നീലാംബരിയുടെ കാവ്യമുകുളങ്ങള്‍ എന്ന കവിതാസമാഹാരം വെറുതെ ഒന്ന് മറിച്ച് നോക്കിയപ്പോള്‍ ശ്രീ.രാജന്‍ പടുതോള്‍ എഴുതിയ ''തെരുവുനായ്ക്കള്‍ ഓരിയിടുന്നതെന്തിന്....''എന്ന ചോദ്യചിഹ്നമാണ് കണ്ണില്‍ ഉടക്കിയത്.ആ ചോദ്യത്തില്‍ ഒരു അസാധാരണത്വം തോന്നിയതിനാല്‍ കവിത ഒറ്റയിരിപ്പിന് വായിച്ചു.ആ ഒരു ചോദ്യം ഒത്തിരി ഉത്തരങ്ങള്‍ തേടി കവിതയുടെ വരികളും വിട്ട് കടലാസ്സില്‍ നിന്നു ഇറങ്ങി തെരുവിലും മണിമേടകളിലും സഞ്ചരിക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് ഈ രചനയുടെ മികവ് സത്യത്തില്‍ എനിക്ക് ബോധ്യമായത്.
ഒരു ചാലക്കുടിക്കാരന്‍റെ സ്വതസിദ്ധമായ ഹാസ്യത്തെ കൃത്യം മധുരം ചേര്‍ത്ത് പറയുകയും ഒപ്പം അല്പം കയ്പ്പുള്ള കഷായക്കൂട്ട് ഉണ്ടാക്കി ആ ഹാസ്യത്തിനൊപ്പം വിളമ്പുകയും ചെയ്യുകയാണ് കവി.മധുരിക്കുന്നവന് വെളുക്കെ ചിരിക്കാം.കൈയ്പ്പ് തോന്നുന്നവന് മുഖം കറുപ്പിക്കാം.രണ്ടും ഒരു സമൂഹത്തിന്‍റെ ആരോഗ്യത്തിന് വേണ്ടതാണ്.എന്തായാലും നിലവിലെ സാമൂഹ്യസാഹചര്യത്തിന്‍റെ രോഗാവസ്ഥയ്ക്ക് ഈ കഷായം അല്പം കണ്ണുമടച്ചു കുടിക്കണം എന്നാണ് ഈ കവിത നമുക്ക് നല്‍കുന്ന കുറിപ്പടി.
ശീതീകരിച്ച മണിമേടയും ചുട്ടുപഴുത്ത തെരുവും വായനക്കാരനെ അനുഭവിപ്പിക്കുന്ന കവി, ഇതില്‍ എവിടെയാണ് ഞാന്‍ എന്ന വായനക്കാരന്‍ നില്‍ക്കുന്നത് എന്ന് അല്പം പോലും ശങ്കയില്ലാതെ എന്നെ ബോധ്യപ്പെടുത്തുന്നുണ്ട്.നമ്മുടെ നിലവിലുള്ള രാഷ്ട്രീയസംസ്ക്കാരത്തെ വാമനന്‍റെ മൂന്ന് അടികള്‍ പോലെ കൃത്യമായി അളക്കുന്നുണ്ട് കവിത.ഒരു അടികൊണ്ടു ആകാശവും മറ്റൊരു അടികൊണ്ട് ഭൂമിയും അളക്കുന്ന കവിതയ്ക്ക് മുന്നില്‍ മൂന്നാമത്തെ അടിവെക്കാന്‍ ഞാന്‍ എന്‍റെ ശിരസ്സ് നമിക്കുന്നതിന്‍റെ കാരണവും ഈ കവിത നല്‍കുന്ന അനുഭവമാണ്.
ആകാശത്തെ പഞ്ചനക്ഷത്രമേടകളോടും ഭൂമിയെ തെരുവിനോടും ഉപമിക്കാതെ ഉപമിക്കുന്നു കവി.ഇത് രണ്ടും നമ്മള്‍ ഇന്നു അനുഭവിക്കുന്ന സാമൂഹ്യാവസ്ഥകള്‍ തന്നെയാണ്.അഞ്ചുപേര്‍ അടങ്ങുന്ന കുടുംബത്തിന് അയ്യായിരം ചതുരശ്രയടി സാമ്രാജ്യം.എന്നാല്‍ അത് ഉണ്ടാക്കാനായി ഒഴിഞ്ഞുപോയ അയ്യായിരം പേര്‍ക്ക് തെരുവും.ആവാസവ്യവസ്ഥയെ ഒരു അര്‍ത്ഥത്തില്‍ കളിയാക്കാനും അത് തെറ്റിക്കുന്ന ആര്‍ഭാടങ്ങളെ വിമര്‍ശിക്കാനും കവിതയില്‍ ഇടം കണ്ടെത്തുന്നു ശ്രീ.രാജന്‍ പടുതോള്‍.നമ്മുടെ നാട്ടില്‍ ശീലമാകുന്ന ഫ്ലാറ്റ് സംസ്ക്കാരം ഉയര്‍ത്തുന്ന വെല്ലുവിളികളെ സുന്ദരമായി പരാമര്‍ശിക്കുന്നുണ്ട് കവി.
കവിതയുടെ ഒറ്റനോട്ടത്തിലെ അര്‍ത്ഥതലം ലളിതമായി തോന്നാം.എന്നാല്‍ ഒരു ആവര്‍ത്തി കൂടി വായിക്കുമ്പോള്‍ മറ്റൊരു മുഖം കൂടി ഈ വരികളില്‍ ഉണ്ട് എന്ന് തോന്നി.
അഞ്ചുപേരുടെ എച്ചിലാണ് അയ്യായിരത്തിന് ഊണാകുന്നത് എന്നും ആ അയ്യായിരത്തിന്‍റെ ചിറി നക്കുന്ന കാക്കത്തൊള്ളായിരം എന്ന കണക്കുകളും കൂടി കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും അതില്‍ ഒരു രാഷ്ട്രീയവിമര്‍ശനവും തെളിയുന്നുണ്ട്.ഒരു രാജ്യത്തിന്‍റെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന പൊതുജനസമൂഹത്തെ ഈ കാക്കത്തൊള്ളായിരം എന്ന കണക്കില്‍പ്പെടുത്തി വോട്ടര്‍പട്ടികയില്‍ ചേര്‍ത്ത് കവി കവിതയ്ക്ക് മറ്റൊരു ആസ്വാദനതലം കൂടി നിര്‍മ്മിക്കുന്നു.മണിമാളികകളില്‍ സുരക്ഷിതത്വത്തിന്‍റെ സുഖശീതളതയില്‍ മയങ്ങുന്ന ദത്തുനായ്ക്കള്‍ ഒരു ജനാധിപത്യഭരണക്രമത്തിലെ അധികാരം അനുഭവിക്കുന്നവര്‍ തന്നെയല്ലേ എന്ന് ഒരു സംശയം നമുക്ക് തോന്നാം.വല്ലപ്പോഴും ആ ആകാശഗോപുരങ്ങളില്‍ നിന്നും മലമൂത്രവിസര്‍ജ്ജനത്തിന് വേണ്ടി മാത്രം തെരുവിലേക്ക് ഇറങ്ങുന്ന ഈ വര്‍ഗ്ഗം അനുഭവിക്കുന്ന സന്തോഷവും സുഖവും അത്തരം ഒരു ബിംബകല്പനയിലേക്ക് നമ്മളെ കൊണ്ടുപോകുന്നില്ലേ.ആ വിസര്‍ജ്യം മണക്കുന്ന തെരുവ് നായ്ക്കള്‍ ആ അധികാരസ്ഥാനങ്ങളെ നോക്കി ഓരിയിടുന്നത് എന്തിനാണ് എന്നാണ് കവിയുടെ ചോദ്യം.അത് പ്രതിഷേധമാണോ അതോ അവര്‍ അനുഭവിക്കുന്ന അധികാരസ്ഥാനത്ത് എത്താനുള്ള ആവേശമാണോ എന്ന് തിരിച്ചും മറിച്ചും വായനക്കാരന്‍ വായിച്ചു തീരുമാനിക്കട്ടെ എന്ന് കവി.'സ്വച്ഛത' എന്ന വാക്കിന്‍റെ പ്രയോഗത്തിലൂടെയും രാജ്യദ്രോഹം എന്ന കുറ്റം ചാര്‍ത്തുന്നതിലൂടെയും കവിത ഉയര്‍ത്തുന്നത് ഒരു പ്രാദേശിക വിഷയം അല്ലെന്നും അത് ഒരു ദേശീയമോ അന്തര്‍ദേശീയമോ ആയ ഒരു അവസ്ഥ ആണെന്നും നമുക്ക് ഒറ്റ വാക്കില്‍ പറയാം.
വിമര്‍ശനവും സ്വയം വിമര്‍ശനവും ഒരുപോലെ പ്രകടമാകുന്ന ഈ കവിതയുടെ വായന കാവ്യമുകുളങ്ങള്‍ എന്ന പുസ്തകത്തെ നിലവാരമുള്ളതാക്കുന്നു.ഇത്തരത്തിലുള്ള മികച്ച 76 കവികളുടെ തെരഞ്ഞെടുത്ത 76 കവിതകള്‍ ആണ് ഈ സമാഹാരത്തില്‍ ഉള്ളത്.ഓരോ കവിതകളെയും വിലയിരുത്തുന്ന അവലോകനങ്ങള്‍ ആസ്വാദനം കൂടുതല്‍ സുഖകരമാക്കുന്നുണ്ട്.അഭിമാനത്തോടെ നമുക്ക് നെഞ്ചില്‍ ചേര്‍ത്ത് വെക്കാം ഈ കാവ്യമുകുളങ്ങള്‍ എന്നതില്‍ സംശയമില്ല.
0 അഭിപ്രായങ്ങള്‍