അഭിജ്ഞാനശാകുന്തളം.
എം.എസ്.വിനോദ്
കാളിദാസന്‍ രചിച്ച 'അഭിജ്ഞാനശാകുന്തളം'എന്ന നാടകം ആണ് ശകുന്തളയുടെ കഥയെ ഒരു വിസ്മയം ആക്കിയത്.ദുഷ്യന്തനും ശകുന്തളയും തമ്മില്‍ ഉള്ള
അനുരാഗവും തുടര്‍ന്നുള്ള സംഭവങ്ങളും ആണ് നാടകത്തിന്‍റെ ഇതിവൃത്തം.ഒരു സാധാരണപ്രണയകഥയെ ജീവിതഗന്ധമുള്ള സംഘട്ടനങ്ങളുടെയും അര്‍ത്ഥവത്തായ നിരീക്ഷണങ്ങളുടെയും പശ്ചാത്തലത്തില്‍ അവതരിപ്പിച്ചപ്പോള്‍ നാടകം ഒരു മഹാകാവ്യം ആയി മാറി.
ശാകുന്തളത്തിന് പലരും പല ഭാഷ്യവും നല്‍കി പല രൂപത്തിലും ഭാവത്തിലും അവതരിപ്പിച്ചിട്ടുണ്ട്.നൂറനാട് സുകുവിന്‍റെ 'അഭിനവശാകുന്തളം' ആ പട്ടികയില്‍ ഇടംപിടിക്കുന്നു.ബോധി നാടകോത്സവത്തില്‍ നൂറനാട് സുകു രചനയും സംവിധാനവും നിര്‍വഹിച്ച് 'അഭിനവശാകുന്തളം'അരങ്ങില്‍ എത്തിയപ്പോള്‍ അതു നാടക പ്രേമികള്‍ക്ക് ഒരു പുത്തന്‍ അനുഭവമായി. രചനാപരമായി സ്ത്രീപക്ഷത്ത് ചേര്‍ന്നു നില്‍ക്കുന്നു എന്ന് തോന്നിപ്പിക്കുന്ന രചന.എന്നിട്ടും ശക്തമായ ഒരു സന്ദേശമോ,സമൂഹത്തിനോട് ഒരു താക്കീതോ,സദസിന് ഒരു ഗുണപാഠമോ നല്‍കാതെ പറഞ്ഞു നിര്‍ത്തുന്നു സുകു ഒരു മന്ത്രം പോലെ.ആര്‍ക്കും എങ്ങനെയും എപ്പോള്‍ വേണമെങ്കിലും വിശകലനം ചെയ്യാം എന്ന ഒരേ ഒരു മൌനത്തോടെ. നാടകത്തില്‍ ഉടനീളം ദുഷ്യന്തനെ ശൃംഗാരാദിരസങ്ങള്‍ കൊണ്ട് ഒരു കോമാളിയാക്കി നിലനിര്‍ത്തിയത് സുകുവിന്‍റെ രചനാതന്ത്രം ആയിരിക്കാം.അതുകൊണ്ട് തന്നെ നടന്‍റെ കൈകളില്‍ നിന്നും കഥാപാത്രം അമിതാഭിനയത്തിന്‍റെ ആവേശത്തില്‍ പലപ്പോഴും കൈവിട്ടുപോയി.ഇത്രത്തോളം ശൃംഗാരം അല്ല അല്‍പംകൂടി വീര്യം ആകാമായിരുന്നു 'ഭരത'പിതാവിന് എന്ന് തോന്നിപ്പോയി.ഇങ്ങനെ ഒരു പുരുഷന് മുന്നില്‍ ഗാന്ധര്‍വത്തിന് നിന്ന് കൊടുക്കാന്‍ തക്കവണ്ണം പക്വത ശകുന്തളക്ക് ഇല്ലേ എന്ന് സംശയം.പുതിയ ഭാഷ്യം കൊണ്ട് ഉദേശിച്ചത് എന്താണ് എന്ന് മനസിലാകാതെ പോയി.രചനാപരമായ ഇത്തരം അപാകതകള്‍ മാറ്റിവെച്ചാല്‍ ഇതു പൂര്‍ണമായും നൂറനാട് സുകുവിന്‍റെ സൃഷ്ടിയാണ്.മൂന്ന് പതിറ്റാണ്ടായി നാടക രംഗത്ത് പ്രവര്‍ത്തിക്കുന്ന സുകു തിയേറ്റര്‍ സങ്കേതം പൂര്‍ണമായി വിഷയവുമായി ബന്ധിപ്പിച്ചിട്ടുണ്ട്.സുകുവിന്‍റെ പരിചയവും കൈയ്യടക്കവും അടയാളപ്പെടുത്തുന്നു ഈ നാടകം .അനാവിശ്യമായ ലൈറ്റ് ഓഫ് ഇല്ലാതെ രംഗങ്ങള്‍ തെന്നി മാറ്റിയ രീതി പ്രശംസ അര്‍ഹിക്കുന്നു.എന്നാല്‍ ആലപ്പി വിവേകാനന്ദന്‍ നല്‍കിയ പശ്ചാത്തലസംഗീതവും ചില കഥാപാത്രങ്ങളുടെ വേഷവും നിയന്ത്രിക്കാന്‍ സംവിധായകന്‍ ശ്രമിച്ചില്ല.സംഗീതം ചില സന്ദര്‍ഭങ്ങളില്‍ അരോചകമായി തോന്നി. മിക്ക നടീനടന്മാരും പുതുമുഖങ്ങള്‍ ആണ് എന്നതു കൂടുതല്‍ പ്രശംസ അര്‍ഹിക്കുന്നു.ദുഷ്യന്തന്‍ ആയിവേഷമിട്ട നടന്‍ അടിമുടി ഒരു നടന്‍ തന്നെയാണ് എന്ന് തെളിയിച്ചു.ശകുന്തള നൂറില്‍ നൂറ് മാര്‍ക്കും അര്‍ഹിക്കുന്നുണ്ട്. സജീവമായ ഒരു ചര്‍ച്ചക്ക് നൂറനാട് സുകുവിന്‍റെ രംഗഭാഷ ഇടയാക്കും എന്ന് ഉറപ്പാണ്.ഒരേ വേദിയില്‍ ആയാലും ഒരായിരം വേദി പിന്നിട്ടാലും നാടകം നാടകം തന്നെയാണെന്ന ബോധം ഇന്നും സാധാരണക്കാര്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കാനുള്ള നൂറനാട് സുകുവിന്‍റെയും ബോധിയുടെയും ശ്രമത്തിനെ ഒരു പൂ കൊണ്ടല്ല ഒരുപൂച്ചെണ്ട് കൊണ്ട് അഭിനന്ദിക്കുന്നു.
1 അഭിപ്രായങ്ങള്‍
നല്ലെഴുത്ത്
മറുപടിഇല്ലാതാക്കൂ