Ticker

6/recent/ticker-posts

ചരിത്രം തുറക്കുന്നവര്‍......എം.എസ്.വിനോദ്.



ഈ ചിത്രത്തില്‍ കാണുന്ന രണ്ടുപേരില്‍ ഒരാളെ നിങ്ങള്‍ എല്ലാവരും അറിയും.ആ മൂര്‍ച്ചയുള്ള മീശ കണ്ടാല്‍ ഏത് കൊച്ചുകുഞ്ഞും പറയും,ഭഗത് സിംഗ്.തൊട്ടടുത്തുള്ള ചിത്രം നോക്കിയാല്‍ ആളെ മനസിലാകാന്‍ സാദ്ധ്യത കുറവാണ്.കൂടുതല്‍ വിഷമിപ്പിക്കുന്നില്ല.അത് ദുര്‍ഗ്ഗാവതിദേവിയാണ്.

മനസിലായില്ല അല്ലേ.......ചരിത്രത്തിലെ ചില പേരുകള്‍ അങ്ങനെയാണ്.പേര് പറഞ്ഞാല്‍ നമുക്ക് ആളിനെ മനസിലാകില്ല.എന്നാല്‍ ചരിത്രം പറഞ്ഞാല്‍ മനസിലാകും.അതുകൊണ്ട് ഞാന്‍ ചരിത്രം തന്നെ പറയാം.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ എക്കാലത്തും ചോര തിളയ്ക്കുന്ന പേരാണല്ലോ ഭഗത് സിംഗ്.രക്തസാക്ഷി എന്ന് ആദ്യം വിളിക്കപ്പെട്ടതും, രക്തസാക്ഷി എന്ന പദത്തിന്‍റെ പര്യായമായി മാറിയതും ഭഗത് സിംഗ് ആണ്.രക്തസാക്ഷിയെന്ന് ഞാന്‍ ഈയൊരാളെ മാത്രമേ വിളിക്കാന്‍ ആഗ്രഹിക്കുന്നുമുള്ളൂ.എന്തുകൊണ്ട് എന്ന ഒരു ചോദ്യം ഉണ്ടാകാം. ഭഗത് സിംഗിന്‍റെ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്‍റെ വധശിക്ഷയും, അന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയവും, പിന്നത്തെ ചരിത്രവും പരിശോദിച്ചാല്‍ നമുക്ക് അത് വ്യക്തമാകും. ഒരുപക്ഷേ ഈ രക്തസാക്ഷി ഒരിക്കലും ഉണ്ടാകുമായിരുന്നില്ല.ഭഗത് സിംഗിനെ നമുക്ക് വധശിക്ഷയില്‍ നിന്നും രക്ഷിക്കാമായിരുന്നു. ഗാന്ധി-ഇര്‍വിന്‍ കരാര്‍ പ്രകാരം ഏതാണ്ട് ഒരു ലക്ഷം രാഷ്ട്രീയതടവുകാര്‍ മോചിതരായിട്ടും ഭഗത് സിംഗ് എങ്ങനെ വധിക്കപ്പെട്ടു എന്നത് ചരിത്രത്തിലെ ഒരു വലിയ സംശയമാണ്.ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ ഇങ്ങനെ നിരവധി സംശയങ്ങള്‍ ഉണ്ടല്ലോ.......
വധശിക്ഷ ഇളവ്‌ ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗാന്ധിജി നല്‍കിയെന്ന് പറയപ്പെടുന്ന കത്ത് വൈസ്രോയിയുടെ കൈകളില്‍ എത്തുന്നതിന് മുന്‍പ്, മുന്‍കൂട്ടി തീരുമാനിച്ച സമയത്തിനും പന്ത്രണ്ട് മണിക്കൂര്‍ മുന്‍പ് ബ്രിട്ടീഷുകാര്‍ ഭഗത് സിംഗിനെ തൂക്കിക്കൊന്നു. ഗാന്ധിയുടെ സന്ദേശം ബ്രിട്ടീഷ്‌കാര്‍ക്ക് കിട്ടുമ്പോള്‍ വധശിക്ഷയും നടപ്പിലാക്കി ആ മൃതദേഹം ജയിലിന് പുറത്തുനിന്ന ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ നല്‍കാതെ, അവരെ അറിയിക്കാതെ, ജയിലിന്‍റെ പിന്നിലെ മതില്‍ പൊളിച്ച് പുറത്തുകൊണ്ടുവന്നു. അവിടെനിന്നും അറുപത് കിലോമീറ്റര്‍ ദൂരെയുള്ള ഒരു ഗ്രാമത്തില്‍ കൊണ്ടുപോയി കത്തിച്ച് ചാരം ഏതോ നദിയില്‍ ഒഴുക്കി.ഇന്ത്യയിലെ ഒരു രാഷ്ട്രീയ തടവുകാരനോടും കാണിക്കാത്ത ക്രൂരതയാണ് ബ്രിട്ടന്‍ ഭഗത് സിംഗിനോട് കാണിച്ചത്‌.ഒരു മൃതദേഹത്തോടും കാണിക്കാതെ നെറികേട്.ബ്രിട്ടന്‍ അത് ചെയ്തത് സഹിക്കാം.ഇന്ത്യ എന്താണ് ചെയ്തത്.ഒറ്റപ്പെടുത്തുകയും ഒറ്റിക്കൊടുക്കുകയും ചെയ്തു.......
അതവിടെ നില്‍ക്കട്ടെ.ഭഗത് സിംഗിന്‍റെ കഥയും ചരിത്രവും ഒക്കെ നമുക്ക് നന്നായി അറിയാം.
ഇപ്പോള്‍ പാകിസ്ഥാന്‍റെ ഭാഗമായ പഞ്ചാബ്‌ മേഖലയിലെ ബങ്കാ എന്ന ഗ്രാമത്തില്‍ ഒരു സിഖ് കര്‍ഷകകുടുംബത്തിലാണ് ഭഗത് സിംഗ് ജനിച്ചത്‌.അച്ഛന്‍റെ പേര് സര്‍ദാര്‍ കിഷന്‍ സിംഗ്,അമ്മ വിദ്യാവതി.ഈ കുഞ്ഞ് പിറന്നപ്പോള്‍ ഭാഗ്യമുള്ള കുട്ടി എന്നര്‍ത്ഥം വരുന്ന ഭഗോണ്‍വാല എന്നാണ് മുത്തശ്ശി പേരിട്ടത്.ആ പേരില്‍നിന്നാണ് ഭഗത് സിംഗ് എന്ന പേരുണ്ടായത്.ഭാഗ്യമുള്ള കുട്ടി എന്ന് വിശേഷിപ്പിക്കാന്‍ ഒരു കാരണമുണ്ട്.ഭഗത് സിംഗിനെ വിദ്യാവതി ഗര്‍ഭം ധരിച്ച കാലത്ത് അച്ഛന്‍ സര്‍ദാര്‍ കിഷന്‍ സിംഗിനെ ബ്രിട്ടീഷ്‌ പട്ടാളക്കാര്‍ പിടിച്ച് ജയിലില്‍ അടച്ചു.കാരണം മറ്റൊന്നുമല്ല ആ ഗ്രാമത്തിലെ കര്‍ഷകരെ സംഘടിപ്പിച്ച്‌ സര്‍ദാര്‍ ബ്രിട്ടീഷ്‌കാര്‍ക്ക് എതിരായി സമരം നടത്തി.അതും ഒരു സ്വാതന്ത്യസമരം തന്നെയായിരുന്നു.അങ്ങനെയുള്ള ഒരു അച്ഛന്‍റെ മകന് സ്വാതന്ത്യം അടങ്ങാത്ത മോഹമായതില്‍ എന്ത് അത്ഭുതം.അതുകൊണ്ടുതന്നെ ഭഗത് വളര്‍ന്നത്‌ സ്വാതന്ത്ര്യം നേടാന്‍ വേണ്ടി മാത്രമായിരുന്നു.
ഭഗത്തിന് പന്ത്രണ്ട് വയസ്സ് പ്രായമുള്ളപ്പോഴാണ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്നത്.അടുത്ത ദിവസം ആയിരക്കണക്കിന് ഇന്ത്യക്കാര്‍ വെടിയേറ്റ്‌ വീണ ജാലിയന്‍ വാലാബാഗില്‍ ഭഗത് പോയി.അവിടെനിന്നും ചോരവീണ് നനഞ്ഞ ഒരു പിടി മണ്ണുവാരിയെടുതാണ് ഭഗത് മടങ്ങിയത്.ആ പിടിമണ്ണ്‍ അവസാനകാലംവരെ ഭഗത്തിന്‍റെ മുറിയില്‍ ഉണ്ടായിരുന്നു.ആ മണ്ണില്‍ നിന്നാണ് ഭഗത് വിപ്ലവകാരിയായത്.പിന്നെനടത്തിയ വിപ്ലവമൊക്കെ ചരിത്രത്തിലുണ്ട്.
ഇന്ത്യക്ക് സ്വയംഭരണം നല്‍കാന്‍ 1928 ല്‍ സൈമണ്‍ കമ്മീഷന്‍ രൂപീകരിക്കപ്പെടുകയും എന്നാല്‍ അതില്‍ ഒരു ഇന്ത്യക്കാരന്‍ പോലും ഇല്ലാതിരിക്കുകയും ചെയ്തപ്പോള്‍ ലാലാ ലജ്പത് റായി ആ നടപടിയെ ശക്തമായി എതിര്‍ത്തു.സൈമണ്‍ കമ്മീഷന് എതിരായി നടന്ന സമാധാനപരമായ പ്രതിഷേധപ്രകടനത്തിന് നേരെ ബ്രിട്ടീഷ്‌ പട്ടാളം ഭീകരമായ മര്‍ദ്ദനം അഴിച്ചുവിട്ടു.പരിക്ക് പറ്റിയ ലാലാ ലജ്പത് റായ് മരിച്ചു.മര്‍ദ്ദനത്തിന് നേതൃത്വം കൊടുത്തത് സ്ക്കോട്ട് എന്ന പോലിസ് മേധാവിയായിരുന്നു.ലാലാജിയുടെ മരണം നേരിട്ട് കണ്ട ഭഗത് ആ മരണത്തിന് ഉത്തരവാദിയായ സ്ക്കോട്ടിനോട് പകരം ചോദിക്കും എന്ന് പ്രതിജ്ഞ ചെയ്തു.സമാനചിന്താഗതിക്കാരായ ഒരു കൂട്ടം ആളുകളെ ചേര്‍ത്ത് ഭഗത് പകരംവീട്ടലിന് പദ്ധതിയിട്ടു.ഇതൊക്കെ നമ്മള്‍ പത്താം ക്ലാസ്സ്‌ വരെയുള്ള ഹിസ്റ്ററി പാഠപുസ്തകത്തില്‍ നിന്ന് കാണാതെ പഠിച്ച് പരീക്ഷയ്ക്ക് പത്ത് പേജില്‍ നിറയെ എഴുതി പത്തില്‍ പത്ത് മാര്‍ക്കും മേടിച്ചിട്ടുള്ള പച്ചപരമാര്‍ത്ഥമാണ്.എന്നാല്‍ ചരിത്രത്തില്‍ ചില കാര്യങ്ങള്‍കൂടിയുണ്ട്.
അന്ന് ഭഗത് സിംഗ്,ആസാദ് എന്നിവരുടെ നേതൃത്വത്തില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം പങ്കെടുത്ത ആ രഹസ്യയോഗത്തിന്‍റെ ഏറ്റവും പിന്‍നിരയില്‍ കഷ്ടിച്ച് ഒരു ഇരുപത് വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി ഇരിക്കുന്നുണ്ടായിരുന്നു.അവളുടെ പേര് പലയിടത്തും ഇല്ല.അവളുടെ പേരാണ് ദുര്‍ഗ്ഗാവതി.ഈ ചിത്രത്തില്‍ കാണുന്ന ദുർഗാഭാഭി.
ബംഗാളിലെ ഒരു കുഗ്രാമത്തില്‍ ജനിച്ച ഈ പെണ്‍കുട്ടി ബാല്യത്തില്‍ തന്നെ വിപ്ലവപ്രവര്‍ത്തനത്തില്‍ ആകൃഷ്ടയാകുകയും പിന്നീട് ഇന്ത്യയുടെ സ്വാതന്ത്യ്രത്തിനായി ബ്രിട്ടീഷ്‌ ഭരണത്തിനെതിരെ സായുധവിപ്ലവംവരെ നടത്തിയിട്ടുള്ള അപൂര്‍വ്വം സ്ത്രീകളില്‍ ഒരാളാണ്.ബാല്യത്തില്‍ തന്നെ ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ എന്ന വിപ്ലവസംഘടനയില്‍ അംഗമായ ദുര്‍ഗ്ഗ അതിലെ പ്രവര്‍ത്തകനായിരുന്ന ഭഗവതി ചരണ്‍ എന്ന ചെറുപ്പക്കാരനെയാണ് വിവാഹം ചെയ്തത്. സംഘടനയിലെ മറ്റ് അംഗങ്ങൾ ദുർഗ്ഗയെ 'ജ്യേഷ്ഠന്റെ ഭാര്യ' എന്നർത്ഥത്തിൽ 'ഭാഭി' എന്ന് അഭിസംബോധന ചെയ്തിരുന്നു.അതേത്തുടർന്ന് വിപ്ലവകാരികൾക്കിടയിൽ ഇവർ ദുർഗാഭാഭി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
അന്നത്തെ രഹസ്യയോഗത്തില്‍ വെച്ച് ഭഗത് സിംഗും,രാജ് ഗുരുവും,ചന്ദ്രശേഖർ ആസാദും
ഉള്‍പ്പെട്ട ചെറുസംഘം സ്ക്കോട്ടിനെ കൊല്ലാനായി പുറപ്പെട്ടു.എന്നാൽ സ്കോട്ടിനു പകരം ജോൺ സൗണ്ടേഴ്സ് എന്ന പോലീസ് ഉദ്യോഗസ്ഥനാണ് നിർഭാഗ്യവശാൽ വധിക്കപ്പെട്ടത്. വളരെ നാടകീയമായി ഭഗത്തും കൂട്ടരും അവിടെനിന്നും രക്ഷപെട്ടു.ഇവരെ പിടിക്കാൻ പോലീസ് തിരച്ചിൽ ശക്തമാക്കി. ലാഹോർ നഗരത്തിൽ നിന്നും പുറത്തേക്കുള്ള എല്ലാ കവാടങ്ങളും കർശനനിരീക്ഷണത്തിന് വിധേയമാക്കി. കൂടാതെ നഗരം വിട്ടുപോകുന്ന എല്ലാ യുവാക്കളേയും പരിശോധിക്കാൻ ഉത്തരവായി.ആദ്യ രണ്ടു ദിവസം മൂവരും ഒളിവിൽ കഴിഞ്ഞു.പിന്നീട് ലാഹോർ വിട്ട് ഹൗറയിലേക്കു പോകാൻ പദ്ധതി തയ്യാറാക്കി ഇവരെ ലാഹോറില്‍ നിന്നും രക്ഷപെടുത്തിയത് ഈ ദുര്‍ഗ്ഗാവതിയാണ്.
പൊതുജനമദ്ധ്യത്തിൽ തിരിച്ചറിയാതിരിക്കാൻ ഭഗത് സിംഗിനെക്കൊണ്ട് താടി വടിപ്പിച്ചു,തലമുടി മുറിച്ചുമാറ്റി.അതിശക്തമായ സുരക്ഷയുള്ള റെയിൽവേ സ്റ്റേഷനിൽ നിന്നും വ്യാജപേരിൽ ടിക്കറ്റെടുത്ത് ആദ്യം കാൺപൂരിലേക്കും അവിടെ നിന്നും ലക്നൗവിലേക്കും അവർ യാത്രചെയ്തു.ഭഗത് സിംഗിന്റെ ഭാര്യയായി ദുര്‍ഗ്ഗ ഒപ്പം സഞ്ചരിച്ചു.സ്വന്തം മകനായ സച്ചിനെയും മടിയിലിരുത്തിയാണ് അവർ യാത്ര ചെയ്തത്. വേലക്കാരന്റെ വേഷമായിരുന്നു രാജ്ഗുരുവിന്.ഭഗത് സിംഗിനെയും രാജ്ഗുരുവിനെയും സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചതിനു ശേഷമാണ് ദുർഗ്ഗയും മകനും ലാഹോറിലേക്കു മടങ്ങിയത്.ദുര്‍ഗ്ഗയുടെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ ഭഗത് സിംഗ് ഒരുപക്ഷെ അന്നുതന്നെ പിടിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്യുമായിരുന്നു.
ഭഗത് സിംഗും കൂട്ടരും പിന്നീട് കീഴടങ്ങി.വിചാരണ നടക്കുമ്പോള്‍ ജയില്‍വാസത്തിനിടയില്‍  ഭഗത്തും കൂട്ടരും ജയിലിലെ മോശം ഭക്ഷണരീതിക്കും ഇന്ത്യന്‍ തടവുകാരോടുള്ള വിവേചനത്തിനും എതിരായി സത്യാഗ്രഹസമരം നടത്തി.അന്ന് ഭഗത്തിന് ഒപ്പം ഉണ്ടായിരുന്ന ജതീന്ദ്രനാഥ്ദാസ് 63 ദിവസത്തെ നിരാഹാരത്തിനു ശേഷം ജയിലിൽ കിടന്നു മരിച്ചു.ജതീന്ദ്രനാഥ്ദാസിന്‍റെ ശവസംസ്കാര- ച്ചടങ്ങുകളോടനുബന്ധിച്ച് ലാഹോറിൽ നിന്ന് കൊൽക്കത്തയിലേക്ക് നടന്ന വിലാപയാത്രക്ക് നേതൃത്വംനല്‍കിയത് ദുർഗ്ഗാവതിയായിരുന്നു.
ഇതിനിടയില്‍ ലോർഡ് ഹെയിലി എന്ന ബ്രിട്ടീഷ്‌ മേധാവിയെ വധിക്കുവാൻ ദുർഗ്ഗ ശ്രമിച്ചിരുന്നു.ഹെയിലി രക്ഷപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ സഹായികളിൽ ചിലർ കൊല്ലപ്പെട്ടു. ഈ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ദുർഗ്ഗയെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു. അതിനുള്ള ശിക്ഷയായി മൂന്നു വർഷം ജയിലില്‍ കിടന്നു.ഭഗത് സിംഗ് ഡെൽഹിയിലെ ഖുതബ് റോഡിലുള്ള 'ഹിന്ദുസ്ഥാൻ ടോയ്ലറ്റ്സ്' എന്ന സ്ഥാപനത്തിന്റെ മറവിൽ പ്രവർത്തിപ്പിച്ചിരുന്ന ബോംബ് നിർമ്മാണശാലയുടെ പ്രവർത്തനങ്ങളിൽ ദുർഗ്ഗയും പങ്കാളിയായിരുന്നു.ഭഗത് സിംഗ് വിചാരണചെയ്യപ്പെട്ടപ്പോഴും പിന്നീട് വധിക്കപ്പെട്ടപ്പോഴും ദുര്‍ഗ്ഗാവതിയും കൂട്ടരും ബ്രിട്ടീഷ്‌ ഭരണത്തിനെതിരായി പുറത്ത് ശക്തമായ പ്രവര്‍ത്തനങ്ങളില്‍ ആയിരുന്നു.
ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയതിനുശേഷം ഗാസിയാബാദിൽ ഒരു സാധാരണ ജീവിതമാണ് ദുർഗ്ഗ നയിച്ചത്.മറ്റ് സ്വാതന്ത്ര്യ സമരസേനാനികളിൽ നിന്നു വ്യത്യസ്തമായി തന്റെ പഴയ ചരിത്രം പരസ്യമാക്കുവാൻ അവർ ആഗ്രഹിച്ചില്ല.പാവപ്പെട്ട കുട്ടികൾക്കായി ലക്നൗവിൽ ഒരു സ്കൂൾ തുടങ്ങി.
1999 ഒക്ടോബർ 15-ന് ഗാസിയാബാദിൽ വച്ച് ദുർഗ അന്തരിച്ചു. മരിക്കുമ്പോൾ അവർക്ക് 92 വയസ്സുണ്ടായിരുന്നു.
ഇന്നു ദുർഗ്ഗാവതിദേവിയുടെ ചരമദിനമാണ്‌.....ചരിത്രത്തില്‍ ഇങ്ങനെ എത്രയോ അറിയപ്പെടാത്ത വിപ്ലകാരികള്‍ എഴുതപ്പെടാതെയും ഓര്‍ക്കപ്പെടാതെയും കിടപ്പുണ്ട്.ഇങ്ങനെ നിരവധിപേരുടെ ചോരയും ജീവിതവും ത്യാഗവും കൊണ്ടാണ് നമ്മള്‍ കൊടിപിടിച്ച് നടക്കുന്നത് എന്ന് 'കൊടികെട്ടി' നടക്കുന്നവരും 'കൊടിക്കീഴില്‍' നില്‍ക്കുന്നവരും ഓര്‍മ്മിക്കുന്നത് നല്ലതാണ്.......

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍

  1. വീണ്ടും ചരിത്രവഴികളിലൂടെയുള്ള സഞ്ചാരത്തിൽ
    പുതിയ അറിവുകൾ ധാരാളം നൽകി സാർ.
    നല്ല അവതരണം
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ