Ticker

6/recent/ticker-posts

ആര്‍.നരേന്ദ്രപ്രസാദ്-സ്മരണ.



എം.എസ്.വിനോദ്

ആര്‍.നരേന്ദ്രപ്രസാദ്-സ്മരണ

മലയാള നാടക,സാഹിത്യ, നിരൂപണരംഗത്ത് ശ്രദ്ധേയനായിരുന്ന ആര്‍.നരേന്ദ്രപ്രസാദിന്‍റെ ഓര്‍മ്മ ദിവസമാണ് ഇന്ന്.
1946 ഒക്ടോബര്‍ 26 ന് മാവേലിക്കരയില്‍ പല്ലാരിമംഗലത്ത് ശാസ്താംകുളങ്ങരയില്‍ ജനിച്ച നരേന്ദ്രപ്രസാദ് നാടകരംഗത്തുനിന്നും സിനിമയില്‍ എത്തുകയും ഒരു ചലച്ചിത്രതാരം എന്ന നിലയില്‍ തിരിച്ചറിയപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്ത ആളാണ്.2003 നവംബര്‍ 3 ന് നമ്മളെ വിട്ടുപോകുമ്പോഴും ചലച്ചിത്രരംഗത്ത് തിരക്കുള്ള നടന്‍ ആയിരുന്നു നരേന്ദ്രപ്രസാദ്.
വളരെ ചെറിയ പ്രായത്തില്‍ത്തന്നെ സാഹിത്യത്തില്‍ താല്പര്യം ഉണ്ടായിരുന്ന ഇദ്ദേഹം സ്കൂള്‍ വിദ്യാഭ്യാസകാലം മുതല്‍ കഥയും കവിതയും നാടകങ്ങളും എഴുതാന്‍ ആരംഭിച്ചു.കോളജ് വിദ്യാഭ്യാസകാലത്ത് കവിതയില്‍ ആയിരുന്നു കൂടുതല്‍ ശ്രദ്ധ.അക്കാലത്ത് പല പ്രസിദ്ധീകരണങ്ങളിലും നരേന്ദ്രപ്രസാദിന്‍റെ കവിതകള്‍ അച്ചടിച്ചുവന്നു.ഇംഗ്ലിഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടി അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ച നരേന്ദ്രപ്രസാദ് പാലക്കാട് വിക്ടോറിയാ കോളജ്,തിരുവനതപുരം ഗവ:ആര്‍ട്സ് കോളേജ്,യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകനായിരുന്നു. എം.ജി.യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയറക്ടറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
അദ്ധ്യാപകനായി ജോലി നോക്കുന്ന കാലത്താണ് നിരൂപണസാഹിത്യമേഖലയില്‍ നരേന്ദ്രപ്രസാദ് എത്തുന്നത്. മാതൃഭൂമി,ദേശാഭിമാനി,മലയാളനാട് തുടങ്ങിയ വാരികകളിലെ നിരൂപണകോളത്തിലൂടെ ഗൗരവമുള്ള സാഹിത്യപ്രവര്‍ത്തനം നടത്തിക്കൊണ്ടാണ് നരേന്ദ്രപ്രസാദ് ശ്രദ്ധിക്കപ്പെട്ടത്.ആധുനികസാഹിത്യത്തിലെ പുതിയ പ്രവണതകള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയ നരേന്ദ്രപ്രസാദിന്‍റെ ലേഖനങ്ങള്‍ നിരൂപണസാഹിത്യത്തിന് ഒരു മുതല്‍ക്കൂട്ടാണ്.ഓ.വി.വിജയന്‍ ഉള്‍പ്പെടെയുള്ള ആധുനികസാഹിത്യകാരന്മാരുടെ എഴുത്തിലേക്ക്‌ വായനക്കാരനെ അടുപ്പിക്കാന്‍ നരേന്ദ്രപ്രസാദിന്‍റെ ലേഖനങ്ങള്‍ സഹായിച്ചിട്ടുണ്ട്.
ഈ കാലത്തുതന്നെ ചെറുപ്പം മുതല്‍ മനസ്സില്‍ കുടിയേറിയ നാടകഭ്രമം ജി.ശങ്കരപ്പിള്ളയുമായുള്ള അടുപ്പത്തെ തുടര്‍ന്ന് കൂടുതല്‍ ശക്തമാകുകയും ആധുനികനാടകസങ്കേതങ്ങളില്‍ തുടര്‍ച്ചയായി ഏകാങ്കനാടകങ്ങള്‍ എഴുതുകയും ചെയ്തു.തൊള്ളായിരത്തിയെണ്‍പതുകളുടെ തുടക്കം മുതല്‍ കേരളത്തില്‍ സജ്ജീവമായ ആധുനികനാടകപ്രവണതകളില്‍ സുപ്രധാനമായ പങ്കുവഹിച്ച ആളാണ് നരേന്ദ്രപ്രസാദ്.അമച്വര്‍നാടക രംഗത്തും സിംബോളിക് ഏകാങ്കനാടകരീതികളിലും നരേന്ദ്രപ്രസാദ് എന്ന നാടകക്കാരന്‍റെ സാന്നിദ്ധ്യം ഇപ്പോഴും വിട്ടൊഴിഞ്ഞു പോയിട്ടില്ല.നാടകത്തോടുള്ള പ്രണയവും ആവേശവും കൊണ്ട് മറ്റെല്ലാ സാഹിത്യരൂപങ്ങളിലും നിന്ന് വിട്ടൊഴിഞ്ഞ്‌ നരേന്ദ്രപ്രസാദ് നാട്യഗൃഹം എന്ന നാടകസംഘം രൂപികരിച്ചു.ആധുനികനാടകങ്ങളുടെ കളരിയും അവതരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാത്രമായിരുന്നു ആ കാലത്ത് നരേന്ദ്രപ്രസാദിന്‍റെ ശ്രദ്ധ മുഴുവനും.ചലച്ചിത്രതാരങ്ങള്‍ ആയിരുന്ന മുരളി,ഗോപകുമാര്‍ എന്നിവര്‍ നാട്യഗൃഹത്തിലൂടെ ആണ് അഭിനയരംഗത്ത് എത്തുന്നത് തന്നെ.നാട്യഗൃഹത്തിന് വേണ്ടി നരേന്ദ്രപ്രസാദ് എഴുതിയ നിരവധി നാടകങ്ങളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് സൗപര്‍ണിക എന്ന നാടകമായിരുന്നു.കേരളസാഹിത്യഅക്കാദമിയുടെയും
കേരളസംഗീതനാടകഅക്കാദമിയുടെയും പുരസ്കാരങ്ങള്‍ സൗപര്‍ണിക നേടിയെടുത്തു. നാടകകലയ്ക്ക് വേണ്ടി ഒരു എം.ഫില്‍ കോഴ്സ് ഇന്ത്യയില്‍ ആദ്യമായി മഹാത്മാഗാന്ധി സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ ആരംഭിച്ചത് നരേന്ദ്രപ്രസാദ് ആണ്.
നാടകസാഹിത്യത്തിനും നിരൂപണസാഹിത്യത്തിനും മുതല്‍ക്കൂട്ടായ നിരവധി ലേഖനങ്ങള്‍ നരേന്ദ്രപ്രസാദിന്‍റെ വകയായി നമുക്ക് ലഭിച്ചിട്ടുണ്ട്.
ചില വ്യക്തിബന്ധങ്ങള്‍ക്ക് കീഴടങ്ങി അവിചാരിതമായാണ് നരേന്ദ്രപ്രസാദ് സിനിമാരംഗത്ത് എത്തുന്നത്.ഒരിക്കല്‍ കേട്ടാല്‍ ഏത് ആള്‍ക്കൂട്ടത്തിലും തിരിച്ചറിയുന്ന ശബ്ദത്തിന്‍റെ പ്രത്യേകതകൊണ്ട് ആകാം പത്മരാജന്‍ തന്‍റെ ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന സിനിമയിലെ അശരീരി നരേന്ദ്രപ്രസാദിനെ ഏല്‍പ്പിച്ചത്.തുടര്‍ന്ന് വൈശാലിയിലെ ബാബു ആന്‍റണി,ചിത്രത്തിലെ പൂര്‍ണ്ണം വിശ്വനാഥ്‌ എന്നിവര്‍ക്കുവേണ്ടിയും നരേന്ദ്രപ്രസാദ് സംസാരിച്ചു.ഏറ്റവും അടുത്ത സുഹൃത്ത് ശ്യാമപ്രസാദ്‌ പെരുവഴിയിലെ കരിയിലകള്‍ എന്ന എന്‍.മോഹനന്‍റെ ചെറുകഥ ടെലിഫിലിം ആക്കിയപ്പോള്‍ അതില്‍ അഭിനയിക്കാന്‍ നരേന്ദ്രപ്രസാദിനോട് ആവിശ്യപ്പെട്ടു.വ്യക്തിബന്ധത്തിന്‍റെ പേരില്‍ അത് നിഷേധിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.തുടര്‍ന്ന് അസ്ഥികള്‍ പൂക്കുന്നു എന്ന സിനിമക്ക് തിരക്കഥയും സംഭാഷണവും എഴുതുകയും അതില്‍ ഒരു വേഷം അഭിനയിക്കുകയും ചെയ്തുകൊണ്ട് നരേന്ദ്രപ്രസാദ് വെള്ളിത്തിരയുടെ വലിയ ലോകത്തേക്ക് എത്തി.ഷാജി കൈലാസ് സംവിധാനം ചെയ്ത തലസ്ഥാനം സിനിമയിലെ ജി.പരമേശ്വരന്‍ എന്ന വേഷം നരേന്ദ്രപ്രസാദിന് കച്ചവടമൂല്യമുള്ള ഒരു താരമേല്‍വിലാസം നേടിക്കൊടുത്തു.തുടര്‍ന്ന് നിരവധി സിനിമകളില്‍ വ്യത്യസ്തമായ വേഷങ്ങള്‍.പലതിലും നരേന്ദ്രപ്രസാദിന് മാത്രം ശീലമുള്ള ശബ്ദ-നടന മര്‍മ്മം.
സിനിമയില്‍ സജ്ജീവമായിരുന്ന കാലത്തുപോലും നാടകം തന്നെയാണ് തനിക്ക് ജീവന്‍ എന്ന് തുറന്നു പറയാന്‍ നരേന്ദ്രപ്രസാദ് മടിച്ചില്ല.സാമ്പത്തികഗുണം ഉള്ള ഒരു തൊഴിലായി മാത്രമാണ് സിനിമയെ നരേന്ദ്രപ്രസാദ് വിലയിരുത്തിയത്.

ചെറുപ്പം മുതല്‍ നാടകം മനസ്സിലിട്ട് കൊണ്ടുനടന്ന എന്നെപ്പോലുള്ള നിരവധി പേര്‍ക്ക് നാടകത്തെ സ്നേഹിച്ച ഈ വലിയ മനുഷ്യന്‍റെ സ്നേഹവും വാത്സല്യവും അനുഭവിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്.
ആ സ്മരണകള്‍ക്ക് മുന്നില്‍ ഒരു പൂ വെച്ച് തൊഴുന്നു.

എം.എസ്.വിനോദ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍