Ticker

6/recent/ticker-posts

റിയുനോസുകി അകുതഗാവ എന്ന ടോക്കിയോക്കാരന്‍.

ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത് ആത്മഹത്യയെക്കുറിച്ച് ആണ്.....

ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ചല്ല...... ആത്മഹത്യ ചെയ്തവരെക്കുറിച്ചാണ്......
ഈ പ്രപഞ്ചത്തില്‍ മനുഷ്യന് മാത്രം കഴിയുന്ന ഒരു കര്‍മ്മം ആണ് ആത്മഹത്യ.ഏതെങ്കിലും മൃഗങ്ങളോ പക്ഷികളോ മറ്റ് ജീവജാലങ്ങളോ ആത്മഹത്യ ചെയ്തതായി കേട്ടിട്ടില്ല.എന്നാല്‍ മനുഷ്യന്‍ മാത്രം എന്താ ഇങ്ങനെ........?
ഈ ചോദ്യത്തിന്‍റെ ഉത്തരം തേടി അന്വേഷണം ആരംഭിച്ചപ്പോള്‍ ആത്മഹത്യയെക്കുറിച്ച് പ്രമുഖരായ രാഷ്ട്രീയ-സാംസ്‌കാരിക നായകന്മാരുടെ അഭിപ്രായങ്ങള്‍ ഒന്ന് ഏകീകരിക്കാന്‍ ഞാന്‍ ഒരു ശ്രമം നടത്തി.ആര്‍ക്കും ആത്മഹത്യക്കുറിച്ച് അത്രയൊന്നും യോജിപ്പുള്ളതായി കണ്ടില്ല.ആത്മഹത്യ ഭീരുവിന്‍റെ അവസാനത്തെ ആയുധമാണ് എന്നൊക്കെ എല്ലാവരും വലിച്ചുനീട്ടി പറഞ്ഞിട്ടുമുണ്ട്.ഞാന്‍ അവരെക്കുറിച്ച് ഓര്‍ത്ത് നന്നായി അഭിമാനം കൊണ്ടു.അപ്പോള്‍ ദാ കിടക്കുന്നു ഒരു നീണ്ട ലിസ്റ്റ്.
ആത്മഹത്യ ചെയ്ത പ്രമുഖരായ സാംസ്‌കാരിക നായകന്മാര്‍,വമ്പന്‍ ഭരണാധികാരികള്‍.തീര്‍ന്നില്ലേ എന്‍റെ അഭിമാനം.......ഇവരൊക്കെ എന്താ ഇങ്ങനെ എന്ന് ചിന്തിച്ചുകൊണ്ട്‌ ഓരോരുത്തരെക്കുറിച്ച് പഠിക്കാന്‍ ആരംഭിച്ചു.ലോകം കണ്ട പ്രമുഖരില്‍ പ്രമുഖനായ അഡോള്‍ഫ് ഹിറ്റ്ലര്‍ ആത്മഹത്യ ചെയ്തതാണ്.അങ്ങേര് അത് ചെയ്തത് നന്നായി എന്ന് അങ്ങേരുടെ ചെയ്ത് കണ്ടപ്പോള്‍ തോന്നി.അല്ലെങ്കില്‍ ഞാന്‍തന്നെ തേടിപ്പിടിച്ച് തല്ലിക്കൊന്ന് കെട്ടിത്തൂക്കിയേനെ.
ഭരണത്തിന്‍റെ എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ചുകൊണ്ട്‌ ജനത്തെ ദ്രോഹിക്കുന്ന അവനൊക്കെ ജീവിച്ചാല്‍ എന്താ ചത്താല്‍ എന്താ.അതുകൊണ്ട് ആത്മഹത്യ ചെയ്ത ഭരണാധിപന്മാരുടെ കഥ തേടുന്ന പണി ഞാന്‍ അതോടെ നിര്‍ത്തി.
പിന്നെ തേടിയത് സാഹിത്യ-സാംസ്ക്കാരിക നായകന്മാരെ ആണ്.കവി ഇടപ്പള്ളി രാഘവൻപിള്ള,കഥാകാരി ടി.എ.രാജലക്ഷ്മി, നോവലിസ്റ്റ് നന്തനാര്‍ തുടങ്ങി ഒരു ലിസ്റ്റ് നമ്മുടെ മലയാളത്തില്‍ തന്നെയുണ്ട്‌.പിന്നെ ഭാരതത്തിലെ ഓരോ പ്രാദേശിക ഭാഷകളും എടുത്താല്‍ വേറെയും ലിസ്റ്റ് ഉണ്ട്.ലോകസാഹിത്യത്തില്‍ വിര്‍ജീനിയ വൂള്‍ഫിനെപ്പോലെയുള്ള നല്ല കഥയെഴുത്തുകാര്‍ പെണ്ണുങ്ങളും ആണുങ്ങളും. പിന്നെ കവികള്‍ തത്വചിന്തകര്‍ പലരും ആ ലിസ്റ്റില്‍ വന്നു.
ഒരു എഴുത്തുകാരനോ സാഹിത്യകാരനോ അല്ലെങ്കില്‍ തത്വചിന്തകനോ ആത്മഹത്യ ചെയ്തുവെങ്കില്‍, അതിന് തൊട്ടുമുന്‍പ് അവര്‍ എന്തായിരിക്കും ചിന്തിച്ചത് അല്ലെങ്കില്‍ എഴുതിയത് എന്ന് അറിയാനുള്ള ജിജ്ഞാസ സ്വാഭാവികമായും എനിക്ക് ഉണ്ടായി.ഒരു സാധാരണ സാഹിത്യവിദ്യാര്‍ഥി എന്ന നിലയില്‍ അത് രസകരമായ ഒരു ഇരതേടല്‍ ആണല്ലോ.ജനങ്ങളുമായി നിരന്തരം ഇടപാടുകള്‍ നടത്തുന്ന വിഭാഗമാണല്ലോ സാഹിത്യകാരന്മാര്‍. അപ്പോള്‍ തീര്‍ച്ചയായും അവരുടെ അവസാനകാലരചനകളില്‍ അതിനെക്കുറിച്ച് എന്തെങ്കിലും സൂചന ഉണ്ടാകുമോ എന്നതാണ് എന്നെ അത്തരത്തിലുള്ള ഒരു അന്വേഷണത്തിന് നിര്‍ബന്ധിച്ചത്.ഇടപ്പള്ളിയുടെ അവസാനത്തെ മരണവാക്യം മലയാളത്തില്‍ വളരെ പ്രസിദ്ധമാണല്ലോ.
''മണിമുഴക്കം മരണദിനത്തിന്‍റെ മണിമുഴക്കം മധുരം........''
എന്ന് പാടിക്കൊണ്ട് മരണത്തെ സ്വീകരിക്കാന്‍ ഒരുപക്ഷേ സര്‍ഗ്ഗചേതനയും സ്വര്‍ഗ്ഗചേതനയും ഉള്ളില്‍ തുടിക്കുന്ന ഒരു മനസ്സിന് മാത്രമേ കഴിയൂ.
സ്വയം രക്ഷിക്കാനുള്ള ആഗ്രഹംപോലെ സ്വയം നശിപ്പിക്കാനും സ്വയം ഇല്ലാതാകാനുമുള്ള വാസന മനുഷ്യന് അവന്‍റെ വ്യക്തിത്വത്തില്‍ ആഴത്തില്‍ പതിഞ്ഞുകിടക്കുന്ന ഒന്നാണെന്ന് ആധുനിക മന:ശാസ്ത്രം അടിവരയിട്ട് പറയുന്നു.ഈ പ്രവണത എഴുത്തുകാരനും കലാകാരനും അവന്‍റെയുള്ളില്‍ കൂടിയ അളവില്‍ ആണെന്നും എന്നാല്‍ രാഷ്ട്രീയക്കാര്‍ക്ക് അത് തീരെ കുറവാണെന്നും കൂടി ആ ശാസ്ത്രം പറയുന്നുണ്ട്.അതുകൊണ്ടാകും രാഷ്ട്രീയക്കാര്‍ പൊതുവേ ആത്മഹത്യ ചെയ്യാത്തത് എന്നും കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും ഇതാണ് സംഭവിക്കുന്നത് എന്നും ഓര്‍ത്ത്‌ ഞാന്‍ സമാധാനിച്ചു.ഈ അന്വേഷണവും പഠനവും ഒക്കെ നടത്തിയ എനിക്ക് അല്പം പോലും ആത്മഹത്യയെ പിന്തുണയ്ക്കാന്‍ കഴിഞ്ഞതുമില്ല.
നമ്മുടെ കുഞ്ഞുണ്ണിമാഷ് ഒരിക്കല്‍ എഴുതി
''ആത്മഹത്യ ചെയ്യുവാന്‍ മരക്കൊമ്പത്ത് കേറിയോനെ രക്ഷപെടുത്തി താഴെ നിര്‍ത്തി ഒരു നല്ല വടിയെടുത്ത് അവനെ അടിച്ചു തല്ലിക്കൊന്ന് കെട്ടിത്തൂക്കി.....
(വരികള്‍ ഓര്‍മ്മയില്‍ നിന്നും എഴുതിയത്)
ഞാന്‍ കുഞ്ഞുണ്ണിമാഷിന്‍റെ പക്ഷം ചേര്‍ന്ന് ആത്മഹത്യ എന്ന വിഷയത്തെക്കുറിച്ചുള്ള എന്‍റെ ഗവേഷണം അവസാനിപ്പിച്ചു.എന്നിട്ടും കുഞ്ഞുണ്ണിമാഷ് നിര്‍ത്താന്‍ ഭാവമില്ല അദ്ദേഹം മറ്റൊരു ആത്മഹത്യാക്കവിതയുമായി എന്‍റെ മുന്നില്‍ വന്നു.അത് ഇങ്ങനെയാണ്.....
''നേതാക്കന്മാരെ.....നിങ്ങള്‍ ആത്മഹത്യ ചെയ്യുവിന്‍....എന്തുകൊണ്ടെന്നാല്‍
എനിക്ക് നിങ്ങളെ കൊല്ലാനുള്ള കഴിവില്ല......''
അടിപൊളി.....ഇപ്പോള്‍ എനിക്ക് കാര്യങ്ങള്‍ ഒരുവിധം പൂര്‍ണ്ണമായി പിടികിട്ടി.ഇനി എന്‍റെ ഈ ആത്മഹത്യപരമ്പര മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അര്‍ത്ഥമില്ല എന്ന് കരുതി ഞാന്‍ അത് അടച്ചുവെച്ചു.അത് അടച്ചുവെച്ച് വെറുതെ ഇരുന്നാല്‍ എങ്ങനാ എന്ന് കരുതി നേരെ ഒരു സിനിമയ്ക്ക് വെച്ചുപിടിച്ചു.ഇതില്‍ മാത്രമല്ല ഇനിയങ്ങോട്ട് ആത്മഹത്യ ഒരു വിഷയം അല്ല കേട്ടോ.സിനിമ.....സിനിമ മാത്രം മതി നമുക്ക്.....
മലയാള സിനിമയില്‍നിന്നും ഇന്ത്യന്‍ സിനിമയും കടന്ന് ഞാന്‍ ലോകസിനിമയില്‍ പോയി നിന്നു.അവിടെ ഒരു പുലിയുടെ മുന്നില്‍.....പേര് പറഞ്ഞാല്‍ നിങ്ങള്‍ അറിയും.സാക്ഷാല്‍ കുറോസാവ....അതെ,അകിരാ കുറോസാവ എന്ന ജപ്പാന്‍ പുലി.പുലിക്ക് മുന്നില്‍ ഞാന്‍ അങ്ങനെ നിന്നു.മലയാള സിനിമാക്കാര്‍ മാത്രമല്ല നമുക്ക് പ്രിയപ്പെട്ട ഇന്ത്യന്‍ സിനിമാക്കാര്‍ വരെ തലകുനിച്ചു നിന്ന് ആരാധിക്കുന്ന സിനിമാക്കാരനാണ് കുറോസാവ. അദ്ദേഹത്തിന്‍റെ വിഖ്യാതമായ റാഷോമോണ്‍ എന്ന സിനിമ നേരെ യുട്യൂബില്‍ പോയി നാലോ അഞ്ചോ തവണ കണ്ടു.ചുമ്മാതല്ല ഇങ്ങേരെ ആളുകള്‍ വിളക്കുവെച്ച് ആരാധിക്കുന്നത്. ഇതാണ് സിനിമ എന്നും ഇതാണ് എന്‍റെ മനസിലെ സിനിമയെന്നും അന്ന് തോന്നിയ നിമിഷം.പിന്നെ ഈ റാഷോമോണ്‍ എന്ന സിനിമയുടെ നിര്‍മ്മാണരഹസ്യം തേടിയുള്ള യാത്ര ആയിരുന്നു.
റാഷോമോണ്‍ എന്നാല്‍ പ്രധാന നഗരകവാടം എന്നാണ് അര്‍ത്ഥം.കോരിച്ചൊരിയുന്ന മഴയില്‍ നിന്നും രക്ഷപെടാന്‍ നഗരകവാടഗോപുരത്തിന്‍റെ ചുവട്ടില്‍ അഭയംതേടിയ മൂന്ന് പേര്‍.ഒരു മരംവെട്ടുകാരന്‍,ഒരു പുരോഹിതന്‍,ഒരു ഭിക്ഷക്കാരന്‍.തൊട്ടുമുന്നില്‍ നടന്ന ഒരു കൊലപാതകവും ബലാത്സംഗവും ഈ മൂന്നുപേരുടെ കാഴ്ച്ചപ്പാടിലൂടെയും ഇവര്‍ തമ്മിലുള്ള സംഭാഷണങ്ങളിലൂടെയും വിവരിക്കുന്നതാണ് സിനിമയുടെ കഥാസാരം.ഓരോരുത്തരും പറയുന്ന കഥകള്‍ വ്യത്യസ്തമാണ്.എന്നാല്‍ അതിലൊക്കെ സത്യം നിറഞ്ഞു നില്‍ക്കുന്നുമുണ്ട്.ഒരു സംഭവം ഒന്നിലധികം പേരുടെ പ്രസ്താവനകളിലൂടെ നമ്മള്‍ അനുഭവിക്കുകയും എന്നാല്‍ ഇതില്‍ ഏതാണ് സത്യം എന്ന് തിരിച്ചറിയാന്‍ നമുക്ക് കഴിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥ.ഒരു സത്യം ഒന്നിലധികം ആളുകളിലൂടെ ഒന്നിലധികം സത്യങ്ങളായി മാറുന്നു.എന്നാല്‍ യഥാര്‍ത്ഥ സത്യം കണ്ടെത്തപ്പെടാതെ മറഞ്ഞു കിടക്കുന്നു.
നിരവധി തലങ്ങളുള്ള ഈ സിനിമ 1951 ലാണ് പ്രദര്‍ശനത്തിന് എത്തുന്നത്‌.അന്നുമുതല്‍ ഈ ചിത്രം പല നിലവാരത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.ഈ സിനിമയെക്കുറിച്ച് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചിട്ടുള്ളത് നമ്മുടെ പ്രിയപ്പെട്ട കഥാകാരനായ എം.ടി.വാസുദേവന്‍നായര്‍ ആണ്.നിരവധി ലേഖനങ്ങള്‍ അദ്ദേഹം എഴുതി.മാത്രമല്ല ഈ സിനിമയുടെ തിരക്കഥ മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്യാനും സിനിമാസ്നേഹികള്‍ക്ക് ഇതിനെക്കുറിച്ച് കൂടുതല്‍ പഠിക്കാനും എം.ടി. മുന്‍കൈ എടുത്തു.
റാഷോമോണ്‍ എന്ന സിനിമയുടെ തിരക്കഥ എഴുതിയത് കുറോസാവ തന്നെയാണ്.എന്നാല്‍ കഥ കുറോസാവയുടെ അല്ല.അതാണ് കുറോസാവയുടെ ഒരു രീതി.ഷേക്സ്പിയര്‍ രചനകള്‍ മാക്ബത്ത് ഉള്‍പ്പെടെ പലതും കുറോസാവ സിനിമയാക്കി വിജയിപ്പിച്ചിട്ടുണ്ട്. ഈ റാഷോമോണ്‍ എന്ന സിനിമ ഒരു ജാപ്പനിസ്കഥാകൃത്ത്‌ ആയ റിയുനോസുകി അകുതഗാവ എന്ന ചെറുപ്പക്കാരന്‍ എഴുതിയ രണ്ട് ചെറുകഥകളെ ആസ്പദമാക്കിയുള്ളതാണ്.
ഒരു നിമിഷം......റിയുനോസുകി അകുതഗാവ..........ഈ പേര് എവിടെയോ ഞാന്‍ കേട്ടിട്ടുണ്ടല്ലോ.
അതെ....ലോകചെറുകഥാസാഹിത്യത്തില്‍ നിരവധി വേറിട്ട കഥകള്‍ സമ്മാനിക്കുകയും ജീവിതത്തിന്‍റെ ഏതാണ്ട് മുഴുവന്‍ കാലത്തിലും ഏകാന്തപഥികനായി ജീവിക്കുകയും ഒടുവില്‍ മുപ്പത്തിയഞ്ചാം വയസ്സില്‍ ആത്മഹത്യ ചെയ്യുകയും ചെയ്ത റിയുനോസുകി അകുതഗാവ എന്ന ടോക്കിയോക്കാരന്‍.
കണ്ടോ.......ഞാന്‍ വീണ്ടും ആത്മഹത്യയില്‍ തന്നെ വന്നു നിന്നു.ഈ വിഷയം എന്നെ വിട്ടുപോകുന്ന മട്ടില്ല.
ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകത അതാണ്.ഈ ലോകപ്രശസ്തനായ കഥാകാരന്‍ ആത്മഹത്യ ചെയ്ത ദിവസമാണ് ഇന്ന്.ആത്മഹത്യയെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല എന്ന ഉറച്ച തീരുമാനമുള്ള എനിക്ക് ഈ മുഖക്കുറിയിലൂടെ അദ്ദേഹത്തിന് പ്രണാമം അര്‍പ്പിക്കാന്‍ കഴിയില്ല.എന്നാലും കഥാസാഹിത്യത്തില്‍ എന്നെ ആകര്‍ഷിക്കുകയും ഞെട്ടിക്കുകയും അതിശയിപ്പിക്കുകയും ചെയ്ത എന്‍റെ പ്രിയപ്പെട്ട കഥാകാരനെ ഓര്‍ക്കാതെ മറക്കാനും കഴിയുന്നില്ല.അകുതഗാവയുടെ In a Grove (ഒരു കാട്ടില്‍) എന്ന കഥയാണ് കുറോസാവ സിനിമയാക്കിയത്.ഈ കഥ എം.ടി.വാസുദേവന്‍നായര്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്.
മനുഷ്യന്‍റെ മനസാകുന്ന കൊടുങ്കാട്ടിലെ ക്രൂരതകളും ഭ്രമസഞ്ചാരങ്ങളും അനാവരണം ചെയ്യുന്ന ഈ കഥ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒരു രചനയാണ്.1927 ല്‍ മരണത്തിന് ശേഷമാണ് പ്രധാനപ്പെട്ട കഥകളും കവിതകളും വായനയുടെ ലോകം കണ്ടെത്തുന്നതും ഇങ്ങനെ ഒരാള്‍ ജീവിച്ചിരുന്നു എന്ന് സാഹിത്യലോകം അറിയുന്നതും.മരണശേഷം കണ്ടെത്തിയ അദ്ദേഹത്തിന്‍റെ രചനകള്‍ പരിശോദിച്ചപ്പോള്‍ ജപ്പാന്‍ അദ്ദേഹത്തെ ജാപ്പനീസ് കഥകളുടെ പിതാവായി അവരോധിച്ചു. ഈ രചനകള്‍ അപഗ്രഥിച്ച് ഈ കഥാകാരനെ മനസിലാക്കാനും വിലയിരുത്താനും നിരൂപകര്‍ അന്ന് ആരംഭിച്ച ശ്രമം ഇന്നും അവസാനിച്ചിട്ടില്ല.
അതുതന്നെയാണ് ഞാനും തുടരുന്നതും ഒരിക്കലും അവസാനിപ്പിക്കാന്‍ കഴിയാത്തതും......
ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത് ആത്മഹത്യയെക്കുറിച്ചല്ല............

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍