Ticker

6/recent/ticker-posts

ഇടശ്ശേരി ഗോവിന്ദന്‍നായര്‍ .

ഇടശ്ശേരി ഗോവിന്ദന്‍നായര്‍@പൂതപ്പാട്ട്‌.
എം.എസ്.വിനോദ്.
ഇടശ്ശേരി
ആയിരത്തിത്തൊള്ളായിരത്തി ഇരുപതുകളിലെ ഒരു വേനല്‍ക്കാലം. മലബാറിലെ ഒരു ഇടത്തരം നായര്‍ കുടുംബത്തില്‍ നിന്നും പതിനഞ്ച് വയസ്സുപോലും തികയാത്ത ഒരു പയ്യന്‍ വീട്ടിലെ ദാരിദ്ര്യത്തിന് അവസാനമുണ്ടാക്കാന്‍ വേണ്ടി ഒരു ജോലി തേടി ആലപ്പുഴയിലെ വക്കീലന്‍മാരുടെ കോളനിയില്‍ എത്തുന്നു. അച്ഛന്‍ മരിച്ചിട്ട് ഏറെക്കാലം ആയിരുന്നില്ല. അച്ഛന്‍റെ മരണത്തോടെ എട്ടാംക്ലാസില്‍ പഠനം അവസാനിപ്പിച്ചു. അമ്മയെയും കുടുംബത്തെയും സംരക്ഷിക്കണ്ട വലിയ ഉത്തരവാദിത്വം ആ കുഞ്ഞുകരങ്ങളില്‍ ആയപ്പോഴാണ് ഒരു പരിചയക്കാരന്‍ മൂലം വക്കീല്‍ഗുമസ്തപ്പണി പഠിക്കാനായി ആലപ്പുഴയില്‍ എത്തുന്നത്. രണ്ട് മാസത്തെ കഷ്ടപ്പാടില്‍ ആദ്യപ്രതിഫലമായി കിട്ടിയ രണ്ട് രൂപ കൊടുത്ത് അമ്മക്ക് ഒരു കമ്പിളിപ്പുതപ്പ് വാങ്ങി. എന്നാല്‍ ആ പുതപ്പ് നാട്ടില്‍ എത്തിക്കും മുന്‍പ് വസൂരി ബാധിച്ച് ആ അമ്മ മരിച്ചു കഴിഞ്ഞിരുന്നു. ആ കുഞ്ഞുഹൃദയത്തെ തകര്‍ത്തുകളഞ്ഞ ആ സംഭവം ഒരു കവിതയുടെ രൂപത്തില്‍ ആയപ്പോള്‍ അത് ഇങ്ങനെ വരികളായി....
''അവള്‍ക്ക് കുളിരിന് കമ്പിളി നേടി-
പ്പിനീടെന്നോ ഞാന്‍ ചെല്‍കേ
ഒരട്ടിമണ്ണ് പുതച്ചു കിടപ്പൂ
വീട്ടാക്കടമേ മമ ജന്മം.....''

ഈ വരികള്‍ സ്വന്തം ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുത്തു എഴുതിയത് മറ്റാരുമല്ല. 'പൂതപ്പാട്ട്' എന്ന കവിതയിലൂടെ ലോകത്താകമാനമുള്ള അമ്മമാര്‍ക്ക് ഒരു ഭാവഗീതം എഴുതിയ കവി ഇടശ്ശേരി ഗോവിന്ദന്‍നായര്‍.
ശക്തിയുടെ കവി, കര്‍ഷകന്‍റെ കവി, മാതൃത്വത്തിന്‍റെ കവി, പ്രകൃതിയുടെ കവി, പരിസ്ഥിതിയുടെ കവി.....കവിതകളുടെ കവി എന്നിങ്ങനെ സകലമാനപേരും സ്വന്തം കവിയാക്കി അവകാശം സ്ഥാപിക്കുന്ന ഇടശ്ശേരിയുടെ ജനനം 1906 ഡിസംബര്‍ 23ന് മലപ്പുറത്ത് കുറ്റിപ്പുറം ആയിരുന്നു. ഇടശ്ശേരിക്കളത്തില്‍ കുഞ്ഞിക്കുട്ടിയമ്മയുടെ മകന്‍ ഗോവിന്ദന്‍ പിന്നീട് മലയാളം അറിഞ്ഞതും അറിയപ്പെട്ടതും അമ്മവീടിന്‍റെ പേരിലായിരുന്നു. ഇടശ്ശേരി ഗോവിന്ദന്‍നായര്‍.
12 വയസ്സ് മുതല്‍ ഇടശ്ശേരി കവിതകള്‍ എഴുതാന്‍ തുടങ്ങി. പതിനൊന്ന് സമാഹാരങ്ങളിലായി മുന്നൂറോളം കവിതകള്‍. 'കൂട്ടുകൃഷി' പോലെയുള്ള ലക്ഷ്യബോധമുള്ള നാടകങ്ങള്‍, ഭാഷയ്ക്ക്‌ മുതല്‍ക്കൂട്ടായ നിരവധി ഉപന്യാസങ്ങള്‍, എം.ടി.യുടെ നിര്‍മ്മാല്യം സിനിമയിലെ ഗാനങ്ങള്‍, ഇതൊക്കെ ഇടശ്ശേരിയുടെതായി നമുക്ക് മുന്നില്‍ ഉണ്ട്.
കേരളസാഹിത്യഅക്കാദമി, സംഗീതനാടകഅക്കാദമി എന്നിവയുടെ അമരക്കാരന്‍. കേന്ദ്രസാഹിത്യഅക്കാദമി, കേരളസാഹിത്യഅക്കാദമി അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. പ്രശസ്ത കഥാകൃത്ത്‌ ഇ.ഹരികുമാര്‍ മകന്‍ ആണ്.
സാമ്പത്തികബുദ്ധിമുട്ടുകള്‍ കാരണം പഠനം തുടരാന്‍ കഴിഞ്ഞില്ല എന്നാലും സ്വന്തമായി സംസ്കൃതവും ഇംഗ്ലീഷും പഠിച്ച് ആ ഭാഷകളില്‍ പണ്ഡിതതുല്യമായ അറിവ് സമ്പാദിച്ചു. 15 വയസ്സില്‍ സ്വന്തം അമ്മക്ക് പണിയെടുത്ത് ഒരു നേരത്തെ കഞ്ഞികൊടുക്കാനായി സ്വീകരിച്ച ഗുമസ്തപ്പണി അവസാനകാലത്ത് വരെ തുടര്‍ന്നു. കുറ്റിപ്പുറത്തുകാരനായ ഇടശ്ശേരി പൊന്നാനിയിലേക്ക് കുടിയേറുകയും പിന്നീട് പൊന്നാനിയുടെ പൊന്നായി മാറുകയുമായിരുന്നു. പൊന്നാനിയുടെ ഞരമ്പുകള്‍ ആയിരുന്നു ഇടശ്ശേരിയുടെ കവിതയിലെ വരികള്‍. സ്വാതന്ത്ര്യസമരം ചൂടുപിടിച്ചപ്പോള്‍ ദേശീയപ്രക്ഷോഭങ്ങളില്‍ ഇടശ്ശേരിയും ഭാഗമായി. അന്ന് സ്വാതന്ത്യസമരമുഖങ്ങളില്‍ പ്രചരിച്ചിരുന്ന 'സ്വതന്ത്രഭാരതം'പത്രത്തിന്‍റെ രാത്രികാലവിതരണം ഏറ്റെടുത്തത് ഇടശ്ശേരിയാണ്. ഗാന്ധിജിയോടുള്ള ആദരവും കേളപ്പനുമായുള്ള അടുപ്പവും ഇതിന് കാരണമായി. ആ പത്രം വായിച്ചാല്‍ പോലും അകത്താകുന്ന ഒരു കാലത്താണ് അത് വിതരണം ചെയ്യാന്‍ ഇടശ്ശേരി സ്വയം മുന്നോട്ട് വന്നത്. എന്നാല്‍ സ്വാതന്ത്ര്യാനന്തരം ഇടശ്ശേരി രാഷ്ട്രീയം വിട്ട് ഒഴിഞ്ഞുമാറി നിന്നു. കൂടുതല്‍ സമയവും പൊന്നാനിയുടെയും പൊന്നാനിയില്‍ക്കൂടി കേരളത്തിന്‍റെയും മുഴുവന്‍ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക ചലനങ്ങളില്‍, തന്‍റെ വാക്കുകളിലൂടെയും പ്രവര്‍ത്തിയിലൂടെയും ഇടപെട്ടുകൊണ്ടിരുന്നു ഇടശ്ശേരി. സ്വാതന്ത്ര്യസമരത്തിനിടയില്‍ മര്‍ദ്ദനമേറ്റ് മരിച്ച കൃഷ്ണപ്പണിക്കരുടെ സ്മാരകമായ വായനശാലയും അതിന്‍റെ പ്രവര്‍ത്തനങ്ങളും ആയിരുന്നു ഇടശ്ശേരിയുടെ പ്രധാന തട്ടകം. അക്കാലത്ത് ഉറൂബ്, കുട്ടികൃഷ്ണമാരാര്‍, വി.ടി.ഭട്ടതിരിപ്പാട് തുടങ്ങിയവരുമായി നിരന്തരബന്ധം ഇടശ്ശേരിയ്ക്ക് ഉണ്ടായിരുന്നു.
അമ്മയില്‍ നിന്നും പഠിച്ച രാമായണകഥകളും ജേഷ്ഠത്തിയില്‍ നിന്നും കിട്ടിയ പുരാണകഥകളും ഇടശ്ശേരിയെ വളരെയധികം സ്വാധീനിച്ചിരുന്നു. നാടിന്‍റെ നാട്ടറിവുകളില്‍ നിന്നും മധുരവും കയ്പ്പും ഒരുപോലെ ഊറ്റിയെടുത്ത് ഇടശ്ശേരി കവിതകളില്‍ ശക്തിയും സൗന്ദര്യവും നിറച്ചു. വള്ളത്തോളിനോടും ജി യോടും ആരാധന പുലര്‍ത്തിയിരുന്നു എങ്കിലും രണ്ടുപേരില്‍ നിന്നും ഒന്നും സ്വീകരിക്കാന്‍ ഇടശ്ശേരി തയാറായില്ല.
''എനിക്കിതേ വേണ്ടൂ പറഞ്ഞു പോകരു-
തിതു മറ്റൊന്നിന്‍റെ പകര്‍പ്പെന്ന് മാത്രം.....''

(എന്‍റെ പുരപ്പണി)
തന്‍റെ രചനകള്‍ മറ്റൊന്നിന്‍റെ പകര്‍പ്പാണ് എന്ന് പറയിക്കരുത്‌ എന്ന നിര്‍ബന്ധം ഇടശ്ശേരിക്ക് ഉണ്ടായിരുന്നു. ഈ നിര്‍ബന്ധം കൊണ്ടാണ് സാധാരണക്കാരന്‍റെ കവിത എന്ന മുഖമുദ്രയും ശക്തിയുടെ കവി എന്ന ചന്ദനച്ചാര്‍ത്തും ഇടശ്ശേരി നേടിയെടുത്തത്. ആദ്യകാലങ്ങളില്‍ ആഖ്യാനകവിതയുടെ കവി മാത്രമായിരുന്ന ഇടശ്ശേരിയില്‍ സ്വാതന്ത്ര്യത്തിന് ശേഷമുള്ള രാഷ്ട്രീയസാഹചര്യങ്ങള്‍ വലിയ മാറ്റമാണ് ഉണ്ടാക്കിയത്.
കവിതയിലൂടെ അടിസ്ഥാനവര്‍ഗ്ഗത്തിന് സര്‍വ്വപിന്തുണയും നല്‍കിയ കവി അദ്ധ്വാനിക്കുന്നവനോട് സഹതാപമോ ദയയോ അല്ല പ്രകടിപ്പിച്ചത്. പകരം അവനില്‍ കൂടുതല്‍ വിശ്വാസവും അഭിമാനവും വളര്‍ത്തി കൂടുതല്‍ ശക്തി പകരുന്ന പടയണിക്ക്  വിളക്ക് കൊളുത്തുകയായിരുന്നു.
''കുഴിവെട്ടി മൂടുക വേദനകള്‍
കുതികൊള്‍ക ശക്തിയിലേക്ക്‌ നമ്മള്‍....''
തുടങ്ങിയ വരികള്‍ ഏതു കാലത്തും കര്‍ഷകന്‍റെ മുദ്രാവാക്യമായി കേരളത്തിലങ്ങോളം അലയടിക്കുന്നുണ്ട്. പ്രകൃതിയോടും കര്‍ഷകവിരുദ്ധനിയമങ്ങളോടും പടവെട്ടി മുന്നേറുന്ന കര്‍ഷകന്‍റെ ജീവരക്തമായി മാറിയ കോമന്‍റെ കഥ ഇടശ്ശേരി അവതരിപ്പിച്ചപ്പോള്‍ അതുകേട്ട് തിളച്ചുമറിഞ്ഞ കര്‍ഷകരോഷത്തില്‍നിന്നാണ് കൃഷിഭൂമി കര്‍ഷകന് എന്ന നിയമം ഉണ്ടായത്. കോമന്‍ കഷ്ടപ്പെട്ട് വിതച്ച 'ആരിയന്‍' വിത്ത്‌ മുളച്ചപ്പോള്‍ വിതകൊയ്യാനെത്തിയത് കോടതിയും ആമീനും, വിളജപ്തി എന്ന നിയമവും ആയിരുന്നു. അവര്‍ക്ക്  മുന്നില്‍ മലയപ്പുലയനെപ്പോലെ നിന്ന് കരയാനല്ല മറിച്ച്...
''അധികാരം കൊയ്യണമാദ്യം നാം
അതിനുമേലാകട്ടെ പോന്നാര്യന്‍.....'' എന്ന വിപ്ലവകരമായ തിരിച്ചറിവില്‍ എത്തുന്നു കോമന്‍ എന്ന കര്‍ഷകന്‍. കര്‍ഷകന്‍റെ മനസ്സും ശരീരവും അളന്നുള്ള ഇടശ്ശേരിയുടെ ഈ വരികള്‍ സൃഷ്ടിച്ച ചെറുകാറ്റ്‌ പിന്നീട് ഒരു ചുഴലിയായി ചുറ്റിയടിച്ചപ്പോള്‍ ജന്മിത്വം പാപ്പരാകുകയും ഉടയോന്‍-കുടിയാന്‍ ബന്ധങ്ങള്‍ പൊട്ടിപ്പൊളിഞ്ഞ് ഇല്ലാതാകുകയും ചെയ്തു.
ചകിരിക്കുഴികള്‍, പണിമുടക്കം, കുടിയിറക്കല്‍ തുടങ്ങിയ കവിതകളിലൂടെയും കൂട്ടുകൃഷി, എണ്ണിച്ചുട്ട അപ്പം, ചാലിയത്തി തുടങ്ങിയ നാടകങ്ങളിലൂടെയും ഇടശ്ശേരി സാമൂഹ്യമാറ്റങ്ങള്‍ക്ക് പ്രചോദനം നല്‍കി. മാറ്റവും മാറ്റൊലിയുമായ കവിതകള്‍ക്കൊപ്പം ചായം പിഴിഞ്ഞ ചേല ചുറ്റിയ കാവ്യസൗന്ദര്യം തുളുമ്പുന്ന എഴുത്തും ഇടശ്ശേരിയുടെതായി ഉണ്ട്. കല്യാണപ്പുടവ, ബിംബിസാരന്‍റെ ഇടയന്‍, മകന്‍റെ വാശി, കറുത്ത ചെട്ടിച്ചികള്‍, കുറ്റിപ്പുറം പാലം, ബുദ്ധനും നരിയും ഞാനും, നെല്ലുകുത്തുകാരി പാറു തുടങ്ങി ഒരു പിടി കവിതകള്‍ ഇന്നും വായനയുടെ ലോകത്ത് ഉണ്ട്.
ഇടശ്ശേരിയുടെ കവിതകളില്‍ മുന്നില്‍ നില്‍ക്കുന്നത് കാവിലെപ്പാട്ട്‌, പൂതപ്പാട്ട് എന്നിവയാണ്. നരബലിയുമായി ബന്ധപ്പെട്ട ഒരു പുരാവൃത്തമാണ് കാവിലെപ്പാട്ട്. പൂതപ്പാട്ട്‌ പൊതുവായി മാതൃത്വത്തിന്‍റെ വിജയഗാഥയായിട്ടാണ് വിലയിരുത്തപ്പെടുന്നതും വായിക്കപ്പെടുന്നതും. സാഹിത്യത്തിലെ ആര്യവത്കരണത്തില്‍ മറഞ്ഞുപോയ അമ്മ എന്ന സങ്കല്പത്തെ മടക്കിക്കൊണ്ടു- വരികയാണ് ഇടശ്ശേരി പൂതപ്പാട്ടിലൂടെ ചെയ്തത് എന്ന് ഒരു കൂട്ടരും എന്നാല്‍ മനുഷ്യന്‍റെ മനസ്സില്‍ അടങ്ങി കിടക്കുന്ന കാമനകള്‍ക്ക് ഒരു പൂതപരിവേഷം കൊടുത്ത് വെളിച്ചത്ത് കൊണ്ടുവരികയാണ് ചെയ്തതെന്ന് മറ്റൊരുകൂട്ടരും വാദിക്കുന്നുണ്ട്. എന്തുതന്നെയായാലും ഒറ്റവായനയില്‍ ഇത് നന്മയുടെയും ത്യാഗത്തിന്‍റെയും വിജയമായി വായനക്കാരന്‍ ആഘോഷിക്കുകയും മാറോടുചേര്‍ത്ത് താലോലിക്കുകയും ആണ് ചെയ്തത്. കവിയും ആഗ്രഹിച്ചത്‌ അതാണ്. എന്നാലും ഇടശ്ശേരി എന്ന കവിയെ പഠിക്കുന്ന ഒരാള്‍ക്ക് പൂതപ്പാട്ടില്‍ നിന്നും ഒരു വായന കൊണ്ട് തൃപ്തി ലഭിക്കുമോ എന്ന് സംശയമാണ്. കവി അറിഞ്ഞോ അറിയാതെയോ ഒളിപ്പിച്ചുവെച്ച ഒത്തിരി ഭാവവും ഭാവനയും പൂതപ്പാട്ടിന്‍റെ ഓരോ വായനയിലും നമുക്ക് അനുഭവപ്പെടുന്നില്ലേ.
തുടികൊട്ടും ചിലമ്പിന്‍റെ കലമ്പലുമായി പൂതം വായനയില്‍ എത്തുന്നത് തന്നെ കവിയുടെ പ്രത്യേകസ്നേഹവും പരിഗണനയും ഏറ്റുവാങ്ങിക്കൊണ്ടാണ്. കവിതയ്ക്ക് പുറത്ത് പൂതത്തെക്കുറിച്ച് ഇടശ്ശേരി തന്നെ പറഞ്ഞ വാക്കുകള്‍ കൂടി കൂട്ടിവായിക്കുമ്പോള്‍ പൂതം മനുഷ്യമനസ്സിന്‍റെ ഒരു ഭാവം തന്നെയാണ് എന്ന ഉചിതമായ വിലയിരുത്തലില്‍ നമ്മള്‍ എത്തുന്നു. അതുകൊണ്ട്തന്നെ പൂതത്തെ വര്‍ണ്ണിക്കുമ്പോള്‍ ഇടശ്ശേരി അല്പം പോലും പിശുക്ക് കാണിക്കുന്നില്ല. കാതില്‍ പിച്ചളത്തോട, കഴുത്തില്‍ പണ്ടങ്ങള്‍, തലയില്‍ കിരീടം, പുറവടിവ്‌ മൂടിക്കിടക്കുന്ന മുട്ടോളമെത്തുന്ന മുടി.....അതാണ് ഇടശ്ശേരിയുടെ മണിപ്പൂതം. ഇവിടെ പൂതം ഭയമോ ഭീകരതയോ ഉണര്‍ത്തുന്നില്ല എന്നതാണ് ഇടശ്ശേരിയുടെ രചനയുടെ ഗുണം. വഴിയാത്രക്കാരനെ വഴിതെറ്റിക്കാനും അവരോട് മുറുക്കാന്‍ വാങ്ങി മുറുക്കി ചുവപ്പിച്ച് തുപ്പി തെച്ചിപ്പൂക്കള്‍ ചുവപ്പിക്കാനും കഴിവുള്ള പൂതം ഒരു പഴയ കഥയാണ് എന്ന് ഓര്‍മ്മിപ്പിച്ച് കഥപറയുന്ന ചാരുതയോടെ കവിതയെ മുന്നോട്ട് നയിക്കുന്നു ഇടശ്ശേരി. ഈ കഥപറച്ചിലില്‍ വായനക്കാരന്‍ ശ്വാസമടക്കിപ്പിടിച്ച് ഇരുന്നുപോകുന്നു.
പൂതം-നങ്ങേലി-ഉണ്ണി എന്നീ മൂന്ന് കഥാപാത്രങ്ങളിലൂടെ മാത്രം വികസിക്കുന്ന കവിതയില്‍ മറ്റ് കഥാപാത്രങ്ങള്‍ മാത്രമല്ല കാലവും ദേശവും പോലും അപ്രസക്തമാണ്. വഴിയാത്രക്കാരും ഇടയചെറുക്കന്‍മാരും വല്ലപ്പോഴും കടന്നുപോകുന്നു എന്നത് വിസ്മരിക്കുന്നില്ല. പൂതത്തിന്‍റെ ഭൂതകാലവര്‍ണ്ണനപോലെ തന്നെ നങ്ങേലി-ഉണ്ണി എന്നീ കഥാപാത്രങ്ങളെയും ഇടശ്ശേരി അവതരിപ്പിക്കുന്നുണ്ട്. ആ വര്‍ണ്ണനകളില്‍ തെളിഞ്ഞു നില്‍ക്കുന്ന അമ്മ ഇടശ്ശേരിയുടെ തന്നെ മനസ്സിന്‍റെ അടിത്തട്ടില്‍ക്കിടന്ന് തിളയ്ക്കുന്ന സ്വന്തം അമ്മയോടുള്ള സ്നേഹത്തിന്‍റെ വീട്ടാക്കടമായി കരുതാം.
ഉണ്ണിയെ വായനക്കാരന് മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ കവി അമ്മയെ മാത്രമാണ് ഒപ്പം അവതരിപ്പിച്ചത് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.മാതൃത്വത്തിന്‍റെ പരിപൂര്‍ണ്ണമായ പരിശീലനത്തിലും പരിലാളനത്തിലുമാണ് ഉണ്ണി വളരുന്നത്‌ എന്ന് ഉറപ്പുവരുത്താന്‍ സ്വാഭാവികമായി കടന്നു വരാന്‍ സാധ്യതയുള്ള എല്ലാവരെയും കവി മാറ്റിനിര്‍ത്തി.ഒരിടത്തു പോലും അച്ഛന്‍,മുത്തശ്ശി,മുത്തച്ഛന്‍ ഇവരൊന്നും പേരിന് പോലും കടന്നുവരുന്നില്ല.അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തില്‍ മറ്റെല്ലാം അപ്രസക്തം ആണ് കവിക്ക്‌.മാളികവീട് പോലും തുടക്കത്തിലെ ഒരു വരി കഴിഞ്ഞ് വായനക്കാരന്‍റെ ഓര്‍മ്മയില്‍ നിന്നും മറയുന്ന വിധമാണ് കവിതയുടെ രീതി.പൊന്നുകൊണ്ട് ഉണ്ണിക്ക് കടുക്കന്‍,പാപ്പ,പാല്,പാവ പിന്നെ അമ്പിളിയമ്മാവനെ കാണിച്ച് മാമു,കാക്കേ പൂച്ചേ പാട്ട്,തങ്കക്കട്ടിലില്‍ പട്ടുവിരിച്ച് കൂടെ ചേര്‍ത്ത് കിടത്തി തട്ടിയുറക്കുന്നത് വരെ സകലതും നങ്ങേലി.ഇവിടെ അമ്മയും കവിയും ഒരുപോലെ സ്വാര്‍ത്ഥത കാണിക്കുന്നു ഉണ്ണിയുടെ കാര്യത്തില്‍.ഈ സ്വാര്‍ത്ഥത തന്നെയാണ് കവിതയുടെ കാതല്‍.
ഇങ്ങനെയൊക്കെ അമ്മയുടെ സ്വന്തമായി വളര്‍ന്ന ഉണ്ണി ഇപ്പോള്‍ കണ്ണും കാതും ഉറച്ച് ഒറ്റയ്ക്ക് പള്ളിക്കൂടത്തിലേക്ക് പോകാന്‍ കഴിയുന്ന വിധം പ്രാപ്തനായി.പുളിയിലക്കര മുണ്ട് ഉടുത്ത് കുടുമ ഭംഗിയായി ചീകിവെച്ച് എഴുത്താണിയും പുസ്തകങ്ങളുമായി ഉണ്ണി യാത്രയാകുന്നിടത്ത് കവിതയും കഥയും വഴിത്തിരിവില്‍ എത്തുന്നു.ഇവിടെ കവി പ്രതീകാത്മകമായി ''വയലിന്‍റെ മൂലയില്‍ ഇടവഴി കയറുമ്പോള്‍ പടര്‍ന്ന് പന്തല് പോലെ വളര്‍ന്ന അരയാലിന്‍റെ ചുവടെത്തി മറയുന്ന ഉണ്ണി.....''എന്ന് പരാമര്‍ശിക്കുന്നുണ്ട്.തന്‍റെ മാറില്‍ പറ്റിച്ചേര്‍ന്നു കിടന്നു വളര്‍ന്ന മകന്‍ വളര്‍ച്ചയിലൂടെയും ജീവിതക്കയറ്റങ്ങളിലൂടെയും തന്നില്‍ നിന്നും അകന്ന് പോകുന്ന സത്യം ഒരു അമ്മ തിരിച്ചറിയുന്നു എന്ന് വായനക്കാരനെയും കവി ബോധ്യപ്പെടുത്തുന്നു.ആ യാത്ര വേദനയോടെ ആണെങ്കിലും അഭിമാനത്തോടെ നോക്കി നില്‍ക്കുന്ന നങ്ങേലി എല്ലാ അമ്മമാരുടെയും പ്രതിരൂപമല്ലേ.
അമ്മയുടെ കാഴ്ചയില്‍ നിന്നും മറയുന്ന ഉണ്ണി അന്ന് എത്തിച്ചേരുന്നത് മറ്റൊരു ലോകത്താണ്. ആ ലോകം സ്വതന്ത്രമായി മേഞ്ഞുനടക്കുന്ന പൈക്കളുടെയും സുന്ദരമായി വിരിഞ്ഞു നില്‍ക്കുന്ന പൂക്കളുടെയും ലോകമായി കവി അവതരിപ്പിക്കുന്നു. ചുറ്റും സുഗന്ധം പടരുന്ന ആ ലോകത്ത് വെച്ചാണ്‌ ഉണ്ണി പൂതത്തെയോ പൂതം ഉണ്ണിയെയോ കണ്ടു മുട്ടുന്നത്.
'
'പൂതമൊരോമന പെണ്‍കിടാവായി
പൂത്ത മരത്തിന്‍റെ ചോട്ടിലും നിന്നു....''

ഇത്രയും കാലം അമ്മയുടെ സംരക്ഷണത്തിലും തണലിലും വളര്‍ന്ന ഉണ്ണി കണ്ണും കാതും ഉറച്ചു എന്ന് കരുതിയ അവസ്ഥയില്‍ വീണുകിട്ടിയ സ്വാതന്ത്ര്യത്തില്‍ എത്തിപ്പെടുന്നത് കാമനകളുടെ ലോകത്ത് തന്നെയാണ് എന്ന് കവി വ്യക്തമാക്കുന്നു. ആ വിസ്മയിപ്പിക്കുന്ന ലോകം മുന്നില്‍ വെക്കുന്ന പ്രലോഭനങ്ങളില്‍ പ്രതിരോധിക്കാനാവാതെ ഉണ്ണി കീഴടങ്ങുന്നതും നമുക്ക് കാണാം. ഉണ്ണിയും പൂതവും തമ്മിലുള്ള സമാഗമവും ഉണ്ണിയുടെ കീഴടങ്ങലും പൂതത്തിന്‍റെ താല്‍കാലികമായ വിജയവും എല്ലാം ഒരു വായനകൊണ്ടല്ല പല വായനകൊണ്ട് അളവെടുക്കുമ്പോള്‍ അതില്‍ മന:ശാസ്ത്രപരമായ പല അംശങ്ങളും തെളിയുന്നതായി കാണാം. ഇവിടെ കവിതയുടെ മറ്റൊരു ഭാഗം അവസാനിക്കുന്നു. ഉണ്ണി മടങ്ങി വരേണ്ട സമയം കഴിഞ്ഞിട്ടും കാണാതെ തേങ്ങുന്ന നങ്ങേലിയിലൂടെ സ്വന്തം മക്കള്‍ അവര്‍ ഏതു പ്രായത്തില്‍ ഉള്ളവര്‍ ആയാലും വീട് വിട്ടുപോയാല്‍ മടങ്ങിവരും വരെയുള്ള ഒരു അമ്മയുടെ ആധിയും വെപ്രാളവും ചുരുങ്ങിയ വരികളില്‍ ഇടശ്ശേരി പകര്‍ത്തുന്നു. അവസാനം അമ്മ കാണുന്ന കാഴ്ച കാണണ്ടേ.
''പൂമരച്ചോട്ടിലിരുന്നു പൂതം
പൂവന്‍പഴം പോലുള്ള ഉണ്ണിയുമായി
പൂമാല കോര്‍ത്ത്‌ രസിക്കെ....''

മകന്‍ എത്തിച്ചേര്‍ന്ന മായികലോകം ഒരു അമ്മ തിരിച്ചറിയുന്നിടത്താണ് ഇപ്പോള്‍ കവിത നില്‍ക്കുന്നത്. നങ്ങേലിയെ കണ്ട പൂതത്തിന്‍റെ മട്ടും ഭാവവും മാറി. പേടിപ്പിക്കാന്‍ നോക്കി,പേടിക്കാതെ നിന്നു നങ്ങേലി, കാറ്റായി ചുഴലിയായി വന്നു, കുറ്റികണക്ക് നിന്നു നങ്ങേലി, കാട്ടുതീയായി വന്നു, കണ്ണുനീരായി കെടുത്തി, നരിയായി പുലിയായി വന്നപ്പോള്‍ 'കുഞ്ഞിനെ താ' എന്ന ഒറ്റ വാക്കുമാത്രം നങ്ങേലിക്ക്.....
എത്ര സുന്ദരമായി ഇടശ്ശേരി അമ്മ എന്ന പോരാളിയെ വരച്ചു കാണിക്കുന്നു. ഇടശ്ശേരിക്ക് സ്വന്തം അമ്മ പഠിപ്പിച്ചു കൊടുത്ത രാമായണം കഥയില്‍ രാവണന്‍റെ ഓരോ ലക്ഷ്യങ്ങളെയും നിഷ്പ്രഭമാക്കുന്ന രാമബാണങ്ങള്‍ പോലെ പൂതത്തോട് മുഖത്തോടുമുഖം നിന്ന് പോരാടുന്ന നങ്ങേലി ലോകത്താകമാനമുള്ള അമ്മമാരുടെ ധൈര്യത്തിന്‍റെയും പോരാട്ടവീര്യത്തിന്‍റെയും പ്രതീകമാണ്‌. കുന്നോളം പൊന്ന് കൊടുക്കാം എന്ന വാഗ്ദാനം കേട്ട് അമ്മ പൂതത്തിന് സ്വന്തം കണ്ണ് ചൂഴ്ന്നെടുത്തു കൊടുക്കുമ്പോള്‍ ''ഇതിലും വലിയതാണ് എന്‍റെ പൊന്നോമന....''എന്ന് പറയുന്നിടത്ത് ഒരു അമ്മയുടെ ത്യാഗം കാണാം. ഒരു പക്ഷെ ആദികവിപോലും ഇങ്ങനെ ഒരു രംഗം ഭാവനയില്‍ കണ്ടിട്ടുണ്ടോ എന്ന് സംശയം. കാഴ്ചയില്ലാത്ത അമ്മയെ പാട്ടിലാക്കാന്‍ ഉണ്ണിയുടെ പ്രതിരൂപം ഉണ്ടാക്കി അമ്മയുടെ മുന്നിലേക്ക്‌ വിട്ടുകൊടുക്കുന്നു പൂതം. എന്നാല്‍ ഒറ്റ സ്പര്‍ശനം കൊണ്ട് അത് ഉണ്ണിയല്ല എന്ന് അമ്മ അറിയുന്നതും ''പെറ്റ വയറിനെ വഞ്ചിക്കുന്ന ഒരു പോട്ടപൂതം....''എന്ന് പറഞ്ഞ് ഉഗ്രകോപം കൊണ്ട് സ്വയം അഗ്നിയായി മാറി ശപിക്കാന്‍ ഒരുങ്ങുന്നിടത്ത് ഭയന്ന് വിറച്ച് ഉണ്ണിയെ മടക്കിക്കൊടുക്കുന്നു പൂതം.
ഒരു നങ്ങേലി-ഉണ്ണി പൂതക്കഥയിലൂടെ അമ്മമാര്‍ക്കുള്ള വിജയകഥ എഴുതുമ്പോള്‍ ഇടശ്ശേരി ഓര്‍ത്തിട്ടുണ്ടാകില്ല ഇത് മക്കള്‍ക്കുള്ള ഗുണപാഠം കൂടിയാകണം എന്ന്.
കുഞ്ഞായിരുന്നപ്പോള്‍ എന്നെയും തൊട്ടിലില്‍ കിടത്തി എന്‍റെ അമ്മയും ഈ പൂതപ്പാട്ട്‌ പാടി ആട്ടിയിട്ടുണ്ടാകാം. അന്നൊക്കെ ഞാനും ആ പാട്ടിന്‍റെ അര്‍ത്ഥത്തിന്‍റെ ആഴങ്ങള്‍ അറിയാതെ ഉറങ്ങിയിട്ടുണ്ടാകാം....വര്‍ഷങ്ങള്‍ ഒത്തിരി കഴിഞ്ഞ് ഞാന്‍ വളര്‍ന്ന് വലുതായി ഉയരങ്ങള്‍ കീഴടക്കി പടര്‍ന്ന് പന്തലിച്ചപ്പോള്‍ അറിഞ്ഞോ അറിയാതെയോ എന്നില്‍ വളര്‍ന്ന് കയറിയ പുതിയ പൂതരൂപമുള്ള കാമനകള്‍ക്ക്‌, അല്ലെങ്കില്‍ കാമിനികള്‍ക്ക് അടിമപ്പെട്ട് അമ്മയെ, പെറ്റവയറിനെ ഒരിക്കലെങ്കിലും തള്ളിപ്പറയാന്‍ ഇടവന്നാല്‍ അവര്‍ക്ക് വേണ്ടിയുള്ളതാണ് പൂതപ്പാട്ടിന്‍റെ ഈ വായന എന്ന് ഓര്‍മ്മിപ്പിക്കുന്നു.
അതാണ് ഈ കവിതയുടെ കാലികപ്രസക്തി.
അവതരണം 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

9 അഭിപ്രായങ്ങള്‍

  1. പൂത പാട്ടിന്റെ മാധുര്യവും ലാളിത്യവും നിറച്ച എഴുത്ത്.. ഇടശ്ശേരിയുടെ കൃതികളിൽ അഭിരമിക്കാത്ത മലയാളി മനസ്സുകൾ ഇല്ലല്ലോ.. അഭിനന്ദനങ്ങൾ വി സർ 🌹

    മറുപടിഇല്ലാതാക്കൂ
  2. വള്ളികുന്നം പ്രഭ2022, ഒക്‌ടോബർ 16 12:11 PM

    ❤️❤️❤️❤️

    മറുപടിഇല്ലാതാക്കൂ
  3. മാഷെ.. വിജ്ഞാനപ്രദം

    മറുപടിഇല്ലാതാക്കൂ
  4. പ്രിയ കവിയെയും, പൂതപ്പാട്ടിനെ
    കുറിച്ചും നല്ലയൊരു വായനാനുഭവം.
    അല്ലെങ്കിലും സാറിന്റെ തൂലികയിൽ
    കവിയും കവിതയും അക്ഷരപൂക്കളമാകുമ്പോൾ
    അതിനൊരു പ്രത്യേകത തന്നെയാണ്.
    ഇഷ്ടം സാർ ഈ നല്ല അവതരണം.
    ആശംസകൾ
    ❤️

    മറുപടിഇല്ലാതാക്കൂ
  5. നന്നായി എഴുതി 👍

    മറുപടിഇല്ലാതാക്കൂ
  6. അതിമനോഹരം ഇടശ്ശേരി ഗോവിന്ദൻ നായരെ കുറിച്ചുള്ള വിവരണം... ഇഷ്ടം സർ 🌹🌹🌹🌹🌹
    ആശംസകൾ 🌹🙏🏼❤

    മറുപടിഇല്ലാതാക്കൂ
  7. Prof. Prem raj Pushpakaran writes -- 2023 marks the 50 years of movie, Nirmalyam and let us celebrate the occasion!!!
    https://worldarchitecture.org/profiles/gfhvm/prof-prem-raj-pushpakaran-profile-page.html

    മറുപടിഇല്ലാതാക്കൂ