Ticker

6/recent/ticker-posts

തോപ്പിൽഭാസി


ഡിസംബർ 8-
ഇന്ന് തോപ്പിൽഭാസിയുടെ ഓർമ്മ ദിവസമാണ്.
തോപ്പിൽഭാസി എന്ന പേര് മലയാളത്തിലെ നാടകപ്രസ്ഥാനത്തിന്റെ നിർവ്വചനനാമമാണ്.1924 ഏപ്രിൽ 8 ന് ആലപ്പുഴ ജില്ലയിലെ വള്ളികുന്നം എന്ന ഗ്രാമത്തിൽ ജനിച്ച ഭാസ്ക്കരപിള്ള എന്ന തോപ്പിൽ ഭാസി നാടകരംഗത്ത് മാത്രമല്ല ചലച്ചിത്ര- രാഷ്ട്രീയരംഗങ്ങളിലും ഒരുപോലെ ശോഭിച്ചിട്ടുള്ള ആളാണ്. തോപ്പിൽ ഭാസിയുടെ ജീവിതം ഒരു നാടകംപോലെയോ സിനിമപോലെയോ നിറയെ വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണെന്ന് അദ്ദേഹം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.ആ വൈരുദ്ധ്യങ്ങൾ തന്നെയാണ് താൻ തെരഞ്ഞെടുത്ത നാടക-ചലച്ചിത്രമാദ്ധ്യമങ്ങളിലൂടെ തോപ്പിൽ ഭാസി ജനങ്ങൾക്ക് പകർന്നു നൽകിയത്.
ഒരു വൈദ്യനാകാൻ വേണ്ടിയാണ് ഭാസ്ക്കരപിള്ള പഠനം ആരംഭിച്ചത്.എന്നാൽ ആയിത്തീർന്നത് ഒരു നാടകക്കാരൻ.ഈ രണ്ട് വൈരുദ്ധ്യങ്ങൾക്കിടയിൽ നീണ്ട ഒരു ദശാബ്ദക്കാലത്തെ ഒളിവ് ജീവിതം,ഒപ്പം രാഷ്ടീയപ്രവർത്തനം.
രണ്ടു തവണ ജനപ്രതിനിധിയായി നിയമസഭയിൽ.സ്വന്തം നാടായ വള്ളികുന്നത്തെ ആദ്യത്തെ പഞ്ചായത്ത് പ്രസിഡൻറ് പദവി.ഇന്ത്യയിലെ ഏറ്റവും വലിയ നാടക പ്രസ്ഥാനമായ ഇപ്റ്റയുടെ നേതൃത്വപദവി.ഒന്നിലധികം സാഹിത്യഅക്കാഡമി അവാർഡുകളും നിരവധി മറ്റ് പുരസ്ക്കാരങ്ങളും.മാത്രമല്ല ഒരു പക്ഷേ ലോകത്തിലെ തന്നെ ഏറ്റവും വലിയ നാടകസംഘത്തിന്റെ സംഘാടകൻ. അങ്ങനെ തുടങ്ങി തോപ്പിൽ ഭാസിക്ക് നിർവ്വചനങ്ങൾ അനവധിയാണ്.
തന്റെ അനുഭവങ്ങളും രാഷ്ട്രീയബോധവും നൽകിയ അടിത്തറയിൽ നിന്നുകൊണ്ടാണ് തോപ്പിൽഭാസി നാടകങ്ങൾ എഴുതിയത്.തമിഴ് നാടകങ്ങളുടെ ജഗപുകയിൽ നിന്നും മലയാളസംഗീത നാടകപ്രസ്ഥാനത്തെ അടർത്തിമാറ്റി അതിന് സ്വന്തം മാറ്റ് പണിതുകൊടുത്തത് തോപ്പിൽഭാസിയാണ്.തീവ്രവും കഠിനവുമായ അനുഭവങ്ങളെ സാധാരണ പ്രേക്ഷകരുടെ മനസിൽ കൊള്ളിക്കാൻ കഴിയുന്നവിധത്തിൽ ലളിതവും വികാരതീവ്രവുമായ ഭാഷയിൽ അവതരിപ്പിക്കാനുള്ള മിടുക്കാണ് തോപ്പിൽ ഭാസിയെ ജനപ്രിയനാക്കിയത്.മുന്നേറ്റം എന്ന ഒരു ഏകാങ്കനാടകമാണ് ഭാസി ആദ്യമായി എഴുതിയതെന്ന് പറയപ്പെടുന്നു.എന്നാൽ അടുത്ത സ്നേഹിതനായിരുന്ന കാമ്പിശ്ശേരി കരുണാകരനോടൊപ്പം നാടകങ്ങളിൽ അഭിനയിച്ചതും ആ നാടകങ്ങളിൽ പലതും ഇവർ ഒരുമിച്ച് എഴുതിയതാണെന്ന സൂചനയും ആത്മകഥയായ ഒളിവിലെ ഓർമ്മകളിൽ ഉണ്ട്.തോപ്പിൽ ഭാസിയെ രാഷ്ട്രീയത്തിലും സാഹിത്യത്തിലും സ്വാധീനിച്ച വ്യക്തി കാമ്പിശ്ശേരി കരുണാകരൻ ആയിരുന്നു.
ആഴമുള്ള രാഷ്ട്രീയചിന്തകളേയും അർത്ഥപൂർണ്ണമായ തത്വശാസ്ത്രങ്ങളേയും അക്ഷരമറിയാത്തവർക്ക് പോലും മനസിലാക്കുന്നവിധത്തിൽ ഭാസി നാടക രൂപത്തിൽ അവതരിപ്പിച്ചു.അന്നത്തെ നാടുവാഴിത്തത്തിനെതിരെ ഒരു പ്രത്യയശാസ്ത്രത്തിന്റെ കീഴിൽ തൊഴിലാളികളും സാധാരണകർഷകരും ഉണർന്നെഴുന്നേൽക്കുന്ന വിഷയത്തെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'എന്ന നാടകമായി അവതരിപ്പിച്ചപ്പോൾ അത് ലോകത്തിലാദ്യമായി ജനാധിപത്യസമ്പ്രദായത്തിലൂടെ പുരോഗമന പ്രസ്ഥാനം അധികാരം നേടിയ നവോദ്ധാനത്തിന് തുടക്കം കുറിക്കാൻ ഉപകരിച്ചു.
ഭാസിയുടെ ഓരോ നാടകങ്ങളിലും വ്യത്യസ്തമായ സന്ദേശം ഉണ്ട്.ജന്മിത്വത്തിന്റെ ചൂഷണങ്ങൾ വേഷം മാറി മുതലാളിത്തം എന്ന രൂപത്തിൽ പരിഷ്ക്കരിക്കപ്പെട്ടപ്പോൾ അതിനെതിരായ ശബ്ദമാണ് 'മുടിയനായ പുത്രനി'ലൂടെ അരങ്ങിൽ കേട്ടത്.നീതിപീഠത്തിന് നേരെയും വിരൽ ചൂണ്ടുന്ന 'തുലാഭാര'വും,പ്രസ്ഥാനത്തിലെ പിളർപ്പ് സൃഷ്ടിച്ച മുറിവുമായി എഴുതിയ 'ഇന്നലെ ഇന്ന് നാളെ' എന്ന നാടകവും,രാഷ്ട്രനിർമ്മാണത്തിൽ സന്നദ്ധസംഘടനകളുടെ പ്രസക്തി ഉയർത്തിപ്പിടിക്കുകയും,അതിൽ രാഷ്ട്രീയക്കാരൻ നിർവ്വഹിക്കേണ്ട പങ്ക് ഓർമ്മപ്പെടുത്തുകയും ചെയ്യുന്ന 'പുതിയ ആകാശം പുതിയ ഭൂമി'യും,തൊഴിലാളി വർഗ്ഗത്തിന് സമൂഹത്തോടുള്ള ഉത്തരവാദിത്വം വൃക്തമാക്കുന്ന 'കൈയ്യും തലയും പുറത്തിടരുത്' എന്ന നാടകവും സാമൂഹ്യവിപ്ലവത്തോടൊപ്പം ശാസ്ത്രബോധവും ഉയർത്തിപ്പിടിച്ച അശ്വമേധവും ഭാസിയുടെ നാടകങ്ങളിൽ ചിലതാണ്.
ആത്മകഥയുടെ ആലങ്കാരിക രീതികൾ പൊളിച്ചെഴുതിയ 'ഒളിവിലെ ഓർമ്മകൾ' ആണ് തോപ്പിൽ ഭാസിയുടെ പ്രിയപ്പെട്ട പുസ്തകം.അത് അന്നത്തെ മദ്ധ്യതിരുവിതാംകൂറിന്റെ രാഷ്ട്രീയ സാമൂഹ്യ ചിത്രം മാത്രമല്ല നിരവധി പ്രമുഖരും അല്ലാത്തവരുമായ ആളുകളുടെ രേഖാചിത്രം കൂടിയാണ്.ആ ആത്മകഥയിൽ നിന്നും ഒരു അദ്ധ്യായം മാത്രം മുറിച്ചെടുത്ത് അതേ പേരിൽ തന്നെ അദ്ദേഹം നാടകമാക്കുകയും ചെയ്തു. അതായിരിക്കാം അദ്ദേഹം അവസാനമായി എഴുതിയ നാടകം.
ഒരു ഇടവേളയിൽ സിനിമയിലേക്ക് ചേക്കേറിയ തോപ്പിൽ ഭാസി നൂറിലധികം തിരക്കഥകൾ എഴുത്തുകയും ഒട്ടേറെ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു.തകഴി ഉൾപ്പെടെയുള്ള പല പ്രമുഖരുടേയും കഥകൾക്ക് തിരക്കഥ തയ്യാറാക്കി വിജയിപ്പിച്ചത് തോപ്പിൽ ഭാസിയാണ്.മലയാളത്തിലെ ഏറ്റവും നല്ല പത്ത് സിനിമകളും പത്ത് നാടകങ്ങളും പത്ത് തിരക്കഥകളും തെരഞ്ഞെടുത്താൽ അതിലൊക്കെ ഒരെണ്ണം തോപ്പിൽ ഭാസിയുടെ പേരിലുള്ളതായിരിക്കും.
വിദ്യാർത്ഥിയായിരുന്ന കാലം മുതൽ രാഷ്ടീയ പ്രവർത്തനത്തിൽ താല്പര്യമുണ്ടായിരുന്ന തോപ്പിൽ ഭാസി ആ കാലത്ത് തന്നെ പല വിദ്യാർത്ഥിസമരങ്ങൾക്കും നേതൃത്വം കൊടുത്തിട്ടുണ്ട്.ആരംഭത്തിൽ കേരള വിദ്യാർത്ഥി കോൺഗ്രസിന്റെ പ്രവർത്തകനായിരുന്ന തോപ്പിൽ ഭാസി തിരുവനന്തപുരം ആയുർവേദ കോളജിൽ നിരവധി അവകാശസമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.ആയുർവേദ കോളജിനെ യൂണിവേഴ്സിറ്റി അംഗീകാര പദവിയിലേക്ക് എത്തിച്ചതിന് കാരണമായ സമരത്തിന് ചുക്കാൻ പിടിച്ചത് തോപ്പിൽ ഭാസിയാണ്. അക്കാലത്തെ സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളിലും ഭാസി സജ്ജീവമായി ഉണ്ടായിരുന്നു.തുടർന്ന് പുരോഗമനാശയങ്ങളോട് അഭിമുഖം പുലർത്തിയ അദ്ദേഹം വിദ്യാഭ്യാസ കാലത്തിൽ തന്നെ കമ്മ്യൂണിസ്റ്റ് ആദർശങ്ങളിൽ ആകൃഷ്ടനായി. ശൂരനാട് സംഭവം ഉൾപ്പെടെയുള്ള പലതിലും തോപ്പിൽ ഭാസി പ്രതിയായിട്ടുണ്ട്.അക്കാലത്തെ ഒളിവുജീവിതത്തിനിടയിലും നാടകങ്ങൾ എഴുതുക പതിവായിരുന്നു.നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം ഒളിവിൽ കഴിയുന്ന കാലത്ത് സോമൻ എന്ന തൂലികാനാമത്തിലാണ് എഴുതി പൂർത്തീകരിച്ചത്.
രണ്ട് തവണ നിയമസഭാംഗമായപ്പോഴും ആ പദവി ഒരു മുൾക്കിരീടമായി മാത്രമാണ് തോപ്പിൽ ഭാസി വിലയിരുത്തിയത്.തൊഴിലാളികളും കൃഷിക്കാരും അടങ്ങുന്ന അദ്ധ്വാനിക്കുന്ന വർഗ്ഗമാണ് എന്റെ ഗുരുനാഥന്മാർ എന്ന തോപ്പിൽ ഭാസിയുടെ പ്രഖ്യാപനത്തിൽ തന്നെ അദ്ദേഹത്തിന്റെ ജീവിതവീക്ഷണമുണ്ടായിരുന്നു.കേരളത്തിലെ ഏറ്റവും പ്രശസ്തമായ നിയമസഭാപ്രസംഗങ്ങളിലൊന്ന് തോപ്പിൽ ഭാസിയുടെ പേരിലുള്ളതാണ്.
തോപ്പിൽ ഭാസി നമ്മളെ വിട്ടുപിരിഞ്ഞിട്ട് ഇരുപത്താറ് വർഷങ്ങൾ പിന്നിടുന്നു.എന്നാൽ അദ്ദേഹം എഴുതിയ നാടകങ്ങൾ തിരശ്ശീല വീഴാതെ ഇന്നും മലയാളികളുടെ മുന്നിൽ അവതരിപ്പിക്കപ്പെടുന്നു.മലയാളം ഉള്ള കാലത്തോളം അരങ്ങിൽ എവിടെയെങ്കിലും അദ്ദേഹത്തിന്റെ ഒരു കഥാപാത്രം ജീവനോടെ എന്നും നിൽക്കുന്നുണ്ടാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍