Ticker

6/recent/ticker-posts

ഒ.വി.വിജയന്‍ സ്മരണകള്‍..... @എം.എസ്.വിനോദ്.

M.S.VINOD

ഒ.വി.വിജയന്‍@ഗുരുവും രതിയും നിറഞ്ഞ സാഹിത്യസാഗരം.

---------------------------------------------------------------------
ജീവിച്ചിരുന്ന കാലത്തിന്‍റെ മുക്കാല്‍ഭാഗവും ഒ.വി.വിജയന്‍ മൗനിയായിരുന്നു. കൂടുതലൊന്നും സംസാരിക്കാത്ത പ്രകൃതം.വലിയ ആള്‍ക്കൂട്ടങ്ങളെ ആകര്‍ഷിക്കുന്ന വേദികളിലോ സജീവമായ സാഹിത്യസംവാദങ്ങളിലോ ഒ.വി.വിജയനെ നമുക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല.തികഞ്ഞ സാത്ത്വികഭാവത്തോടെ ചിന്തയുടെ ഭാരം കൊണ്ട് കുനിഞ്ഞ ശിരസ്സുമായി ഒ.വി.വിജയന്‍ മിക്കവാറും അജ്ഞാതവാസത്തില്‍ ആയിരുന്നു.

സര്‍ഗ്ഗാവിഷ്ക്കാരത്തിന് നോവല്‍,ചെറുകഥ,കാര്‍ട്ടൂണ്‍ എന്നിവയും ആശയവിനിമയത്തിന് ലേഖനങ്ങളും..... അങ്ങനെ പലവഴികള്‍ ഒ.വി.വിജയന്‍ തെരഞ്ഞെടുത്തിട്ടുണ്ട് എന്ന് നമുക്ക് അറിയാം.മറ്റ് പല സാഹിത്യകാരന്മാരെയും പോലെ പറയാനും പ്രവര്‍ത്തിക്കാനും ഒ.വി.വിജയന്‍ താല്പര്യം കാണിച്ചിരുന്നില്ല.വിജയന്‍ എല്ലാം എഴുതുകയായിരുന്നു,നമ്മുടെ ഹൃദയത്തില്‍ വരയ്ക്കുകയായിരുന്നു.

ഒരു ചിന്തകന്‍ എന്ന മേല്‍വിലാസമുള്ള ഒ.വി.വിജയന്‍ ചിരിക്കാറുണ്ടായിരുന്നോ......?

ഈ ചോദ്യം എന്നെ പലപ്പോഴും കുഴക്കിയിട്ടുണ്ട്.വിജയന്‍റെ കാര്‍ട്ടൂണുകളില്‍ പോലും ചിരിയേക്കാള്‍ ചിന്തയാണ് നിറഞ്ഞു നിന്നത്.ഇരുണ്ട ഫലിതം അല്ലെങ്കില്‍ black humour എന്ന പരുഷമായ ഒരു സങ്കേതമായിരുന്നു അദേഹത്തിന്‍റെ കാര്‍ട്ടൂണുകള്‍. അത്തരത്തിലുള്ള ഒ.വി.വിജയന്‍ സ്വയം ചിരിക്കുക മാത്രമല്ല നമ്മളെ ചിരിപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്നത് അല്പം കൗതുകമുള്ള കാര്യമല്ലേ.
മലയാളത്തിലെ ഹാസ്യസമ്രാട്ടായ സഞ്ജയന്‍ ചിരിപ്പിച്ചതുപോലെ ഒ.വി.വിജയനും നമ്മളെ ചിരിപ്പിച്ചു.ചിരിക്കാനും ചിരിപ്പിക്കാനും ഒ.വി.വിജയന്‍ തെരഞ്ഞെടുത്ത സാഹിത്യരൂപം പാരഡികള്‍ ആയിരുന്നു.മലയാളത്തില്‍ മാത്രമല്ല ലോകസാഹിത്യത്തിലാകെ വേരുകള്‍ ഉള്ള സാഹിത്യവിഭാഗമാണ് പാരഡി.ലാറ്റിന പരോഡിയാ എന്ന വാക്കില്‍നിന്നും ഉണ്ടായ ഇംഗ്ലീഷ് വാക്കാണ്‌ പാരഡി.അത് പിന്നീട് ഒരു സാഹിത്യവിഭാഗമായി രൂപപ്പെട്ടു.പാരഡിയില്‍ കൈവെക്കാത്ത സാഹിത്യകാരന്മാരും കലാകാരന്മാരും കുറവാണ്.മറ്റൊരാളുടെ പ്രവര്‍ത്തിയെയോ സൃഷ്ടിയെയോ ഹാസ്യരൂപേണ അനുകരിക്കുന്നതാണ് പാരഡി.എല്ലാ ഭാഷകളിലും പ്രധാന സാഹിത്യകൃതികള്‍ക്ക് പാരഡികള്‍ പിറന്നിട്ടുണ്ട്.മലയാളത്തില്‍ അതില്‍ മിടുക്കന്മാര്‍ ആയിരുന്നു സഞ്ജയന്‍ മുതല്‍ തിക്കുറിശ്ശി സുകുമാരന്‍നായര്‍ വരെയുള്ളവര്‍.
പാരഡികളുടെയും പാഠാന്തരബന്ധങ്ങളുടെയും സാങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് ഒ.വി.വിജയന്‍ നമ്മളെ ചിരിപ്പിച്ചത്.വിശ്വസാഹിത്യകാരനായ തകഴിയുടെ പ്രശസ്തമായ ചെമ്മീന്‍ എന്ന നോവല്‍ വായിച്ചിട്ടില്ലാത്തവര്‍ ചുരുക്കമാണല്ലോ.നോവല്‍ വായിച്ചിട്ടില്ലാത്തവര്‍ സിനിമയെങ്കിലും കണ്ടിട്ടുണ്ടാകും. ഇത് രണ്ടുമില്ലാത്തവര്‍ കഥയെങ്കിലും കേട്ടിട്ടുണ്ടാകും.നമ്മുടെ പ്രിയപ്പെട്ട കഥാകാരന്‍ ഒ.വി.വിജയനും ചെമ്മീന്‍ എന്ന പേരില്‍ ഒരു ചെറുകഥ എഴുതിയിട്ടുണ്ട്.നമുക്ക് ആ കഥയുടെ കഥാസാരം ഒന്ന് കേട്ടുനോക്കാം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ താമസിക്കുന്ന ഒരു കോളനിയാണ് കഥ നടക്കുന്ന ഇടം.അവിടെ താമസിക്കുന്നത് നാല് ഡെപ്യൂട്ടി സെക്രട്ടറിമാരും
പതിനേഴ്‌ അണ്ടര്‍ സെക്രട്ടറിമാരും ഒരു അക്ഷൗഹിണി ഗുമസ്തന്മാരുമാണ്.എന്നും കാലത്ത് അവരെല്ലാം സെക്രട്ടറിയേറ്റിലേക്ക് പോകും.അവര്‍ രാത്രി മടങ്ങി വരുന്നതും കാത്ത് അവരുടെ ഭാര്യമാര്‍ അവര്‍ക്കായി കാത്തിരിക്കും.
ആ കോളനിയിലെ ഗുമസ്തനായ സുബ്രഹ്മണ്യഅയ്യര്‍ ഒരു ദിവസം രാവിലെ ഓഫീസിലേക്ക് പോകാന്‍ ഇറങ്ങി.എന്നും യാത്രപറയുമ്പോള്‍
അദ്ദേഹം ഭാര്യ കൃഷ്ണാംബാളിനോട് ഓര്‍മ്മിപ്പിക്കും,''ഒഴുങ്കാ ഇരുന്തുക്കോ.....''
സുബ്രഹ്മണ്യഅയ്യര്‍ പോയതും കൃഷ്ണാംബാളുടെ പഴയ സഹപാഠി തീമൂര്‍ എന്ന കരുനാഗപ്പള്ളിക്കാരന്‍ അവിടെ എത്തി.ഈ തീമൂറിന് അല്പം മുടന്തുണ്ട്.കോളജില്‍ പഠിക്കുമ്പോള്‍ കൃഷ്ണാംബാളും തീമൂറും കടുത്ത പ്രണയത്തില്‍ ആയിരുന്നു.അതിന് കാരണവും ഉണ്ട്.അവിടെ പഠിക്കുന്ന ആയിരക്കണക്കിന് കുട്ടികളില്‍ ഈ തിമൂറിന് മാത്രമേ മുടന്തുള്ളൂ.അതുകൊണ്ട് കൃഷ്ണാംബാള്‍ തീമൂറിനെ പ്രണയിച്ചു.പടിപ്പുറത്ത് നിന്നുകൊണ്ട് തീമൂര്‍ അവരുടെ പഴയ പ്രണയഗാനം ഉറക്കെ പാടി.''ജനഗണമന അധിനായക ജയഹേ...ഭാരതഭാഗ്യവിധാതാ.......''
പാട്ട് കേട്ട കൃഷ്ണാംബാള്‍ വാതില്‍ തുറന്നു.തീമൂറിനെ കണ്ട അവള്‍ എല്ലാം മറന്ന് ഒരു സ്വപ്നാടകയെപ്പോലെ പുറത്തിറങ്ങി.അവള്‍ അറിയാതെ തീമൂറിന്‍റെ കരവലയത്തില്‍ ഒതുങ്ങി നിന്നു.
ഈ സമയം സുബ്രഹ്മണ്യഅയ്യര്‍ സെക്രട്ടറിയേറ്റില്‍ ഒരു ഫയലിന്‍റെ പിറകെ പോകുകയായിരുന്നു.പഴയ രേഖകള്‍ പലതും കടന്ന് അയാള്‍ രഹസ്യങ്ങളുടെ കൂമ്പാരങ്ങള്‍ക്ക് ഉള്ളില്‍ കടന്നു.അവിടെ അയാള്‍ എറിഞ്ഞ ചൂണ്ടയില്‍ കൊത്തിയത് ഒരു ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു.ഡെപ്യൂട്ടി സെക്രട്ടറി സുബ്രഹ്മണ്യഅയ്യരെ ഫയലുകളുടെ ആഴങ്ങളിലേക്ക് വലിച്ചുകൊണ്ട് പോയി.''ഉയിരെ വാങ്കറാൻ...'' എന്ന് സുബ്രഹ്മണ്യഅയ്യര്‍ ഉറക്കെ പലതവണ പറഞ്ഞത് ആര് കേള്‍ക്കാന്‍.ഒടുവില്‍ ഫയലുകള്‍ക്കും കടലാസുകള്‍ക്കും ഇടയില്‍ മുങ്ങി ശ്വാസംമുട്ടി സുബ്രഹ്മണ്യഅയ്യര്‍
മരിച്ചു.
പിറ്റേന്ന് രാവിലെ ചൂണ്ട വിഴുങ്ങിയ ഒരു ഡെപ്യൂട്ടി സെക്രട്ടറിയുടെ ശവം സെക്രട്ടറിയേറ്റിന്‍റെ തീരത്ത് വന്നടിഞ്ഞു.ആലിംഗനബദ്ധരായ കൃഷ്ണാംബാളിന്‍റെയും തീമൂറിന്‍യും മൃതദേഹങ്ങള്‍ സമീപത്തെ ഒരു മുറുക്കാന്‍ കടയുടെ തീരത്തും വന്നടിഞ്ഞു.
ഇതാണ് ഒ.വി.വിജയന്‍റെ ചെമ്മീന്‍ എന്ന കഥയുടെ സാരം.
ഒ.വി.വിജയന്‍ ചിരിച്ചില്ലെങ്കിലും ഒരിക്കലും ചിരിക്കാതെ നമ്മളെ ഒത്തിരി ചിരിപ്പിച്ചിട്ടുണ്ട്‌ എന്ന് ഇനിയെങ്കിലും നമ്മള്‍ സമ്മതിക്കണം.

വിനോദയാത്ര @ എം.എസ്.വിനോദ് 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍