Ticker

6/recent/ticker-posts

ജോണ്‍ എബ്രഹാമിനെ അറിയാന്‍

ജോണ്‍ എബ്രഹാമിനെ അറിയാന്‍-അവസാന ഭാഗം.


കഥാസാരം വ്യക്തമാക്കുന്നപോലെ ലളിതമായ ആഖ്യാനം അഗ്രഹാരത്തിലെ കഴുതൈ എന്ന സിനിമക്ക് ജോണ്‍ എബ്രഹാം നല്‍കുന്നുണ്ട്.എങ്കിലും ഈ സിനിമയിലൂടെ ജോണ്‍ ചില സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നുമുണ്ട്.
നഗരത്തില്‍ വെച്ച് പ്രൊഫസര്‍ കണ്ടുമുട്ടുന്ന കഴുതയെ നഗരവാസികള്‍ അത്രയൊന്നും ഗൗരവമായി എടുക്കുന്നില്ല.അത് നഗരജീവിതത്തിന്‍റെ ഒരു പൊതുസ്വഭാവമാണ്. അയല്‍ക്കാരനെ എന്നല്ല അവനവനെപോലും ശ്രദ്ധിക്കാന്‍ കഴിയാതെ വേഗത്തില്‍ ഓടുന്ന നഗരജീവിതചിത്രം ജോണ്‍ ഈ സിനിമയില്‍ ഒന്നോ രണ്ടോ രംഗങ്ങളില്‍ ഒതുക്കുന്നു.എന്നാല്‍ ഈ സംഭവം പരസ്യമാകുന്നത് പ്രൊഫസര്‍ ജോലി ചെയ്യുന്ന കോളജില്‍ ആണ്.കഴുതയെ പ്രൊഫസര്‍ സ്വന്തം വീട്ടില്‍ വളര്‍ത്തുന്ന വിവരം പുറംലോകം അറിയുന്നത് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രകടനത്തിലൂടെയും അവരുടെ പ്രതിഷേധത്തിലൂടെയും ആണ്.കോളേജിന്‍റെ ചുവരുകളില്‍ പ്രൊഫസറുടെയും കഴുതയുടെയും ചിത്രങ്ങള്‍ വിദ്യര്‍ത്ഥികള്‍ വരച്ചു വെക്കുന്നു.എവിടെനിന്നോ കൊണ്ടുവന്ന ഒരു കഴുതയെ മാലയിട്ട് ക്യാമ്പസില്‍ കൊണ്ടുവന്ന് പ്രകടനവും പ്രതിഷേധവും നടത്തുന്നു.അതോടെ നഗരം ഈ വിഷയം ചൂടുള്ള ഒരു വാര്‍ത്തയാക്കി മാറ്റുന്നു.
ഏത് വിഷയവും ആദ്യം ഉന്നയിക്കപ്പെടുന്നതും ചര്‍ച്ചചെയ്യപ്പെടുന്നതും ക്യാമ്പസുകളില്‍ ആണ് എന്ന അന്നത്തെ രാഷ്ട്രീയസത്യം ജോണ്‍ ഈ സിനിമയില്‍ തുറന്നു കാണിക്കുന്നു.ആ അവസ്ഥയ്ക്ക് ഇന്നും വലിയ മാറ്റം ഇല്ല എന്നത് ഓര്‍ക്കണം.ഒരു തരത്തിലും വിദ്യര്‍ത്ഥികളെ ബാധിക്കാത്ത പ്രശ്നങ്ങള്‍ പോലും തലയിലെടുത്ത് അത് സങ്കീര്‍ണ്ണമാക്കി, വിദ്യര്‍ത്ഥിസമൂഹത്തെ അതില്‍ ഇരയാക്കുന്ന ചില വഴക്കങ്ങള്‍ക്ക് എതിരാണ് ജോണ്‍ എബ്രഹാം എന്ന് നമുക്ക് തോന്നിപ്പിക്കുന്നു ഇത്.
നഗരത്തില്‍ നിന്നും ഗ്രാമത്തില്‍ എത്തുന്ന കഴുതയോടും പ്രൊഫസറോടും ഗ്രാമവാസികളുടെ സമീപനം നഗരത്തിന്‍റെതില്‍ നിന്നും വ്യത്യസ്തമാണ്.അവര്‍ അത് വളരെ വേഗത്തില്‍ ചര്‍ച്ച ചെയ്യുന്നു.കഴുതയോട് തുടക്കം മുതല്‍ അഗ്രഹാരം വെച്ചുപുലര്‍ത്തുന്നത് മുന്‍വിധിയോടെയുള്ള ഒരു സംശയം ആണ്.സത്യങ്ങളെ സമ്മതിച്ചുകൊടുക്കാനും എന്നാല്‍ സംശയങ്ങളെ വിധി എന്ന് പഴിക്കാനുമുള്ള വൈഭവമാണ് ഗ്രാമത്തിന്‍റെ നന്മ എന്ന ആപ്തവാക്യത്തെ പരിഹസിക്കുകയാണ് ജോണ്‍.
കഴുത എന്ന കഥാപാത്രത്തിനും ഈ സിനിമയ്ക്കും വ്യാഖ്യാനിക്കാവുന്ന പല അര്‍ത്ഥതലങ്ങള്‍ ഉണ്ട്.കഴുത എന്നാല്‍ പൊതുജനം എന്ന പരമ്പരാഗതബിംബധാരണ ജോണ്‍ പൊളിച്ചെഴുതി.കഴുതയെ ഒരു ബൈബിള്‍ പ്രതീകമായി ജോണ്‍ എബ്രഹാം കണ്ടപ്പോള്‍ ബ്രാഹ്മണമതത്തിലെ ചില അന്ധവിശ്വാസമായി തിരക്കഥാകൃത്ത് കണ്ടു.അത് ഒരു പുതിയ ദര്‍ശനത്തിന്‍റെയോ സമൂഹത്തില്‍ വരുത്തേണ്ട മാറ്റത്തിന്‍റെയോ പ്രതീകമായി കണ്ടവരും ഉണ്ട്.എന്നാല്‍ ഒരു മതത്തിന്‍റെ,അത് ഏത് മതം ആയാലും അധ:പതനസൂചകമായ ഒരു മുഖം കൂടി ഈ സിനിമ നമുക്ക് കാണിച്ചു തരുന്നു.അതുകൊണ്ടാകാം ഈ സിനിമയെ എതിര്‍ക്കാന്‍ മുഴുവന്‍ മതങ്ങളും ഒറ്റക്കെട്ടായി നിന്നത്.
സിനിമ പുറത്തിറങ്ങുന്നതിന് മുന്‍പുതന്നെ ഈ സിനിമയ്ക്ക് നേരെ വാളെടുത്തത് അന്നത്തെ മുഖ്യമന്ത്രിയും ചലച്ചിത്രതാരവുമായ എം.ജി.ആര്‍.ന്‍റെ വലംകൈയ്യും മന്ത്രിയുമായിരുന്ന ആര്‍.എം.വീരപ്പന്‍ തന്നെയായിരുന്നു എന്നതാണ് കൌതുകം.ബ്രാഹ്മണര്‍ക്കെതിരായ ഒരു സിനിമ എന്ന മുന്‍വിധിയോടെ അന്നത്തെ തമിഴ് സാഹിത്യകാരന്മാരും ബുദ്ധിജീവികളും പത്രമാധ്യമങ്ങളും ഈ സിനിമയെ എതിര്‍ത്തു.അതോടെ ഈ ജോണ്‍ സിനിമ പെട്ടിയില്‍ ആയി.
ഊമയായ ഒരു പെണ്‍കുട്ടി ചതിക്കപ്പെടുന്നതോ അവിവാഹിതയായ അവള്‍ ഗര്‍ഭിണിയാകുന്നതോ ഒരു സമൂഹത്തെ സംബന്ധിച്ച് വെറും ഒരു പരദൂഷണവിഷയം മാത്രമാണ്.എന്നാല്‍ ഈശ്വരനിന്ദ എന്ന് സമൂഹം വിലയിരുത്തുന്ന എന്തും ഗൗരവമുള്ള കാര്യമാണ്.പൊറുക്കാനാവാത്ത കുറ്റമാണ്.40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോണ്‍ എബ്രഹാം അളന്നുവെച്ച ഈ സത്യങ്ങള്‍ ഇപ്പോഴും കാലികമായി നില്‍ക്കുന്നു എന്നത് ആണ് ഈ സിനിമയുടെ പ്രസക്തി.
ഏറ്റവും നല്ല സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും പ്രാദേശികചിത്രത്തിനുള്ള ദേശീയ അവാര്‍ഡും ഈ സിനിമയിലൂടെ ജോണ്‍ എബ്രഹാമിന് ലഭിച്ചു.എന്നിട്ടും ദൂരദര്‍ശന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കാതെ അവഗണിച്ചു.
ലോകത്ത് വിവിധ സിനിമാസര്‍വകലാശാലകളില്‍ ''അഗ്രഹാരത്തിലെ കഴുതൈ'' എന്ന സിനിമ ഇന്നും പഠനവിഷയമാണ്‌.ഈ സിനിമയുടെ കഥയും തിരക്കഥയും സിനിമയും ഒക്കെ മുന്നില്‍ വെച്ച് സായിപ്പ് കണ്ണുതള്ളുന്നുണ്ടാകും.സിനിമ ഉണ്ടാക്കിയത് ഞങ്ങള്‍ ആണ് എന്ന് അഹങ്കരിക്കുന്ന സായിപ്പ് ഒരു തവണ അല്ല ഒരായിരം തവണ തലകുനിക്കുന്നുണ്ടാകും നമ്മുടെ ജോണിന് മുന്നില്‍.
നമ്മുടെ നാട്ടിലെ ഒരു കൊച്ചുഗ്രാമത്തില്‍ ജനിച്ച്, സിനിമയുടെയും ജീവിതത്തിന്‍റെയും അഗ്രഹാരങ്ങള്‍ ചവിട്ടിമെതിച്ച്, സമ്പൂര്‍ണ്ണജീവിതസ്വാതന്ത്യം എന്ന നമ്മുടെ ഓരോരുത്തരുടെയും സ്വപ്നത്തിന്‍റെ കൊടുമുടികള്‍ കയറിപ്പോയ നമ്മുടെ പ്രിയപ്പെട്ട ജോണ്‍ എബ്രഹാമിന് ആദരവോടെ സമര്‍പ്പണം.
ശുഭം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍