Ticker

6/recent/ticker-posts

''വെളിച്ചത്തിന് എന്തൊരു വെളിച്ചമാണ്.....

''വെളിച്ചത്തിന് എന്തൊരു വെളിച്ചമാണ്.....
--------------------------------------------------------------------
വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ പ്രശസ്തമായ
'ന്‍റെു പ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്' എന്ന നോവലിലെ ഒരു കഥാപാത്രം പറയുന്ന വാക്കുകള്‍ ആണ് മുകളില്‍ തലക്കെട്ടായി ഉപയോഗിച്ചിട്ടുള്ളത്.ഈ യാത്രയുടെ തുടക്കം ആ വാചകം തന്നെ ആയിക്കോട്ടെ എന്ന് ഞാന്‍ തീരുമാനിച്ചതും വാചകത്തിലെ വെളിച്ചം കാരണമാണ്.
നോവല്‍ വായിച്ചുപോകുമ്പോള്‍ എന്നെപ്പോലെ സാധാരണക്കാരനായ വായനക്കാരുടെ ഹൃദയത്തില്‍ അത്രയൊന്നും ചലനം സൃഷ്ടിക്കാതെ കടന്നുപോകുന്ന ഈ വാചകം പിന്നീട് എപ്പോഴെങ്കിലും ഒക്കെ മനസ്സിന്‍റെ ആഴങ്ങളില്‍ ഒരു കടല്‍ വേലിയേറ്റം പോലെ കയറിയും ഇറങ്ങിയും കിടക്കും.
''വെളിച്ചത്തിന് എന്തൊരു വെളിച്ചമാണ്......''
കഥാകൃത്ത്‌ ടി.പത്മനാഭന്‍ പറഞ്ഞത് പോലെ ഈ കൊച്ചുവാചകത്തില്‍ നമ്മള്‍ വിഷമിച്ച് അര്‍ത്ഥം കണ്ടെത്തേണ്ട വാക്കുകള്‍ ഒന്നും ഇല്ല.ആകെ മൂന്ന് വാക്കുകള്‍.അതില്‍ തന്നെ ഒരു വാക്ക് 'വെളിച്ചം' ആവര്‍ത്തനം ആണ്.വേറെ ആരെങ്കിലും ആണ് ഇങ്ങനെ എഴുതുന്നത്‌ എങ്കില്‍ ഒരു വെളിച്ചത്തിന് പകരം മറ്റൊരു വാക്ക് കണ്ടെത്താന്‍ ആയിരിക്കും ശ്രമിക്കുക.ഒന്നുകില്‍ വെളിച്ചത്തിന് എന്തൊരു പ്രകാശം ആണ്.അല്ലെങ്കില്‍ വെളിച്ചത്തിന് എന്തൊരു തിളക്കമാണ്.എന്നാല്‍ ബഷീര്‍ എഴുതിയത് നോക്കുക.
''വെളിച്ചത്തിന് എന്തൊരു വെളിച്ചമാണ്......''
ചിലര്‍ എഴുതുമ്പോള്‍ അങ്ങനെയാണ്.വാക്കുകളുടെ അര്‍ത്ഥങ്ങള്‍ ശബ്ദതാരാവലിയുടെ നിര്‍വ്വചനങ്ങള്‍ക്കുമപ്പുറം പോകും.വായനക്കാരന്‍ ആ വാക്കുകളിലെ വെളിച്ചത്തില്‍ തന്നെ അങ്ങ് നില്‍ക്കും.വായിക്കുന്ന വാചകത്തില്‍ തന്നെ കണ്ണ് ഉടക്കി ഒരു നിമിഷം ഒന്നും അറിയാതെ നിന്നുപോകും.അത്തരത്തില്‍ വാക്കുകള്‍ ഉണ്ടാക്കാനല്ല നിലവിലുള്ള വാക്കുകള്‍ കൊണ്ട് മഹത്തായ അര്‍ത്ഥങ്ങള്‍ ഉണ്ടാക്കാനാണ് സാഹിത്യത്തിലൂടെ ശ്രമിക്കേണ്ടത്.അതാണ് സാഹിത്യത്തിന്‍റെ ധര്‍മ്മം.എഴുത്തില്‍ ഒരു ആധുനികതയും നിയോറിയലിസവും രണ്ട് ആന്തരാളങ്ങളും മൂന്ന് ആംഗലേയപ്രതിഭാസങ്ങളും ചേര്‍ത്താല്‍ വിമര്‍ശനവും മഞ്ജീരസിഞ്ചിതം പോലെ പത്ത് വാക്കുകള്‍ കുത്തിനിറച്ചാല്‍ സാഹിത്യവും ആയി എന്ന് ധരിച്ചു വെച്ചിരിക്കുന്ന വന്യജീവികള്‍ അടക്കി ഭരിക്കുന്ന നമ്മുടെ നാട്ടില്‍ ഈ ബഷീര്‍ പ്രയോഗത്തിലെ വെളിച്ചം നമുക്ക് വഴി തെളിക്കട്ടെ......
വെളിച്ചത്തിലെ വെളിച്ചം തേടിയുള്ള ഒരു യാത്രയുടെ തുടക്കം ഇങ്ങനെ തന്നെ ആകട്ടെ എന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് എന്നെ പ്രോത്സാഹിപ്പിച്ച നീലാംബരിയിലെ പ്രിയ സൗഹൃദങ്ങള്‍ക്ക്‌ നന്ദി പറയുന്നു......വിനോദയാത്ര ആരംഭിക്കുന്നു....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍