Ticker

6/recent/ticker-posts

ഒ.വി.വിജയന്‍@ഗുരുവും രതിയും നിറഞ്ഞ സാഹിത്യസാഗരം


ഒ.വി.വിജയന്‍@ഗുരുവും രതിയും നിറഞ്ഞ സാഹിത്യസാഗരം.
------------------------------------
തകഴിയുടെ ചെമ്മീന്‍ എന്ന നോവലിന് ഒ.വി.വിജയന്‍ എഴുതിയ നാഗരികഭാഷ്യത്തെക്കുറിച്ചാണ്‌ നമ്മള്‍ കഴിഞ്ഞ ലക്കം സംസാരിച്ചത്.ചെമ്മീന്‍ മാത്രമല്ല വിജയന്‍ ഇത്തരത്തില്‍ മാറ്റിയെഴുതിയത്.എം.ടി.യുടെ നാലുകെട്ട്,കൃഷ്ണഗാഥ,മഹാഭാരതം തുടങ്ങി പലതും ഒ.വി.വിജയന്‍ സ്വന്തം നിലപാടില്‍
നിന്നുകൊണ്ട് മാറ്റിയെഴുതി.
മരുമക്കളെ കഠിനമായി മര്‍ദ്ദിക്കുന്ന ഗോവിന്ദനമ്മവന്‍ എന്ന 'ഗോവിന്ദമാന്‍'മരുമകന്‍റെ വെടിയേറ്റ്‌ മരിക്കുമ്പോള്‍ ചത്തത് ഒരു മാന്‍ ആണെന്ന് ആശ്വസിക്കുന്ന പുതിയ ചിന്തയാണ് നാലുകെട്ടിന്‍റെ തിരുത്തിയെഴുതിലൂടെ ഒ.വി.വിജയന്‍ നിര്‍വ്വഹിച്ചത്‌.ആ സംഭവത്തിന് ശേഷം നാട്ടിലുള്ള എല്ലാ അമ്മാവന്മാരും കാടുകയറി എന്നും പിന്നീട് അവര്‍ ഇളംപുല്ല് തിന്ന് ജീവിച്ചു എന്നും പറഞ്ഞുവെക്കുക വഴി മരുമക്കത്തായസമ്പ്രദായത്തെ ഒന്ന് ഇരുത്തി കളിയാക്കുന്നു വിജയന്‍.ഒപ്പം മറ്റു തറവാടുകളിലെ
മരുമക്കള്‍ എല്ലാം വെടിവെപ്പില്‍ പരിശീലനം നേടുന്നുണ്ട് എന്ന് പ്രസ്താവിച്ചുകൊണ്ട് അന്നത്തെ
നവോത്ഥാനസൂചനകള്‍ ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞ് നമുക്ക് തരുന്നു.
ഹരിയാനയിലെ കുരുക്ഷേത്രം എന്ന ഗോതമ്പ് പാടത്ത് നടന്ന ചെറിയ ഒരു അടികലശല്‍ ആണ്
മഹാഭാരതം എന്ന ഒ.വി.വിജയന്‍റെ കണ്ടെത്തല്‍ അന്ന് ആരും അത്ര ശ്രദ്ധിച്ചിട്ടുണ്ടാകാന്‍ വഴിയില്ല.
നന്നായി വായിച്ചിരുന്നെങ്കില്‍ ആവിഷ്ക്കാരസ്വാതന്ത്ര്യം ആസ്വാദനസ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞ് ഒരു മഹാസമരം നടന്നേനെ എന്ന് തോന്നുന്നു.പാല് വിറ്റ് ജീവിക്കുന്ന ഹരിയാന കര്‍ഷകര്‍ എന്തോ നിസ്സാരകാര്യത്തിന് പാടത്തില്‍ കിടന്നു വഴക്കുണ്ടാക്കിയപ്പോള്‍ അതില്‍ അര്‍ജ്ജുനന്‍ എന്ന ഒരു പയ്യന്‍ എനിക്ക് ഇവരെയൊന്നും തല്ലാന്‍ വയ്യ എല്ലാരും സ്വന്തം ചാര്‍ച്ചക്കാര്‍ അല്ലെ എന്ന് പറഞ്ഞു മാറി നിന്നത്രേ.കൂട്ടത്തില്‍ ഉണ്ടായിരുന്ന കിഷന്‍ എന്ന ചെറുപ്പക്കാരന്‍ അര്‍ജ്ജുനനെ കുറച്ചു മാറ്റി നിര്‍ത്തി കുറച്ചു ഉപദേശങ്ങള്‍ കൊടുത്തു.കിഷന്‍ കൊടുത്ത ഉപദേശങ്ങള്‍ ഞാന്‍ ഇവിടെ വിവരിക്കുന്നില്ല.അത് അറിയണം
എന്നുള്ളവര്‍ ഒ.വി.വിജയന്‍റെ മഹാഭാരതം തന്നെ കണ്ടുപിടിച്ചു വായിക്കണം.എന്തായാലും ഉപദേശം കേട്ട അര്‍ജ്ജുനന്‍ ഉടന്‍ തന്നെ ചാടി ഇറങ്ങി എല്ലാത്തിനെയും അടിച്ചു ഓടിച്ചു എന്നാണ് പറഞ്ഞു വെച്ചിട്ടുള്ളത്‌.ഈ ഉപദേശത്തെ പിന്നീട് അനുഷ്ടിപ്പിലാക്കി ഏതോ പ്രസാധകര്‍ വിറ്റ് കാശ് ആക്കി എന്നൊരു സൂചനയും ഒ.വി.വിജയന്‍റെ
മഹാഭാരതത്തില്‍ ഉണ്ട്.
ഇത്തരത്തില്‍ നിരവധി കഥകള്‍ അല്ലെങ്കില്‍ കാര്‍ട്ടൂണ്‍ എഴുത്തുകള്‍ ഒ.വി.വിജയന്‍ മലയാളത്തിന്
നല്‍കിയിട്ടുണ്ട്.കഥകളുടെ സാങ്കേതികസാദ്ധ്യതകള്‍ ഇത്രയധികം ഉപയോഗപ്പെടുത്തിയ മറ്റൊരു
കഥാകൃത്ത്‌ മലയാളത്തില്‍ ഉണ്ടോ എന്ന് സംശയമാണ്.കാര്യം പറയാന്‍ വിജയന് കഥ പറയേണ്ട കാര്യം ഇല്ല എന്ന് തെളിയിക്കുന്ന നിരവധി ഉദാഹരണങ്ങള്‍ അദ്ദേഹത്തിന്‍റെ കഥകളുടെ ശേഖരത്തില്‍ ഉണ്ട്.ലക്ഷ്യബോധം എന്ന ഒരു കഥ ഞാന്‍ നിങ്ങളുടെ മുന്നില് അവതരിപ്പിക്കുകയാണ്.ഈ കഥയ്ക്ക്‌ സത്യത്തില്‍ മൂന്ന് വരികള്‍ മാത്രമേയുള്ളൂ.
വെറും മൂന്നു വരികളില്‍ ഒരു കഥയോ എന്ന് സംശയിക്കുന്നു നിങ്ങള്‍ എങ്കില്‍ അതാണ് സത്യം.
''പുരോഗതി എന്താണെന്ന് ഞാന്‍ ചോദിച്ചു.....''
ഇതാണ് ആദ്യത്തെ വരി.
''ഇടത്തോട്ടും വലത്തോട്ടും ഉള്ള യാത്രയെന്ന് മറുപടി കിട്ടി.....''
രണ്ടാമത്തെ വരി.
ഇനി അവസാനത്തെയും മൂന്നാമത്തെയും വരി നോക്കുക.
''മറുപടി പറഞ്ഞത് ഒരു ഞണ്ടായിരുന്നു.....''
കഥ തീരുന്നു.
ഈ മൂന്നു വരികളില്‍ ഒരു കഥയല്ല മഹത്തായ ഒരു ചിന്തയും വിമര്‍ശനവും ഒക്കെയാണ് ഒ.വി.വിജയന്‍
ഒളിപ്പിച്ചു വെച്ചിരിക്കുന്നത്.
ഇത്തരം നൂറുകണക്കിന് കഥകള്‍ ഒ.വി.വിജയന്‍റെതായി ഉണ്ട്.വിമര്‍ശിക്കാനും യോജിക്കാനും സ്നേഹിക്കാനും കലഹിക്കാനും
എല്ലാം വിജയന്‍ തെരുഞ്ഞെടുത്ത സങ്കേതം കഥയുടെ ലോകമായിരുന്നു.
ഒ.വി.വിജയന്‍റെ രചനകളിലെ ഗുരു സങ്കല്പവും രതിഭാവവും തെരഞ്ഞുപിടിച്ച് അവതരിപ്പിക്കാന്‍ ആണ് ഞാന്‍ ഈ ഒരു വലിയ മുഖവുര
പറഞ്ഞത്.വിജയനെക്കുറിച്ച് പറഞ്ഞുവരുമ്പോള്‍ സത്യത്തില്‍ പറഞ്ഞു തുടങ്ങേണ്ടത് ഖസാക്കിന്‍റെ ഇതിഹാസം മുതലാണ്.ഞാന്‍ മറ്റൊരു ദിശയിലൂടെ ആണ് ആരംഭിച്ചത്.ഇനി നമുക്ക് യാത്ര കൂമന്‍കാവിലേക്കു തിരിച്ചു വിടാം.
ഒ.വി.വിജയന്‍റെ ഖസാക്കിന്‍റെ ഇതിഹാസം ആരംഭിക്കുന്നത് കൂമന്‍കാവില്‍ നിന്നാണ്.കൂമന്‍കാവ് എന്ന ഗ്രാമത്തിലേക്ക് രവി എന്ന നായകന്‍ എത്തിച്ചേരുന്നിടത്ത് തന്നെയാണ് കഥ തുടങ്ങുന്നത്.ആദ്യത്തെ അദ്ധ്യായത്തിന് ഒ.വി.വിജയന്‍ നല്‍കിയ പേര് വഴിയമ്പലം തേടി എന്നാണ്.നോവലിന്‍റെ അവസാനഅദ്ധ്യായത്തിന് തൊട്ടുമുന്‍പും വഴിയമ്പലം തന്നെ തലക്കെട്ട്‌ നല്‍കി.എല്ലാം അവസാനിക്കുന്നത്‌ കൂമന്‍കാവില്‍ ആണെന്ന് നോവലിന്‍റെ തുടക്കത്തില്‍ തന്നെ ഒ.വി.വിജയന്‍ പറയുന്നുണ്ട്.യാത്രയും ബസ്സും ഓര്‍മ്മകളും ചിന്തയും വികാരങ്ങളും വിശ്വാസങ്ങളും ഒക്കെ അവസാനിക്കുന്ന സ്ഥലത്തുനിന്നാണ് വിജയന്‍റെ ഇതിഹാസം ആരംഭിക്കുന്നത്.ബോധാനന്ദസ്വാമികകളുടെ ആശ്രമത്തില്‍ നിന്നും അവിടുത്തെ അന്തേവാസിനിയായ ഒരു സ്വാമിനിയുടെ കാവിക്കച്ച അബദ്ധത്തില്‍ അല്ലെങ്കില്‍ ധൃതിയില്‍ മാറിയുടുത്തുകൊണ്ട് കൂമന്‍കാവിലെത്തുന്ന രവി എന്ന നായകന്‍റെ വ്യക്തിവിവരണത്തില്‍ തന്നെ ഒ.വി.വിജയന്‍ എന്ന എഴുത്തുകാരന്‍റെ രതി സങ്കല്‍പ്പവും ഗുരു സങ്കല്‍പ്പവും തെളിഞ്ഞു കിടപ്പുണ്ട്.അവിടെ നിന്നാണ് സത്യത്തില്‍ ഖസാക്കിലേക്കുള്ള യാത്ര.കൂമന്‍കാവ് അങ്ങാടിയില്‍ നിന്നും ആരംഭിച്ച മലയാളസാഹിത്യയാത്രയ്ക്ക്
ഏതാണ്ട് എണ്‍പത് വര്‍ഷത്തെ പ്രായം ഉണ്ടാകും.പ്രായം കണക്കുകൂട്ടിയാല്‍ ഇന്നും ആ സാഹിത്യത്തിന് യൗവ്വനത്തിളക്കം.വരികളിലും
വരികള്‍ക്കിടയിലും ഇട്ട് ഭാഷയെ തീയൂറ്റി തിളപ്പിക്കുന്ന സൗന്ദര്യം.കൂമന്‍കാവിന് മുകളില്‍ എവിടെയോ ചെതലിമലയുടെ നിഴലില്‍ ഉറങ്ങുന്ന
ഖസാക്ക്‌ എന്ന ഗ്രാമം മലയാളമുള്ള കാലത്തോളം അതേപോലെ നില്‍ക്കും.ഗ്രാമങ്ങള്‍ ഓരോന്നും വളര്‍ന്ന് വേഷം മാറി ഭാവം മാറിയിട്ടും
ഖസാക്കിന് അന്നും ഇന്നും ഒരു മാറ്റവും ഇല്ല.എന്താണ് ആ നിത്യയൗവനത്തിന്‍റെ കാരണം.അന്നോളം വായനക്കാരന്‍ രുചിയറിയാത്ത
ഭാഷയുടെ സൗന്ദര്യമായിരുന്നോ.അതോ ഒ.വി.വിജയന് മാത്രം കൈമുതലായുള്ള പ്രയോഗങ്ങളുടെ തീഷ്ണതയോ.ഭാഷയെ മണിപ്രാവിനെപ്പോലെ
ഇണക്കിയെടുത്ത എഴുത്തിന്‍റെ മാന്ത്രികഭാവത്തിലും എഴുത്തിന്‍റെ അടിത്തട്ടോളം നിറഞ്ഞുകിടക്കുന്ന രതിയും ഗുരുവും എന്ന് എനിക്ക് അന്നുമുതല്‍ ഇന്നുവരെ തോന്നിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍