Ticker

6/recent/ticker-posts

പണ്ട് പണ്ട് ഒരു നാടുണ്ടായിരുന്നു........? @ എം.എസ്.വിനോദ്.

പണ്ട് പണ്ട് ഒരു നാടുണ്ടായിരുന്നു........?

ഇതൊരു കഥയാണ്......സുന്ദരിയായ ഒരു ഗ്രാമത്തിന്‍റെ കഥ......

ഈ കഥ ആരംഭിക്കുന്നത് ഏതാണ്ട് ഒരു നൂറ്റാണ്ട് മുന്‍പാണ്‌.കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് എന്ന സുന്ദരിഗ്രാമത്തിന്‍റെ കഥ.ഈ ലോകം മുഴുവന്‍ അമ്മയെപ്പോലെ ആരാധിക്കുന്ന മാതാ അമൃതാനന്ദമയിയുടെ ജന്മനാട്.(ആലപ്പാട് പഞ്ചായത്തിലെ പറയകടവ് എന്ന ഗ്രാമത്തിലാണ് അമ്മ ജനിച്ചത്‌.)
ആലപ്പാട് ഗ്രാമം ഒരു സുന്ദരിപ്പെണ്ണ്‍ ആയിരുന്നു ഒരു നൂറ്റാണ്ടിന് മുന്‍പുവരെ എന്ന് പറഞ്ഞല്ലോ.അന്നൊക്കെ അവളുടെ പാദസരത്തിന്‍റെ കിലുക്കം കേട്ടാണ് അറബിക്കടലില്‍ എന്നും സൂര്യന്‍ അസ്തമിച്ചിരുന്നത്‌.തിരകള്‍ക്ക് താലോലിക്കാന്‍ കാലുകള്‍ നീട്ടിവെച്ച്‌ ആയിരക്കണക്കിന് മക്കളെ ഇരുകൈകളും കൊണ്ട് ചേര്‍ത്ത് പിടിച്ച് സംരക്ഷിച്ച് അവള്‍ അന്ന് തിളങ്ങി നിന്നു.ആലപ്പാടിന്‍റെ സമൃദ്ധിയുടെയുംസന്തോഷത്തിന്‍റെയും ആ നല്ല നാളുകള്‍ ചരിത്രത്തില്‍ ഇന്നും ഉണ്ട്.അന്നൊക്കെ നിരവധി വിദേശികളും സ്വദേശികളും കടല്‍ കടന്ന് ആലപ്പാട് എത്തി.ചവിട്ടിക്കയറി വന്നവര്‍ക്കൊക്കെ സുന്ദരിയെ ഇഷ്ടമായി.നാട്ടില്‍ പലയിടത്തും നവോത്ഥാനവും സ്വാതന്ത്ര്യസമരവും കൊടിയുയര്‍ത്തിയപ്പോള്‍ ആലപ്പാടും അവരോടൊപ്പം കൊടി പിടിച്ചു.....കൈകോര്‍ത്തു. രാജാക്കന്മാരുടെ തേരുകള്‍ പലതവണ തേരോട്ടം നടത്തിയപ്പോള്‍ ആ മണ്ണില്‍ ചോരയും വിയര്‍പ്പും വീണ കഥകള്‍ നിരവധിയുണ്ട്.
കടല്‍ തിരകൊണ്ട് അരിച്ചെടുത്ത്‌ ആലപ്പാട് വിതറിയ മണ്ണില്‍ സ്വര്‍ണ്ണത്തെക്കാള്‍ വിലയുള്ള ധാതുക്കള്‍ ഉണ്ടെന്ന് ആദ്യം കണ്ടെത്തിയത് സായിപ്പാണ്‌.അന്ന് സായിപ്പ് അനുവാദം ചോദിച്ചുകൊണ്ട് ഒരുപിടി മണ്ണ് വാരികൊണ്ടുപോയി.അന്നന്നത്തേക്കുള്ള അന്നം കടല്‍ തരുന്നതുകൊണ്ട്‌ മാത്രം അത്താഴമുണ്ണുന്ന ആലപ്പാട് മത്സ്യത്തൊഴിലാളികള്‍ ആ മണ്ണിന് സായിപ്പിനോട്‌ കണക്ക് പറഞ്ഞില്ല.എന്ത് ചോദിച്ചാലും കൊടുക്കുന്നവളാണ് ആലപ്പാട്.നമ്മുടെ അമ്മയെപ്പോലെ......
കാലം കടന്നുപോയി......രാജ്യംസ്വതന്ത്രമായി. ജനാധിപത്യം വന്നപ്പോള്‍ അവരും കണ്ണുവെച്ചത് ആലപ്പാടിന്‍റെമണ്ണിലാണ്.കണ്ണ് വീണ മണ്ണ് വാരാന്‍ ജനാധിപത്യരാജ്യം ജനാധിപത്യരീതിയില്‍ തന്നെ കമ്പനി ഉണ്ടാക്കി.ഇന്ത്യന്‍ റെയര്‍ ഏര്‍ത്ത് ലിമിറ്റഡ്(IREL).നാട്ടുരാജ്യങ്ങള്‍ കൂട്ടികെട്ടി രൂപീകരിച്ച കേരളവും വിട്ടുകൊടുക്കാതെ മറ്റൊരു കമ്പനി ഉണ്ടാക്കി.കേരള മിനറല്‍സ് ആന്‍ഡ്‌ മെറ്റല്‍സ്‌(KMML).രണ്ട് ജനാധിപത്യപ്രസ്ഥാനങ്ങളും ചേര്‍ന്ന് മണ്ണ് വരാന്‍ തുടങ്ങി.തുടക്കത്തില്‍ സ്നേഹത്തോടെ വാരിയ മണ്ണിന് പിന്നീട് വിലകൂടിയപ്പോള്‍ ആര്‍ത്തിയോടെ വാരാന്‍ തുടങ്ങി.കമ്പനികള്‍ രണ്ടും തടിച്ചുകൊഴുത്തു. കൊഴുപ്പ് കൂടിയപ്പോള്‍ ആര്‍ത്തി അതിലും കൂടി.ആലപ്പാടിന്‍റെ ദുരിതം അവിടെയാണ് ആരംഭിച്ചത്.1965 ല്‍ ആരംഭിച്ച ദുരിതം ഇന്ന് മഹാദുരന്തമായി ചരിത്രത്തില്‍ ഇടംപിടിച്ചുകഴിഞ്ഞു.
തീരത്തുനിന്നും വാരിയ മണ്ണിലേക്ക് ആലപ്പാടിന്‍റെ അഴകും ആരോഗ്യവും ഇടിഞ്ഞുവീണുതുടങ്ങി. ഓരോ ദിവസം കൂടുന്തോറും അവള്‍ ശോഷിച്ചും ക്ഷീണിച്ചും തുടങ്ങി.1955 ലെ സര്‍വേയില്‍ 90 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതി ഉണ്ടായിരുന്ന ആലപ്പാടിന്‍റെ ഭൂപ്രദേശം 2018 ആയപ്പോള്‍ 7 ചതുരശ്രകിലോമീറ്റര്‍ ആയി ചുരുങ്ങി. ഇരുപതിനായിരം ഏക്കര്‍ കരഭൂമി കടലിനടിയിലായി.മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായി.കടലിലെ മത്സ്യസമ്പത്ത് കുറഞ്ഞു എന്ന് മാത്രമല്ല തീരെ ഇല്ലാതായി.കുഞ്ഞുങ്ങള്‍ ഓടിക്കളിച്ച വിശാലമായ കളിസ്ഥലങ്ങളും മൈതാനങ്ങളും പാടെ അപ്രത്യക്ഷമായി.കടല്‍ കരയെ വിഴുങ്ങാന്‍ ആരംഭിച്ചപ്പോള്‍ ആലപ്പാട് നിന്നും അഭയാര്‍ത്ഥികളായി ദേശവാസികള്‍ കൂടും കുടുക്കയും എടുത്ത് പലായനം ചെയ്യാന്‍ തുടങ്ങി.അരനൂറ്റാണ്ട്കൊണ്ട് മുടികൊഴിഞ്ഞ് എല്ലും തോലുമായ ആലപ്പാട് പിന്നീട് അന്ത്യശ്വാസം വലിക്കാന്‍ ആരംഭിച്ചു.അവസാനശ്വാസം നിലക്കും മുന്‍പ് അവിടെ കുറച്ചുപേര്‍ സേവ് ആലപ്പാട് എന്ന മുദ്രാവാക്യം ചെറിയ ശബ്ദത്തില്‍ മുഴക്കി.പിന്നീടത്‌ കേരളം മുഴുവന്‍ വലിയ ശബ്ദമായി.എന്നാല്‍ അപ്പോഴേക്കും ആ നാടിന്‍റെ ഏതാണ്ട് എണ്‍പത് ശതമാനവും കടലിനടിയിലായിക്കഴിഞ്ഞിരുന്നു.
ഇനി എന്തിന് അധികം കഥ പറയണം അല്ലേ.....
ഇനിയും കുറച്ചുകാലം കൂടി കഴിയുമ്പോള്‍ നമ്മുടെ നാട്ടിലെ മുത്തശ്ശിമാര്‍ കൊച്ചുമക്കള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ പോകുന്ന ഒരു കഥയുടെ തുടക്കം ഇങ്ങനെയായിരിക്കും.....
''പണ്ട് പണ്ട് കേരളത്തില്‍ കരുനാഗപ്പള്ളിക്ക് അടുത്ത് ആലപ്പാട് എന്ന സുന്ദരമായ ഒരു ഗ്രാമം ഉണ്ടായിരുന്നു.......''
കഥ കേട്ട് ചിരിക്കണ്ട.....ആലപ്പാട് ഒരു പാഠമാണ്.....ആ പാഠം എങ്ങനെ നമ്മള്‍ വായിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണ് നമ്മുടെ നാടിന്‍റെ ഭാവി എന്ന് ഓര്‍ക്കുക.പാഠം തെറ്റിയാല്‍ മറ്റൊരു കഥകൂടി കേള്‍ക്കാന്‍ നമ്മള്‍ ഇവിടെ ഉണ്ടാകില്ല.ആ കഥയുടെ തുടക്കം കൂടി തുടങ്ങിവെച്ചുകൊണ്ട് ഞാന്‍ അവസാനിപ്പിക്കാം. സ്വതന്ത്രഇന്ത്യയുടെ കൊടിപറക്കുന്ന ഡല്‍ഹി നഗരത്തിലെ ഒരു ഫ്ലാറ്റില്‍ ഇരുന്നുകൊണ്ട് തെക്കോട്ട്‌ നോക്കി ഒരു മാര്‍വാഡിമുത്തശ്ശി കൊച്ചുമക്കളോട് പറയും.....
''പണ്ടുപണ്ട്....ആ കാണുന്ന സഹ്യപര്‍വ്വതത്തിനപ്പുറം ഒരു നാടുണ്ടായിരുന്നു......കേരളം എന്നായിരുന്നു
ആ നാടിന്‍റെ പേര്......അവിടെ ഉണ്ടായിരുന്നവര്‍ മലയാളം എന്ന ഒരു ഭാഷയാണ് സംസാരിച്ചിരുന്നത്..........''

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍