ഒക്ടോബര്‍ 13.
ഹിന്ദി ചലച്ചിത്രലോകത്തിന് ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസമാണ് ഈ ദിവസം.എന്താണ് ഈ ദിവസത്തിന്‍റെ പ്രത്യേകത എന്ന് അവസാനം പറയാം.അതിനുമുന്‍പ് ഹിന്ദി ചലച്ചിത്രത്തിലെ ഒരു മൂന്നാല് കുമാരന്മാരെ ഒന്ന് പരിചയപ്പെടാം.
ആദ്യത്തെ കുമാരന്‍ അശോക് കുമാര്‍ ആണ്.അറിയാമല്ലോ അശോക് കുമാറിനെ..... സമ്പന്നതയുടെ നടുവില്‍ ജനിക്കുകയും അഭിനയമോഹം തലയ്ക്ക് പിടിച്ച് ബോളിവുഡ് തലസ്ഥാനമായ ബോംബയില്‍ എത്തുകയും അവിടെ കുറെനാള്‍ അലഞ്ഞുതിരിഞ്ഞു നടന്ന് കൂലിവരെ ചെയ്യുകയും ചെയ്യുകയും ചെയ്ത ആളാണ് ഈ അശോക് കുമാര്‍.തുടര്‍ച്ചയായി ചാന്‍സ് ചോദിച്ച് അലഞ്ഞുനടന്ന അദ്ദേഹത്തിന് ഒടുവില്‍ ഭാഗ്യം പോലെ ഒരു നാള്‍ ഒരു അവസരം ലഭിച്ചു.ഒരു സിനിമയില്‍ നായകനായി അഭിനയിക്കേണ്ട നടന്‍ സുഖമില്ലാതെ അതില്‍നിന്നും പിന്മാറിയപ്പോള്‍ അവസാനനിമിഷം അശോക് കുമാറിന്ന നറുക്ക് വീണു.ഇന്ത്യന്‍ സിനിമയിലെ ആദ്യവനിത എന്ന് അറിയപ്പെടുന്ന ദേവികാറാണിയായിരുന്നു ആ സിനിമയിലെ നായിക.അശോക് കുമാറിന്‍റെ ഭാഗ്യം കൊണ്ട് സിനിമ ഹിറ്റ് ആയി. തുടര്‍ന്നങ്ങോട്ട് ഹിന്ദി സിനിമയില്‍ അശോക് കുമാറിന്‍റെ രഥോല്‍ത്സവം ആയിരുന്നു. നായകനായും വില്ലനായും നിര്‍മ്മാതാവായും അശോക് കുമാര്‍ തിളങ്ങി.തൊട്ടതെല്ലാം പൊന്നാക്കി എന്നുവേണമെങ്കില്‍ പറയാം.അദ്ദേഹത്തിന്‍റെ ജന്മദിനമാണ് ഒക്ടോബര്‍ 13.
1911 ഒക്ടോബര്‍ 13 ന് മദ്ധ്യപ്രദേശിലെ ഇന്‍ഡോറിനടുത്തുള്ള ഒരു ഗ്രാമത്തിലെ ബംഗാളി കുടുംബത്തിലാണ് അശോക് കുമാര്‍ ജനിച്ചത്.
ഇനി മറ്റൊരു കുമാരനെ പരിചയപ്പെടാം.ഈ അശോക് കുമാറിന്‍റെ സഹോദരന്‍ കിഷോര്‍ കുമാര്‍ ആണ് അടുത്ത കുമാരന്‍.അബ്ബാസ് കുമാര്‍ ഗാംഗുലി എന്നാണ് ശരിയായ പേര്.ഇയാള്‍ക്കും ഉണ്ടായിരുന്നു സിനിമാമോഹം.അത് ചേട്ടനെപ്പോലെ അഭിനയിക്കാന്‍ ആയിരുന്നില്ല, പാടാനായിരുന്നു കിഷോര്‍ കുമാര്‍ ആഗ്രഹിച്ചത്.സൈഗളിനെപ്പോലെ ഒരു വലിയ പാട്ടുകാരന്‍ ആകണമെന്ന ആഗ്രഹവും ചുമന്നുകൊണ്ടു ചേട്ടന്‍റെ വഴിയിലൂടെ കിഷോര്‍കുമാറും ബോളിവുഡ് നഗരത്തില്‍ എത്തി.ഒരു ചെറിയ കുഴപ്പമേ ഉണ്ടായിരുന്നുള്ളു. പാട്ട് പാടാനെത്തിയ കിഷോര്‍ കുമാര്‍ ശാസ്ത്രീയമായി ഒരു തുള്ളിപോലും പാട്ട് പഠിച്ചിട്ടില്ല.ചേട്ടന്‍ വലിയ സിനിമാനടന്‍ ആയതുകൊണ്ട് എന്തെങ്കിലും നടക്കും എന്ന പ്രതീക്ഷയിലാണ് ബോംബയില്‍ എത്തിയത്. അന്നത്തെ സംഗീതസംവിധായകരെ പലരെയും സമീപിച്ചു.സലില്‍ ചൗധരി ഉള്‍പ്പെടെയുള്ള പല സംഗീതസംവിധായകരും മേലാല്‍ ഈ പരിസരത്ത് കണ്ടുപോകരുത് എന്ന് താക്കീത് നല്‍കി മടക്കിയയച്ചു.ഇതിനിടയില്‍ ആരുടെയോ കാലുപിടിച്ച് ഒരു പാട്ട് മാത്രം പാടി.അതോടെ കട്ടയും മടങ്ങി.
ആ സമയം ചേട്ടന്‍ അശോക് കുമാര്‍ വലിയ നടനായി മാറിയിരുന്നു.അദ്ദേഹത്തിന് സ്വന്തമായി നിര്‍മ്മാണക്കമ്പനിയും ഉണ്ടായിരുന്നു. അവിടെയും കോറസ് പാടാനുള്ള അവസരം മാത്രമാണ് കിഷോര്‍ കുമാറിന് ലഭിച്ചത്.അങ്ങനെ കൂട്ടത്തില്‍ പാടി കാലം കഴിച്ചപ്പോള്‍ ഉപജീവനമാര്‍ഗം എന്ന നിലയില്‍ ചില സിനിമകളില്‍ വെറുതെ മുഖംകാണിച്ചു. അഭിനയിക്കാന്‍ തുടങ്ങി എങ്കിലും മോഹം പാട്ട് പാടാന്‍ ആയിരുന്നു.അതുകൊണ്ടുതന്നെ സിനിമയിലെ കൊച്ചുകൊച്ചുവേഷങ്ങള്‍ കിഷോര്‍ കുമാറിന് മടുത്തു.കരിയറിലെ ഏതാണ്ട് പകുതിയും കാലം കോറസ് പാടിയും കൊച്ചുവേഷങ്ങള്‍ അഭിനയിച്ചും, രാശിയില്ലാത്തവന്‍ എന്ന ചീത്തപ്പേരും ഭാഗ്യദോഷം എന്ന ചുമടുമായി സിനിമ മടുത്ത കിഷോര്‍ കുമാര്‍ നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ തീരുമാനിച്ചു.മടക്കയാത്രയ്ക്ക് തൊട്ടുമുന്‍പ് കിട്ടിയ ഒരു അഭിനയവേഷത്തില്‍ ഏറ്റവും മോശമായി ഒന്ന് അഭിനയിച്ചുകളയാം എന്ന് ഉറപ്പിച്ച് മേക്കപ് ഇട്ടു.മോശം പ്രകടനം നടത്തി മടങ്ങിപ്പോയാല്‍ തുടര്‍ന്ന് ആരും അഭിനയിക്കാന്‍ വിളിക്കില്ല എന്നായിരുന്നു കിഷോര്‍ കുമാര്‍ കണക്കുകൂട്ടിയത്.എന്നാല്‍ അവിടെയും കിഷോറിന്‍റെ കണക്കുകൂട്ടല്‍ പിഴച്ചു.ചിത്രം പുറത്തുവന്നപ്പോള്‍ ഹിറ്റ്.അതില്‍ വേഷമിട്ട കിഷോര്‍ കുമാര്‍ ഒറ്റ ദിവസംകൊണ്ട് കോമിക് ഹീറോ എന്ന പരിവേഷത്തിലേക്ക് ഉയര്‍ന്നു. പിന്നീട് കോമഡി ചിത്രങ്ങളിലെ സ്ഥിരം നായകനായി.ഒന്നിനുപുറകെ ഒന്നായി എല്ലാം ഹിറ്റ്.സത്യത്തില്‍ ആ മോശാഭിനയമായിരുന്നു കിഷോര്‍ കുമാറിന്‍റെ തലവര മാറ്റിയെഴുതിയത്.
ഹിറ്റ് മേക്കര്‍ എന്ന പദവിയിലേക്ക് വൈകാതെ എത്തിയ കിഷോര്‍ എല്ലാവരെയും പോലെ നിര്‍മ്മാണവും ആരംഭിച്ചു.ആദ്യം നിര്‍മ്മിച്ച പടത്തില്‍ ചേട്ടന്‍ അശോക് കുമാറിനെയും അനുജന്‍ അനൂപ് കുമാറിനെയും അഭിനയിപ്പിച്ചു. അങ്ങനെ മൂന്ന് സഹോദരകുമാരന്മാരും ഒന്നിച്ച് അഭിനയിച്ച ആദ്യചിത്രം 'ചല്‍തി കാ ഗാഡി' സൂപ്പര്‍ ഹിറ്റ് ആയി.ഒപ്പം അതിലെ ഗാനങ്ങളും. തുടര്‍ന്ന് കഥയും തിരക്കഥയും നിര്‍മ്മാണവും സംവിധാനവും എന്തിന് നൃത്തവും സംഗീതസംവിധാനവും വരെ ചെയ്യുകയും ചെയ്ത സിനിമകള്‍ എല്ലാം ബംബര്‍ ഹിറ്റ് ആകുകയും ചെയ്തു.അങ്ങനെ ഹിന്ദി സിനിമയുടെ കച്ചവടചന്തയില്‍ ഏതാണ്ട് പകുതി ഭാഗം കിഷോര്‍ കുമാര്‍ കൈയ്ക്കുള്ളിലാക്കി.
1969 ല്‍ ആരാധന എന്ന സിനിമയുടെ പണി നടക്കുമ്പോള്‍ അതിലൊരു പാട്ട് പാടാന്‍ കിഷോര്‍ കുമാറിന് അവസരം ലഭിച്ചു.കൈയ്യില്‍ കിട്ടിയ അവസരം സുന്ദരമായി കിഷോര്‍ വിനിയോഗിച്ചു.ആ ഒറ്റപ്പാട്ടുകൊണ്ട് ബാക്കിയുള്ള പാതികൂടി കിഷോര്‍ സ്വന്തമാക്കി.ചാന്‍സ് താരാത്തെ പറഞ്ഞുവിട്ട സലില്‍ ചൗധരിയടക്കം സംഗീതസംവിധായകര്‍ കിഷോര്‍ കുമാറിന്‍റെ വീട്ടില്‍ നിന്നും ഇറങ്ങാതെയായി.അമിതാബ് ബച്ചനെ പോലെയുള്ള നടന്മാരെ സ്വന്തം ഇഷ്ടത്തിന് വട്ടം കറക്കി.എന്തിന് പറയുന്നു സാക്ഷാല്‍ മുഹമ്മദ് റാഫി പോലും കിഷോര്‍ കുമാര്‍ സൃഷ്ടിച്ച ഓളത്തില്‍ കരയില്‍ അടിഞ്ഞു.അത്ര ശക്തമായിരുന്നു കിഷോറിന്‍റെ തിരയടി.
അടിയന്തിരാവസ്ഥക്കാലത്ത് ഹിന്ദി സിനിമ അടക്കി ഭരിക്കണം എന്ന് ആഗ്രഹിച്ച ഒരു രാഷ്ട്രീയനേതാവ് സ്വന്തം പാര്‍ട്ടിയുടെ റാലിയില്‍ വന്ന് പാട്ട് പാടാന്‍ കിഷോര്‍ കുമാറിനോട് ആവശ്യപ്പെട്ടു.മുഖത്ത്നോക്കി കിഷോര്‍ പറഞ്ഞു വേറെ ആളിനെ നോക്കാന്‍.അവശ്യം നിരസിച്ചപ്പോള്‍ സര്‍ക്കാര്‍ കിഷോര്‍ കുമാര്‍ ഗാനങ്ങള്‍ക്ക് ആള്‍ ഇന്ത്യാ റേഡിയോയില്‍ അപ്രഖ്യാപിതവിലക്ക് ഏര്‍പ്പെടുത്തി.കിഷോര്‍ ഗാനങ്ങള്‍ ഇല്ലാത്ത റേഡിയോ എടുത്ത് ജനം കിണറ്റില്‍ ഇടാന്‍ തുടങ്ങിയപ്പോള്‍ സര്‍ക്കാര്‍ മുട്ടുമടക്കി,വിലക്ക് പിന്‍വലിച്ചു.അത്രയ്ക്ക് വേന്ദ്രനായിരുന്നു ഈ കുമാരന്‍.
ആ വേന്ദ്രത്വം കല്യാണത്തിലും കാണിച്ചു കിഷോര്‍.മേരെ സപ്നോം കി റാണി.....എന്ന് പാടിക്കൊണ്ട് പാട്ടുംപാടി ഒന്ന് രണ്ട് മൂന്ന് എന്ന് നാല് കല്യാണം കഴിച്ചു.കെട്ടിയതൊക്കെ നല്ല റാണിമാരെ തന്നെ.
ബംഗാളി, മറാത്തി, ആസാമീസ്, ഗുജറാത്തി, കന്നഡ,ഒറിയ എന്നിവ കൂടാതെ മലയാളത്തിലും പാടി.ഓര്‍മ്മയുണ്ടോ പ്രേംനസീര്‍ അഭിനയിച്ച അയോദ്ധ്യ എന്ന ചിത്രത്തിലെ ''എബിസിഡി......ചേട്ടന്‍ കേഡി....അനുജന് പേടി......''ഒറ്റപ്പാട്ടിലൂടെ മലയാളിയെ പേടിപ്പിച്ചതും ചിരിപ്പിച്ചതും ഈ കുമാരന്‍ ആണ്. ആയിരത്തിഇരുനൂറോളം സിനിമകള്‍........ അതിലൊക്കെയായി മൂവായിരത്തിഅഞ്ഞൂറോളം പാട്ടുകള്‍ അശോക് കുമാര്‍ പാടി തകര്‍ത്തു. ഏറ്റവും കൂടുതല്‍ തവണ ഫിലം ഫെയര്‍ അവാര്‍ഡ് വാങ്ങിയ വ്യക്തി എന്ന റിക്കാര്‍ഡ് ആരും മറികടന്നിട്ടില്ല എന്നാണ് തോന്നുന്നത്. ഒടുവില്‍ 1987 ഒക്ടോബര്‍ 13 ന് ഹൃദയാഘാതം മൂലം അന്തരിച്ചു.
ഒക്ടോബര്‍ 13 ഹിന്ദി സിനിമയ്ക്ക് മറക്കാന്‍ കഴിയാത്ത ദിവസം ആണെന്ന് ഞാന്‍ തുടക്കത്തില്‍ പറഞ്ഞത് അതാണ്.ഹിന്ദി സിനിമയിലെ രണ്ട് മുടിചൂടാമന്നന്‍മാരുടെ അതും, സഹോദരങ്ങളുടെ ജനനദിവസവും മരണദിവസവും ആണ് ഒക്ടോബര്‍ 13.
സിനിമയും സിനിമയിലെ സംഗീതവും ആധുനികതയുടെ പരിക്കേറ്റ് വീഴുന്ന ഈ കാലത്തില്‍ കിഷോര്‍ കുമാറിന്‍റെ ഓര്‍മ്മ പോലും നമുക്ക് ഒരു ആശ്വാസമാണ്.നമ്മള്‍ ഈ കാലത്ത് എത്രയോ മാറിപ്പോയി.പാട്ട് കേള്‍ക്കുന്ന കാലം പോയി.ഇപ്പോള്‍ നമ്മള്‍ പാട്ട് കാണുകയാണ്.എന്നുവെച്ചാല്‍ ശാരീരം മാറി ശരീരം ആയിക്കൊണ്ടിരിക്കുന്നു.സ്വരം വെറും ശരീരപ്രദര്‍ശനം മാത്രമാകുന്ന റിയാലിറ്റി ഷോകളുടെ പുതിയ കാലം.
ഇവിടെ ശരീരം ഇല്ലാത്ത ഒരു സ്വരം എവിടെനിന്നോ ഒഴുകിയെത്തുന്നുണ്ട്...... മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശരീരം മറഞ്ഞുപോയ ഒരു ഗായകന്‍റെ സ്വരം...... ഇന്ത്യക്ക് ഒരിക്കലും മറക്കാനാവാത്ത ആ സ്വരത്തിന് മുന്നില്‍ ഈ ദിവസത്തെ ഓര്‍മ്മപ്പൂക്കള്‍ നമുക്ക് അര്‍പ്പിക്കാം.
''മേരാ ജീവന്‍ കോരാ കാഗസ് കോരാഹി രേഹ് ഗയാ..........''
0 അഭിപ്രായങ്ങള്‍