Ticker

6/recent/ticker-posts

''ഭൂഗോളത്തിന്‍റെ സ്പന്ദനം മാത്തമാറ്റിക്സില്‍ ആണ്.........''

എം.എസ്.വിനോദ്.

''ഭൂഗോളത്തിന്‍റെ സ്പന്ദനം മാത്തമാറ്റിക്സില്‍ ആണ്.........''

ഈ ഡയലോഗ് അറിയാത്തവര്‍ ഉണ്ടോ നമുക്കിടയില്‍.സ്ഫടികം എന്ന സിനിമയില്‍സ്വന്തം മകന്‍ ആടുതോമയെ കണക്ക് പഠിപ്പിച്ച് കുഴഞ്ഞ ചാക്കോ മാഷ് തുടക്കം മുതല്‍ ഒടുക്കം വരെ പറയുന്ന ഡയലോഗ് ആണ് ഇത്.

''ഭൂഗോളത്തിന്‍റെ സ്പന്ദനം കണക്കിലാണ്.....''
ഇത്ര രാവിലെ എന്തിനാണ് ഞാന്‍ ആടുതോമയിലേക്കും ചാക്കോമാഷിലേക്കും
പോയത് എന്ന് ചിന്തിക്കുകയാണ് നിങ്ങള്‍ അല്ലേ.കാര്യമുണ്ട്....
കണക്ക് അല്ലെങ്കില്‍ ഗണിതശാസ്ത്രം മറ്റ് എല്ലാ ശാസ്ത്രശാഖകളെക്കാളും വികസിച്ചു നില്‍ക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ നില്‍ക്കുന്നത്.നമ്മുടെ കൈവിരലില്‍ നമ്മള്‍ കൂട്ടിയും കിഴിച്ചും എടുക്കുന്ന കണക്കുമുതല്‍ മുകളിലേക്ക് കണക്കില്ലാത്തവിധം
പരന്ന് കിടക്കുന്ന കണക്കുകള്‍വരെ ചേരുന്ന ഒരു മഹാസമുദ്രം ആണ് ഗണിതശാസ്ത്രം.ലോകത്തിന്‍റെ ആകെ കണക്കുശാസ്ത്രത്തില്‍ നമുക്കും ഉണ്ട് ചില സംഭാവനകള്‍.എന്താണ് ഗണിതശാസ്ത്രത്തില്‍ ഭാരതത്തിന്‍റെ സംഭാവന.കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കണ്ട.ഗണിതശാസ്ത്രത്തിന് ഭാരതം നല്‍കിയ സംഭാവനയാണ്‌ വട്ടപ്പൂജ്യം. മൈനസ് ഒന്നിനും പ്ലസ് ഒന്നിനും ഇടയില്‍ ഒരു എണ്ണല്‍സംഖ്യ ഉണ്ടെന്നും ആ എണ്ണല്‍സംഖ്യയാണ് വൃത്താകൃതിയിലുള്ള പൂജ്യമെന്നും സ്ഥാപിച്ചെടുത്തത് ഭാരതീയരാണെന്ന് പറയപ്പെടുന്നു.കണ്ടുപിടിച്ചത് പൂജ്യം ആണെങ്കിലും നമ്മള്‍ ഭാരതീയര്‍ ഗണിതശാസ്ത്രത്തില്‍ ഒട്ടും മോശക്കാരല്ല എന്ന് നമുക്ക് അറിയാം.അല്പം കൂടി വിശദമായി പരിശോദിച്ചാല്‍ നമ്മള്‍ മലയാളികള്‍ ആണ് കണക്കില്‍ കാലങ്ങള്‍ക്ക് മുന്‍പുമുതല്‍ മിടുമിടുക്കന്മാര്‍ എന്ന് കാണാം.ഈ ചാക്കോമാഷ് എന്താ മോശമാണോ......
ബീജഗണിതത്തിലും ത്രികോണമിതിയിലും 'പൈ' എന്ന സൂത്രക്കാരന്‍റെ കൃത്യമായ മൂല്യനിര്‍ണ്ണയത്തിലുമൊക്കെ ലോകത്തിന് ആദ്യത്തെ വെളിച്ചവും വഴിയും നല്‍കിയത് ഒരു ഇരിങ്ങാലക്കുടക്കാരന്‍ സംഗമഗ്രാമമാധവന്‍ എന്ന ഇരിഞ്ഞാറ്റപ്പിള്ളി മാധവന്‍ നമ്പൂതിരിയാണ് എന്ന് പറയപ്പെടുന്നു.കേരളഗണിതത്തിന്‍റെ സ്ഥാപകനായി
ഈ മാധവനെ നമ്മള്‍ കണക്കാക്കുന്നു,ബഹുമാനിക്കുന്നു.അനന്തശ്രേണി ഉപയോഗിച്ച്
വൃത്തത്തിന്‍റെ പരിധി സൂക്ഷ്മതലത്തില്‍ നിര്‍ണ്ണയിക്കാനുള്ള മാര്‍ഗ്ഗം ആദ്യമായി
ആവിഷ്കരിച്ചത് ഈ മാധവന്‍ എന്നാണ് ജനസംസാരം.മാധവന്‍റെ പ്രഖ്യാപനത്തിന്
ശേഷം പിന്നെയും മൂന്ന്‍ നൂറ്റാണ്ട് കഴിഞ്ഞാണ് പാശ്ചാത്യശാസ്ത്രജ്ഞന്മാര്‍ വൃത്തപരിധി അതേ മാര്‍ഗ്ഗത്തിലൂടെ കണ്ടെത്തിയത്.എന്നാല്‍ ഇതൊന്നും നമ്മുടെ പേരില്‍ അല്ല ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.നമ്മുടെ കണക്കുകളും കണക്കുകൂട്ടലുകളും കട്ടോണ്ട് പോയത് കടലിലൂടെയോ കരയിലൂടെയോ എന്നുപോലും നമുക്കറിയില്ല.ആര്യഭട്ടന്‍,ബ്രഹ്മഗുപ്ത,മഹാവീരന്‍,ഭാസ്കരാചാര്യന്‍ തുടങ്ങി എത്രയോ ഗണിതപണ്ഡിതര്‍ നമുക്ക് ഉണ്ടായിരുന്നു.അതില്‍ നമ്മുടെ കേരളത്തില്‍ ജനിച്ച നീലകണ്‌ഠസോമയാജിയും അദ്ദേഹത്തിന്‍റെ ശിഷ്യഗണങ്ങളില്‍ പ്രധാനികളായ വടശ്ശേരി പരമേശ്വരന്‍,ബ്രഹ്മദത്തന്‍ തുടങ്ങി എത്രയോ പേര്‍......
രാവിലെ തന്നെ കണക്കുപറഞ്ഞ്‌ ഞാന്‍ കുഴപ്പിക്കുന്നില്ല.ഇന്ന് ഗണിതശാസ്ത്രത്തില്‍
ഭാരതത്തിന്‍റെയും കേരളത്തിന്‍റെയും സംഭാവനകളെ ഓര്‍ത്തുപോകാന്‍ ഒരു കാരണമുണ്ടായി.ആധുനികഭാരതത്തിലെ ഏറ്റവും പ്രതിഭാശാലിയായ ഗണിതശാസ്ത്രജ്ഞന്‍ എന്ന് വിലയിരുത്തുന്ന ശ്രീനിവാസരാമാനുജന്‍ അയ്യങ്കാര്‍ എന്ന ശ്രീനിവാസരാമാനുജന്‍റെ ഓര്‍മ്മദിവസമാണ് ഇന്ന്.അതാണ് ഞാന്‍ പെട്ടന്ന്‍ ചാക്കോ മാഷിനെയും ഓര്‍ത്തുപോയത്.
തമിഴ്നാട്ടിലെ ഒരു ദരിദ്രബ്രാഹ്മണകുടുംബത്തില്‍ ജനിച്ച രാമാനുജന്‍ പഠനകാലത്ത്‌ ഒരിക്കല്‍പോലും കണക്ക് എന്ന വിഷയത്തില്‍ ഒഴികെ ഒരു വിഷയത്തിലും ജയിച്ചിട്ടില്ല.കണക്കില്‍ മാത്രം ജയിച്ചാല്‍ ജീവിക്കാനൊക്കുമോ.കണക്കില്‍ മാത്രം കളിച്ച് മുന്നോട്ടുപോയ രാമാനുജത്തിന് കണക്കില്ലാതെ കിട്ടിയത് ദാരിദ്രം മാത്രമായിരുന്നു.ഇരുപത്തിരണ്ടാം വയസ്സില്‍ ഒരു പത്തുവയസ്സുകാരിയെ വിവാഹം ചെയ്ത രാമാനുജന്‍ ഭാര്യ തുന്നല്‍ജോലി ചെയ്തു അന്നം കണ്ടെത്തിയപ്പോള്‍ ഗണിതശാസ്ത്രത്തിലെ സങ്കീര്‍ണ്ണപ്രശ്നങ്ങളുടെ തുന്നല്‍ അഴിക്കുകയായിരുന്നു.
ലോകഗണിതശാസ്ത്രത്തിലെ ആര്‍ക്കും വഴങ്ങാത്ത കുരുക്കുകള്‍ ഓരോന്നായി അഴിച്ച് രാമാനുജന്‍ കേംബ്രിജ് സര്‍വ്വകലാശാലയുടെ കവാടങ്ങള്‍ വരെ ചവുട്ടിത്തുറന്നു. പ്രതികൂലജീവിതസാഹചര്യങ്ങളെ മറികടക്കാനുള്ള യാത്രയില്‍ എപ്പോഴോ പിടികൂടിയ ക്ഷയരോഗം സ്വന്തം ജീവന്‍റെ കണക്ക് എഴുതിത്തുടങ്ങി എന്ന് അറിഞ്ഞിട്ടും തളരാതെ രാമാനുജന്‍ മുന്നേറി.ഒടുവില്‍ താന്‍ ആഗ്രഹിച്ച പ്രബന്ധങ്ങള്‍ ലോകത്തിന്‍റെ മുന്നില്‍ പൂര്‍ണ്ണമായി സമര്‍പ്പിക്കാന്‍ കഴിയും മുന്‍പ് മുപ്പത്തിമൂന്നാം വയസ്സില്‍ രാമാനുജന്‍ സ്വന്തം ആയുസ്സിന്‍റെ കണക്കെടുപ്പിന് കീഴടങ്ങി.
രാമാനുജന്‍ കണ്ടെത്തിയ ഗണിതരഹസ്യങ്ങള്‍ അധികവും അദ്ദേഹത്തിന്‍റെ മരണത്തിനുശേഷമാണ് ലോകം കണ്ടത്.അതിലെ സൂചനകളില്‍നിന്നും പല
ശാസ്ത്രജ്ഞന്മാരും പുതിയ തിയറികള്‍ വികസിപ്പിച്ച് നോബല്‍ സമ്മാനം വരെ നേടിയെടുത്തു. രാമാനുജന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ നോട്ട്ബുക്ക് കുറിപ്പുകള്‍ കണ്ടെടുത്ത് പ്രസിദ്ധീകരിച്ചപ്പോള്‍ അതൊക്കെ പന്ത്രണ്ട് വാല്യങ്ങളില്‍ നിറയുന്ന വിശ്വപ്രസിദ്ധമായ പുതിയ കണ്ടെത്തലുകള്‍ ആയിമാറി.അത് ഓരോന്നും
ഭൂഗോളത്തിന്‍റെ സ്പന്ദനങ്ങള്‍ ആണ് ഇന്ന്.
കണക്കിലൂടെ തിരിയുന്ന ഉദയാസ്തമനങ്ങളില്‍ ഈ പ്രപഞ്ചം ഉണരുകയും ഉറങ്ങുകയും ചെയ്യുമ്പോള്‍ അതിന്‍റെ ഒരു ചെറുമൂലയില്‍ ഇരിക്കുന്ന ഞാനും നിങ്ങളും ഒരു ദിവസം ആരംഭിക്കുന്നത് പല കണക്കുകൂട്ടലിലൂടെ ആണ്.ഒരു കൂട്ടല്‍ തെറ്റിയാല്‍ പിന്നെ അടിമുടി തെറ്റും.അത്തരത്തിലുള്ള ഒരു കണക്കുതെറ്റാണ് ഇന്ന് ആദ്യമായി ഉദയാമൃതത്തിലൂടെ ഞാന്‍ നിങ്ങളുടെ മുന്നിലെത്താന്‍ ഇടയാക്കിയത്.
കണക്കുകള്‍ തെറ്റുമ്പോള്‍ നിലയ്ക്കുന്നത് ഈ ഭൂഗോളത്തിന്‍റെ സ്പന്ദനങ്ങള്‍ ആണ്.നമ്മള്‍ നമ്മുടെ പത്ത് വിരലില്‍ കൂട്ടുന്ന കണക്കുകള്‍ പതിനായിരം കാല്‍ക്കുലേറ്ററിലോ ഒരു ലക്ഷം കമ്പ്യൂട്ടറിലോ ചിലപ്പോള്‍ കൂട്ടിക്കിഴിക്കാനോ അതിലൂടെ നമ്മളെ തെറ്റിക്കാനോ കഴിയില്ല.
കണക്കുകള്‍ തെറ്റാതെ കൂട്ടാനും കൂട്ടിയ കണക്കിന്‍റെ വഴിയിലൂടെ കാലിടറാതെ നടക്കാനും നമുക്ക് ഓരോരുത്തര്‍ക്കും കഴിയട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്,ആശംസിച്ചുകൊണ്ട് ഭാരതത്തിന്‍റെ പ്രധാന കണക്കപ്പിള്ളമാരില്‍ പ്രധാനിയായ ശ്രീനിവാസ രാമാനുജന്‍റെ തേജസ്സുള്ള ഓര്‍മ്മകളില്‍ കൈകൂപ്പി നിന്നുകൊണ്ട് എല്ലാവര്‍ക്കും ശുഭദിനം ആശംസിക്കുന്നു.
ഭൂഗോളത്തിന്‍റെ സ്പന്ദനം നമ്മുടെ കണക്കുകളില്‍ ആയിരിക്കട്ടെ..........

എം.എസ്.വിനോദ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍