മൗനത്തിന്‍റെ ഇടനാഴികളിലൂടെ ഒരു യാത്ര.-എം.എസ്.വിനോദ്.
സാമൂഹ്യമാധ്യമ രംഗത്ത് എഴുതിത്തെളിഞ്ഞ് ഒരു തിളക്കമുള്ള മഷിക്കൂട്ടുമായി സനീ മേരി ജോണ്‍ ചെറുകഥാ സാഹിത്യരംഗത്ത്ചുവടുറപ്പിക്കുന്ന ആദ്യകഥാസമാഹാരമാണ് ''മൗനത്തിന്‍റെ ഇടനാഴികള്‍''
ആദ്യ പുസ്തകത്തില്‍ സനീയുടെ പ്രിയപ്പെട്ട കഥകളും സനീക്ക് പ്രിയപ്പെട്ട കഥകളും ഉണ്ട്. ഒരു എഴുത്തുകാരി എന്ന നിലയില്‍ സനീ സ്വയം പാകപ്പെട്ടു എന്നതിനുള്ള തെളിവാണ് ഈ സമാഹാരം. സമാഹാരത്തില്‍ ഭ്രമം, ദിവസത്തിന്‍റെ അവസാനം,സീന്‍ മൊത്തം കോണ്‍ട്ര,യാത്ര-പ്രണയം തേടി,ഒരു താലികെട്ടിന്‍റെ വീരഗാഥ,സിമിത്തേരിയിലേക്കുള്ള വഴി തുടങ്ങിയ പത്തൊന്‍പത് കഥകള്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈ കഥകളില്‍ മികച്ച കഥ ഏതാണ് എന്ന് തീരുമാനിക്കേണ്ടത് വായനക്കാര്‍ ആണ്. എന്നാല്‍ സനീയുടെ മികച്ച കഥകള്‍ ഈ സമാഹാരത്തില്‍ ഉണ്ട് എന്ന് നമുക്ക് ഉറപ്പിച്ചു പറയാം. ചിലതിലൊക്കെ മുത്തശ്ശിക്കഥകളുടെ ലാളിത്യം ഉണ്ട്. മറ്റ് ചിലതില്‍ ആധികാരിക സിദ്ധാന്തങ്ങള്‍ ഉണ്ട്. എങ്ങനെ പറഞ്ഞാലും കഥ പറയുന്നത് തന്നെയാണ് സനീയുടെ സാംസ്കാരികപ്രവര്‍ത്തനം. ആദ്യ കഥാകാരന്‍ എന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള ശ്രീ.വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ മുതല്‍ തുടങ്ങുന്ന മലയാള ചെറുകഥാസാഹിത്യ - രംഗത്തേക്ക് മൗനത്തിന്‍റെ ഇടനാഴികളില്‍ കൂടി സനീയും കടന്നുകയറുകയും ഇടം പിടിക്കുകയും ചെയ്യുന്നു.സനീയുടെ കഥപറച്ചിലിന് വിശാലമായ ഒരു ക്യാന്‍വാസ് ഉണ്ട്. ആ ക്യാന്‍വാസിന്‍റെ വിസ്തൃതിയില്‍ നിന്നുകൊണ്ട് പറയാനുള്ളത് ഒതുക്കി പറയാന്‍ സനീക്ക് അറിയാം. എത്ര ഒതുക്കിയാലും ആ കഥകള്‍ക്ക് ഒരു പ്രസന്നതയും ചൈതന്യവും ഉണ്ട്. കഥയുടെ കാലവും തലയിലെഴുത്തും മാറി. കഥ പുതിയ സങ്കേതങ്ങളിലൂടെ ആണ് ഇപ്പോള്‍ നടക്കുന്നത്. അതിന്‍റെ പൊട്ടും പൊടിയുമൊക്കെ സനീയുടെ കഥകളിലും പ്രകടമാണ്. ഒരു കഥയുടെ ഭൗതികഭാവത്തില്‍ നിന്നും അതിന്‍റെ ആത്മീയ സൗന്ദര്യത്തിലേക്ക് വായിക്കുന്നവനെ സൂക്ഷ്മമായി കൊണ്ടുപോകാന്‍ സനീക്ക് കഴിയുന്നുണ്ട്.
'മൗനത്തിന്‍റെ ഇടനാഴികള്‍ കടന്ന് കടന്ന്...' എന്ന കഥയുടെ തലക്കെട്ടില്‍ നിന്നും ആണ് സനീ പുസ്തകത്തിന്‍റെ പേര് പോലും തെരഞ്ഞെടുത്തത്. ഒരു കഥയുടെ വികാസത്തോടൊപ്പം വായനക്കാരന്‍റെയും മാനസിക ഭാവം വികസിപ്പിക്കാനുള്ള സനീയുടെ മിടുക്ക് ഈ കഥയില്‍ പ്രകടമാണ്. ഒരു അജ്ഞാതജഡം തിരിച്ചറിയാന്‍ മോര്‍ച്ചറിയിലേക്ക് പോകുന്ന ഒരു സംഘത്തിലെ അംഗമായ ചെറുപ്പകാരന്‍റെ മാനസികഭാവം ആണ് കഥയുടെ കാതല്‍. ഈ കഥയില്‍ മൗനത്തെ മരണതുല്യമായ ഒരു ശീതീകരണ സ്വഭാവത്തോടെ വായനക്കാരനിലും അനുഭവിപ്പിക്കുന്ന എഴുത്തില്‍ അല്പം സൈദ്ധാന്തികഭാവം കൂടി ചേര്‍ത്ത് നിര്‍ത്തുന്നുണ്ട്. ''എന്തിനാണ് മോര്‍ച്ചറികള്‍ക്ക് മൗനത്തിന്‍റെ ഇത്ര നീണ്ട ഇടനാഴികള്‍....''എന്ന കഥാഭാഗം ഒരു വീര്‍പ്പുമുട്ടലോടെ ആണ് വായനക്കാരന്‍ സ്വീകരിക്കുന്നത്. ആ മരണത്തിന്‍റെയോ അതിന് കാരണമായ ജീവിതത്തിന്‍റെയോ പൂര്‍വ്വകഥയിലേക്ക് ഒന്ന് തിരിഞ്ഞുപോലും നോക്കാതെ അതിന് രണ്ടിനും ഇടയിലുള്ള ഇടനാഴിയില്‍ ഒരു ശ്വാസശബ്ദം കൊണ്ട് പോലും മുറിയാത്ത മൗനവുമായി നമ്മള്‍ നിന്നുപോകുന്നു എങ്കില്‍ അത് സനീയുടെ കയ്യടക്കത്തിന്‍റെ മിടുക്ക് തന്നെയാണ്. ബാഹ്യമോ ആന്തരികമോ ആയ ഒരു സംഭവത്തെ പ്രതിപാദിക്കുന്ന ഭാവനാസൃഷ്ടിയാണ് ചെറുകഥ എന്ന സോമര്‍സെറ്റ് മോം നിര്‍വ്വചനത്തെ കൈതട്ടി മാറ്റി സനീ ഇവിടെ വായനക്കാരനെ ഇത് രണ്ടുമല്ലാത്ത ഒരു അവസ്ഥയില്‍ കൊണ്ട് നിര്‍ത്തുന്നു.
സാങ്കേതികമായി റിയലിസത്തിന്‍റെ വഴിത്താരയിലൂടെയാണ് നീയുടെയും യാത്ര. കഥ പറയാന്‍ അതാണ് നല്ല വഴി എന്ന് സനീ ഉറച്ചു വിശ്വസിക്കുന്നു. ആ വഴിയില്‍ നിന്നുകൊണ്ട് സാമൂഹ്യസാംസ്‌കാരിക രംഗത്തെ ജീര്‍ണ്ണതകള്‍ സനീ തുറന്നു കാണിക്കുന്നുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ നര്‍മ്മത്തെ വിമര്‍ശനത്തിനുള്ള ഒരു ഉപകരണം ആക്കി മാറ്റുക മാത്രമല്ല വിനോദത്തിനുള്ള ഒരു ഉപാധി കൂടി ആക്കുകയാണ് സാധാരണ ചെയ്യുന്നത്. എന്നാലും സനീയുടെ ഹാസ്യത്തിന് മൂര്‍ച്ച കൂടുതലാണ്. അറത്ത് മുറിക്കാനും മുറിവേല്‍പ്പിക്കാനും കഴിയുന്ന വിധത്തില്‍ അതിനെ രൂപപ്പെടുത്തി സനീ നന്നായി പ്രയോഗിക്കുന്നു. വളരെ ദൂരെ നിന്നു നോക്കുന്നവര്‍ക്ക് ആ ഹാസ്യത്തിന്‍റെ തിളക്കം മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ എന്ന് നമുക്ക് അറിയാം. അടുക്കുമ്പോള്‍ മുറിവ് പറ്റിയവരെയും അരിഞ്ഞു വീഴ്ത്തിയവരെയും നമുക്ക് കാണാന്‍ കഴിയും. അത്ര കൃത്യമായി ഉന്നം പിടിച്ചാണ് എഴുത്ത് തുടങ്ങുന്നത് തന്നെ. 'സീന്‍ മൊത്തം കോണ്‍ട്ര' എന്ന കഥയില്‍ തന്‍റെ സ്വതസിദ്ധമായ നര്‍മ്മത്തെ നന്നായി പാറ്റിയും തൂറ്റിയും കൃത്യമായി പ്രയോഗിച്ച് വായനക്കാരനെ സനീ ചിരിപ്പിക്കുന്നു. ഇരുപത്തിയേഴുകാരിയായ വീട്ടുജോലിക്കാരി സരോജത്തില്‍ കഥാനായകന്‍ സൃഷ്ടിക്കുന്ന പ്രലോഭനങ്ങളെ സീന്‍ ബൈ സീന്‍ ആയി അവതരിപ്പിക്കുന്ന ഈ കഥ രസകരമായ വായന നല്‍കുന്നു. 'ഒരു അവിവാഹിതന്‍റെ ആത്മഗതങ്ങള്‍' എന്ന കഥയിലൂടെ പൂവാലന്മാര്‍ക്കിട്ട് കണക്കിന് കൊടുക്കുന്ന സനീ 'നിനക്കായ് മാത്രം' എന്ന കഥയില്‍ എത്തുമ്പോള്‍ അടിമുടി മാറുന്നു. സൗമിനി എന്ന ഭാര്യയുടെ മുഴുവന്‍ ആഗ്രഹങ്ങളും നെഞ്ചിലേറ്റി ജീവിക്കുന്ന ഈ കഥയിലെ നായകന്‍ ശ്രീ സത്യത്തില്‍ സനീയുടെ കഥകളിലെ ഏറ്റവും മികച്ച ഹീറോ തന്നെയാണ്.
കഥാപാത്രങ്ങളുടെ മാനസിക ചലനങ്ങള്‍ സുന്ദരമായി ആവിഷ്ക്കരിക്കാന്‍ ഈ കഥാകാരി ശ്രദ്ധിക്കുന്നത് കൊണ്ട് അവരില്‍ പലരും നമ്മളോ നമുക്ക് ഇടയിലുള്ളവരോ ആണ് എന്ന് നമുക്ക് തോന്നുന്നതില്‍ അത്ഭുതം ഇല്ല. ഒരു സ്ത്രീ എന്ന നിലയില്‍ താന്‍ ഉള്‍പ്പെടുന്ന വര്‍ഗത്തിന്‍റെ സഹജമായ ഭാവങ്ങള്‍ ചിത്രീകരിക്കാന്‍ സനീക്ക് കഴിയുന്നുണ്ട്. ഒരു മുന്‍വിധിയോടെ ഇവരുടെ കഥകളെ സമീപിക്കുന്നവര്‍ക്ക് ഇവര്‍ ഒരു സ്ത്രീപക്ഷവാദ എഴുത്തുകാരി ആണ് എന്ന് പൊതുവില്‍ തോന്നാം. എന്നാല്‍ അത് ഒരു അന്ധമായ പുരുഷവിദ്വേഷമല്ല. മറിച്ച് സ്ത്രീകളുടെ നിലവിലുള്ള അവസ്ഥയ്ക്ക് നേരെ പിടിച്ച കണ്ണാടിയിലൂടെ അത് സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമം ആണ്. സ്ത്രീകളുടെ അവകാശങ്ങളില്‍ ഉള്ള ബോധവും അവരുടെ അസ്തിത്വത്തില്‍ ഉള്ള വിശ്വാസവും ആണ് അത്. ഫാന്റസിയോടുള്ള ഇഷ്ടവും മനശാസ്ത്രവിശകലനവും സനീയുടെ രചനകളില്‍ അവിടവിടെ കാണാം. അതിന് ഉദാഹരണം ആണ് 'ഭ്രമം' എന്ന കഥ. ജയന്‍-കൃഷ്ണേന്ദു ദമ്പതികള്‍ക്കിടയിലേക്ക് ഒരു ചെറിയ ഇടവേളയില്‍ കടന്നു വരുന്ന അസ്വസ്ഥതയാണ് ഈ കഥയുടെ വിഷയം. സനീ എന്ന എഴുത്തുകാരി ഒരുപക്ഷേ മാനസികമായി വളരെയധികം ഉഷ്ണിച്ച ഒരു വിഷയം ആയിരിക്കും ഇത്. ഈ കഥയിലെ ചില വരികള്‍ എഴുതുമ്പോള്‍ കഥാകാരിയുടെ കൈകള്‍ വല്ലാതെ വിറയ്ക്കുന്നു എന്ന് വായനക്കാരന്‍റെ ചങ്കിടിപ്പില്‍ നിന്നും നമുക്ക് ഊഹിക്കാം. ഒരു നൂല്‍പ്പാലത്തിലൂടെ നടക്കുന്ന സൂക്ഷ്മത സനീ ഈ വിഷയത്തില്‍ പുലര്‍ത്തി എന്നതാണ് കഥയുടെ വായന സുന്ദരമാക്കിയത്. ഒപ്പം മനുഷ്യരുടെ മനസ്സിന്‍റെ അഗാധതയിലെ ഇരുട്ടിലേക്ക് ഒത്തിരി കൂടുതല്‍ ഇറങ്ങിപ്പോകാനും അത് സത്യസന്ധമായി അവതരിപ്പിക്കാനും സനീ ശ്രമിച്ചിട്ടുണ്ട്.
ഭ്രമത്തില്‍ നിന്നും വ്യത്യസ്തമാണ് 'ദിവസത്തിന്‍റെ അവസാനം' എന്ന കഥ. മനുഷ്യന്‍റെ മറ്റൊരു അവസ്ഥയാണ് ഇതില്‍ പറയുന്നത്. ബന്ധങ്ങളെ കാലത്തിന് അനുസരിച്ച് നിര്‍വ്വചിക്കുന്ന രീതി ഈ കഥയുടെ രചനയില്‍ കാണാം. ഉമ-അനി-നീനു എന്നീ കഥാപാത്രങ്ങളില്‍ കൂടി രണ്ട് തലമുറയുടെ വിടവും, ആ വിടവുകളുടെ അകലവും നമുക്ക് ബോധ്യപ്പെടുത്തുന്നു.
കഥയുടെ അവസാനം ''ഞാന്‍ ആദ്യം പോയാല്‍ വിഷമം ആകുമോ.....''എന്ന ഉമയുടെ ചോദ്യം ഒരു വെളിച്ചത്തിന് മുകളില്‍ വീഴുന്ന ഇരുട്ടിന്‍റെ തിരശ്ശീലയായി വായനക്കാരന്‍ അനുഭവിക്കുന്നു.
റിയലിസത്തിന്‍റെ വഴിയിലും ചില കഥകളിലെ കാല്പനികഭാവം ഈ സമാഹാരം പുറത്ത് കാണിക്കുന്നുണ്ട്. കഥാസാഹിത്യത്തിലെ ആധുനികപ്രവണതയുടെ മൊട്ട് വിടരുന്ന ചില രചനകള്‍ ഈ കഥകളുടെ കൂട്ടത്തില്‍ ഉണ്ട്. എന്നാല്‍ ആധുനികതയുടെ അടിസ്ഥാനശിലകളായ ഇംപ്രഷനിസത്തിലോ മനോവിജ്ഞാനീയത്തിലോ അസ്തിത്വദര്‍ശനത്തിലോ ഒന്നും സനീക്ക് അമിതമായ താല്പര്യം ഇല്ല എന്നതാണ് തുടക്കത്തില്‍ എഴുതിയ കഥകള്‍ കാണിക്കുന്നത്. വായനക്കാരനെ വിഭ്രാമകമായ ഒരു കുന്നിന്‍ മുകളിലേക്ക് വലിച്ചുകയറ്റി കൊണ്ടുപോകുകയും പെട്ടന്ന് ഒരു പടുകുഴിയിലേക്ക് തള്ളിയിടുകയും ചെയ്യുന്ന പ്രവണതയെ സനീ ഇതുവരെ പിന്തുണച്ചു കണ്ടിട്ടില്ല.ജീവിതത്തിന്‍റെ വൈകിയ വേളയില്‍ പ്രണയത്തിന്‍റെ ആന്തരിക അര്‍ത്ഥങ്ങള്‍ തേടി വീട് വിട്ട് ഇറങ്ങുകയും, ഒടുവില്‍ പ്രണയത്തിന്‍റെ സ്മാരകമായി കരുതപ്പെടുന്ന താജ്മഹളിന്‍റെ തിരുമുറ്റത്ത് എത്തി ആത്മഹത്യചെയ്യുകയും ചെയ്യുന്ന മദ്ധ്യവയസ്സ് പിന്നിട്ട ഒരു സ്ത്രീയുടെ കഥയാണ് 'യാത്ര-പ്രണയം തേടി' എന്ന കഥ. കഥ വായിക്കുമ്പോള്‍ ഇത് അല്പം ബാലിശമാണ് എന്ന് നമുക്ക് തോന്നാം. എന്നാല്‍ പ്രണയത്തിന്‍റെയും അതില്‍ തെളിയുന്ന ആത്മീയതയുടെ സ്ത്രൈണഭാവങ്ങളെയും കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുകയാണ് കഥാകാരി ഈ കഥയില്‍. ഈ കഥയില്‍ പ്രണയം വ്യത്യസ്തമായ ഒരു നിര്‍വചനത്തിന് വിധേയമാക്കുന്നു. കഥയില്‍ പ്രണയം ഒരു സ്ത്രീയുടെ മനസിന്‍റെ പ്രതീക്ഷ ആണ്.
ജീവിതത്തില്‍ നമുക്ക് പരിചയമുള്ള ചില കാഴ്ചകളും അനുഭവങ്ങളും ആവിഷ്കരിക്കാന്‍ റിയലിസത്തില്‍ നിന്നും സനീ വഴിമാറി നടക്കുന്നത്
'എരിയുന്ന ആത്മാക്കള്‍'എന്ന കഥയിലൂടെ നമ്മള്‍ അറിയുന്നു.വ്യത്യസ്തമായ സാഹചര്യങ്ങളില്‍ മരണപ്പെടുന്ന മൂന്ന് വ്യക്തികളുടെ ആത്മാക്കള്‍ കണ്ടുമുട്ടുന്ന ആ നിമിഷം നമുക്ക് അനുഭവപ്പെടുത്താന്‍ അല്പം ഫാന്റസിയുടെ പൊടി വിതറുന്നു സനീ ഈ കഥയില്‍. ഈ മൂന്ന് പേരുടെ കഥയില്‍ പോലും സാമൂഹ്യപ്രശ്നങ്ങളെ വിമര്‍ശനബുദ്ധിയോടെ സമീപിക്കാനും അതില്‍ അതിശയോക്തിയുടെ കസവ് ചേര്‍ത്ത് നെയ്ത് തിളക്കം കൂട്ടാനും സനീക്ക് കഴിഞ്ഞു.
പൊതുവെ മിക്കവാറും വ്യക്തികള്‍ക്ക് ചില നിറങ്ങളില്‍ അമിതമായ കമ്പം ഉണ്ടാകും. ആ കമ്പം അവരുടെ വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും നിര്‍ണ്ണായകമാകുകയും ചെയ്യും. സനീയുടെ കഥാലോകത്തും ഈ നിറങ്ങള്‍ക്ക് ഇത്തിരി പ്രാധാന്യം ഉണ്ട്. കഥയുടെയും കഥയുടെ അവസരത്തെയും പ്രതിനിധീകരിക്കുന്ന ചില നിറങ്ങളുടെ പ്രത്യേകത എനിക്ക് പലയിടത്തും അനുഭവപ്പെട്ടു. 'ഡയാന ഡഗ്ളസിന്‍റെ ഡയറിക്കുറിപ്പുകള്‍' എന്ന കഥയില്‍ ഡയാന മുഖം തുടയ്ക്കുന്ന ടൌവ്വലിന്‍റെ നിറം ഇളം മഞ്ഞ ആണെന്ന് നമുക്ക് കാണാം. ഈ കഥയുടെ പൊതുസ്വഭാവത്തിന് മരണത്തിന്‍റെ വിളര്‍ച്ച നിറയുന്ന ആ നിറവുമായി സാമ്യം ഉണ്ട്. 'തക്കാളിച്ചുവപ്പുള്ള സാരിയും മൂന്ന് പെണ്ണുങ്ങളും' എന്ന കഥയിലെ വീണയും മറിയയും അനാമികയും തമ്മില്‍ ബന്ധിക്കുന്നത് ഒരു നിറത്തിലൂടെ ആണ് എന്നതും സ്വാഭാവികമല്ല. മോളിക്കുട്ടിയുടെ പ്രണയവര്‍ണ്ണങ്ങളിലും ഉണ്ട് പറഞ്ഞോ പറയാതെയോ കുറെ നിറങ്ങള്‍. ഒന്നിനൊന്ന് വ്യത്യസ്തമായ വിഷയങ്ങള്‍ ആണ് ഈ സമാഹാരത്തിലെ ഓരോ കഥകളിലും ഉള്ളത്. ആ വ്യത്യസ്തത സനീ മേരി ജോണ്‍ എന്ന എഴുത്തുകാരിയുടെ മുഖമുദ്ര ആണ്. സ്വന്തമായി ഒരു ശൈലിയും അതോടൊപ്പം സ്വന്തം വായനക്കാരെയും ഉണ്ടാക്കിയെടുക്കാന്‍ ഈ പ്രത്യേകത ഈ എഴുത്തുകാരിയെ സഹായിക്കുന്നുണ്ട്.കെട്ടിലും മട്ടിലും സുന്ദരമായ ഭാവത്തോടെ ഈ പുസ്തകം വായനക്കാരുടെ മുന്നില്‍ അവതരിപ്പിച്ച സഹകാര്യം പബ്ലിക്കേഷന്‍സിന് അഭിമാനിക്കാന്‍
വകയുണ്ട്. ഇനിയുള്ള മലയാളചെറുകഥാചര്‍ച്ചയില്‍ ഈ പുസ്തകം സജീവമായി ചര്‍ച്ചചെയ്യപ്പെടും എന്നും അര്‍ഹിക്കുന്ന അംഗീകാരം നേടിയെടുക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നതിനോടൊപ്പം, ഈ സമാഹാരം വായിച്ച വായനക്കാര്‍ അത് ആഗ്രഹിക്കുകയും ചെയ്യുന്നു എന്നത് സത്യമാണ്.
0 അഭിപ്രായങ്ങള്‍