കുഞ്ഞുന്നാളില്‍ കഥകള്‍ പറഞ്ഞുതന്ന് എന്നെ ഉറക്കിയിരുന്നത് എന്‍റെ മുത്തശ്ശിയാണ്.'അമ്മിഞ്ഞാമ്മ'എന്നാണ് ഞാന്‍ മുത്തശ്ശിയെ വിളിച്ചിരുന്നത്.വിവാഹശേഷവും അമ്മ പഠനം തുടരുകയും തുടര്‍ന്ന് ജോലിയില്‍ പ്രവേശിക്കുകയും ചെയ്തപ്പോള്‍ ഞങ്ങളെ വളര്‍ത്തിയത് മുത്തശ്ശി ആയിരുന്നു.എന്‍റെ മൂത്തസഹോദരന് ജന്മം കൊടുക്കുമ്പോള്‍ അമ്മ പഠനം തുടരുകയായിരുന്നു.മുലകുടി മാറാത്ത ആ കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട് സഹിക്കാന്‍ കഴിയാതെ മുത്തശ്ശി ആ കുഞ്ഞിന് മുലയൂട്ടിയതും,തുടര്‍ന്ന് മുലപ്പാല്‍ തന്ന് വളര്‍ത്തിയ മുത്തശ്ശി ഞങ്ങള്‍ക്ക് അമ്മിഞ്ഞാമ്മ ആയതും ഒരു സത്യം.ഞങ്ങളുടെ വിളികേട്ട് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും എല്ലാം ആ മുത്തശ്ശി 'അമ്മിഞ്ഞാമ്മ'യായി.അതൊരു പഴയ ചരിത്രം.അമ്മിഞ്ഞാമ്മ എന്ന എന്‍റെ മുത്തശ്ശിയാണ് കഥകളുടെ ലോകം എനിക്ക് കാണിച്ചു തന്നത്.
ഒത്തിരി ബാലാരിഷ്ടകള്‍ ഉണ്ടായിരുന്ന എന്നെ മാനത്ത് കാര്‍മേഘം കണ്ടാല്‍ ഉടന്‍ അകത്തെ തളത്തില്‍ കൊണ്ടുപോയി കിടത്തി കരിമ്പടം കൊണ്ട് പുതപ്പിച്ച് മുത്തശ്ശി കഥകള്‍ പറഞ്ഞുതന്ന് ഉറക്കുമായിരുന്നു.പുരാണങ്ങളില്‍ നിന്നും നാടോടിക്കഥകളില്‍ നിന്നും ഐതിഹ്യമാലയില്‍ നിന്നും ഭീമന്‍റെയും തീ വിഴുങ്ങുന്ന സര്‍പ്പത്തിന്‍റെയും പന്തളം നീലകണ്ഠന്‍ എന്ന ആനയുടെയും ഒക്കെ കഥകള്‍.ആ കഥകളിലൊന്നും മഴയുടെ പേര് പോലും എനിക്ക് പറഞ്ഞു തരാതെയിരിക്കാന്‍ മുത്തശ്ശി പ്രത്യേകം ശ്രദ്ധിച്ചിരുന്നു.അങ്ങനെ മഴയില്ലാതെ,മഴയുടെ കഥയില്ലാതെ ഉറങ്ങിയ ഞാന്‍ പിന്നീട് കഥകളെയും കഥ പറയുന്നവരെയും സ്നേഹിക്കാന്‍ തുടങ്ങി.
അല്പം കൂടി വളര്‍ന്നപ്പോള്‍ മുത്തശ്ശിയില്‍ നിന്നും മുട്ടത്തുവര്‍ക്കിയിലൂടെ വായനശാലയില്‍ എത്തി.അവിടെ കഥകളുടെ വലിയ ലോകത്തേക്ക് കടന്നപ്പോള്‍ എന്നെ ഉറക്കാതെ പിടിച്ചിരുത്തി കഥപറഞ്ഞുതന്ന കഥാകാരനാണ് പത്മരാജന്‍.
സ്ക്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് കായംകുളം എം.എസ.എം.കോളജില്‍ എത്തിയപ്പോള്‍ പല സഹപാഠികളും പത്മരാജന്‍റെ അയല്‍വാസികളും ബന്ധുക്കളും ആയിരുന്നു.പെരുവഴിയമ്പലവും ഒരിടത്തൊരു ഫയല്‍വാനും കള്ളന്‍ പവിത്രനും ഒക്കെക്കൂടി കണ്ടു കഴിഞ്ഞപ്പോള്‍ കഥയും സിനിമയും തലയ്ക്കുപിടിച്ച ഞാനും സംഘവും മാത്തുക്കുട്ടിസാറിന്‍റെ തിയറി ക്ലാസ് കട്ട് ചെയ്ത് സൈക്കിളില്‍ നേരെ ഒരു ദിവസം മുതുകുളത്തിന് വെച്ചുപിടിച്ചു.കൂടെവിടെ എന്ന സിനിമ ക്യാമ്പസുകളെ ഇളക്കിമറിച്ചിട്ട കാലമായിരുന്നു അത്.തിങ്കളാഴ്ച നല്ല ദിവസം കുടുംബസദസ്സുകളെ വിങ്ങിപ്പൊട്ടിച്ച കാലം.പത്മരാജന്‍ തൂവാനത്തുമ്പികള്‍ക്ക് തിരക്കഥ ഒരുക്കുന്ന കാലം.
റോഡില്‍ നിന്ന് നോക്കിയാല്‍ പത്മരാജന്‍റെ തറവാട്ട്‌വീട് മുറ്റത്തെ ചെമ്പകമരം കാണാം.പത്മരാജന്‍ തന്നെ ഈ ചെമ്പകമരത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്.
''.....കാക്കയെ ആദ്യം ഞാന്‍ കാണുന്നത് ഞങ്ങളുടെ വീടിന്‍റെ മുറ്റത്തെ ചെമ്പകമരത്തിന്മേലാണ്.....എന്‍റെ ഓര്‍മ്മയിലെ ആദ്യത്തെ കാക്ക.......കാക്കയെ മാത്രമല്ല മിക്കവാറും പക്ഷികളെ ഞാന്‍ ആദ്യം കണ്ടുമുട്ടിയത് ആ മരത്തിന്മേലാണ്.......''
''.....കാക്കയെ ആദ്യം ഞാന്‍ കാണുന്നത് ഞങ്ങളുടെ വീടിന്‍റെ മുറ്റത്തെ ചെമ്പകമരത്തിന്മേലാണ്.....എന്‍റെ ഓര്‍മ്മയിലെ ആദ്യത്തെ കാക്ക.......കാക്കയെ മാത്രമല്ല മിക്കവാറും പക്ഷികളെ ഞാന്‍ ആദ്യം കണ്ടുമുട്ടിയത് ആ മരത്തിന്മേലാണ്.......''
ഞങ്ങള്‍ പത്മരാജന്‍ എന്ന ഞങ്ങളുടെ പ്രിയപ്പെട്ട കഥാകാരന്‍റെ ചെമ്പകമരം നോക്കി ആ റോഡില്‍ അങ്ങനെ നിന്നു.ശരിയാണ്....ആ ചെമ്പകമരത്തില്‍ കാക്കയും ഗോവാലന്‍കിളികളും വിശറിവാലന്‍ കിളികളും പഞ്ചവര്‍ണ്ണക്കിളികളും തത്തയും ഒക്കെ ഉണ്ട്......അങ്ങനെ പക്ഷികളുടെ നിറവും തരവും ഞങ്ങള്‍ കണ്ടു......
പെട്ടന്ന് ആകാശത്ത് കാര്‍മേഘങ്ങള്‍ നിറഞ്ഞു....ചന്നം ചിന്നം മഴ പെയ്തുതുടങ്ങി....ഞങ്ങള്‍ അന്ന് ആ മഴയും നനഞ്ഞ് ചെമ്പകമരവും മഴ നനയുന്നത് നോക്കി നിന്നു.അപ്പോള്‍ മണ്ണില്‍ നിന്നും മറ്റൊരു മഴപോലെ മുകളിലേക്ക് തുമ്പികള്‍ പറന്ന് പറന്ന് ഉയര്‍ന്നു.....തൂവാനത്തുമ്പികള്‍......എന്‍റെ നാടിന്‍റെ കഥാകാരന് ഇഷ്ടമുള്ള മഴയും തുമ്പികളും......
അന്നാണ് ഞാന്‍ ആദ്യമായി ഒരു മഴ നനഞ്ഞത്.....
എന്നാല്‍ അന്ന് മുതല്‍ ഇന്ന് വരെ മലയാളകഥ ആ തറവാട്ട് മുറ്റത്ത് മഴ നനഞ്ഞുകൊണ്ട് നില്‍ക്കുന്നു.എന്‍റെ പ്രിയ കഥാകാരന്‍റെ ആത്മാവിന് മുന്നില്‍ അഭിമാനത്തോടെ.....
നിറയെ പൂത്ത ഒരു ചെമ്പകമരം പോലെ......
നിറയെ പൂത്ത ഒരു ചെമ്പകമരം പോലെ......
എം.എസ്.വിനോദ്.
0 അഭിപ്രായങ്ങള്‍