Ticker

6/recent/ticker-posts

ഫെബ്രുവരി-13.

ഫെബ്രുവരി-13.
ഹരികുമാര്‍ പുതുശ്ശേരിയുടെ ഓര്‍മ്മ ദിവസം.
ഈ വിളക്ക് അണഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു.
എന്നാല്‍ വെളിച്ചം ഇവിടെ ബാക്കി നില്‍ക്കുന്നുണ്ട്.
ഒരു ഓര്‍മ്മക്കുറിപ്പ്‌ എഴുതാന്‍ മുഖപുസ്തകത്തിന്‍റെ പ്രവര്‍ത്തകര്‍ എന്നോട് പറയുമ്പോള്‍ ജീവിതത്തില്‍ ആദ്യമായി
എനിക്ക് അക്ഷരം മറന്ന അവസ്ഥ അനുഭവപ്പെടുന്നു.
ആരായിരുന്നു ഹരിച്ചേട്ടന്‍ എനിക്ക് എന്ന ചോദ്യത്തിന് എനിക്ക് ഉത്തരം ഇല്ല.ഓര്‍മ്മവെച്ചനാള്‍ മുതല്‍ ഞാന്‍ കാണുന്നു.ഈ ലോകത്തോട്‌ വിടപറഞ്ഞു പോകുന്നതിന് തൊട്ടുമുന്‍പും കണ്ടു.അവിടെ ഒരു യാത്രപറച്ചില്‍ ഇല്ലായിരുന്നു.അതുകൊണ്ടുതന്നെ യാത്രയായി എന്ന് ഞാന്‍ കരുതുന്നുമില്ല.
കലാ-സാഹിത്യ-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ എന്നും ഹരിച്ചേട്ടന്‍ എന്നോടൊപ്പം ഉണ്ടായിരുന്നു.ഞാന്‍ കഥയിലും നാടകത്തിലും ഉറച്ചു നിന്നപ്പോള്‍
ഹരിച്ചേട്ടന്‍ കവിതകളുടെ ലോകത്തായിരുന്നു.ലളിതഗാനങ്ങളും നാടകഗാനങ്ങളും കവിതകളും ഉള്‍പ്പെടെ ഒരു വലിയ സാഹിത്യസമ്പത്ത് ഹരിച്ചേട്ടന്‍റെ പേരില്‍ ഉണ്ട്.പ്രശസ്തനായ കവി ശ്രീ.പുതുശ്ശേരി രാമചന്ദ്രന്‍റെ അന്തരവന്‍ എന്നതിനപ്പുറം ഈ സൈബര്‍ ലോകത്തിന് ഹരിച്ചേട്ടന്‍ പ്രിയപ്പെട്ടവന്‍ ആയത് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ഉള്ള നിരന്തരമായ ഇടപെടലിലൂടെ ആണ്.
ഒരു വലിയ അജ്ഞാതവാസത്തിന് ശേഷം നാട്ടില്‍ മടങ്ങി വന്ന് സ്വന്തം നാട്ടില്‍ ഒരു പ്രവാസിയെപ്പോലെ കഴിഞ്ഞ എന്നെ ഈ മാദ്ധ്യമത്തോട്
ചേര്‍ത്ത് നിര്‍ത്തിയത് ഹരിച്ചേട്ടനാണ്.അതിനുമുന്‍പ്‌ ഏതാണ്ട് രണ്ടു ദശാബ്ദം ഞാന്‍ ഒരു മൗനിയായിരുന്നു.മുഖപുസ്തകം എന്ന സാധ്യതയെപ്പറ്റി പലതവണ എന്നോട് പറഞ്ഞു എങ്കിലും ഞാന്‍ ബോധപൂര്‍വ്വം ഒഴിഞ്ഞുമാറി.ഒടുവില്‍ ഹരിച്ചേട്ടന്‍ തന്നെ എനിക്ക് വേണ്ടി എം.എസ്.വിനോദ് എന്ന പ്രൊഫൈല്‍ രൂപപ്പെടുത്തുകയായിരുന്നു.അതിലൂടെ ഈ ലോകത്ത് എത്തിച്ചേര്‍ന്ന ഞാന്‍ തികച്ചും വ്യത്യസ്തനായ മറ്റൊരു ഹരിയെ ആണ് ഇവിടെ കണ്ടത്.
വഴിയമ്പലം,മുഖപുസ്തകം,സാഹിത്യവാരഫലം തുടങ്ങി നിരവധി സാഹിത്യഗ്രൂപ്പുകളുടെ പ്രധാനസാരഥിയായി എഴുതിത്തുടങ്ങുന്ന
പുതുതലമുറയിലെ എഴുത്തുകാര്‍ക്ക് മുന്നില്‍ പ്രോത്സാഹനത്തിന്‍റെ വിളക്കുമായി നില്‍ക്കുന്ന ഹരികുമാര്‍ പുതുശ്ശേരിയുടെ മറ്റൊരു മുഖം.
ഇവിടെ അദ്ദേഹം ഒരിക്കലും കവി ആയില്ല.ചൂരല്‍ വടിയുമായി പൂമുഖത്ത് കാത്ത് കിടക്കുന്ന കാരണവര്‍ ആയില്ല.ബുദ്ധിജീവി ജാഡയുള്ള
വിമര്‍ശകന്‍ ആയില്ല.പാരമ്പര്യങ്ങളെ നിഷേധിക്കുന്ന റിബല്‍ ആയില്ല.ചിലര്‍ക്ക് ഒരു സഹോദരനായി,മറ്റുചിലര്‍ക്ക് മാഷായി,ചിലരുടെ സാര്‍ ആയി,ചിലരുടെ കൂട്ടുകാരന്‍ ആയി.......
അങ്ങനെ എല്ലാവരോടും ഒപ്പം അവരില്‍ ഒരാള്‍ ആയി.....അതായിരുന്നു ഹരികുമാര്‍ പുതുശ്ശേരി.
ഇരുപത് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ഞാന്‍ ആദ്യമായി എഴുതി തുടങ്ങിയത് ഹരിച്ചേട്ടന്‍റെ നിരന്തരമായ നിര്‍ബന്ധം കൊണ്ടാണ്.
അന്ന് ആദ്യമായി ഞാന്‍ എഴുതിയത് നാല് വരികള്‍ മാത്രം.അത് ആദ്യമായി ഹരിച്ചേട്ടന്‍ വഴിയമ്പലം എന്ന ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്യിച്ചു.അതിലെ വരികള്‍ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.
''ഒത്തിരി
എന്തിന് ഞാന്‍ നിന്നെക്കുറിച്ചെഴുതണം
ഇത്തിരികൊണ്ട്
നീ എന്‍റെ വിശപ്പ്‌ മാറ്റുമ്പോള്‍....''
ഇതുപോലെ നിരവധി എഴുത്തുകാരെ കണ്ടെത്താനും അവരെ പ്രോത്സാഹിപ്പിക്കാനും അവരോടൊപ്പം നിന്ന് അവര്‍ക്ക് ശക്തിയും
ഊര്‍ജ്ജവും പകര്‍ന്നുകൊടുക്കാനും ഹരിച്ചേട്ടന് കഴിഞ്ഞിട്ടുണ്ട്.അദേഹത്തിന്റെ കളരിയില്‍ എഴുതി തെളിഞ്ഞ എഴുത്തുകാരിലൂടെ ഹരികുമാര്‍ പുതുശ്ശേരി ഇന്നും ജീവിക്കുന്നു.
അതെ പ്രിയപ്പെട്ട ഹരിച്ചേട്ടാ.....''ഒത്തിരി എന്തിന് ഞാന്‍ നിന്നെക്കുറിച്ച് എഴുതണം.......''
ഞാന്‍ ജീവിച്ചിരിക്കുവോളം നിങ്ങള്‍ മരിക്കുന്നില്ല.....
നിങ്ങള്‍ ഇവിടെ ഉണ്ട്.....ഈ മുഖപുസ്തകത്താളുകളില്‍.....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍