Ticker

6/recent/ticker-posts

എ.അയ്യപ്പന്‍@മരണമില്ലാത്തവന്‍റെ കവി.

മരണമില്ലാത്തവന്‍റെ കവി.


എം.എസ്.വിനോദ്.

കൗമാരത്തിലെ അസ്വസ്ഥമായ രാത്രികളില്‍ എന്‍റെ മുറിയുടെ വാതിലില്‍ മുട്ടിവിളിച്ചതെല്ലാം അയ്യപ്പന്‍റെ കവിതകള്‍ ആയിരുന്നു.വാതില്‍ തുറന്ന് ഇറങ്ങിയ ഞാന്‍ ഇരുട്ടിലൂടെ ചെളിയില്‍ ചവുട്ടി നടന്നപ്പോള്‍ ഒരു വെളിച്ചവും വെളിപാടുമായി എന്‍റെ മുന്നില്‍ ഈ കവി ഉണ്ടായിരുന്നു.ഈ കവിയുടെ കാലിലെ പൊടിതട്ടി നെറ്റിയ്ക്ക് കുറിവരയ്ക്കാന്‍പോലും യോഗ്യതയില്ലാത്ത എനിക്ക് ഇവിടെ,ഇങ്ങനെ ഒരു ഓര്‍മ്മക്കുറിപ്പ്‌ എഴുതാന്‍ എന്താണ് അവകാശം.....
തിരുവിതാംകൂര്‍ മഹാരാജാവിന്‍റെ പേരില്‍ അറിയപ്പെടുന്ന ബാലരാമപുരം എന്ന ഗ്രാമത്തില്‍ ജനിച്ച കവിതകളുടെ ഈ രാജാവിന്‍റെ ഓര്‍മ്മ ദിവസമാണ് ഇന്ന്.
1949 ഒക്ടോബര്‍27ന് ജനിച്ച അയ്യപ്പന്‍ 2010 ഒക്ടോബര്‍ 21 ന് അരങ്ങ് ഒഴിഞ്ഞു.തമിഴ് സംസ്കാരവുമായി ഇഴപിരിഞ്ഞു കിടക്കുന്ന കര്‍ഷകരുടെയും നെയ്ത്തുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും ഇടയിലാണ് അയ്യപ്പന്‍ വളര്‍ന്നത്‌.അയ്യപ്പന് ഒരു വയസ്സ് പ്രായമുള്ളപ്പോള്‍ അച്ഛന്‍റെ മരണം.ആത്മഹത്യ എന്ന് പലടത്തും രേഖപ്പെടുത്തിയ ആ മരണം ഒരു വിവാദം സൃഷ്ടിച്ച കൊലപാതകം തന്നെയായിരുന്നു എന്ന് അയ്യപ്പന്‍ ഒരു മുഖാമുഖത്തില്‍ തുറന്നുപറയുന്നുണ്ട്.സിനിമയേക്കാള്‍ ദുരൂഹത നിറഞ്ഞ ഒരു ബാല്യമാണ് ജീവിതത്തെ ഒരു റിബല്‍ ആയി നോക്കിക്കാണാന്‍ അയ്യപ്പനെ പ്രേരിപ്പിച്ചത്.
സ്വര്‍ണ്ണപ്പണിക്കാരുടെ കോളനിയിലെ 'ആറുമുഖം അയ്യപ്പന്‍'എന്ന എ.അയ്യപ്പന്‍ ആറല്ല ആറായിരം മുഖമുള്ള സ്വര്‍ണ്ണവര്‍ണ്ണങ്ങള്‍ കൊണ്ട് കവിതയെഴുതി തിളപ്പിച്ചത് സ്വന്തം ജീവിതത്തിന്‍റെ തന്നെ ആലയിലെ ആധിയുടെയും വേദനയുടെയും തീയിലിട്ടാണ്.അച്ഛന്‍റെ മരണശേഷം മുത്തച്ഛന്‍ ശാസ്താവാചാരിയുടെ സംരക്ഷണയില്‍ വളര്‍ന്ന അയ്യപ്പനെ പഠിപ്പിച്ചതും വളര്‍ത്തിയതും മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്നാണ്.അമ്മയെപ്പറ്റി ചില വാക്കുകളില്‍ മൗനവും മൂളലും ഒക്കെ പുരട്ടിയാണ് അയ്യപ്പന്‍ സംസാരിക്കാറുള്ളത്.

സ്കൂള്‍ പഠനകാലത്ത്‌ കമ്മ്യൂണിസ്റ്റ്‌ ആദര്‍ശങ്ങളില്‍ അടിയുറച്ചു വിശ്വസിച്ച അയ്യപ്പന്‍ അവിടം മുതല്‍ തന്നെ സാഹിത്യവാസനകള്‍ പ്രകടമാക്കിയിരുന്നു.
ഹൈസ്കൂള്‍ പഠനകാലത്ത്‌ സ്റ്റുഡന്‍സ് ഫെഡറേഷന്‍ പ്രവര്‍ത്തകനായിരുന്ന അയ്യപ്പന്‍ ഒരു സ്കൂള്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച് മാലയിട്ട് പ്രകടനമായി സ്നേഹിതരുടെ തോളിലേറി വീട്ടിലെത്തുമ്പോള്‍ അവിടെ സ്വീകരിച്ചത് കത്തിച്ചുവെച്ച നിലവിളക്കിന് മുന്നില്‍ അമ്മയുടെ ജീവനില്ലാത്ത ശരീരമായിരുന്നു.അതും ഒരു ആത്മഹത്യയാണെന്ന് രേഖപ്പെടുത്തപ്പെട്ടപ്പോള്‍ കാലം ഏറെ കഴിഞ്ഞ് അയ്യപ്പന്‍ അതും തിരുത്തി.അമ്മയുടെ
മരണാനന്തരചടങ്ങുകളില്‍ വായ്ക്കരിയിടാന്‍പോലും കൂട്ടാക്കാതെ മാറിനിന്ന നിഷേധം പിന്നീട് എല്ലാ നിയന്ത്രണങ്ങളും വിട്ട് അശ്വമേധം ആരംഭിച്ചത് അന്നുമുതല്‍ ആയിരിക്കാം.കുഞ്ഞുന്നാളുമുതല്‍ താളം തെറ്റിയ താരാട്ടില്‍ ഉറങ്ങി ഉണര്‍ന്നു ശീലിച്ച അയ്യപ്പന്‍ അന്ന് തെറ്റിയ താളം ഒരിക്കല്‍പോലും
തിരുത്താന്‍ ശ്രമിച്ചില്ല മരണം വരെ.
പ്രണയം-കലാപം-കമ്മ്യൂണിസം എന്ന തൃക്കണ്ണിലൂടെ അയ്യപ്പന്‍ കണ്ട ലോകം കണ്ണില്ലാത്ത പച്ചയായ സത്യങ്ങളായിരുന്നു എന്ന് നമ്മള്‍ ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.കവിതയോടൊപ്പം കൂടിയ ലഹരിയില്‍ പലതും എഴുതുകയും പലരും എഴുതിയത് തിരുത്തുകയും ചെയ്തു.കൗമാരത്തിലെവിടെയോ എഴുതാതെ എഴുതിവെച്ച ഒരു പ്രണയം ഒരു സഹയാത്രികയായി മരണം വരെ കൂടെ ഉണ്ടായിരുന്നു. സാധാരണക്കാരന്‌ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു ജീവിതമുറ സമരായുധമാക്കിക്കൊണ്ട് അനന്തപത്മനാഭന്‍റെ മണ്ണ് അയ്യപ്പന്‍
ചവുട്ടിക്കുഴച്ചു.കണ്ടുമുട്ടിയ എല്ലാവരേയും പിടിച്ച് തന്‍റെ കവിതകൊണ്ട്‌ വരിഞ്ഞുകെട്ടി.കുടിലിലും കൊട്ടാരത്തിലും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ
അയ്യപ്പന്‍റെ കവിതകള്‍ വാതിലില്‍ മുട്ടിവിളിച്ചു.തെരുവുവേശ്യകള്‍ മുതല്‍ മെഡിക്കല്‍വിദ്യാര്‍ഥിനികള്‍ വരെ അയ്യപ്പനെ പ്രണയിച്ചു.എല്ലാവരെയും
വാരിപ്പുണര്‍ന്നു....വാരിപ്പുണര്‍ന്നതൊക്കെ പലപ്പോഴും വലിച്ചെറിഞ്ഞ് അത് നോക്കി കൈകൊട്ടിച്ചിരിക്കുന്ന ഒരു കുട്ടിയുടെ നിഷ്ക്കളങ്കത.
അഴിഞ്ഞു പോകാന്‍ മടിക്കുന്ന ഉടുമുണ്ട് ഇടത് കൈയില്‍ വാരിപ്പിടിച്ച്‌ വലത് കൈവിരല്‍ ചൂണ്ടി അയ്യപ്പന്‍ കവിതയോടൊപ്പം നടന്നു.എഴുത്തിന്‍റെ ആദ്യപാഠങ്ങളില്‍ വെറും വിഷയവര്‍ണ്ണനകളുടെ സാധാരണ കവിതകള്‍ ആയിരുന്നു തന്‍റെയും എന്ന് അയ്യപ്പന്‍ തന്നെ പറഞ്ഞിട്ടുണ്ട്.അന്ന് അലങ്കാരങ്ങളും വൃത്തങ്ങളും അണുവിടതെറ്റാതെ എഴുതിയ അയ്യപ്പന്‍ പിന്നീട് ആ അച്ചടക്കത്തിന് നിന്നുകൊടുക്കാന്‍ തയാറായില്ല. അസ്വസ്ഥമായ ജീവിതം ഒരു ശാസ്ത്രത്തിനും ഒതുങ്ങില്ലന്ന്‍ വെട്ടിത്തുറന്നു പറഞ്ഞു കവി.പാരമ്പര്യങ്ങള്‍ ഓരോന്നും അയ്യപ്പന്‍ കീറിയെറിഞ്ഞു.നീണ്ടയാത്രകളും അത്രയും തന്നെ നീളുന്ന അഞ്ജാതവാസങ്ങളും അയ്യപ്പനില്‍ 'കവിത കവിത....'എന്ന മന്ത്രം മാത്രമാണ് ഉണ്ടാക്കിയത്.
''വീടില്ലാത്ത ഒരുവനോട്
വീടിന് ഒരു പേരിടാനും
കുട്ടികളില്ലാത്ത ഒരുവനോട്
കുട്ടിയ്ക്കൊരു പേരിടാനും ചൊല്ലവേ.....സുഹൃത്തേ,
ഇത് രണ്ടുമില്ലാത്തവന്‍റെ നെഞ്ചിലെ തീ നീ കണ്ടുവോ....''
എരിയുന്ന ആ തീ തന്‍റെ മരണം വരെ കൂടെ ഉണ്ടാകും എന്ന് പറഞ്ഞ് സ്വയം പരിചപ്പെടുത്തി അയ്യപ്പന്‍.കവിതയും മദ്യവും യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും രക്ഷപെടാനുള്ള ഉപാധികളാണ് അയ്യപ്പന് എന്ന് വിമര്‍ശിച്ചവരുണ്ട്.എന്നാല്‍ ഇത് രണ്ടും യാഥാര്‍ത്ഥ്യങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങി ചെല്ലാനും നിരന്തരമായി അതിനോട് കലഹിക്കാനുമുളള ആയുധങ്ങള്‍ ആയിരുന്നു അദ്ദേഹം.
''നന്ദിനീ...
നമുക്കൊരു കൊടുങ്കാറ്റായിത്തീരാം
മന്ദമാരുതന്‍ വേണ്ട
കാറ്റിന്‍റെ കൂരമ്പാകാം
നരവംശത്തിന്‍ നരയൊന്നൊന്നായ് പിഴുതുനിന്‍
ഇരുകണ്ണിലും യുവശക്തിയായ് സൂക്ഷിക്കാമോ.......''
(വിത്ത്)
അയ്യപ്പന്‍ ചെറുകാറ്റില്‍ വിശ്വസിച്ചിരുന്നില്ല....മന്ദമാരുതന്‍ വേണ്ട കൊടുങ്കാറ്റായിത്തീരാം നമുക്ക് എന്ന് പറയാനുള്ള കരുത്ത് കവിയ്ക്ക് അന്നും ഉണ്ടായിരുന്നു.വിശപ്പ്‌ പട്ടിണി അരാജകത്വം അനാഥത്വം തുടങ്ങി എല്ലാം അയ്യപ്പനെ ആക്രമിക്കുകയായിരുന്നു.നോക്കൂ ഒരു വരികള്‍...
''കാറപകടത്തില്‍ പെട്ട് മരിച്ച വഴിയാത്രക്കാരന്‍റെ ചോരയില്‍ ചവുട്ടി ആള്‍ക്കൂട്ടം നില്‍ക്കെ
മരിച്ചവന്‍റെ പോക്കറ്റില്‍ നിന്നും പറന്ന അഞ്ചു രൂപയിലായിരുന്നു എന്‍റെ കണ്ണ്.....''
കവിതയുടെ രസമൂല്യങ്ങള്‍ കൊത്തിപ്പറക്കുന്ന കവി എത്തുന്നത് എവിടെയാണ് എന്ന് കണ്ടു നോക്കൂ.
''ജീവിച്ചിരിക്കുന്നവര്‍ക്ക് വായ്ക്കരി തന്നിട്ട് മരിച്ചവന്‍....''
ജീവിതത്തിന്‍റെയും മരണത്തിന്‍റെയും ആത്മീയസത്യം വിളിച്ചു പറയുന്ന വാക്കുകള്‍.
ആ അഞ്ചുരൂപ കൊണ്ട് കുട്ടികള്‍ അത്താഴത്തിന്‍റെ രുചി അറിഞ്ഞു.
അരവയറില്‍ അച്ചിയും ഞാനും.....
വിശപ്പിനപ്പുറം മറ്റൊരു ലോകം ഇല്ലെന്ന് വിളിച്ചു പറയാന്‍ വിശപ്പ്‌ അറിയുന്നവന് മാത്രമേകഴിയൂ എന്ന് അയ്യപ്പനും വിശ്വസിച്ചു.
'ഈശാവാസ്യമിദം സര്‍വ്വം......'എന്ന ഉപനിഷത്ത് വാക്യത്തിന് ത്യാഗത്തിലൂടെ അനുഭവിക്കുകയും ധനത്തെ മോഹിക്കാതിരിക്കുകയും ചെയ്യണം
എന്ന ദൈവികമായ ഭാഷ്യം അയ്യപ്പന്‍ തിരുത്തിച്ചു ഇങ്ങനെ...
''വിലയ്ക്ക് കിട്ടുവാനുണ്ടോ യുവത്വത്തിന്‍റെ മസ്തിഷ്കം
വിലകൊടുത്തു വാങ്ങണം പോലും പുര വെയ്ക്കാന്‍ ഭൂമിയും.....
''(ഈശാവാസ്യം)
പൂക്കള്‍ അയ്യപ്പന് ഒരു ദൗര്‍ബല്യം തന്നെ ആയിരുന്നു.പല കവിതകളിലും ബിംബങ്ങളായും വര്‍ണ്ണങ്ങളായും അയ്യപ്പന്‍ പൂക്കളെ ലാളിച്ചു.
''ചീറിയലയ്ക്കും തിരമാലകളുടെ നോവുകളെല്ലാം ഞാന്‍ മറക്കട്ടെ...
നോവുകളെല്ലാം പൂവുകള്‍.....''
(ഗ്രീഷ്മം തന്ന കിരീടം)
''എന്‍‌റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്
എന്‍‌റെ ഹൃദയത്തിന്‍‌റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും......''
(എന്‍‌റെ ശവപ്പെട്ടി ചുമക്കുന്നവരോട് )
ആത്മഹത്യചെയ്തവരോടുള്ള ആരാധന അയ്യപ്പന്‍റെ വരികളിലും വാക്കുകളിലും എന്നും ഉണ്ടായിരുന്നു.
''കാതുമുറിച്ചു പ്രേമഭാജനത്തിന് കൊടുത്തിട്ട്
ഒരു പോരാളിയെപ്പോലെ നിന്ന വാന്‍ഗോഗ്.....''

എന്ന് അയ്യപ്പന്‍ വാനോളം പുകഴ്ത്തിയ ഡച്ച് ചിത്രകാരന്‍ കഠിനമായ വിഷാദരോഗത്തിന് അടിമപ്പെട്ട് 37 വയസ്സില്‍ ആത്മഹത്യചെയ്ത ആളാണ്.അയ്യപ്പനെ ആകര്‍ഷിച്ചത് വാന്‍ഗോഗിലെ ചിത്രകാരന്‍ അല്ല മറിച്ച് ആ പ്രണയത്തിന്‍റെ തീവ്രതയാണെന്ന് നമുക്ക് കാണാം.വാന്‍ഗോഗിനെ സ്തുതിക്കുമ്പോഴും അയ്യപ്പന്‍ പ്രണയത്തിന്‍റെ കയ്പ്പും മധുരവും കുറിയ്ക്കാന്‍ മറക്കുന്നില്ല.
''കുരുത്തംകെട്ട പെണ്ണ്....നിന്‍റെ കൈവിരലുകള്‍ ചോദിച്ചില്ലല്ലോ......''
പ്രണയത്തെ കാഴ്ച്ചയുടെ സൗന്ദര്യത്തിനും അപ്പുറം കേള്‍വിയുടെ ഇറച്ചി രുചിയോട് ബിംബങ്ങള്‍ കൊണ്ട് കവി കോര്‍ത്ത്‌ നിര്‍ത്തുന്നു.ക്യാന്‍വാസ് രക്തം പുരണ്ടുകിടന്നിട്ടും ഇറച്ചിയുടെ രുചിയില്‍ കമ്പമുള്ള കുരുത്തംകെട്ട പെണ്ണ് എന്ന് അയ്യപ്പന്‍ പറയുമ്പോള്‍ അപാരവും അഗാധവുമായ ഭാവനയുടെയും പക്വതയുടെയും ആഴം നമുക്ക് അനുഭവമാകുന്നു.വാന്‍ഗോഗിനെ കാതില്ലാത്ത പ്രണയത്തിന്‍റെ ചരിത്രമായും 'കീറചെവിയെ സ്നേഹിച്ച സ്നേഹിത'യെ പ്രണയത്തിന്‍റെ പരമ്പരാഗത
ശീലങ്ങളുടെ മറികടക്കലായും കവി കാണുന്നു.
ഒരു ഇടതുപക്ഷസഹയാത്രികന്‍ എന്ന നിലയില്‍ ജനയുഗത്തിലായിരുന്നു അയ്യപ്പന്‍റെ എഴുത്തിന്‍റെ തുടക്കം.പിന്നെ എഴുതിയതിനെക്കാള്‍ അധികം അയ്യപ്പന്‍ പറഞ്ഞും പാടിയും തീര്‍ത്തു.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് സമീപമുള്ള അശോകാ ലോഡ്ജില്‍ ഒരു സാഹിത്യസദസ്സ് തന്നെ ഉണ്ടായിരുന്നു അയ്യപ്പനോടൊപ്പം എന്നും.നരേന്ദ്രപ്രസാദ്,വി.പി.ശിവകുമാര്‍,കെ.പി.കുമാരന്‍,വിനയചന്ദ്രന്‍,നടന്‍ മുരളി,ജോണ്‍ എബ്രഹാം.....തുടങ്ങി വിദ്യാര്‍ത്ഥികളും ചുമട്ടുതൊഴിലാളികളും വേശ്യകളും കുഷ്ഠരോഗികളും വരെ അടങ്ങുന്ന അയ്യപ്പന്‍റെ സൗഹൃദവലയങ്ങളില്‍ പെട്ടുപോകാത്തവരും പിന്നെ അയ്യപ്പനില്‍നിന്നും രക്ഷപെടാന്‍ പെടാപ്പാടുപെട്ടവും ഉണ്ട്.സൗഹൃദങ്ങളില്‍ ജോണ്‍അബ്രഹാമിനോട് കൂടുതല്‍ അടുപ്പം പുലര്‍ത്തിയ അയ്യപ്പന്‍ ജോണിന്‍റെ സിനിമകള്‍ കണ്ടിരുന്നില്ല എന്നതാണ് സത്യം.സിനിമയോടുള്ള അയ്യപ്പന്‍റെ സമീപനം അതായിരുന്നു.'സിനിമ കാണുന്നതിലല്ല,സിനിമ കാണുന്നവരെ കാണുന്നതിലൂടെയാണ് ഞാന്‍ സിനിമ കാണുന്നത്' എന്ന അയ്യപ്പമന്ത്രം പ്രശസ്തമാണ്.തിരുവനന്തപുരത്ത് അരങ്ങേറുന്ന അന്താരാഷ്ട്രചലച്ചിത്രോത്സവങ്ങളില്‍ ആദ്യാവസാനം പങ്കെടുക്കുന്ന അയ്യപ്പന്‍ എഴുനേറ്റ് നിന്ന് കൂവാത്ത ലോകസിനിമകള്‍ ഉണ്ടോ എന്ന് സംശയമാണ്.
പറയാന്‍ ഏറെ ഉണ്ടെങ്കിലും അയ്യപ്പന്‍ സമ്മതിക്കുന്നില്ല.വാതോരാതെ പാടിയും പറഞ്ഞും കൊണ്ട് ഈ കവി നമുക്കിടയില്‍ ഉണ്ട് എന്ന് പലരെയും പോലെ ഞാനും വിശ്വസിക്കുന്നു.കവിതയുടെ ധൂര്‍ത്തില്‍ അഹങ്കാരി, നിഷേധി, അരാജകവാദി, ഉന്മാദി, തെരുവിന്‍റെ കവി......തുടങ്ങിയ വിശേഷണങ്ങള്‍ എല്ലാമുള്ള
എന്‍റെ പ്രിയ കവിയുടെ ഓര്‍മ്മകളില്‍......
ഓര്‍മ്മകളോ....വേണ്ട....മറന്ന് പോകുന്നവര്‍ക്കല്ലേ ഓര്‍മ്മകള്‍....അത്തരം ഔപചാരികത അയ്യപ്പന് ഇഷ്ടമല്ല.സ്വന്തം മരണം തന്നെ കവിതയാക്കി എഴുതി ചുരുട്ടിക്കൂട്ടി കുപ്പായത്തിന്‍റെ ഇടതുകൈ മടക്കില്‍ കൊണ്ടുനടന്ന അയ്യപ്പന് ഓര്‍മ്മക്കുറിപ്പ്‌ ഇഷ്ടമാകുമോ.പകരം ഒരു കവിതയാകാം....അയ്യപ്പന്‍റെ തന്നെ കവിത....
'‘എന്‍റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്
എന്‍റെ ഹൃദയത്തിന്‍റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും
ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്‍റെ-
ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം
മണ്ണ് മൂടുന്നതിന് മുമ്പ്
ഹൃദയത്തില്‍ നിന്നും ആ പൂവ് പറിക്കണം
ദലങ്ങള്‍ കൊണ്ട് മുഖം മൂടണം
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദലം
പൂവിലൂടെ എനിക്കു തിരിച്ചു പോകണം
പൂവിലൂടെ എനിക്കു തിരിച്ചുപോകണം
മരണത്തിന്‍റെ തൊട്ടുമുമ്പുള്ള നിമിഷം
ഈ സത്യം പറയാന്‍ സമയമില്ലായിരിക്കും
ഒഴിച്ച് തന്ന തണുത്ത വെള്ളത്തിലൂടെ
അത് മൃതിയിലേക്ക് ഒലിച്ചുപോകും
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇനിയെന്‍റെ ചങ്ങാതികള്‍ മരിച്ചവരാണല്ലൊ!’'
അയ്യപ്പന്‍ ഓര്‍മ്മപ്പെടുത്തുന്ന വാക്കുകള്‍ ഇങ്ങനെ ആയിരിക്കാം.....
ആരാധിച്ചോളൂ....അനുകരിക്കാന്‍ ശ്രമിക്കരുത്....
അയ്യപ്പന്‍ എന്ന അവതാരത്തിന് മാത്രം കഴിയുന്ന ഈ അഭ്യാസങ്ങള്‍ പഠിച്ചോളൂ....എന്നാല്‍ പകര്‍ത്താന്‍ ശ്രമിക്കരുത്.
                       ഇതാണ് ഈ ഓര്‍മ്മകള്‍ നമ്മളെ ഓര്‍മ്മിപ്പിക്കുന്ന ശാന്തിമന്ത്രം.

                                                      വിനോദയാത്ര@എം.എസ്.വിനോദ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍

  1. ഇഷ്ട കവി
    വളരെ വിശദമായ എഴുത്തിൽ
    കവിയെ കൂടുതൽ അടുത്തറിഞ്ഞു..
    അസ്സലായി സാർ
    ഇഷ്ടം

    മറുപടിഇല്ലാതാക്കൂ