടുവില്‍ നിത്യവൃത്തിക്ക് പോലും മാര്‍ഗ്ഗമില്ലാതെ തറവാട് പലതവണ ലേലത്തിന് വെക്കുക പോലും ചെയ്ത സാഹചര്യത്തിലാണ് കൃഷ്ണപിള്ളയുടെ ജനനം.ഇത് ജീവിതത്തിന്‍റെ ഒരു വശം മാത്രം.
ഒന്‍പതാമത്തെ വയസ്സ് മുതല്‍ കവിതയും സാഹിത്യപ്രവര്‍ത്തനങ്ങളും ആരംഭിച്ച കൃഷ്ണപിള്ള കൊടിയ ദാരിദ്ര്യത്തില്‍ നിന്നും പഴയ പ്രതാപത്തിലേക്ക് തറവാടിനെ മടക്കി കൊണ്ടുവന്നു.എന്നാല്‍ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന വികലമായ ജീവിതവീക്ഷണം തുടങ്ങിയിടത്ത് തന്നെ ചങ്ങമ്പുഴയെ കൊണ്ടുചെന്നു എത്തിക്കുകയും കാരണവന്‍മാരുടെ ആത്മാഹുതിയെ അനുസ്മരിപ്പിക്കുംവിധം സ്വയം അടിയറവ് പറഞ്ഞ് മലയാളഭാഷയുടെ ആത്മാവില്‍ അലിഞ്ഞു ചേരുകയും ചെയ്തു.ഇത് ജീവിതത്തിന്‍റെ ഒരു മറുവശം.
''ജീവിതം നല്കാന്‍ മടിക്കുന്നതൊക്കെയും
ജീവിച്ചു, ജീവിതത്തോടുഞാന്‍ വാങ്ങും.....''
ജീവിതം പോലെ തന്നെ വ്യത്യസ്തതയും നിറയെ വൈരുദ്ധ്യങ്ങളും നിറഞ്ഞതാണ്‌ ചങ്ങമ്പുഴയുടെ സാഹിത്യലോകവും.ചങ്ങമ്പുഴയെ മലയാളകവിതാപ്രസ്ഥാനത്തിന്‍റെ പേരെടുത്തുവെച്ച് കൊടികെട്ടിച്ച രമണന്‍ എന്ന വിലാപകാവ്യം മുതല്‍ ഒന്‍പതാം വയസ്സുമുതല്‍ മരണം വരെ ഒരു ദിവസം പോലും മുടങ്ങാതെ എഴുതിയ സാഹിത്യം കവിതകള്‍ മാത്രമായിരുന്നില്ല.ഖണ്ഡകാവ്യവും പരിഭാഷകളും നോവലും ചെറുകഥയും ലേഖനങ്ങളും ജ്യോതിശാസ്ത്രവും വിമര്‍ശനപഠനങ്ങളും ഒക്കെയായി എണ്ണത്തില്‍ പതിനായിരത്തിലധികം വരും അത്.എന്നാലും നിറയെ വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങിയും സാഹിത്യത്തില്‍ രമണന്‍ ഇന്നും മേച്ചില്‍ അവസാനിപ്പിച്ചിട്ടില്ല.ചങ്ങമ്പുഴയെ പ്രശസ്തനാക്കിയതും ജനകീയകവിയാക്കിയതും രമണന്‍ ആണെങ്കിലും ചങ്ങമ്പുഴയുടെ മികച്ചകൃതി രമണന്‍ അല്ല എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകാന്‍ വഴിയില്ല.ചങ്ങമ്പുഴ സ്വന്തം ജീവിതത്തെ എന്നപോലെ നമ്മള്‍ ചങ്ങമ്പുഴയെയും വിലയിരുത്താന്‍ മറന്നുപോയിട്ടുണ്ട് എന്നതാണ് സത്യം.വെറുമൊരു ഭാവഗായകന്‍ മാത്രമായിരുന്നോ അദ്ദേഹം.ഒരു നല്ല നടനും പ്രാസംഗികനും പാശ്ചാത്യകവിതാ നാടക പ്രസ്ഥാനത്തോട് കൂടുതല്‍ അടുത്ത് നിന്ന ആസ്വാദകനും ഒരു നല്ല ജ്യോതിഷലേഖകനും ഒക്കെ ആയിരുന്നു ചങ്ങമ്പുഴ.
എന്നാല്‍ ഒരു പണ്ഡിതനോ ദര്‍ശനികനോ ആയിരുന്നില്ല.ഒറ്റ കവിതകൊണ്ടോ ഒരു പുസ്തകം കൊണ്ടോ ലോകത്തെ ആകെ മാറ്റിമറിക്കാം എന്ന ചിന്തയും ചങ്ങമ്പുഴയ്ക്ക് ഉണ്ടായിരുന്നില്ല.അടിമുടി കാമുകഭാവത്തില്‍ നില്‍ക്കുമ്പോഴും സ്ത്രീഭര്‍ത്സനം നിരന്തരമായി ആരോപിക്കപ്പെടുകയും ചെയ്ത ആളാണ് ചങ്ങമ്പുഴ.എന്നാല്‍ സ്ത്രീകളും വിശ്വസാഹിത്യവും എന്ന പേരില്‍ ചങ്ങമ്പുഴ എഴുതിയ പഠനാര്‍ഹമായ ലേഖനത്തില്‍ കൂടിയാണ് ഗ്രീസിലെ പെണ്‍കുയിലായ സാഫോയേയും ജപ്പാനിലെ ജിറ്റോ രാജകുമാരിയും ഒപ്പം യോസാനോ,ബ്യാകറന്‍,ആകിയോ തുടങ്ങിയ ആദ്യകാലസ്ത്രീ എഴുത്തുകാരെയും നമ്മള്‍ പരിചയപ്പെടുന്നത്.ജര്‍മ്മന്‍ മഹാകവി ലെസിംഗിന്‍റെ നാടകത്തെക്കുറിച്ചുള്ള വിമര്‍ശനപഠനവും പോഞ്ഞിക്കരറാഫിയുടെ കഥകള്‍ക്ക് എഴുതിയ മുഖക്കുറിയും നമ്മള്‍ കാണാതെ പോയതാണോ എന്ന് സംശയം.
കവിതയില്‍ ശൃംഗാരത്തിലും കരുണത്തിലും മാത്രം എഴുതുന്ന കവി എന്ന് വിമര്‍ശിച്ചവര്‍ക്ക് മുന്നിലേക്ക്‌ കവി വെട്ടിയിട്ട വാഴക്കുലയിലെ രസം എന്താണ് എന്ന് കൃത്യമായി അളക്കാന്‍ പണ്ഡിതശിരോമണികള്‍ക്ക് ഇപ്പോഴും കഴിഞ്ഞിട്ടുണ്ടോ.
''ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ നിങ്ങള്‍തന്‍ പിന്മുറക്കാര്‍......''
എന്ന വരികളിലെ പതിതരെയില്‍ പിടിച്ചു തൂങ്ങി കിടക്കുകയാണ് ഇന്നും വിമര്‍ശനമേലാളന്മാര്‍.
സാമൂഹ്യഅസമത്വത്തിനെതിരെ മാത്രമല്ല കവി പ്രതികരിച്ചത്.ജാതിയുടെ നീരാളിപ്പിടിത്തം കണ്ട കവിയുടെ പരിഹാസം കേട്ടു നോക്കുക.
''ജഡയുടെ സംസ്ക്കാരപനയോലക്കെട്ടൊക്കെ-
പ്പൊടികെട്ടിപ്പുഴുകുത്തിച്ചിതലുമുറ്റി
ചികയുന്നോ-ചിരി വരും-ചിലതിനിയുമുണ്ടെന്നോ
ചിതയിലേക്കവയെടുത്തെറിയൂ വേഗം....''
ഭാഷയുടെ ലാളിത്യവും വിഷയത്തിന്‍റെ അടിത്തട്ട് വരെ കാണാന്‍ കഴിയുന്ന അവതരണവും ദുരൂഹതകള്‍ ഇല്ലാത്ത ആവിഷ്ക്കാരവും പ്രണയത്തിന്‍റെ ഊഷ്മളഭാവവും തീവ്രവികാരവും സഹാനുഭൂതിയും അങ്ങനെ എല്ലാം ചേരുന്ന ഉടലൊതുക്കമാണ് ചങ്ങമ്പുഴയുടെ കവിതയുടെ സൗന്ദര്യം.അനുഭവങ്ങളും അറിവുകളും സ്വന്തം ജീവിതത്തിന്‍റെ കാര്യത്തില്‍ പ്രകടിപ്പിച്ചില്ല എന്ന വിമര്‍ശനം കവിയുടെ തന്നെ മറുപടിയില്‍ അവസാനിപ്പിക്കാം നമുക്ക്.
''ജീവിത ലഘുകാവ്യത്തിന്‍ പകര്‍പ്പവകാശം
കേവലം മരണത്തിനുള്ളതാണെങ്കിലാട്ടെ......''
മുന്നില്‍ കണ്ടതെല്ലാം തന്റെതായ വീക്ഷണത്തിലേക്ക് മാറ്റാതെ പച്ചയായി പാടി ഭാഷയുടെ ആത്മാവില്‍ സ്വയം ലയിച്ചുചേര്‍ന്ന ഈ ഗന്ധര്‍വ്വനെ തൊടാതെ മലയാളത്തില്‍ പിന്നീട് ഒരു കവിയും കവിത എഴുതിയിട്ടില്ല.അത് പരമ്പരാഗതന്‍ ആയാലും ആധുനികന്‍ ആയാലും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍