Ticker

6/recent/ticker-posts

ജോണ്‍ എബ്രഹാമിനെ അറിയാന്‍-2.

ജോണ്‍ എബ്രഹാമിനെ അറിയാന്‍-2.
---------------------------------------------------------
'വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ'എന്ന സിനിമ നല്‍കിയ അസംതൃപ്തിയും പേറി ജോണ്‍ എബ്രഹാം കേരളം വിട്ടു.ഈ കാലത്ത് ഇന്ത്യയിലെ ഒട്ടുമിക്ക ചലച്ചിത്രനഗരങ്ങളിലും സാഹിത്യകാരന്മാരുടെ കോളനികളിലും ജോണ്‍ അലഞ്ഞു നടന്നു.അത് ജോണ്‍ ആഗ്രഹിക്കുന്ന ജോണിന്‍റെ സിനിമ തേടിയുള്ള യാത്രകള്‍ ആയിരുന്നു.ആ യാത്രകള്‍ക്കിടയില്‍ സഖറിയ എന്ന ചെറുകഥാകൃത്തുമായി 'ജോസഫ്‌ ഒരു പുരോഹിതന്‍' എന്ന കഥ ചര്‍ച്ചചെയ്യുകയും തിരക്കഥ എഴുതാന്‍ സഖറിയയെ ചുമതലപ്പെടുത്തുകയും ചെയ്തു.ആ സിനിമയില്‍ പ്രധാനവേഷം ചെയ്യാന്‍ ജോണ്‍ എബ്രഹാം അന്ന് തെരഞ്ഞെടുത്തത് അനശ്വരനായ നടന്‍ തിലകനെ ആയിരുന്നു.എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ആ പദ്ധതി നീണ്ടുപോയി.അവസാനം ജോണ്‍ തന്നെ എഴുതിയ ഒരു കഥ 'അഗ്രഹാരത്തിലെ കഴുതൈ' എന്ന സിനിമയായി ജന്മം കൊള്ളുകയായിരുന്നു. തമിഴ് സംസ്ക്കാരവുമായി ഇഴചേര്‍ന്നു കിടക്കുന്ന ജോണ്‍ എബ്രഹാമിന്‍റെ ഈ കഥ തമിഴ് ഭാഷയില്‍ തന്നെ ചലച്ചിത്രം ആക്കാന്‍ തീരുമാനിക്കുകയും അങ്ങനെ ജോണ്‍ മദിരാശിയില്‍ എത്തുകയും ചെയ്തു.
തമിഴ് സമാന്തരസാഹിത്യത്തില്‍ അത്രയൊന്നും പ്രശസ്തനല്ലാത്ത വെങ്കട്ട് സ്വാമിനാഥന്‍ എന്ന എഴുത്തുകാരനാണ് ജോണ്‍ എബ്രഹാമിന്‍റെ കഥയ്ക്ക്‌ തിരക്കഥ തയാറാക്കിയത്.തന്‍റെ ആദ്യ സിനിമയുടെ സംഗീതസംവിധായകന്‍ ആയ പ്രശസ്ത സംഗീതപ്രതിഭ എം.ബി.ശ്രീനിവാസനെ നായകനാക്കി ജോണ്‍ എബ്രഹാം സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.
നഗരത്തിലെ കോളേജില്‍ അദ്ധ്യാപകന്‍ ആയ നാരായണസ്വാമിയുടെ വാടകവീടിന്‍റെ മുറ്റത്ത്‌ ഒരു സന്ധ്യയില്‍ എത്തിച്ചേരുന്ന ഒരു കഴുതക്കുട്ടിയാണ് കഥയിലെ പ്രധാന താരം.തെരുവില്‍ വെച്ച് വികൃതിക്കുട്ടികള്‍ കല്ലെറിഞ്ഞ് കൊല്ലുന്ന ഒരു കഴുതയുടെ കുട്ടിയാണ് ഇത്.അനാഥമാക്കപ്പെട്ട ആ കഴുതക്കുട്ടിയുടെ സംരക്ഷണം പ്രൊഫസര്‍ നാരായണസ്വാമി ഏറ്റെടുക്കുന്നിടത്താണ് സിനിമയുടെ ആരംഭം.ആ കഴുതക്കുട്ടിയെ സ്വാമി വാടകവീട്ടില്‍ തന്നെ വളര്‍ത്തുന്നു.സ്വാമിയുടെ പ്രവര്‍ത്തി ചെറിയ തോതിലുള്ള അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നുണ്ട്.വാര്‍ത്ത‍ പുറംലോകം അറിയുമ്പോള്‍ ഒരു നീണ്ട അവധി എഴുതിക്കൊടുത്ത് കഴുതക്കുട്ടിയുമായി സ്വാമി സ്വന്തം ഗ്രാമത്തിലേക്ക് വണ്ടി കയറുന്നു.
ബ്രാഹ്മണരുടെ ഈറ്റില്ലമായ ഒരു അഗ്രഹാരത്തിലാണ് നാരായണസ്വാമിയുടെ വീട്.ഒരു കഴുതയുമായി അഗ്രഹാരത്തിലെത്തുന്ന സ്വാമിയുടെ വരവ് തുടക്കത്തില്‍ മാതാപിതാക്കള്‍ അത്ര കാര്യമാക്കുന്നില്ല.എന്നാല്‍ വളരെ പെട്ടന്ന് കഴുത അഗ്രഹാരത്തിലെ ജനങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന പല കാര്യങ്ങളും കഴുതയുടെ പുറത്ത് ആരോപിക്കപ്പെടുകയോ കഴുത കാരണമാണ് എന്ന് തെളിയിക്കപ്പെടുകയോ ചെയ്യുന്നു.തുടര്‍ച്ചയായി വരുന്ന ഈ സംഭവങ്ങളുടെ അവസാനത്തില്‍ അഗ്രഹാരത്തിലെ ക്ഷേത്രമുറ്റത്ത് ആരോ ഉപേക്ഷിച്ച ഒരു ചാപിള്ളയെ കാണുന്നതോടെ അഗ്രഹാരം ഇളകിമറിയുന്നു.ആ കുറ്റവും കഴുതയുടെ മേല്‍ ചുമത്തിയ ജനക്കൂട്ടം കഴുതയെ കല്ലെറിഞ്ഞു കൊന്ന് കുഴിച്ചു മൂടുന്നു.
വീട്ടില്‍ സഹായത്തിന് നില്‍ക്കുന്ന ഉമ എന്ന ഊമയായ ഒരു പെണ്‍കുട്ടിയെ കഴുതയുടെ സംരക്ഷണം ഏല്പിച്ചുകൊടുത്തു നഗരത്തിലേക്ക് പോകുന്ന പ്രൊഫസര്‍ മടങ്ങി വരുമ്പോള്‍ കേള്‍ക്കുന്നത് കഴുതയുടെ ദാരുണമായ അന്ത്യം മാത്രമല്ല.ഇപ്പോള്‍ ആ കഴുത അഗ്രഹാരത്തിന് ദൈവികപരിവേഷമുള്ള ഒരു ആരാധനാമൂര്‍ത്തിയാണ്. കഴുതയെക്കുറിച്ച് പല അത്ഭുതകഥകളും അഗ്രഹാരം പാടി നടക്കുന്നു.കഴുത മൂലം സംഭവിച്ച എല്ലാ ദുരിതങ്ങള്‍ക്കും അപ്പുറം ഇപ്പോള്‍ അഗ്രഹാരത്തില്‍ നടക്കുന്ന എല്ലാ നല്ല സംഭവങ്ങളും കഴുതയുടെ ദൈവികശക്തികൊണ്ട് ഉണ്ടായതാണ് എന്ന് അഗ്രഹാരവാസികള്‍ ഉറപ്പിച്ചു വിശ്വസിക്കുന്നു.മാത്രമല്ല കഴുതയെ കൊന്ന് കുഴിച്ചിട്ട സ്ഥലത്ത് ഒരു ക്ഷേത്രം പണിയാനും കഴുതയെ അവിടെ ഒരു വിഗ്രഹമായി പ്രതിഷ്ഠ നടത്തി പൂജിക്കാനും അഗ്രഹാരം തീരുമാനിക്കുകയും അതിനുള്ള പ്രാരംഭനടപടികള്‍ ആരംഭിക്കുകയും ചെയ്യുന്നിടത്താണ് പ്രൊഫസറുടെ മടങ്ങി വരവ്.ഉമയുടെ സഹായത്തോടെ കുഴിമാടത്തില്‍ നിന്നും കഴുതയുടെ തലയോട് കണ്ടെത്തുന്ന പ്രൊഫസര്‍ അത് ഗ്രാമവാസികളെ ഏല്‍പ്പിക്കുന്നു.അഗ്രഹാരത്തിലുള്ളവര്‍ കഴുതയുടെ തലയോടുമായി ഭക്തിആദരപൂര്‍വ്വം അഗ്രഹാരത്തില്‍ എത്തുകയും ആനന്ദനൃത്തം ചെയ്യുകയും ചെയ്യുന്നു.തലയോടില്‍ നിന്നും ഉയരുന്ന അഗ്നിയില്‍ അഗ്രഹാരവും ആളുകളും ഒന്നടങ്കം വെന്ത് ചാമ്പലാകുന്നിടത്ത് അഗ്നിശുദ്ധിയെന്ന മഹത്തായ മന്ത്രാക്ഷരങ്ങള്‍ കൊണ്ട് ജോണ്‍ എബ്രഹാം പിന്നെ കഥയില്‍ ശേഷിക്കുന്ന പ്രൊഫസറുടെയും ഉമയുടെയും ഭാവങ്ങളില്‍ സിനിമയ്ക്ക് അടിവരയിടുന്നു.
ഒരു തരത്തിലുമുള്ള സങ്കീര്‍ണ്ണതയോ ദുരൂഹതയോ ഇല്ലാതെ ഒരു തെളിനീര് പോലെ തിളക്കമുള്ള ചലച്ചിത്രമായി ജോണ്‍ എബ്രഹാം ഈ സിനിമ നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നു.സിനിമയെ സ്നേഹിക്കുന്നവരും സിനിമ ഒരു പഠനവും മാധ്യമവും ആക്കാന്‍ ആഗ്രഹിക്കുന്നവരും ഒരിക്കലെങ്കിലും കാണേണ്ടതാണ് ഇത്.ഒരു കഥ തിരക്കഥയായും പിന്നീട് അത് ചലച്ചിത്രമായും രൂപപ്പെടുന്നതിലെ ഓരോ ഘട്ടങ്ങളും വേര്‍തിരിച്ച് പഠിക്കാന്‍ ഈ സിനിമയിലൂടെ നമുക്ക് സാധിക്കും.സിനിമയും സിനിമക്ക് വേണ്ടി ജോണ്‍ എബ്രഹാം തയ്യാറാക്കിയ കഥയും ആ കഥയ്ക്ക്‌ വെങ്കട്ട് സ്വാമിനാഥന്‍ എഴുതിയ തിരക്കഥയും ഒരേ ആശയം മുന്നോട്ട് വെക്കുന്ന മൂന്ന് വ്യത്യസ്തമായ കലാസൃഷ്ടികളായി മൂന്ന് വ്യത്യസ്തതലത്തില്‍ നില്‍ക്കുന്നു.അതായിരുന്നു ഈ സിനിമയുടെ തുടര്‍ന്നുള്ള വിവാദത്തിന് തിരി കൊളുത്തിയ ആദ്യത്തെ ഘടകം.
ജോണ്‍ എബ്രഹാമിന്‍റെ കഥയ്ക്ക്‌ വെങ്കട്ട് സ്വാമിനാഥന്‍ എഴുതിയ തിരക്കഥ പരസ്യമായി കീറിക്കളഞ്ഞു കൊണ്ടാണ് ജോണ്‍ സിനിമ പൂര്‍ത്തിയാക്കിയതും ഈ സിനിമയോടുള്ള തന്‍റെ സത്യസന്ധത പ്രഖ്യാപിച്ചതും.''എന്‍റെ സിനിമയുടെ ഹിറ്റ്ലര്‍ ഞാന്‍ ആണ്.....''എന്ന് പറയാന്‍ ജോണ്‍ എബ്രഹാമിന് മാത്രമേ കഴിയൂ എന്നതിന്‍റെ തെളിവായിരുന്നു അത്.ജോണ്‍ എബ്രഹാം കീറി എറിഞ്ഞ ആ തിരക്കഥയാണ് തമിഴ് ഭാഷയില്‍ പ്രസിദ്ധീകരിച്ച ആദ്യത്തെ തിരക്കഥ.ആ തിരക്കഥ തമിഴ് തിരക്കഥാസാഹിത്യത്തില്‍ ഒരു മുതല്‍ക്കൂട്ടായി കണക്കാക്കപ്പെടുകയും ഇന്നും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യുന്നു.
തുടരും.......
''അഗ്രഹാരത്തിലെ കഴുതൈ''.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍