എന്താണ് ഇവിടെ എന്‍റെ മുഖം.....?-എം.എസ്.വിനോദ്.
ഒരാളില്‍ തന്നെ അറിഞ്ഞും അറിയാതെയും ഒത്തിരിപ്പേര്‍ അല്ലെങ്കില്‍ അയാളുടെതന്നെ ഒത്തിരി വ്യത്യസ്ത ഭാവങ്ങള്‍ അടയിരിക്കുന്നുണ്ട് എന്നത് മനശാസ്ത്രപരമായ ഒരു വ്യാഖ്യാനമാണ്.എന്നെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തീര്‍ച്ചയായും എന്നിലും ഉണ്ടാകാം അങ്ങനെ മറ്റൊരാള്‍.അതുകൊണ്ടുതന്നെ ഫെയ്സ് ബുക്ക് എന്ന പ്ലാറ്റ്ഫോമിലെ എന്‍റെ മുഖം തേടുമ്പോള്‍ അതിന് മുന്‍പ് ഞാന്‍ പലതവണ കുഴിച്ചുമൂടിയ എന്നിലെ പലതരത്തിലുള്ള ഞാനും അതില്‍ ഉണ്ടാകും എന്ന് വ്യക്തം.
ലോകത്തെമുഴുവനും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ പല തത്വശാസ്ത്രങ്ങളും പല മീഡിയകളും ഓരോ കാലങ്ങളിലും ശ്രമിച്ചിട്ടുണ്ട്.അതില്‍ ഒരുപരിധിവരെ വിജയിച്ചത് ഫേസ് ബുക്ക് ആണെന്ന് തോന്നുന്നു.ഞാനും പലരെയും പോലെ ഇവിടെ എത്തിച്ചേര്‍ന്നത്തിന്‍റെ പിന്നില്‍ ഒരു കഥയുണ്ട്.ആ കഥയ്ക്ക് പശ്ചാത്തലം സത്യത്തില്‍ ഫേസ്ബുക്കിന് പുറത്തുള്ള ഞാന്‍ ആണ്.
ഏഴാമത്തെ വയസ്സില്‍ ദേശാഭിമാനി ബാലജനസഖ്യത്തിന്‍റെ വേദിയിലെ നാടകത്തില്‍ ഒരു പെണ്‍വേഷം കെട്ടി ആദ്യമായി വേദിയില്‍ എത്തിയതാണ് എന്‍റെ ഓര്‍മ്മയിലെ ആദ്യത്തെ പ്ലാറ്റ്ഫോം.പിന്നെ എത്രയോ വേദികള്‍.... വേഷങ്ങള്‍.....അന്നുമുതല്‍ നാടകവും സാഹിത്യവും ആയിരുന്നു മനസ്സില്‍.എന്‍റെ ഗ്രാമത്തിലെ മാമ്പുകുളങ്ങര വായനശാലയില്‍ ആദ്യത്തെ വായന.വിദ്യാഭ്യാസം തിരുവനന്തപുരത്തായപ്പോള്‍ അവിടെ പട്ടം പബ്ലിക് ലൈബ്രറി സ്ഥിരം താവളമായി. പത്താംക്ലാസ് വരെ നാടകം വിട്ടില്ല.സ്കൂള്‍ നിലവാരത്തില്‍ സംസ്ഥാനതലം വരെ കണ്ടു.ആദ്യത്തെ പ്രതിഫലം നാടകം അഭിനയിച്ചാണ് കിട്ടിയത്.പതിനാറാം വയസില്‍ ഒരു പതിനെട്ട് രൂപ അന്‍പത് പൈസ.അത് തന്നത് ഇപ്പോള്‍ ഓച്ചിറ സരിഗ എന്ന പ്രശസ്ത നാടകസമതിയുടെ ഉടമസ്ഥനായ സുബൈര്‍ഖാന്‍ എന്ന ആളാണ്.അന്ന് ഞാന്‍ ഒരു നല്ല നടനായിരുന്നു.ഇന്നും ഞാന്‍ ഒരു നല്ല നടനാണ് എന്ന് ഇവിടെ ചിലരെങ്കിലും പറയും.
സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് കായംകുളം എം.എസ്.എം.കോളജില്‍ എത്തിയപ്പോള്‍ ക്യാമ്പസിന്‍റെ സ്വാതന്ത്യം എന്‍റെ വായനയിലും പ്രവര്‍ത്തനത്തിലും പ്രതിഫലിച്ചു.ഓര്‍മ്മയില്‍ വരുന്നത് പ്രീഡിഗ്രിയുടെ ആദ്യത്തെ വര്‍ഷം കോളജില്‍ എന്‍റെ നേതൃത്വത്തില്‍ തുടങ്ങിയ ഒരു ചുവര്‍പത്രം ആണ്.മുഖം എന്നായിരുന്നു അതിന്‍റെ പേര്.നീലാംബരിയുടെ പോസ്റ്റിന്‍റെ പേരും എന്‍റെ മുഖം എന്നായത് ആകസ്മികമായിരിക്കാം.അന്ന് അതിന് എന്നോടൊപ്പം നിന്ന പലരും ഇപ്പോള്‍ നീലാംബരിയിലും ഉണ്ട്.
ചുവര്‍പ്പത്രം രണ്ടാം ലക്കം പ്രസിദ്ധീകരിച്ചപ്പോള്‍ അന്നത്തെ പ്രിന്‍സിപ്പല്‍ അഹമ്മദ് ബഷീര്‍ സര്‍ ഓഫീസില്‍ വിളിപ്പിച്ചു.''എന്താ ചുവര്‍പ്പത്രമൊക്കെ തുടങ്ങിയോ കാമ്പസില്‍......നീ നക്സലൈറ്റാണോ......''അന്നുവരെ മാര്‍ക്സിസം-ലെനിനിസം എന്താണെന്ന് അറിയാത്ത ഞാന്‍ സത്യത്തില്‍ ''പകച്ചുനിന്നുപോയി.'' ഊരിക്കിടക്കുന്ന എന്‍റെ ഷര്‍ട്ടിന്‍റെ മുകളിലത്തെ ബട്ടന്‍ അഹമ്മദ് സര്‍ തന്നെ അന്ന് ഇട്ടുതന്നു.ഇനി മേലാല്‍ ഇത് ആവര്‍ത്തിക്കരുത് എന്ന ഉപദേശവും.പിന്നെ ഒരിക്കലും ഞാന്‍ ആ ബട്ടന്‍സ് ഇടാതിരുന്നിട്ടില്ല.
എന്നാല്‍ തൊട്ടടുത്ത ദിവസം ചെന്നുവീണത് രാഷ്ട്രീയത്തില്‍.ആണ്‍കുട്ടികളായ വിദ്യാര്‍ഥികളോട് അവഗണന കാണിക്കുന്ന ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്‍റ് മേധാവി മാത്തുക്കുട്ടിസാറിന് എതിരായി ആയിരുന്നു ആദ്യത്തെ സമരം.ഫിസിക്സ് ലാബില്‍ സാറിനെ ഘരാവോ ചെയ്തു സമരം വിജയിപ്പിച്ചപ്പോള്‍ ചിലര്‍ വിളിച്ച പേരാണ് ഗുരുത്വദോഷി.ആ വിളിയും മറ്റുചിലര്‍ ഇവിടെയും ചിലപ്പോള്‍ വിളിക്കാറുണ്ട്.
ഘരാവോ ചെയ്ത് തോല്‍പ്പിച്ച മാത്തുക്കുട്ടി സാര്‍ പിന്നീട് അടുത്ത സുഹൃത്തായി.കൂടുതല്‍ അറിഞ്ഞപ്പോള്‍ അദ്ദേഹത്തോട് ആരാധനയായി.ജന്മനാ നടക്കാന്‍ അല്പം സ്വാധീനക്കുറവുള്ള ഒരു സ്ത്രീ ആയിരുന്നു അദ്ദേഹത്തിന്‍റെ ഭാര്യ.ഞാന്‍ അദ്ദേഹത്തിന്‍റെ കുടുംബസുഹൃത്തായി.പ്രീഡിഗ്രി ബോര്‍ഡ് സമരം കേരളത്തിലെ കാമ്പസുകളില്‍ കത്തിക്കയറി നിന്ന കാലം.കഴിയുംവിധം ഞാനും അത് കത്തിക്കാന്‍ കൂട്ടുനിന്നു.കെ.എച്ച്.ബാബുജാന്‍,സി.എസ്.സുജാത,കെ.കെ.രാജീവ്-സീരിയല്‍ സംവിധായകന്‍ എന്നിവരും അടുത്ത കാമ്പസിലെ അനില്‍ പനച്ചൂരാനും-കവി-ഒക്കെ അന്നത്തെ കാമ്പസിലെ താരങ്ങള്‍ ആയിരുന്നു.പ്രീഡിഗ്രീ ആദ്യവര്‍ഷത്തെ കോളജ് മാഗസിനില്‍ ഒരു ''നാണം കുണുങ്ങിയുടെ പ്രണയകഥ''എന്ന എന്‍റെ ആദ്യകഥ അച്ചടിച്ച് വന്നതോടെ ഞാനും ഒരു ചെറിയ താരമായി. പ്രീഡിഗ്രി ബോര്‍ഡ് സമരം വിജയിച്ച സന്തോഷം ആഘോഷിക്കാന്‍ കാമ്പസില്‍ എത്തിയ ഞങ്ങള്‍ കൊടിമരത്തിലെ കറുത്ത കൊടി കണ്ടു അമ്പരന്നു.മാത്തുക്കുട്ടി സര്‍ ഒരു ബസ് അപകടത്തില്‍ മരിച്ചു എന്നതായിരുന്നു കേട്ട വാര്‍ത്ത.ആദ്യമായി എന്‍റെ കണ്ണുനീര്‍ കാമ്പസില്‍ വീണു.
''നീര്‍ക്കോലികള്‍ക്ക് ഒരു സംഘഗാനം'' എന്ന കഥ അച്ചടിച്ച് വന്നപ്പോള്‍ അന്ന് ഞാന്‍ എന്‍റെ മേഖല കഥയെഴുതാണ് എന്ന് തീരുമാനിച്ചു.എന്നാലും നാടകവും രാഷ്ട്രീയവും വിട്ടില്ല.മാത്തുകുട്ടി സര്‍ പ്രവചിച്ചപോലെ നേതാവും ആയി.ഒരു കൊടിയും കൂടെ നാലുപേരുമായി മാവേലിക്കര നഗരത്തിലൂടെ പെരുമഴയത്ത് മുദ്രാവാക്യം വിളിച്ച് നടന്നുപോകുന്ന എന്‍റെ ഒരു പഴയ ചിത്രം അന്നത്തെപോലെ ഇന്നും ഓര്‍ക്കുന്നു എന്ന് ഒരു സുഹൃത്ത് കഴിഞ്ഞ ദിവസവും പറഞ്ഞു.അന്ന് ഞാന്‍ വിളിച്ച മുദ്രാവാക്യം ഞാന്‍ മറന്നിട്ടും അവന്‍ മറന്നില്ല.
''ഈ മഴ പെരുമഴയാകട്ടെ.....ഈ കാറ്റ് കൊടുംകാറ്റാകട്ടെ.....കടപുഴകട്ടെ കറുത്ത ശക്തികള്‍ ഇന്ത്യ പുനര്‍ജ്ജനി നേടട്ടെ......''
മുപ്പത് വര്‍ഷം മുന്‍പ് ആണ് അത്.ഇപ്പോഴും അതുതന്നെ പലരും വിളിക്കുന്നു.ഒരു മാറ്റവും ഇല്ല.അന്ന് ഒപ്പമുണ്ടായിരുന്നവര്‍ പലരും മന്ത്രിമാരാണ്.രാഷ്ട്രീയത്തിലെ മഴക്കാലം കൂടുതല്‍ കാലം നിന്നില്ല.പെരുമഴയില്‍ കത്തിനിന്ന കാലത്തുതന്നെ പൂര്‍ണ്ണമായും കൊടിയിലെ പിടി വിട്ടു.പിന്നെ നാടകവും ചെറുകഥയും മാത്രമായി.ജനയുഗം പത്രത്തിലെ തോപ്പില്‍ ഗോപാലകൃഷ്ണന്‍,മാസികയുടെ തിരുനലൂര്‍ കരുണാകരന്‍ എന്നിവര്‍ എല്ലാ പ്രോത്സാഹനവും തന്നു.ഏതാണ്ട് 50 ല്‍ അധികം കഥകള്‍ വിവിധ പ്രസിദ്ധീകരങ്ങളില്‍ എഴുതി.കേരളകൗമുദിയുടെ കഥ എന്ന മാസികയില്‍ വന്ന ഒരു കഥയ്ക്ക് 30 വര്‍ഷം മുന്‍പ് ലഭിച്ച അന്‍പതുരൂപ പ്രതിഫലത്തുകയുടെ ചെക്ക് വര്‍ഷങ്ങളോളം കയ്യില്‍ത്തന്നെ സൂക്ഷിച്ചു.ചെക്ക് മാറാന്‍ ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്നില്ല അന്ന്.നീ കഥയെഴുത്ത് നിര്‍ത്തിയാല്‍ അതോടെ തീരും നിന്‍റെ സാഹിത്യപ്രവര്‍ത്തനം എന്ന് അന്ന് എന്നെ തോപ്പില്‍ ഗോപാലകൃഷ്ണന്‍ ഉപദേശിച്ചു. ഉപദേശം കേള്‍ക്കുന്ന പ്രായമല്ലല്ലോ അന്ന്.പ്രതിഫലം കൂടുതല്‍ ലഭിക്കും എന്നതുകൊണ്ട് നാടകത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചു.നന്നായി പ്രതിഫലവും വാങ്ങി.ഒരിക്കല്‍ എന്‍റെ ഒരു നാടകം ചിട്ടപ്പെടുത്താന്‍ എത്തിയ ബെന്നി.പി.നായരമ്പലം-ഇന്നത്തെ തിരക്കഥാകൃത്ത്-വിനോദ് നാടകം എങ്കിലും വിടരുത് ഒരിക്കലും എന്ന് ഉപദേശിച്ചു. ചലച്ചിത്രതാരം എം.ജി.സോമനുമായുള്ള അടുപ്പം സിനിമയുടെ വാതായനങ്ങള്‍ തുറന്നു. പ്രതീക്ഷയോടെ അവിടേക്ക് ചുവടുവെച്ചപ്പോള്‍ അച്ഛന്റെ സ്നേഹവും നിയന്ത്രണവും മുറുക്കി വരിഞ്ഞു.ഒറ്റദിവസംകൊണ്ട് എല്ലാം അവസാനിപ്പിച്ച് നാഗാലാന്‍ഡ് എന്ന നാട്ടിലേക്ക്.അവിടെ അധ്യാപകന്‍റെ വേഷം.ചുരുങ്ങിയ കാലംകൊണ്ട് അതില്‍ മിടുക്കനായി.ഉടന്‍ സ്ഥാനക്കയറ്റം പ്രധാന അധ്യാപകനായി ആസാമിലേക്ക്.അവിടെ കേര്‍ബികുന്നുകളുടെ ഉദയവും നമ്പര്‍ നദിയിലെ അസ്തമയവും കണ്ട് കുറെക്കാലം പിന്നെ ഞാന്‍ നാടുകണ്ടില്ല.ഇന്ത്യയില്‍ കശ്മീര്‍ ഒഴിച്ചുള്ള വിവിധ സംസ്ഥാനങ്ങളില്‍ പല മുഖങ്ങള്‍...പല വേഷങ്ങള്‍...ഇതിനിടയില്‍ വിവാഹവും കുടുംബവും.....ഓട്ടത്തിന്റെ ഒടുവില്‍ മദ്രാസില്‍ വന്നപ്പോള്‍ അവിടെ നിന്നു.നീണ്ട പത്ത് വര്‍ഷങ്ങള്‍ അവിടെ മാത്രം.തമിഴ് എഴുതാനും വായിക്കാനും പഠിച്ചു.ഒരു ഒറിജിനല്‍ തമിഴനായി.ഒന്നാം തമിഴന്‍ എന്ന പേരില്‍ അവിടുത്തെ ഒരു പ്രാദേശികമാസികയില്‍ കരുണാനിധിയെക്കുറിച്ച് ഒരു ലേഖനം എഴുതിയതാണ് അതിനിടയില്‍ സംഭവിച്ച ഒരേയൊരു എഴുത്ത്.കുടുംബപരമായ ചില കാരണങ്ങളാല്‍ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി.സ്വന്തം നാട്ടില്‍ ഞാന്‍ പൂര്‍ണ്ണമായും അന്യനായി മാറിയിരുന്നു. എസ്.കെ.പൊറ്റക്കാടിന്‍റെ ഒരു ദേശത്തിന്‍റെ കഥയിലെ നായകന്‍ ശ്രീധരനെപ്പോലെ എന്‍റെ നാടിന്‍റെ പുതിയ തലമുറയ്ക്ക് മുന്നില്‍ തികച്ചും അപരിചിതനായി ഞാന്‍ നിന്നു.ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്ന സ്ഥാപനത്തില്‍ ഭരണനിര്‍വ്വഹണമേഖലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പിന്നെ വീണ്ടും തിരക്ക്.ദിവസം പലപ്പോഴും പതിനെട്ട് മണിക്കൂര്‍ ജോലിയും യാത്രകളും.എനിക്ക് എന്നെത്തന്നെ അറിയാനും കാണാനും കഴിയാത്ത വിധം ജോലിയും കുടുംബവുമായി കഴിയുമ്പോള്‍ ആണ് ഹരികുമാര്‍ പുതുശ്ശേരി എന്നോട് ഒരു ഫേസ് ബുക്ക് അക്കൗണ്ട് തുടങ്ങാന്‍ നിര്‍ദ്ദേശിച്ചത്. എന്നിലെ അന്തര്‍മുഖത്വം എന്നേക്കാള്‍ അന്തര്‍മുഖനായ ഹരിച്ചേട്ടന്‍ നന്നായി മനസിലാക്കിയിരുന്നു.
അന്നുവരെ കേട്ടറിഞ്ഞ കാര്യങ്ങള്‍ വെച്ചുകൊണ്ട് ഈ മാധ്യമത്തോട് എനിക്ക് ഒട്ടും മതിപ്പില്ലായിരുന്നു എന്ന് മാത്രമല്ല അല്പം പുച്ഛവും ഉണ്ടായിരുന്നു.എന്‍റെ സുഹൃത്തുക്കള്‍ പലരും എന്നോടൊപ്പം ഉള്ള സെല്‍ഫി പോസ്റ്റ് ചെയ്ത് എന്നെ കൊണ്ടുവന്നു കാണിച്ചിരുന്നു. അതൊന്നും എനിക്ക് അത്ര സുഖകരമായും തോന്നിയില്ല.എന്‍റെ നിലപാട് മാറ്റാനും ഞാന്‍ തയാറായില്ല.എന്നാല്‍ എന്‍റെ വിയോജിപ്പ് മറികടന്നു എന്‍റെ പേരില്‍ ഒരു ഫേസ്ബുക്ക് പ്രൊഫൈല്‍ ആദ്യം നിര്‍മ്മിച്ചത് ഹരിച്ചേട്ടന്‍ ആണ്.2014 ല്‍ ആയിരുന്നു അത്.തുടക്കത്തില്‍ കുറേക്കാലം ഞാന്‍ എന്‍റെ ഈ മുഖത്തേക്ക് തിരിഞ്ഞുപോലും നോക്കിയില്ല.ലോകത്തിന്‍റെ ഭിത്തിയില്‍ ഒട്ടിച്ചുവെച്ച എന്‍റെ ഈ മുഖം സത്യത്തില്‍ അല്പം ഭയത്തോടെയാണ് ഞാന്‍ വീക്ഷിച്ചത്.പിന്നീട് പല സാങ്കേതിക വശങ്ങളും പരിചയപ്പെടുത്തിയതും പ്രോത്സാഹിപ്പിച്ചതും ഹരിച്ചേട്ടന്‍ ആണ്.ചേട്ടന്റെ നിയന്ത്രണത്തില്‍ ഉള്ള വഴിയമ്പലം എന്ന ഗ്രൂപ്പില്‍ ചെന്നുകയറുമ്പോള്‍ എനിക്കുതന്നെ ഈ വഴി അത്ര നിശ്ചയം ഇല്ലായിരുന്നു.എന്തെങ്കിലും ഒന്ന് നീ എഴുതണം എന്ന് നിര്‍ബന്ധിച്ചതും ഹരിച്ചേട്ടന്‍ ആണ്.എഴുത്തിന്‍റെ രസതന്ത്രം മറന്നുപോയ ഞാന്‍ എന്ത് എഴുതാന്‍.പിന്നെ എന്തും വരട്ടെ എന്ന് കരുതി ഒരു നാലുവരി എഴുതി നമശിവായ ജപിച്ച് അങ്ങ് തുടങ്ങി.സത്യത്തില്‍ ആദ്യമായി സ്റ്റേജില്‍ കയറുന്ന കുട്ടിയുടെ വിറയല്‍ ആയിരുന്നു ശരീരം മുഴുവന്‍.വിറയല്‍ നില്‍ക്കാന്‍ ഏതാണ്ട് ഒരു വര്‍ഷം എടുത്തു.
ഒരു ഫേസ് ബുക്ക് അക്കൗണ്ട് എടുത്ത് ഒരു വര്‍ഷം കഴിഞ്ഞാണ് ഈ നാല് വരി എഴുതിയത്. പിന്നെയും രണ്ട് വര്‍ഷം ഞാന്‍ വല്ലപ്പോഴും വന്നുപോകുന്ന ഒരു അതിഥി മാത്രമായിരുന്നു.ആ കാലത്ത് വായനയും അഭിപ്രായങ്ങളും മാത്രം രേഖപ്പെടുത്തി പതുക്കെ പരിശീലിച്ചു.കമ്പ്യൂട്ടറില്‍ മാത്രമേ ഫേസ് ബുക്ക് ഉപയോഗിക്കാന്‍ അറിയൂ എന്നത് എന്‍റെ വലിയ ഒരു കുറവായിരുന്നു.അത് ഹരിച്ചേട്ടനില്‍ നിന്നും പകര്‍ന്നുകിട്ടിയ ഒരു ന്യൂനതയായിരുന്നു.ചേട്ടനും മൊബൈലില്‍ ഫേസ് ബുക്ക് പ്രവര്‍ത്തിപ്പിക്കാന്‍ താല്പര്യം ഇല്ലാത്ത ആളായിരുന്നു.എന്നിലെ എന്നെ ഈ മാധ്യമത്തില്‍ നിര്‍മ്മിച്ചതും രൂപപ്പെടുത്തിയതും ഹരിച്ചേട്ടനും വഴിയമ്പലം എന്ന സാഹിത്യഗ്രൂപ്പും ആണ്.
അങ്ങനെ ചെറിയ സാന്നിദ്ധ്യമായി നില്‍ക്കുന്ന കാലത്താണ് 2017 ല്‍ ഒരു വിഷുക്കാലത്ത് ഞാന്‍ ഒരു ശാരീരിക അസ്വസ്ഥതയുടെ പേരില്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആകുന്നത്.വിശദമായ പരിശോദനയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ചെറിയ ഒരു അപകടത്തില്‍ പരിക്ക് പറ്റിയ ഒരു നട്ടെല്ലാണ് വില്ലന്‍ എന്ന് മനസിലായി. അതുകൊണ്ടാണ് ''നട്ടെല്ലില്ലാത്ത അഡ്മിന്‍'' എന്ന് ചില കവികളും സാഹിത്യകാരന്മാരും എന്നെ സംബോധന ചെയ്യുന്നത്.അവര്‍ പറയുന്ന ഈ നട്ടെല്ലിന് അവര്‍ കരുതുന്നപോലെ ഒരു പ്രാധാന്യവും ഇല്ല എന്ന് ഞാന്‍ പിന്നീട് തെളിയിച്ചുകൊടുത്തു.
അന്ന് ഡോക്ടര്‍ ചിരിച്ചുകൊണ്ടുതന്നെ എന്നോട് പറഞ്ഞു ''വിനോദ് നിങ്ങള്‍ക്ക് ഇനി നടക്കാന്‍ കഴിയില്ല......'അടിയന്തിരമായി ഒരു ശസ്ത്രക്രിയ വേണം.നട്ടെല്ലിന്റെ പരിക്ക് നിങ്ങളുടെ ഞരമ്പുകളെ ബാധിച്ചിട്ടുണ്ട്.ഇങ്ങനെ പോയാല്‍ നിങ്ങള്‍ കിടന്നുപോകും.......''
ശസ്ത്രക്രിയക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി.ചെന്നൈയിലെ പ്രശസ്തമായ ഒരു അസ്ഥിരോഗചികിത്സാകേന്ദ്രവുമായി ബന്ധുക്കളും സുഹൃത്തുക്കളും പ്രാഥമിക ചര്‍ച്ചകള്‍ നടത്തി.പുറപ്പെടാനുള്ള തീയതിയും തീരുമാനിച്ചു.എന്തുകൊണ്ടോ എന്‍റെ മനസ്സ് അതിന് പാകപ്പെട്ടില്ല.യാത്ര മാറ്റിവെച്ച് ഞാന്‍ ഒരു സെക്കന്‍റ് ഒപ്പീനിയന്‍ എന്ന നിലയില്‍ ആയുര്‍വേദചികിത്സയ്ക്കായി അവധിയെടുത്ത് ഒരു ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയി. ഉദയാസ്തമയങ്ങള്‍ കാണാത്ത ഒന്നര മാസം.തുടര്‍ന്ന് വീട്ടിലെത്തിയ ഞാന്‍ കിടക്കയില്‍ നീണ്ട വിശ്രമം.അത് എന്‍റെ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായി.ജനക്കൂട്ടത്തില്‍ നിന്നും ഒരു സുപ്രഭാതത്തില്‍ ഇരുട്ടിലേക്ക് വീണ ഞാന്‍ സ്വയം എന്നെ വിലയിരുത്താന്‍ ആരംഭിച്ചു.തികച്ചും ഒറ്റപ്പെട്ടുപോയ എന്‍റെ മനസിന്‍റെ നില ആദ്യം തിരിച്ചറിഞ്ഞതും ഹരിച്ചേട്ടന്‍ ആണ്.പുസ്തകവും വായനയും വീണ്ടും കൂട്ടുകാര്‍ ആയി.ഇടയ്ക്ക് എപ്പോഴോ പൊടിതട്ടിയെടുത്ത പ്രൊഫൈല്‍ വഴിയമ്പലം എന്ന ഗ്രൂപ്പില്‍ സജീവമായി.എന്നാല്‍ ഞാന്‍ തൃപ്തന്‍ ആയിരുന്നില്ല.കുറച്ചുകൂടി വലിയ ഒരു പ്ലാറ്റ്ഫോം ഞാന്‍ കൊതിച്ചു.എന്‍റെ മനസ്സ് മനസിലാക്കിക്കൊണ്ട് പിന്തുണ നല്‍കിയത് ഹരിച്ചേട്ടന്‍ ആണ്.സ്നേഹത്തോടെ ഞാന്‍ വഴിയമ്പലം വിട്ട് ഇറങ്ങിനടന്നു.അങ്ങനെ നടന്നുവന്നുകയറിയത് ഈ നീലാംബരിയിലാണ്. 2017 ജൂലൈ 7 വൈകുന്നേരം 7 മണി.അന്നുമുതല്‍ എന്‍റെ മുഖം നീലാംബരിയുടെ മുഖമായി മാറുകയായിരുന്നു.ഞാന്‍ ഒറ്റയ്ക്കല്ല എന്ന തോന്നല്‍ നീലാംബരി എന്നില്‍ ഉണ്ടാക്കി. അന്നുവരെയുള്ള സാഹിത്യക്കൂട്ടായ്മകളുടെ ചരിത്രത്തിന്‍റെ നാള്‍വഴികള്‍ നീലാംബരി തിരുത്തി.കടന്നുവന്ന ഓരോ സൗഹൃദങ്ങളില്‍ നിന്നും ഊര്‍ജ്ജം ഞാന്‍ സ്വീകരിച്ചു.ഒരടിപോലും നടക്കാന്‍ കഴിയാതിരുന്ന ഞാന്‍ ആറാമത്തെ മാസം നടന്നുതുടങ്ങി.തൊട്ടടുത്ത മാസം സ്വയം കാര്‍ ഓടിച്ച് പോയി ആദ്യത്തെ പൊതുപരിപാടിയില്‍ പങ്കെടുത്തു.അന്നുതുടങ്ങിയ ഓട്ടം ഇന്നും തുടരുന്നു......
ഇതാണ് എന്‍റെ മുഖം എന്ന് നിങ്ങള്‍ ബോധ്യപ്പെടാന്‍ മാത്രമാണ് ഇത്രയും വിശദമായ വിവരണം വേണ്ടിവന്നത്.മുഖപുസ്തകം എന്ന മാധ്യമത്തെ ഞാന്‍ ഗുണകരമായി തന്നെ ഉപയോഗിച്ചു.എനിക്ക് നീലാംബരി വിട്ട് ഒരു ലോകം ഉണ്ടായിരുന്നില്ല.എന്‍റെ ഒരു ജന്മം പൂര്‍ത്തിയാക്കുന്നതില്‍ നീലാംബരിയിലെ ഓരോ അംഗങ്ങളും അവരവരുടെ പങ്ക് നിര്‍വഹിച്ചിട്ടുണ്ട്.അത് അവര്‍ അറിയുന്നില്ല എന്ന് മാത്രം.
ചില സന്തോഷങ്ങള്‍ പങ്കുവെക്കാതെ പറ്റില്ല.ഫേസ് ബുക്ക് കൂട്ടായ്മകളില്‍ എനിക്ക് ആദ്യത്തെ ആദരവ് തന്നത് താളിയോല എന്ന കൂട്ടായ്മയാണ്.അവര്‍തന്നെ അത് ഓര്‍ക്കുന്നുണ്ടാകുമോ എന്ന് എനിക്ക് അറിയില്ല.അവരോടുള്ള സ്നേഹം എനിക്ക് എന്നും ഉണ്ട്.പ്രിയപ്പെട്ട മറ്റൊരു ഗ്രൂപ്പ് കോപ്പറേറ്റിവ് ഔട്ട് ലുക്ക് ആണ്.ഒരു വലിയ മൗനത്തില്‍ നിന്നും എന്നെ പൊതുവേദിയില്‍ ആദ്യമായി എത്തിച്ചത്,ഒരിക്കലും അച്ചടിമഷിയുടെ മണം മത്തുപിടിപ്പിക്കാത്ത എന്നെക്കൊണ്ട് വീണ്ടും എഴുതിച്ചത് എല്ലാം അതിന്‍റെ സംഘാടകരായ ശ്രീ.സാബു.പി.എച്ച്.ഹരിദാസും ശ്രീമതി.ചാന്ദിനി കൃഷ്ണകുമാറും ആണ്.അതും അവര്‍ അറിഞ്ഞിട്ടുണ്ടാകും എന്ന് തോന്നുന്നില്ല.മറ്റൊരു സ്നേഹമുള്ള കൂട്ടായ്മ കനല്‍ എന്ന സാഹിത്യഗ്രൂപ്പ് ആണ്.അതിനും അവര്‍ക്കുപോലും അജ്ഞാതമായ ഒരു കാരണം ഉണ്ട്.വഴിയമ്പലം,അഭിരാമം എന്നിവയില്‍ ഇപ്പോഴും അംഗം ആണെങ്കിലും വല്ലപ്പോഴും ഒന്ന് പോകാന്‍ പോലും സമയം കിട്ടുന്നില്ല എന്ന വേദന ഉണ്ട്.ഹരിച്ചേട്ടനോടുള്ള വൈകാരികബന്ധം അദ്ദേഹം തുടങ്ങിവെച്ച മുഖപുസ്തകം എന്ന കൂട്ടായ്മയുടെ നയങ്ങള്‍ പ്രചരിപ്പിക്കാനും സമയംപോലെ അവരെ സഹായിക്കാനും മാത്രം മാറ്റിവെച്ചിട്ടുണ്ട്.മറ്റൊരു ഗ്രൂപ്പിലും അംഗം അല്ല എന്നാണ് എനിക്ക് തോന്നുന്നത്.
എന്‍റെ നീലാംബരിമുഖം ഇവിടെ അവസാനിക്കുകയാണ്.പലപ്പോഴും പലരും ചൂണ്ടിക്കാണിക്കുന്ന ഒരു പരാതി ഉണ്ട് സാഹിത്യകൂട്ടായ്മയെ സംബന്ധിക്കുന്നത്.ആ പരാതി നീലംബരിക്കും ഉണ്ട്.ചിലരൊക്കെ അത് ചൂണ്ടിക്കാണിച്ചിട്ടും ഉണ്ട്.സാഹിത്യകൂട്ടായ്മകള്‍ ഒരു ഗ്രൂപ്പ് കളിയാണ്.എന്നുവെച്ചാല്‍ ഒരു ടീം കളിക്കുന്ന കളി.ഒരു ടീമിനെ വാര്‍ത്തെടുക്കാന്‍ നീലാംബരിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.ഒരാള്‍ക്ക് എല്ലാഗുണങ്ങളും ഉണ്ടാകണം എന്നില്ല.പക്ഷെ അയാളില്‍ നിരവധി നല്ല ഗുണങ്ങള്‍ ഉണ്ടാകും.ഓരോരുത്തരിലും ഉള്ള നല്ല ഗുണങ്ങള്‍ ഉയര്‍ത്തിയെടുത്ത് കൂട്ടിച്ചേര്‍ത്ത് കൊണ്ടുപോകുന്ന ദൗത്യം നീലാംബരി നന്നായി നിര്‍വഹിച്ചിട്ടുണ്ട്.ഒരാളിന്‍റെ മാത്രം പ്രയത്നം അല്ല അത്.നീലാംബരിയിലെ എണ്ണായിരത്തോളം വരുന്ന അംഗങ്ങള്‍ ഓരോരുത്തരും അവരവരുടെ കടമ നിര്‍വ്വഹിച്ചിട്ടുണ്ട്.നമ്മള്‍ ഓരോരുത്തരും ഓരോ ക്യാപ്റ്റന്മാരാണ്.ഓരോരുത്തരോടും ഒപ്പം പ്രവര്‍ത്തിക്കാന്‍ മറ്റുള്ളവര്‍ തയാറാകുന്ന നിലവാരത്തിലേക്ക് നമ്മള്‍ സ്വയം വളരണം.ഒരു ക്യാപ്റ്റന് ഒരു കളിയിലും എല്ലാ പൊസിഷനിലും നിന്ന് കളിയ്ക്കാന്‍ കഴിയില്ല.അതാണ് എല്ലാവരും ക്യാപ്റ്റന്മാര്‍ ആണെന്ന് പറയാന്‍ കാരണം.പലരെയും അത്ഭുതപ്പെടുത്തുകയും അസൂയപ്പെടുത്തുകയും ചെയ്യുന്ന ടീം ആണ് ഇപ്പോള്‍ നീലാംബരിയ്ക്ക് നേതൃത്വം കൊടുക്കുന്നത്. ശക്തമായ ഒരു നേതൃത്വവും ഊര്‍ജ്ജമുള്ള ഒരുകൂട്ടം സൗഹൃദങ്ങളും ഉണ്ട് എന്നതാണ് നീലാംബരിയെ വ്യത്യസ്തമാക്കുന്നത്. എന്നത്തേയും പോലെ നീലാംബരിയുടെ അതിരുകളില്‍ ഒരു കാവല്‍ക്കാരനായി ഞാന്‍ ഉണ്ടാകും.
ഇവിടെ ഞാന്‍ വേദനിപ്പിച്ചവര്‍ ഉണ്ടാകും...... ഞാന്‍ കാരണം വേദനിച്ചവര്‍ ഉണ്ടാകും.....എന്നെ തെറ്റിദ്ധരിച്ചവരും ഞാന്‍ തെറ്റിദ്ധരിച്ചവരും ഉണ്ടാകും.സത്യത്തില്‍ ഞാന്‍ നീലാംബരിക്ക് ഒന്നും കൊടുത്തിട്ടില്ല.നീലാംബരിയിലെ ഓരോ അംഗങ്ങളില്‍ നിന്നും അവരുടെ ഊര്‍ജ്ജത്തിന്‍റെ ഒരു പങ്ക് കടംവാങ്ങി നടന്നുതുടങ്ങിയവനാണ് ഞാന്‍.ഒരു ജന്മത്തില്‍ തന്നെ ഒത്തിരി ജന്മമെടുത്ത ഒരാള്‍ക്ക് നീലാംബരി നല്‍കിയ ''പുതുമുഖ''മാണ് എന്‍റെ മുഖം.
ഇവള്‍ എന്‍റെ മകളാണ് എന്ന് പറഞ്ഞവര്‍ ഉണ്ട്.നീലാംബരിയുടെ മുക്കും മൂലയും എനിക്ക് സുപരിചിതം.കണ്ണടച്ചാലും കാഴ്ച നഷ്ടമായി ഞാന്‍ അന്ധനായാലും എനിക്ക് എപ്പോഴും നടന്നുകയറാന്‍ കഴിയുന്ന ഒരു താവളമാണ് ഇവിടം.പേരെടുത്ത് പറയാന്‍ നിരവധി പേരുകള്‍ ഉണ്ട്.പേരെടുത്ത് പറഞ്ഞ് ആരെയും ഇനി വേദനിപ്പിക്കുന്നില്ല.എന്‍റെ കൈപിടിച്ചവരും ഞാന്‍ കൈകൊടുത്തവരും ഉണ്ട്.ആരെയും തിരുത്താനോ ഉയര്‍ത്താനോ ഞാന്‍ ശക്തനല്ല എന്ന് എനിക്ക് അറിയാം. കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചിട്ടുണ്ട് എല്ലാവരെയും.
ഒരിക്കല്‍ കായംകുളം മുന്‍സിഫ് കോടതി വളപ്പില്‍ ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ ഒരു പെണ്‍കുട്ടി ഓടിവന്ന്ചോദിച്ചു ''മാഷ് എന്താ ഇവിടെ.....'' ആളറിയാതെ ഞാന്‍ അമ്പരന്നപ്പോള്‍ മറുപടി വന്നു ''ഞാന്‍ നീലാംബരിയില്‍ ഉണ്ട്,എനിക്ക് മാഷിനെ അറിയാം.....''നീലാംബരിയുടെ പേരില്‍ ഞാന്‍ പേരറിയാത്ത നിരവധി പേരുടെ ഹൃദയങ്ങളില്‍ ഉണ്ടെന്ന അറിവ്.അതാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ അവാര്‍ഡ്.മറ്റൊരിക്കല്‍ ഒരു ബന്ധുവിന്‍റെ മരണാനന്തരചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ ഒരാള്‍ വന്ന് നേരിട്ട് സംസാരിച്ചു.നീലംബരിയില്‍ ഉണ്ടല്ലോ വിനോദ് അല്ലെ എന്ന്.....അവര്‍ എന്‍റെ ബന്ധുകൂടി ആണെന്ന് അവര്‍ക്കും എനിക്കും മനസിലായത് അപ്പോള്‍ ആണ്. വിദ്യാര്‍ഥിരാഷ്ട്രീയകാലത്ത് തൃശൂര്‍ സമ്മേളനത്തില്‍ വെച്ച് കണ്ടിട്ടുള്ള ജ്യോതിലക്ഷ്മിയെ വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ തിരിച്ചറിഞ്ഞത്,സ്കൂള്‍ വിദ്യാഭ്യാസകാലത്തെ ആദ്യത്തെ കാമുകിയെ വീണ്ടും കണ്ടത്,ആദ്യം പ്രസിദ്ധീകരിച്ച എന്‍റെ കഥയുടെ ഞാന്‍പോലും മറന്നുപോയ തലക്കെട്ട് എന്നെ ഓര്‍മ്മിപ്പിച്ച ആരാധകനെ എനിക്ക് മടക്കിതന്നത് എല്ലാം ഈ മാധ്യമമാണ്.ബാല്യകാലസുഹൃത്തുക്കള്‍ മുതല്‍ കൈവിട്ടുപോയ ബന്ധങ്ങള്‍ വരെ കൂട്ടിവിളക്കിയത് ഈ പ്ലാറ്റ്ഫോം ആണ്.
ഒത്തിരി സന്തോഷങ്ങള്‍ തന്നപ്പോഴും അതുപോലെ വേദനകളും എനിക്ക് ഈ മാദ്ധ്യമം തന്നു.സന്തോഷങ്ങള്‍ ഞാന്‍ നിങ്ങളോടൊപ്പം പങ്കുവെക്കുന്നു.വേദനകള്‍ ഞാന്‍ ആര്‍ക്കും കൊടുക്കില്ല.അതൊക്കെ എന്‍റെ സ്വകാര്യസമ്പാദ്യങ്ങള്‍ ആണ്.നാളെ എന്‍റെ ഈ മുഖവും മറഞ്ഞുപോയേക്കാം......അപ്പോള്‍ ഇതും ഒരു ചരിത്രമാകും......ചില ചരിത്രങ്ങള്‍ മറവിയാകുമ്പോള്‍ ആ മറവിയുടെ ഭൂതകാലത്തിലേക്ക് വലിച്ചെറിയാന്‍ ഈ മുഖം എന്‍റെ കയ്യില്‍ ഉണ്ടെന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഈ വേദിയില്‍ എന്‍റെ മുഖമഴിക്കാന്‍ അവസരം തന്ന നീലാംബരിയുടെ അഡ്മിന്‍ ടീമിന് സ്നേഹം പകര്‍ന്നുകൊണ്ട് ഇവിടെ....ഇങ്ങനെ.....തിരശ്ശീല.....സ്വന്തം എം.എസ്.വിനോദ്.
0 അഭിപ്രായങ്ങള്‍