Ticker

6/recent/ticker-posts

മുഖക്കുറി



ശബരിമല സ്ത്രീപ്രവേശനവിഷയം തര്‍ക്കമായും ന്യായമായും കൊടിപിടിച്ച് നില്‍ക്കുന്ന ഒരു സമയമായിരുന്നു അന്ന്. രാവിലത്തെ പതിവ് പത്രപാരായണവും ചായകുടിയുമായി ഞാന്‍ വീടിന്‍റെ പൂമുഖത്ത്.തൊട്ടടുത്ത്‌ സ്പോര്‍ട്സ് പേജുമായി സന്തതസഹചാരി ശിവന്‍കുട്ടി. കുറച്ചുമാറി ചരമക്കോളത്തിലെ മുഖം പൂഴ്ത്തിവച്ച് എന്‍റെ ഭാര്യ.എന്‍റെ വീട്ടിലെ പ്രഭാതം മിക്കവാറും തുടങ്ങുന്നത് അങ്ങനെ ആണ്.
പെട്ടന്ന് എന്തോ മഹത്തായ കണ്ടുപിടിത്തം നടത്തിയപോലെ ശിവന്‍കുട്ടി ചാടി ഏഴുനേറ്റു.പത്രത്തിലെ മറ്റൊരുപേജിലെ വാര്‍ത്തയുമായി എന്‍റെ മുന്നിലേക്ക്‌.
''അണ്ണാ.....ആ വക്കീൽ ആര്യമാസുന്ദരം കാല് വാരിയല്ലോ.....നമ്മുടെ ദേവസ്വംബോര്‍ഡിനെ വെട്ടിച്ച് അങ്ങേര് മറുകണ്ടം ചാടി.....''
അക്കാലത്ത് ഈ ആര്യമാസുന്ദരം എന്ന വക്കീല്‍ എന്‍റെയും ശ്രദ്ധയില്‍പെട്ടിരുന്നു. ആദ്യം സ്ത്രീപ്രവേശനവുമായി
ബന്ധപ്പെട്ട വിഷയത്തില്‍ കേരളസര്‍ക്കാര്‍ ഈ മദിരാശി പട്ടരെ സമീപിച്ചിരുന്നു എന്നും പിന്നീട് അയാള്‍ പിന്മാറി എന്നും ഇന്നലത്തെ വാര്‍ത്തയില്‍ ഞാന്‍കണ്ടതുമാണ്. ശബരിമല വിഷയത്തില്‍ വല്യ താല്പര്യം
ഇല്ലാത്ത ഞാന്‍ ആ വാര്‍ത്തയിലും അത്ര താല്പര്യം കാണിച്ചില്ല.എന്നാല്‍ ശിവന്‍കുട്ടി വിടാന്‍ ഭാവമില്ല.അവന്‍ എന്നോട് ചേര്‍ന്നിരുന്ന് ഈ വക്കീലിന്‍റെ അപദാനങ്ങള്‍ പാടാന്‍ തുടങ്ങി.
ഈ പട്ടര് ആളൊരു പുലിയാണ്. ബി.സി.സി.ഐ മുൻ പ്രസിഡന്‍റ് എൻ.ശ്രീനിവാസനുവേണ്ടി ഐ.പി.എൽ കേസുകളിൽ ഹാജരായവന്‍........ അംബാനിസഹോദരന്മാരുടെ പ്രധാന ഉപദേശകന്‍.........ഭരണഘടന, മാധ്യമങ്ങൾ എന്നിവ സംബന്ധിച്ച കേസുകൾ വാദിക്കുന്നതിൽ വിദഗ്ദ്ധന്‍.......സുപ്രീം കോടതിയിൽ ഏറ്റവുമധികം ഫീസ് വാങ്ങുന്ന
അഭിഭാഷകരിൽ ഒരാള്‍.......ഒരു സിറ്റിങ്ങിന് ലക്ഷങ്ങളാണ് അദ്ദേഹം പ്രതിഫലമായി വാങ്ങുന്നത്. “നാസിക്കിലെ നോട്ടടിക്കുന്ന കമ്മട്ടം കൊണ്ട് തുലാഭാരം തൂക്കിയാലും മാരാര്‍ ഇരിക്കുന്ന തട്ട് താണുതന്നെ ഇരിക്കും” എന്ന് എതിരാളികളോട് പറയുന്ന മാസ് ഡയലോഗിലൂടെ മമ്മൂട്ടി അവതരിപ്പിച്ച
അഡ്വ.നന്ദഗോപാല്‍ മാരാര്‍ എന്ന കഥാപാത്രം പോലും പിറവിയെടുത്തത് ഈ അഡ്വ.ആര്യമാസുന്ദരം എന്ന സുന്ദരന്‍ പട്ടരുടെ സ്വഭാവത്തില്‍ നിന്നാണ് എന്നുവരെ ശിവന്‍കുട്ടി പറഞ്ഞു വെച്ചു.
ഇതൊക്കെ കേട്ടപ്പോള്‍ ഞാന്‍ വെറുതെ ആ സുന്ദരനെ ഒന്ന് ശ്രദ്ധിച്ചു.അല്ലെങ്കിലും എനിക്ക് ഈ വക്കീലന്മാരോട് വലിയ ബഹുമാനമാണ്. എന്‍റെ ഈ താല്പര്യം മനസിലാക്കി ശിവന്‍കുട്ടി ഇങ്ങനെ പറഞ്ഞ് അവസാനിപ്പിച്ചു....
''അണ്ണാ.....ഒട്ടേറെ പ്രഗൽഭ അഭിഭാഷകർ ഇദ്ദേഹത്തിന്‍റെ കുടുംബത്തിൽനിന്ന് ഉണ്ടായിട്ടുണ്ട് ഇവന്‍റെ കുടുംബത്തില്‍ പിറന്ന സി.ആർ.പട്ടാഭിരാമൻ 1960ലെ ഇന്ദിരാഗാന്ധി മന്ത്രിസഭയിലെ
നിയമമന്ത്രിയായിരുന്നു.എന്നുവെച്ചാല്‍ സ്വന്തം അമ്മാവന്‍.അതൊക്കെ പോട്ടെ.....ഈ പുലിയുടെ വിത്ത്‌ ഏതാണെന്ന് അണ്ണന് അറിയാമോ.സാക്ഷാല്‍ സി.പി.യുടെ കൊച്ചുമകന്‍ ആണ് ഈ സി.എ.സുന്ദരം എന്ന സി.ആര്യമാസുന്ദരം.......''
സി.പി.എന്ന് കേട്ടപ്പോള്‍ ഞാനും ഭാര്യയും ഒരുപോലെ ഒന്ന് കണ്ണുതള്ളി.കാരണം യുവരാഷ്ട്രീയ കാലത്ത് സി.പി.യെ വെട്ടിയ നാടാണ്‌ ഇതെന്നൊക്കെ ഞാന്‍ ഒത്തിരി മുദ്രവാക്യം തൊണ്ടപൊട്ടി വിളിച്ചിട്ടുണ്ട്. സി.പി.യെ വെട്ടിയ മണിസ്വാമിയുടെ നാട്ടുകാരിയാണ്‌ എന്‍റെ ഭാര്യ. ഞാൻ നേരിട്ട്
കണ്ടിട്ടുണ്ട് മണിയെ എന്നൊക്കെ മധുവിധുകാലത്ത് ഭാര്യ ചില വീരവാദങ്ങളും
മുഴക്കി എന്നെ വിരട്ടിയിട്ടുമുണ്ട്..സി.പി.എന്ന് കേട്ടാല്‍ എനിക്കും ഭാര്യക്കും കലി കയറും എന്നും ശിവന്‍കുട്ടിക്ക് അറിയാം. അതുകൊണ്ടാണല്ലോ അവന്‍ സി.പി.യുടെ ചെറുമകനെ പുലിയെന്നും സിംഹം എന്നുമൊക്കെ ഇത്തിരി പൊക്കി പറഞ്ഞത്. ശിവന്‍കുട്ടി പറഞ്ഞതില്‍ അല്പം കാര്യമുണ്ട് എന്ന് എനിക്കറിയാം.രണ്ട് അക്ഷരം പേര് മാത്രം കൊണ്ട് കേരളചരിത്രത്തില്‍
അല്പം അധികം പേരുദോഷം ഉണ്ടാക്കിയ സി.പി.രാമസ്വാമി അയ്യര്‍ എന്ന
ചേത്തുപ്പട്ട് പട്ടാഭിരാമ രാമസ്വാമിഅയ്യർ എന്ന സര്‍.സി.പി.രാമസ്വാമിഅയ്യരെ അറിയാത്തവര്‍ ആരാണുള്ളത്.അപ്പോൾ ആ കുടുബത്തിൽ പിറന്ന ഈ സുന്ദരം അല്പം പോലും മോശമാകാൻ വഴിയില്ല.
മദിരാശിയിലെ അന്നത്തെ ഏറ്റവും പ്രസിദ്ധനായ അഭിഭാഷകന്‍ പട്ടാഭിരാമയ്യരുടേയും ഭാര്യ സീതാലക്ഷ്മിഅമ്മാളിന്‍റെയും മകനായി ജനിച്ച രാമസ്വാമി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അഭിഭാഷകകുടുംബത്തിലെ അംഗമാണ്.സ്വാമി വിവേകാനന്ദനുമായി അടുത്ത സൗഹൃദം ഉള്ള ആളായിരുന്നു ഈ പട്ടാഭിരാമന്‍ വക്കീല്‍.മതങ്ങളുടെ സമ്മേളനങ്ങളില്‍ പങ്കെടുക്കുവാന്‍ വിവേകാന്ദനെ അമേരിക്കയിലയച്ചത് ഇദ്ദേഹം അദ്ധ്യക്ഷനായുള്ള സംഘടനയായിരുന്നു.എന്നുവെച്ചാല്‍ രക്തത്തില്‍ തന്നെ സംഘാടക മിടുക്ക് ഉള്ളവര്‍ എന്നര്‍ത്ഥം.
അങ്ങനെയുള്ള ഈ സി.പി. എങ്ങനെ ഹിറ്റ്‌ലറിനെപോലും മറികടക്കുന്ന ഏകാധിപതിയായി എന്ന് ഞാനും ചിന്തിക്കാതിരുന്നില്ല.ചരിത്രത്തിന് അങ്ങനെ ചില തമാശകള്‍ ഉണ്ട്.ചിലരെ ചരിത്രം പൊന്നൂഞ്ഞാല്‍ കെട്ടി എന്നും താരാട്ടും,എന്നാല്‍ മറ്റുചിലരെ ചായംപൂശി എന്നും വികൃതമാക്കും.സി.പി.എന്ന തനി വെജിറ്റേറിയൻ എങ്ങനെ ഇത്ര വികൃതിയും വൃത്തികെട്ടവനും ആയി എന്ന് നമുക്ക് ഒന്ന് പരിശോധിക്കാം.വളരെ ചെറുപ്പം മുതല്‍ രാമസ്വാമി വായനപ്രിയന്‍ ആയിരുന്നു.പിതാവ് കൊടുക്കുന്ന പോക്കറ്റുമണി കൊണ്ട്അദ്ദേഹം പഠിക്കുന്ന കാലങ്ങളില്‍ത്തന്നെ പുസ്തകങ്ങളുടെ വലിയ ഒരു ശേഖരണം സ്വന്തമാക്കി.സുഹൃത്തുക്കള്‍ക്ക് മാത്രം പ്രവേശനം ഉണ്ടായിരുന്ന ആ ലൈബ്രറി പില്ക്കാലത്ത് മദ്രാസ് പട്ടണത്തിലെഒരു സ്വകാര്യ വ്യക്തിയുടെ വകയായ ഏറ്റവും വലിയൊരു ലൈബ്രറിയായി വളര്‍ന്നു.
എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍തന്നെ രാമസ്വാമിക്ക്‌ ഇംഗ്ലീഷ് സാഹിത്യത്തില്‍ അഗാധമായ പരിചയം ഉണ്ടായിരുന്നു. നിയമം,രാഷ്ട്രീയം,രാജ്യഭരണം, സാമൂഹികം, വിദ്യാഭ്യാസം,ജീവകാരുണ്യം,ബൌദ്ധികം,സാഹിത്യം എന്നിവയായിരുന്നു ഇഷ്ടവിഷയങ്ങള്‍.മദ്രാസിലെ വെസലി സ്കൂളില്‍ പഠിച്ചു, മദ്രാസ് പ്രസിഡന്‍സി കോളേജില്‍ ഉപരിപഠനം,ഇംഗ്ലീഷിലും സംസ്കൃതത്തിലും ബി.എ ഡിഗ്രികള്‍ കരസ്ഥമാക്കി.ഇംഗ്ലീഷ് സാഹിത്യത്തില്‍ ക്രിസ്ത്യന്‍ മെഡലും സംസ്കൃതത്തില്‍ സര്‍വ്വകലാശാല മെഡലും നേടിയ രാമസ്വാമിക്ക്‌ ഒരു ഇംഗ്ലീഷ് പ്രൊഫസറാകുവാനായിരുന്നു ആഗ്രഹം. എന്നാല്‍ അച്ഛന്‍ പട്ടാഭിരാമന്‍ വക്കീല്‍ മകനെ പതിനാറാം വയസില്‍ പിടിച്ച് പെണ്ണുകെട്ടിച്ചു.അങ്ങനെ ഒമ്പതുവയസുള്ള സീതാമ്മ ഭാര്യയായി.പിതാവിന്റെ ആഗ്രഹമനുസരിച്ച് 1901­ല്‍ മദ്രാസ് ലോ കോളേജില്‍ ചേര്‍ന്നു. ഒന്നാം ക്ലാസ്സില്‍ തന്നെ നിയമബിരുദം എടുത്തു.അവിടെവരെ മാത്രമാണ് രാമസ്വാമി അച്ഛനെ അനുസരിച്ചത്.നിയമബിരുദം നേടിയ അദ്ദേഹം വക്കീല്‍ ആകാതെ നേരെ സാമൂഹിക സംഘടനാപ്രവര്‍ത്തനം ആരംഭിച്ചു.
ആദ്യം ഗോപാലകൃഷ്ണ ഗോഖലെയുമായി നല്ല ബന്ധം ഉണ്ടാക്കി.പിന്നീട് ആനിബസന്റുമായി സഹകരിച്ച് ഹോം റൂള്‍ പ്രസ്ഥാനത്തില്‍ ചേര്‍ന്നു.അവിടെ ജോയിന്റ് സെക്രട്ടറിയായി,അന്ന് മറ്റൊരു ജോയിന്‍ സെക്രട്ടറി സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്രു ആയിരുന്നു.ആ പ്രസ്ഥാനത്തിന്‍റെ ന്യൂ ഇന്ത്യാ ജേര്‍ണല്‍ എന്ന പ്രസിദ്ധീകരണത്തിന്‍റെ എഡിറ്ററായി മാറി.എന്നാല്‍ ഒരു കാര്യം ശ്രദ്ധിക്കണം, തുടക്കം മുതല്‍ രാമസ്വാമിക്ക്‌ ഗാന്ധിജിയുടെ സ്വദേശിവല്‍ക്കരണത്തോടും നിസഹകരണ പ്രസ്ഥാനത്തോടും എതിര്‍പ്പുണ്ടായിരുന്നു.അതുകൊണ്ടുതന്നെ അദ്ദേഹം ഗാന്ധിജിയുമായി അകന്നു നിന്നു.ഗാന്ധിജിയോട് അകന്നുനില്‍ക്കുന്നവര്‍ക്ക് അന്ന് ഇന്ത്യന്‍ സ്വാതന്ത്യസമരത്തിലോ രാഷ്ട്രീയത്തിലോ വലിയ സ്ഥാനം ഉണ്ടായിരുന്നില്ല. അതുകൊണ്ടാകാം രാമസ്വാമി പതുക്കെ രാഷ്ട്രീയം വിട്ട് വീണ്ടും കോട്ട് അണിഞ്ഞ് വക്കീല്‍ വേഷത്തില്‍ കോടതിയില്‍ എത്തിയത്‌.മദ്രാസ് ഹൈക്കോടതിയിലെ ഏറ്റവും പേരുകേട്ട വക്കീലായി രാമസ്വാമി മാറി.മുന്നൂറില്‍പ്പരം കേസുകള്‍ കൈകാര്യം ചെയ്തു വിജയിയായി.തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയില്‍ ജഡ്ജിയായി അദ്ദേഹത്തെ നിയമിക്കാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹം അത് അന്ന് നിരസിച്ചു.ഇതാണ് രാമസ്വാമി അയ്യരുടെ ജീവിതത്തിന്‍റെ ഒന്നാം ഘട്ടം.ഈ ഒന്നാം ഘട്ടത്തിന് ഒരു കുഴപ്പവും ഇല്ലല്ലോ.സത്യത്തില്‍ ഒരു ശതമാനം പോലും കുഴപ്പം ഇല്ലെന്ന് പറയാം.എന്നാല്‍ അടുത്ത ഘട്ടം നോക്കാം.അന്നത്തെ മദ്രാസ് ഗവര്‍ണ്ണര്‍ വില്ലിംഗ്ടന്‍പ്രഭു രാമസ്വാമിയെ മദ്രാസ് പ്രവിശ്യയുടെ അഡ്വക്കേറ്റ് ജനറലായി തിരഞ്ഞെടുത്തു.അലഹബാദില്‍ നടത്തിയ അഖിലേന്ത്യാ അറ്റോര്‍ണിമാരുടെ
സമ്മേളനത്തിന്റെ പ്രസിഡണ്ടായിരുന്നു.1923 മുതല്‍ 1928 വരെ മദ്രാസ് ഗവര്‍ണ്ണരുടെ എക്‌സിക്യൂട്ടിവ് നിയമ സമിതിയില്‍ അംഗമായിരുന്നു.1931 മുതല്‍ 1936 വരെ ഇന്ത്യാ വൈസ്രോയുടെ കൌണ്‍സിലിലെ സുപ്രധാന നിയമജ്ഞനായും സേവനം ചെയ്തു. 1926­ലും 1927­ലും ജനീവായിലെ ലീഗ് ഓഫ് നാഷന്‍സില്‍ ഇന്ത്യയുടെ പ്രതിനിധിയായിരുന്നു.1932­ല്‍ ലണ്ടനിലെ മൂന്നാം വട്ട മേശ സമ്മേളനത്തില്‍ അദ്ദേഹം സംബന്ധിച്ചിരുന്നു.1933 ­ല്‍ ആഗോള തത്ത്വശാസ്ത്രസമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധികരിച്ചു.1934­ല്‍ കാശ്മീര്‍ സ്‌റ്റേറ്റിന്റെ ഭരണഘടനാ നക്കല്‍ ഉണ്ടാക്കിയതും സി. പി. യായിരുന്നു. ഇന്ത്യയിലെ പല യൂണിവേഴ്‌സിറ്റികളുടെയും ബോര്‍ഡ്­ മെമ്പറായിരുന്നു. 1941­ല്‍ കമാണ്ടര്‍ ഒഫ് സ്റ്റാര്‍ ഓഫ് ഇന്ത്യാ എന്ന പദവിയും നേടി.ഇതാണ് രണ്ടാം ഘട്ടം.ഈ കാലയളവില്‍ തിളക്കമുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ രാമസ്വാമിയുടെ വകയായി ഉണ്ട്.പിന്നെ എവിടെയാണ് തെറ്റിയത്.ശ്രീമൂലം തിരുന്നാള്‍ മഹാരാജാവ് മരിച്ചപ്പോള്‍ അടുത്ത കിരീടാവകാശിയായ ചിത്തിരതിരുന്നാളിന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ രാജാവായി കിരീടം നല്കാന്‍ സാങ്കേതികമായ തടസങ്ങളുണ്ടായിരുന്നു.അന്ന് സി.പി.രാമസ്വാമിഅയ്യര്‍ ചിത്തിരയുടെ കിരീടധാരണത്തിന് അനുവാദം തേടി ഇന്ത്യയുടെ വൈസ്രോയിയോട് നേരിട്ടു സംസാരിച്ചു. സി. പി. രാജാവിന്റെ ഉപദേഷ്ടാവെന്ന ചുമതല വഹിക്കുന്ന വ്യവസ്ഥയില്‍ ചിത്തിരയെ രാജാവായി വാഴിക്കാനുള്ള അനുവാദം വൈസ്രോയി നല്കി.1931 മുതല്‍ 1936 വരെ രാജാവിന്റെ പ്രധാന ഉപദേശകാനായി സി. പി യുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. നിയമനിര്‍മ്മാണങ്ങള്‍ക്കായി ശ്രീമൂലം പ്രജാസഭകള്‍ ഉണ്ടാക്കിയതും സി പി.യുടെ ഉപദേശ പ്രകാരമായിരുന്നു.പിന്നീട് ശ്രീ ചിത്തിര തിരുന്നാള്‍ മഹാരാജാവ് അദ്ദേഹത്തോട് രാജ്യത്തിന്റെ ദിവാനാകാന്‍ ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹം ആ പദവി സ്വീകരിക്കുകയും ചെയ്തു.
ദിവാന്‍ സ്ഥാനത്ത് ഇരുന്നുകൊണ്ട് നിരവധി നല്ല കാര്യങ്ങള്‍ രാമസ്വാമി അയ്യര്‍ ചെയ്തു.1936 ­ല്‍ ദളിതരായ ഹിന്ദു ജനങ്ങള്‍ക്ക് അമ്പലത്തില്‍ പ്രവേശിക്കാനുള്ള രാജവിളംമ്പരം തയാറാക്കിയത് രാമസ്വാമിഅയ്യര്‍ ആയിരുന്നു.അക്കാലത്ത് മഹാത്മാഗാന്ധി സി.പി യേയും രാജാവിനെയും അഭിനന്ദിക്കുകയും ചെയ്തിരുന്നു.യഥാസ്ഥിതികരായ ഹിന്ദുക്കളുടെ എതിര്‍പ്പ് സി.പി യ്ക്ക് അന്ന് നേരിടേണ്ടിയും വന്നു.തിരുവിതാംകൂറില്‍ ഹൈഡ്രോ ഇലക്ട്രിക്ക്­ പദ്ധതികള്‍ കൊണ്ടുവന്നതും പള്ളിവാസല്‍ ഇലക്ട്രിക്ക് പദ്ധതി,പീച്ചിപ്പാറ ഇലക്ട്രിക്ക് പദ്ധതി,പെരിയാര്‍ വന്യമൃഗ സംരക്ഷണം എന്നിങ്ങനെ സി. പി യുടെ ഭരണ നേട്ടങ്ങള്‍ പലരും പറയാറുണ്ട്.1940 കാലങ്ങളില്‍ തിരുവനന്തപുരം കന്യാകുമാരി റോഡു ദേശവല്‍ക്കരിച്ചത് ഇന്ത്യയുടെ റോഡ്‌ ഗതാഗത ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരുന്നു.നൂറ് കിലോമീറ്റര്‍ ദൂരം തിരുവനന്തപുരം കന്യാകുമാരി റോഡ്‌ റബ്ബര്‍ ടാറിംഗ് നടത്തിയതും ചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു.
പാവപ്പെട്ട കുട്ടികള്‍ക്ക് പഠിക്കാൻ അവസരങ്ങളുണ്ടാക്കാന്‍ വേണ്ടി സ്കൂളുകളില്‍ ഉച്ചഭക്ഷണം നടപ്പിലാക്കിയത്, അതിനായി തിരുവിതാംകൂര്‍ സാധുജനഫണ്ടും ഉണ്ടാക്കിയത്,അന്നാചാണ്ടിയെ ജില്ലാ ജഡ്ജിയായി നിയമിച്ചത്,പിന്നീട് ആ അന്നാചാണ്ടി ഹൈക്കോടതിയിലെ ആദ്യത്തെ സ്ത്രീ ജഡ്ജിയായി മാറാന്‍ അവസരം ഉണ്ടാക്കിയത്,ട്രാവന്‍കൂര്‍ ബാങ്ക് സ്ഥാപിച്ചത്,അത് പിന്നീട് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറായി ഉയര്‍ന്നത് തുടങ്ങി നിരവധി അടയാളങ്ങള്‍ അദ്ദേഹം രേഖപ്പെടുത്തി.അദ്ദേഹത്തിന്‍റെ ഭരണകാലത്ത് തിരുവിതാംകൂര്‍ വ്യവസായപരമായി വളരെയധികം ഉയര്‍ന്നിരുന്നു.അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന ആലുവാ അലൂമിനിയം ഫാക്ടറി വന്നത് അദ്ദേഹത്തിന്‍റെ ശ്രമഫലമായിരുന്നു. കൂടാതെ ഇന്ത്യയില്‍ ആദ്യമായി അമേരിക്കന്‍ സഹായത്തോടെ തിരുവിതാംകൂര്‍ ഫെര്‍ട്ടി ലൈസര്‍ ഫാക്റ്ററി സ്ഥാപിച്ചു. തിരുവിതാംകൂര്‍ സിമന്റ് ഫാക്റ്ററി, തിരുവിതാംകൂര്‍ ടൈറ്റാനിയം കമ്പനി, തിരുവിതാംകൂര്‍ റയന്‍സ് ലിമിറ്റഡ്­ മുതലായ വ്യവസായ സ്ഥാപനങ്ങള്‍  തിരുവിതാംകൂറില്‍ സ്ഥാപിച്ചത് അദ്ദേഹമായിരുന്നു. ദിവാനെന്ന നിലയില്‍ തിരുവിതാംകൂറിന്റെ വരുമാനം അന്ന് നാലിരട്ടി വര്‍ദ്ധിക്കുകയും ചെയ്തു.ഈ കാലവും ഒരു കുഴപ്പവും ഇല്ലാതെ തുടര്‍ന്നു.കേരളസര്‍വ്വകലാശാലയായി മാറിയ തിരുവിതാകൂര്‍ സര്‍വ്വകലാശാലയുടെ സ്ഥാപകന്‍ സര്‍ സി.പി.രാമസ്വാമിഅയ്യര്‍ ആയിരുന്നു.തിരുവിതാംകൂറില്‍ സര്‍വകലാശാല സ്ഥാപിക്കുമ്പോള്‍ സാക്ഷാല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റിനെ വൈസ്ചാന്‍സലര്‍ പദവിയിലേക്ക് സി.പി ക്ഷണിച്ചതായി ചിലര്‍ അവകാശപ്പെടുന്നുണ്ട്. പത്മനാഭ ക്ഷേത്രത്തിന്‍റെ ഇന്നത്തെ രൂപത്തിലും തിരുവനന്തപുരം ആര്‍ട്ട് ഗ്യാലറിയുടെ വിപുലീകരണത്തിലും സി.പി.യുടെ കയ്യൊപ്പ് ഉണ്ട്. ഇന്ത്യയില്‍ ആദ്യമായി സൗജന്യമായ നിര്‍ബന്ധിതവിദ്യാഭ്യാസവും നടപ്പാക്കിയത് സി.പി.യാണ്.മാത്രമല്ല തൂക്കിക്കൊല നിറുത്തല്‍ ചെയ്തതും മരണശിക്ഷ നിറുത്തല്‍ ചെയ്ത ഇന്ത്യയിലെ ആദ്യത്തെ രാജഭരണമുള്ള രാജ്യമെന്ന പദവി തിരുവിതാംകൂറിന് നേടിക്കൊടുത്തതും സി.പി.ഒറ്റയൊരുത്തന്‍റെ മിടുക്കാണ്......
ഇത്രയുമൊക്കെ ആയപ്പോള്‍ സഹികെട്ട എന്‍റെ ഭാര്യ ഇടയ്ക്ക് കയറി പറഞ്ഞു...''ഒന്ന് നിര്‍ത്തുന്നുണ്ടോ ശിവന്‍കുട്ടി..... തൂക്കിക്കൊല നിര്‍ത്തല്‍ ചെയ്തിട്ട് അങ്ങേര് വെടിവെച്ചു കൊല്ലാനും ജീവനോടെ കത്തിച്ചു കൊല്ലാനും തുടങ്ങി എന്നുകൂടി പറ...''ഭാര്യയുടെ ഇടപെടല്‍ അതുവരെ കത്തിക്കയറി നിന്ന ശിവന്‍കുട്ടിയുടെ തലയിലൂടെ ഇടവപ്പാതി തകര്‍ത്തുപെയ്തപോലെ ആയി.ശിവന്‍കുട്ടി നിന്ന് വിയര്‍ത്തു.....ആകെ നനഞ്ഞ് കുതിര്‍ന്നു.ഞാന്‍ നിശബ്ദനായി ഇരുന്നു.ചരിത്രം പരിശോദിക്കുമ്പോള്‍ ശിവന്‍കുട്ടി പറഞ്ഞതിലും കാര്യമുണ്ട്.ഭാര്യ പറഞ്ഞതിലും കാര്യമുണ്ട്.
1947­ല്‍ ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് അധികാരം കൈമാറുന്ന സമയമായത്ത് സി.പി.അല്പം തനിനിറം കാണിച്ചോ എന്ന് നമുക്ക് സംശയം ഇല്ലാതില്ല.ഇന്ത്യയിലെ ഒരോ രാജസംസ്ഥാനങ്ങള്‍ക്കും ഇന്ത്യയോടോ പാക്കിസ്ഥാനോടോ ചേരുകയോ സ്വതന്ത്രമായി ഭരിക്കുകയോ ചെയ്യാനുള്ള വ്യവസ്ഥയും അധികാര കൈമാറ്റത്തില്‍ ഉണ്ടായിരുന്നു.ബുദ്ധിമാനായ സി.പി. ഏകാധിപതിയായി സ്വതന്ത്ര തിരുവിതാംകൂറിനായി നിലകൊണ്ടു എന്ന ആരോപണം പൂര്‍ണ്ണമായും ശരിയാണോ.തിരുവിതാംകൂറിനെ ദിവാന്‍റെ മാത്രം നിയന്ത്രണത്തിലുള്ള പരമാധികാര രാഷ്ട്രമായി രൂപപ്പെടുത്താന്‍ ശ്രമിച്ചു എന്ന് ചരിത്രം പറയുന്നു. അമേരിക്കന്‍ മാതൃകയിലുള്ള ഭരണഘടന വാഗ്ദാനം ചെയ്തു. അധികാരം ഉപയോഗിച്ച് വിപ്ലവത്തെ അടിച്ചമര്‍ത്താനും ശ്രമിച്ചു.അമേരിക്കന്‍ സംവിധാനത്തിലുള്ള ഭരണമോഡലിലും രാജവാഴ്ചയിലും പ്രതിഷേധിച്ച് ആലപ്പുഴയിൽ വയലാര്‍,പുന്നപ്ര പ്രദേശങ്ങളില്‍ ശക്തിയേറിയ പ്രതിഷേധ പ്രകടനങ്ങളുണ്ടായി. എന്നാല്‍ സി. പി. സമരക്കാരെ അടിച്ചമര്‍ത്തി. ആയിരക്കണക്കിനു ജനവിഭാഗങ്ങള്‍ വയലാര്‍ പുന്നപ്ര ലഹളയില്‍ മരണമടഞ്ഞു. അതിനെത്തുടർന്ന് ദിവാൻ പദവി ഉപേക്ഷിച്ച് രാമസ്വാമി മദിരാശിക്ക് പോയി എന്നതും ഒരു ഫലിതമാണ്.എന്നാൽ വൈകാതെ വീണ്ടും മടങ്ങി വന്നു.മടങ്ങി വന്നത് സ്വതന്ത്ര തിരുവിതാംകൂർ എന്ന സ്വന്തം ആശയവുമായാണ് എന്ന് നമ്മൾ പഴിചാരുമ്പോൾ അത് സി.പിയുടെ മാത്രം ആശയമാണോ എന്ന് നമ്മൾ ചിന്തിക്കണം.
1947 ജൂലൈ ഇരുപത്തിയഞ്ചാം തിയതി തിരുവനന്തപുരം സ്വാതിതിരുന്നാള്‍സംഗീത അക്കാഡമിയുടെ മുമ്പില്‍ വെച്ചു കെ.സി.എസ്.മണി സി.പി യെ ആക്രമിച്ചു.ആക്രമത്തില്‍ സി.പി.ക്ക് മുറിവേല്‍ക്കപ്പെട്ടു.സി പി യുടെ നേരെയുള്ള ആക്രമണം കഴിഞ്ഞയുടന്‍ മഹാരാജാവ് ചിത്തിര തിരുന്നാള്‍ തിരുവിതാംകൂറിനെ ഇന്ത്യാ യൂണിയനില്‍ ചേര്‍ക്കുന്ന തീരുമാനം അറിയിച്ചു. 1947 ആഗസ്റ്റ് പത്തൊമ്പതാം തിയതി ദിവാന്‍ സ്ഥാനം സി. പി. വീണ്ടും രാജി വെച്ചു.ഇതാണ് സി.പി.രാമസ്വാമി അയ്യര്‍ എന്ന ഭരണാധികാരിയുടെ കേരളത്തിലെ അവസാനത്തെ അദ്ധ്യായം.പിന്നീട് കേരളമാകെ സി.പി.നിറഞ്ഞുനിന്നതും സി.പി.ഓര്‍മ്മിക്കപ്പെടുന്നതും പുന്നപ്ര-വയലാര്‍ എന്ന സമരത്തിന്‍റെ പേരില്‍ ഞാന്‍ അടക്കം എല്ലാവരും വിളിക്കുന്ന മുദ്രാവാക്യത്തിലൂടെയാണ്.എന്നാല്‍ സി.പി.അവസാനിച്ചില്ല.....  ദിവാന്‍പദവി രാജി വെച്ചശേഷം 1948­ല്‍ അദ്ദേഹം ലണ്ടനില്‍ പോയി.അവിടെനിന്നു ഗവര്‍ണ്ണര്‍ ജനറലായിരുന്ന ലോര്‍ഡ്­ മൗണ്ട് ബാറ്റന്റെ ശുപാര്‍ശയനുസരിച്ച് അനേക ബഹുമതികളോടെയും ബ്രിട്ടീഷ് പദവികളോടെയും മടങ്ങി വന്നു. പിന്നീട് ബ്രസീല്‍,അര്‍ജന്റീന, പെറു മുതലായ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. അമേരിക്കയില്‍ പ്രസിഡണ്ട് ഹാരി എസ് ട്രൂമാനെയും സന്ദര്‍ശിച്ചു.1952­ -53 കാലങ്ങളില്‍ ആസ്‌ട്രേലിയാ, ന്യൂസിലാണ്ട്, യൂ എസ് എന്നീ രാജ്യങ്ങളില്‍ വിസിറ്റിംഗ് പ്രൊഫസറായിരുന്നു. 1960 ലും 1963 ­ലും അണ്ണാമല, ബനാറസ് യൂണിവേഴ്‌സിറ്റികളുടെ ഒരേ സമയം വൈസ് ചാന്‍സലര്‍ ആയി ചുമതലകള്‍ വഹിച്ചിരുന്നു.അദ്ദേഹത്തോടുള്ള ആദരസൂചകമായി അനേക യൂണിവേഴ്‌സിറ്റികള്‍ ഡോക്ടര്‍ ബിരുദങ്ങള്‍ (ഡി.ലിറ്റ്. എല്‍ എല്‍ ഡി) നല്കി ബഹുമാനിച്ചു. വിവിധ വിഷയങ്ങളിലായി അനേക പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.1966 സെപ്റ്റംബറില്‍ 'ഹിസ്റ്ററി ഒഫ് മൈ ടൈംസ്­ (history of my times) എന്ന പുസ്തക രചനയുടെ ഗവേഷണങ്ങള്‍ക്കായി അദ്ദേഹം ഇംഗ്ലണ്ടിലായിരുന്നു. അവിടെ ഇന്ത്യാ ലൈബ്രറിയില്‍ 1966 സെപ്റ്റംബര്‍ ഇരുപത്തിയാറാം തിയതി ഒരു ചാരുകസേരയില്‍ ഇരുന്നുകൊണ്ട് വാര്‍ത്താ ലേഖകരോട് സംസാരിക്കവേ ബോധരഹിതനായി വീഴുകയും ഉടന്‍ തന്നെ മരിക്കുകയും ചെയ്തു. മരിക്കുമ്പോള്‍ അദ്ദേഹത്തിനു 86 വയസുണ്ടായിരുന്നു.ഇന്ന് അദ്ദേഹത്തിന്‍റെ ചരമദിനം ആണ്.കേരളത്തിന്‍റെ ചരിത്രത്തില്‍ ഒരു വില്ലന്‍ മാത്രമായി അടയാളപ്പെടുത്തപ്പെട്ട സര്‍ സി.പി.യെ വെള്ളപൂശാനോ മറിച്ച് മഹാനായി ചിത്രീകരിക്കാനോ ഈ മുഖക്കുറി ശ്രമിക്കുന്നില്ല.എന്നാല്‍ ചരിത്രം രേഖപ്പെടുത്തി വെച്ച സി.പി.യുടെ ചിത്രത്തില്‍ നിരവധി മൗനങ്ങള്‍ ഉണ്ടെന്നത് അദ്ദേഹത്തിന്‍റെ ചരമദിനമായ ഇന്നത്തെ ദിവസം നമ്മള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.
കമ്മ്യൂണിസ്റ്റുര്‍ക്ക് സി. പി. യോട് വിരോധം വരുവാന്‍ കാരണമുണ്ട്.കാരണം സി.പി.കമ്മ്യൂണിസത്തെ എതിര്‍ത്തിരുന്നു. അദ്ദേഹത്തിന്റെ അധികാരത്തിളപ്പില്‍ കമ്മ്യൂണിസത്തെ നശിപ്പിക്കുമെന്നും പ്രതിജ്ഞ ചെയ്തിരുന്നു.സര്‍ സി. പി. യെ ഏകാധിപതിയും കമ്മ്യൂണിസ്റ്റ് വിരോധിയുമായിട്ടാണ് കണക്കാക്കുന്നത്. എങ്കിലും 1959 ല്‍ ജനാധിപത്യ വ്യവസ്ഥയില്‍ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പുറത്താക്കിയപ്പോള്‍ അതിനെ സി.പി. എതിര്‍ത്തിരുന്നു.അത് ഭരണഘടനാ ലംഘനമാണെന്നും ഈ നിയമജ്ഞന്‍ പറയുകയുണ്ടായി.ഒരു വിരോധാഭാസമായി അത് ചരിത്രത്തില്‍ തുറന്നുകിടക്കുന്നു. പുന്നപ്ര വയലാർ സമരങ്ങളെ അടിച്ചമർത്തി എന്ന് പറഞ്ഞു ഒരു സ്വേച്ഛാധിപതിയായി പലയിടങ്ങളിലും ചിത്രീകരിക്കപ്പെടുന്നതിനാൽ അദ്ദേഹത്തിന്റെ വിപ്ലവാത്മകമായ പുരോഗമന നടപടികളേയും, വികസനപ്രവർത്തനങ്ങളേയും, വേണ്ടത്ര പരിഗണനയോടെ നമ്മള്‍ വിലയിരുത്തിയില്ല. നാളിതുവരെ മുല്ലപ്പെരിയാർ അണക്കെട്ടിനെ സംബന്ധിച്ചു നടന്നിട്ടുള്ള കേസ്സുകളിൽ മലയാളികൾ വിജയിച്ചത് ഒരേ ഒരു കേസ്സിൽ മാത്രമാണ്.ആ കേസ്സിൽ മലയാളികൾക്കുവേണ്ടി വാദിച്ചത്
തമിഴനായിരുന്ന രാമസ്വാമി അയ്യർ എന്ന പഴയ തിരുവിതാകൂർ ദിവാനായിരുന്നു എന്നനിലയിലെങ്കിലും ഇദ്ദേഹത്തെ മാനിക്കാന്‍ നമുക്ക് കഴിഞ്ഞില്ല.പുന്നപ്ര-വയലാർ സമരത്തെത്തുടർന്ന് ദിവാൻ പദത്തിൽ നിന്നും 1946-ഡിസംബറിൽ സ്വയം ഒഴിഞ്ഞ് സ്വന്തം നാട് ആയ മദ്രാസ്സിലേക്ക് പോയ സർ സി.പി.രാമസ്വാമിഅയ്യരെ വീണ്ടും രാജകൊട്ടാരം തിരികെ വിളിച്ച് ഏൽപ്പിച്ച ഭാരമായിരുന്നു 'അമേരിക്കൻ മോഡൽ സ്വതന്ത്ര തിരുവിതാംകൂർ'എന്ന ആശയം.1946- ഏപ്രിൽ 9 ന് ഡെൽഹിയിൽ കൂടിയ കാബിനറ്റ് മിഷനു മുൻപിൽ ഹാജരായി ഏകീകൃത ഇന്ത്യക്കും നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന്റെ ആവശ്യകതയും വളരെ വ്യക്തമായി അവതരിപ്പിച്ച ആളായിരുന്നു സർ സി.പി.നടപ്പിലായ നല്ല കാര്യങ്ങളെല്ലാം രാജാവിന്റെ പേരിലും പാളിപ്പോയ അല്ലെങ്കിൽ പേരുദോഷം വന്ന കാര്യങ്ങളെല്ലാം ദിവാന്റെ തലയിലും വന്നു വീഴുന്ന ഒരു ദയനീയമായ കാഴ്ചയാണ് സി.പി.യുടെ കഥയില്‍ മുഴച്ചുനില്‍ക്കുന്നത്. സ്വതന്ത്രതിരുവിതാംകൂർ എന്ന തീരുമാനം മഹാരാജാവ് എടുത്തതാണെന്ന് സർ സി.പി. പല സ്ഥലത്തും ഊന്നി പറഞ്ഞെന്നിട്ടുണ്ടെങ്കിലും
പൊതുജനം അത് ഇന്നും മുഖവിലക്കെടുത്തില്ല എന്നതാണ് സത്യം.ചരിത്രത്തിൽ ഇത്തരം നിരവധി തമാശകൾ ഉണ്ട്.എന്തായാലും വരുന്ന തലമുറ ഈ ഭരണാധികാരിയെ സ്വതന്ത്രമായി വിലയിരുത്തട്ടെ.ശിവൻകുട്ടിയേയും എന്റെ ഭാര്യയേയും ഒരു പോലെ തൃപ്തിപ്പെടുത്താൻ കഴിയുന്ന വിധം ചരിത്രം ന്യായീകരണങ്ങൾ കണ്ടെത്തട്ടെ.... വീരനായാലും വില്ലനായാലും നമുക്ക് ഇന്നത്തെ ദിവസം അദ്ദേഹത്തിന്റെ ഭൗതികവേർപാടിൽ വേദനിക്കാം .... ആത്മാവ് ഇവിടൊക്കെത്തന്നെ കാണുമല്ലോ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍