മഹേന്ദ്രസിംഗ് ധോനിക്ക് ജന്മദിനആശംസകള്‍.........
ക്രിക്കറ്റ് ഇഷ്ടപ്പെടാത്തവര്‍ ആരാണുള്ളത്.......ഒരുപക്ഷേ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ആസ്വദിക്കുന്ന കായികവിനോദമാണ് ക്രിക്കറ്റ് എന്ന് തോന്നുന്നു. ബ്രിട്ടീഷുകാരന്‍ പ്രചരിപ്പിച്ചത് കൊണ്ടോ കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ മാത്രം കൊണ്ടുനടക്കുന്നതുകൊണ്ടോ ഫുട്ബോള്‍ പോലെ അത്രയും ജനപ്രീതി ലഭിക്കുന്നില്ല എങ്കിലും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ക്രിക്കറ്റ് കൂടുതല്‍ ആളുകള്‍ ഇന്ന് ആസ്വദിക്കുന്നുണ്ട്.
എനിക്കും ക്രിക്കറ്റ് ഇഷ്ടമാണ്.1983 ല്‍ കപില്‍ദേവ് ലോകകപ്പ് ഇന്ത്യയില്‍ കൊണ്ടുവരുന്നതിന് മുന്‍പ് ക്രിക്കറ്റ് കളിച്ചവനാണ് ഞാനും എന്‍റെ തലമുറയില്‍പെട്ടവരും.അന്ന് ഞങ്ങളുടെ നാട്ടിലെ ഏറ്റവും പ്രശസ്തമായ കറ്റാനം പോപ്പ് പയസ് ഹൈസ്ക്കൂള്‍ ഗ്രൗണ്ടിലെ പള്ളിമുറ്റമായിരുന്നു ആദ്യത്തെ കളരി.അത് 1978-83 കാലഘട്ടം ആയിരുന്നു.ഞാന്‍ അന്ന് അവിടെ അഞ്ചാം സ്റ്റാന്‍ഡേര്‍ഡില്‍ പഠിക്കുന്ന സമയത്ത് അവിടുത്തെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പള്ളിപ്പറമ്പില്‍ ക്രിക്കറ്റ് കളിക്കുമായിരുന്നു.ആദ്യമൊക്കെ ബൗണ്ടറിക്ക് പുറത്ത് റോഡിലോ കുറ്റിക്കാട്ടിലോ ഒക്കെ പോയി വീഴുന്ന പന്തുകള്‍ തപ്പിയെടുത്ത് കൊടുക്കുന്ന പണിയായിരുന്നു എനിക്കും എന്‍റെ സഹപാഠികകള്‍ക്കും ഉണ്ടായിരുന്നത്.അങ്ങനെ പന്ത് പെറുക്കി പെറുക്കി കളി പഠിച്ചു.ചില സന്ദര്‍ഭങ്ങളില്‍ പ്രധാന കളിക്കാരുടെ അഭാവത്തില്‍ ടീമില്‍ ഇടംനേടിയവരാണ് ഞാനും നമ്മുടെ അജയ് അനിരുദ്ധനും ഞങ്ങളുടെ സുഹൃത്ത് അരുള്‍ദാസും ഒക്കെ.എനിക്ക് അന്ന് പണി വിക്കറ്റ്കീപ്പര്‍ ഉദ്യോഗം ആയിരുന്നു. അതിന് പ്രത്യേകിച്ച് വല്യപണിയൊന്നും ഇല്ലല്ലോ.കുറ്റിക്കാട്ടില്‍ പോയി പന്ത് തപ്പേണ്ട കാര്യം ഇല്ല.കുറ്റിക്ക് പിന്നില്‍ വെറുതെ നിന്നാല്‍ മതി.ഞാന്‍ എന്‍റെ കീപ്പര്‍ പണിയില്‍ നൂറ് ശതമാനവും സംതൃപ്തനുമായിരുന്നു.പിന്നീട് അജയ് അനിരുദ്ധനും അരുള്‍ദാസുമൊക്കെ ഓള്‍റൗണ്ടര്‍മാരായി സ്കൂള്‍ ടീമില്‍ വിലസിയിട്ടുണ്ട്.ഞാന്‍ ഇതിനിടയില്‍ ആരോഗ്യപരമായ കാരണങ്ങള്‍കൊണ്ട്സ്വയം റിട്ടയര്‍മെന്റ് പ്രഖ്യാപിച്ച് കീപ്പര്‍ ഉദ്യോഗം അവസാനിപ്പിച്ച് പോപ്പ് പയസും പള്ളിപ്പറമ്പും വിട്ട് തിരുവനന്തപുരത്തിന് സ്ഥലം വിട്ടു.അജയ് അനിരുദ്ധനും അരുള്‍ദാസും ഒക്കെ അവിടെത്തന്നെ തുടരുകയും റിക്കാര്‍ഡുകള്‍ തിരുത്തിയും വിക്കറ്റുകള്‍ തെറിപ്പിച്ചും റണ്ണുകള്‍ വാരിക്കൂട്ടിയും കുറ്റികള്‍ക്കിടയില്‍ തെക്കുവടക്ക് ഓടിയും കുറ്റിക്കാട്ടില്‍ പന്ത് തേടി ക്ഷീണിച്ചും ഒക്കെ ജീവിതം കഴിച്ചുകൂട്ടി.
ഞാന്‍ ഈ പറഞ്ഞത് എന്‍റെ ചെറിയ ഗ്രാമത്തിന്‍റെ ക്രിക്കറ്റ് ചരിത്രമാണ്.1978 മുതല്‍ 1983 വരെയുള്ള കുറച്ചുകാലത്തെ ചരിത്രം.ഈ ചരിത്രത്തിലെ പ്രധാന നായകന്മാര്‍ എല്ലാം മിക്കവാറും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ ക്രിക്കറ്റ് അവലോകനവും കമന്‍ട്രിയും ഒക്കെ കൈകാര്യം ചെയ്ത് സംതൃപ്തരായി ജീവിക്കുന്നുണ്ട്.എന്നാല്‍ ആ ചരിത്രം മാത്രം അവിടെ അങ്ങനെതന്നെ കിടക്കുന്നു.അത് എഴുതാന്‍ തോപ്പില്‍ ഭാസിക്കും കാമ്പിശ്ശേരിക്കും ശേഷം മഹാന്മാര്‍ ആരും എന്‍റെ നാട്ടില്‍ ജനിച്ചില്ല എന്നതുകൊണ്ട് ഇന്നും മണ്മറഞ്ഞുകിടക്കുന്നു ആ ചരിത്രം.
ആ ചരിത്രത്തില്‍ എനിക്ക് വലിയ സ്ഥാനം ഒന്നും ഇല്ല.ഒരു ചെറിയ കാലയളവില്‍ ടീമിന്‍റെ വിക്കറ്റ്കീപ്പര്‍ ആയിരുന്നു എന്നതൊഴിച്ചാല്‍ ഒരു പണിയും ഞാന്‍ ചെയ്തിട്ടുമില്ല.ഞാന്‍ ആരുടേയും വിക്കറ്റ് തെറിപ്പിച്ചിട്ടില്ല. ആരെയും ക്യാച്ച് എടുത്ത് പുറത്താക്കിയിട്ടില്ല. ആരുടേയും റണ്‍ഔട്ടിന് കാരണമായിട്ടില്ല.ഒരു റണ്ണിന് വേണ്ടിപ്പോലും ഓടിയിട്ടില്ല.വിരമിച്ചപ്പോള്‍ അന്തസായി വിരമിച്ചു.അതുകൊണ്ട് ആ ചരിത്രത്തില്‍ എനിക്ക് ഒരു പങ്കും ഇല്ല.എന്നിട്ടും ഞാന്‍ വിരമിച്ച ദിവസം ഞാന്‍ കൃത്യമായി ഓര്‍ക്കുന്നുണ്ട്.
1981 ജൂലൈ 7.
ഈ ദിവസത്തിന് മറ്റൊരു പ്രത്യേകത ഉണ്ട്.ഞാന്‍ വിരമിച്ച ഈ ദിവസം അങ്ങ് ദൂരെ ബീഹാറിലെ റാഞ്ചി എന്ന സ്ഥലത്ത് ഒരു ഗ്രാമത്തില്‍ അല്പം നീണ്ട മൂക്ക് ഉള്ള ഒരു കുഞ്ഞ് പിറന്നു.മാതാപിതാക്കള്‍ അവന് മഹേന്ദ്രസിംഗ് എന്ന് പേരിട്ടു.ഇഷ്ടമുള്ളവര്‍ അവനെ ധോനി എന്ന് കൂടി കൂട്ടിച്ചേര്‍ത്ത് വിളിച്ചു.റാഞ്ചിയിലെ സ്കൂള്‍ ഗ്രൗണ്ടുകളില്‍ പോയിരുന്ന് എന്നെപോലെ അവനും ക്രിക്കറ്റ് കളി കണ്ടിരിക്കാം.ആദ്യമൊക്കെ കുറ്റിക്കാട്ടിലും നടുറോഡിലും ബൗണ്ടറി കടന്നുപോയ പന്ത് തേടി നടന്നിരിക്കാം.അങ്ങനെ കളി പഠിച്ച അവന്‍ പിന്നീട് എപ്പോഴോ ഒരു പകരക്കാരനായി ബാറ്റ് പിടിച്ചിരിക്കാം.കാലിന്‍റെ പെരുവിരലില്‍ മാത്രം ചവുട്ടിനിന്ന് കറക്കം കറങ്ങി അവന്‍ അടിച്ച് തെറിപ്പിച്ച പന്തുകള്‍ കുറ്റിക്കാട്ടിനുമപ്പുറം ആണ് പോയി വീണത്.അതൊന്നും കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല.എന്നും കളികഴിയുമ്പോള്‍ പന്ത് ഇല്ലാതെ അവരുടെ ടീം ഗ്രൗണ്ട് വിട്ടു.അങ്ങനെ അടിച്ചും പഠിച്ചും വളര്‍ന്നുവന്ന ആ കുട്ടിയാണ് ഇന്നത്തെ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെയും വിക്കറ്റിന്‍റെയും നോട്ടക്കാരനും ഇന്ത്യയുടെ ക്രിക്കറ്റ് നേട്ടക്കാരനുമായ മഹേന്ദ്രസിംഗ് ധോനി എന്ന എം.എസ്.ധോനി.കീപ്പര്‍ എന്നാല്‍ അത്ര നിസ്സാരപണിയല്ലന്നും ക്രിക്കറ്റ് ഒരു ചെറിയ കളിയല്ലെന്നും എന്നെ ബോധ്യപ്പെടുത്തിയ ധോനി.
മഹേന്ദ്രസിംഗ് ധോനിയുടെ ജന്മദിനം ആണ് ഇന്ന്.മുഖപുസ്തകം മുഖക്കുറിയിലൂടെ നമ്മുടെ ക്രിക്കറ്റ് നായകന് ജന്മദിനആശംസകള്‍ നേരുന്നു.
ഇത് അടയാളപ്പെടുത്തപ്പെട്ട ചരിത്രമാണ്.ഞാന്‍ മുകളില്‍ സൂചിപ്പിച്ച ഞങ്ങളുടെ ക്രിക്കറ്റ് കാലത്ത് ലോകത്തിലെ ക്രിക്കറ്റില്‍ നിരവധി സംഭവങ്ങള്‍ നടന്നു.സായിപ്പ് അവരുടെ അന്ത:പ്പുരങ്ങളില്‍ അവരുടെ മാത്രം വിനോദത്തിനായി സൂക്ഷിച്ചിരുന്ന ക്രിക്കറ്റ് കൂടുതല്‍ ജനകീയമായതും ലോകത്തിലെ എല്ലാ ഗ്രാമങ്ങളിലൂടെയും ഓലപ്പന്തും ഓലമടല്‍ബാറ്റുമായി കളി തുടങ്ങിയതും ആ കാലത്താണ്.1975 ല്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ ആരംഭിച്ചു.ആ ലോകകപ്പ് 1983 ല്‍ കപില്‍ദേവും അദ്ദേഹത്തിന്‍റെ കുട്ടികളും ചേര്‍ന്ന് ഇംഗ്ലണ്ടില്‍ നിന്നും ഇന്ത്യയിലേക്ക് ആദ്യമായി കൊണ്ടുവന്നു.സായിപ്പിന് അത് അല്പംപോലും പിടിച്ചില്ല.അന്നവര്‍ ഇന്ത്യന്‍ ടീമിനെ മനസ്സുകൊണ്ട് ശപിച്ചു. 'ഇന്ത്യന്‍ ചെകുത്താന്മാര്‍.......'
ആ ശാപം നമ്മള്‍ അനുഗ്രഹമാക്കി മാറ്റി. ചരിത്രത്തില്‍ ഇടംപിടിച്ച ആ ഇന്ത്യന്‍ ടീം ഇന്നും അറിയപ്പെടുന്നത് ''കപില്‍ദേവും ചെകുത്താന്മാരും'' എന്നാണ്.അന്ന് നമ്മുടെ മഹേന്ദ്രസിംഗ് ധോനിക്ക് രണ്ട് വയസ്സ് ആണ് പ്രായം.കപില്‍ദേവ് കൊണ്ടുവന്ന ലോകകപ്പ് ഇന്ത്യക്കാരുടെ കയ്യില്‍ നിന്നും പിന്നെ പല രാജ്യക്കാരും മാറിമാറി കൊണ്ടുപോയി. കൊണ്ടുപോയവന്‍റെ കയ്യില്‍നിന്നും അത് റാഞ്ചിക്കൊണ്ട് വന്നത് അന്നത്തെ ബീഹാറിലെ റാഞ്ചിയിലെ(ഇന്നത്തെ ഝാർഖണ്ഡ് തലസ്ഥാനം)ഒരു റാഞ്ചിക്കാരന്‍ മഹേന്ദ്രസിംഗ് ധോനിയാണ്.
കിര്‍മാണി കഴിഞ്ഞാല്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പറും കപില്‍ദേവ് കഴിഞ്ഞാല്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ക്രിക്കറ്റ് ക്യാപ്റ്റനും ആണ് മഹേന്ദ്രസിംഗ് ധോനി.കിര്‍മാണിയും കപിലും ക്രിക്കറ്റ് കളിച്ച കാലം പരിശോദിക്കുമ്പോള്‍ ഒരുപക്ഷേ അവര്‍ക്കും മുന്നിലാണ് ഈ റാഞ്ചിക്കാരന്‍റെ സ്ഥാനം എന്ന് നമുക്ക് തോന്നാം.ചിലര്‍ക്ക് വെറും മഹിയും മറ്റുചിലര്‍ക്ക് ക്രിക്കറ്റിന്‍റെ തലയും ആണ് ധോനി.ഒരുപക്ഷേ ഇന്ത്യന്‍ ക്രിക്കറ്റില്‍ പലതരം വിശേഷങ്ങള്‍ കൊണ്ട് തലക്കെട്ട് കൊടുത്ത മറ്റൊരു ക്രിക്കറ്റര്‍ ഉണ്ടായിട്ടില്ല എന്ന് തോന്നുന്നു.വിജയങ്ങളില്‍ അമിതമായി സന്തോഷിക്കാനോ പരാജയങ്ങളില്‍ തളര്‍ന്ന് വേദനിക്കാനോ ധോനിക്ക് കഴിയില്ല. അതുകൊണ്ടാകും ക്യാപ്റ്റന്‍ കൂള്‍ എന്ന ചെല്ലപ്പേര് ധോനിക്ക് മാത്രം സ്വന്തമായത്.കളിക്കളത്തില്‍ പിച്ചിന്‍റെയും എതിരാളിയുടെയും സ്വഭാവം മനസിലാക്കി തന്ത്രങ്ങള്‍ മെനയാന്‍ ധോനിക്കുള്ള കഴിവ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിട്ടും ധോനിയെ ടീമിന്‍റെ തലതൊട്ടപ്പന്‍ ആക്കി.അവസാനത്തെ ഒരു പന്തിലോ അതിന് മുന്‍പുള്ള ഒരു ഓവറിലോ ടീമിനെ വിജയിപ്പിക്കാനുള്ള ധോനിയുടെ മിടുക്ക് ബെസ്റ്റ് ഫിനിഷര്‍ എന്ന കിരീടത്തിന് അവകാശിയാക്കി.അങ്ങനെ എത്രയെത്ര പട്ടങ്ങള്‍.....എന്നിട്ടും വിമര്‍ശങ്ങള്‍ കൂടുതല്‍ ഏറ്റുവാങ്ങിയ കളിക്കാരന്‍ എന്ന പദവിയും ധോനി ആര്‍ക്കും വിട്ടുകൊടുത്തില്ല. പട്ടികയില്‍ ഒടുവില്‍ ക്രിക്കറ്റ് ഇതിഹാസം എന്ന് വിശേഷിപ്പിക്കുന്ന സച്ചിനും ധോനിയെ നന്നായി വിമര്‍ശിച്ചു.എന്നാല്‍ ആ ഇതിഹാസത്തിന് പോലും കളി നിര്‍ത്തി കളം വിടാന്‍ ഉചിതമായ ഒരു ഉപഹാരം കയ്യില്‍ പിടിപ്പിച്ച ക്യാപ്റ്റന്‍ ധോനി ആയിരുന്നു എന്നത് നമ്മള്‍ ഓര്‍ക്കുന്നുണ്ട്.ഇന്ത്യ ലോകകപ്പ് നേടിയ അതെ ഗ്രൗണ്ടില്‍ കപ്പിനോടൊപ്പം സച്ചിനെയും തോളില്‍ ചുമന്നു അന്ന് ധോനി.
കരിയറിലെ ഏറ്റവും നിര്‍ണ്ണായകമായ ഒരു നിമിഷത്തിലൂടെയാണ് ഇത്തവണ ധോനിയുടെ ജന്മദിനം കടന്നുവരുന്നത് എന്നത് ഒരു പ്രത്യേകതയാണ്.അടുത്ത 20-20 മത്സരത്തോടെ കളിക്കളം വിടാന്‍ ധോനി ആലോചിക്കുന്നു എന്ന വാര്‍ത്തകള്‍ ഉണ്ട്. ഈ അവസരത്തില്‍ ധോനിയുടെ വിടവാങ്ങല്‍ രാജകീയമായി നടക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.അതുകൊണ്ടുതന്നെ ഈ ജന്മദിനം മഹേന്ദ്രസിംഗ് ധോനിയുടെ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവ് ആയിരിക്കും.
പകരക്കാരനില്ലാത്ത ഈ ഇന്ത്യന്‍ ക്രിക്കറ്ററുടെ നേട്ടങ്ങള്‍ ഇന്ത്യയുടെ നേട്ടങ്ങള്‍ ആണെന്ന വിലയിരുത്തലോടെ എല്ലാ നന്മകളും നേരുന്നു.......
0 അഭിപ്രായങ്ങള്‍